വരയും ചോദ്യവും അഭിജിത്ത് :
ദിനോസറുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ച്,പിന്നെ നാമാവശേഷമായവയാണല്ലോ.
ഉത്തരം : കടപ്പാട് : വിശ്വപ്രഭ
ദിനോസറുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ച്,പിന്നെ നാമാവശേഷമായവയാണല്ലോ.
എന്നാല്‍ ഇപ്പഴും അവയുടെ അവശിഷ്ടങ്ങള്‍ ബാക്കിയിരിപ്പുണ്ട്.
അതെങ്ങനെ ഇത്രയും കാലമായിട്ടും ജീര്‍ണിക്കാതിരിക്കുന്നത്.? ഉത്തരം : കടപ്പാട് : വിശ്വപ്രഭ
ദിനോസാറുകൾ എന്ന പേരിൽ നാം കാണാറുള്ള ജീവികളുടെ അതേ ആകൃതിയിലല്ല അവയുടെ അവശിഷ്ടങ്ങൾ പ്രകൃതിയിൽ ഇപ്പോൾ കാണപ്പെടുന്നതു്. ഏതാണ്ടു് ആറരക്കോടി (65 ദശലക്ഷം) വർഷം മുമ്പ് ജീവിച്ചിരുന്ന ദിനോസാറുകളുടെ ശരീരത്തിലെ ഏറ്റവും ഉറപ്പേറിയ (അസ്ഥികൾ പോലുള്ള) അവശിഷ്ടങ്ങൾ മാത്രമാണു് പിന്നീട് ഫോസിൽ (ജീവാശ്മം) ആയി രൂപപ്പെടുന്നതു്.
അതും പൂർണ്ണമായും ശരിയല്ല. അസ്ഥികൾ അപ്പാടെ ഉറഞ്ഞു് കട്ടിയായി മാറ്റങ്ങളില്ലാതെ അവശേഷിക്കുകയല്ല ചെയ്യുന്നതു്. അത്തരം അസ്ഥികൾ ഭൂമിയിൽ വീണുകിടന്നു് അനേകലക്ഷം വർഷങ്ങൾ കഴിയുമ്പോൾ അവയ്ക്കുമീതെ ചെളി, പൊടി, അഗ്നിപർവ്വതങ്ങളിൽനിന്നുള്ള താരതമ്യേന തണുത്തുറഞ്ഞ ലാവ തുടങ്ങിയവയുടെ അടുക്കുകൾ രൂപപ്പെടുന്നു. ഈ അടുക്കുകൾ കാലക്രമത്തിൽ ഉറച്ച് പാറകളാവും. പാറകൾക്കിടയിൽ വായുസമ്പർക്കമോ ജലസമ്പർക്കമോ ഇല്ലാതെ ഒളിച്ചിരിക്കുന്ന അസ്ഥികൾ ഒന്നുകിൽ അതേ രൂപത്തിൽ നിലനിൽക്കും. അല്ലെങ്കിൽ കുറേശ്ശെകുറേശ്ശെ ദ്രവിച്ച് ചുരുങ്ങിപ്പോവും. അങ്ങനെ ചുരുങ്ങിയ ഭാഗങ്ങൾ പാറയിൽ അതേ ആകൃതിയിൽ പാടുകൾ ഉണ്ടാക്കും. അല്ലെങ്കിൽ പാറയിൽ തന്നെ സാവധാനത്തിലുള്ള രാസ/ഭൗതികപ്രവർത്തങ്ങൾ വഴി വ്യത്യസ്തമായ പദാർത്ഥഘടനയുള്ള ഒരു ഭാഗമായി, പലപ്പോഴും പാറക്കല്ലുകളായിത്തന്നെ, നിലനിൽക്കും.
ഈ ശിലാഘടനകളും ശിലാസമാനഘടനകളുമാണു് ജീവാശ്മങ്ങൾ.
(വളരെ ലളിതമായാണു് ഇതെഴുതിയിരിക്കുന്നതെങ്കിലും അത്രയും ലളിതമല്ല ഫോസിലുകളിലെ വൈവിദ്ധ്യവും അവയുടെ പഠനവും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെന്നാൽ കുറേക്കൂടി വിശദമായി മനസ്സിലാക്കാം. മുഴുവൻ വായിച്ചുമനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും അതിലെ ചിത്രങ്ങൾ കണ്ടാൽ തന്നെ കുറേ ധാരണ കിട്ടും.)
ഒരിക്കൽ അത്തരം അസ്ഥിയവശിഷ്ടങ്ങളും മറ്റും കിട്ടിയാൽ ഒരു പാടു ശാസ്ത്രജ്ഞന്മാർ അവയുടെ പല വിശദാംശങ്ങളും പഠിച്ചെടുക്കും. അതിൽ മെക്കാനിക്കൽ എഞ്ചിനീയർമാർ മുതൽ ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞന്മാരും ജീവകോശശാസ്ത്രപണ്ഡിതന്മാരും ശിൽപ്പികളും ആശാരിമാരും വരെയുണ്ടാവും. അവരെല്ലാമൊരുമിച്ച് ആ ജീവിയുടെ ആകൃതി ശാസ്ത്രീയമായി ഊഹിച്ചെടുക്കും.
ഉദാഹരണത്തിനു്, നമ്മുടെ കണങ്കാലിലെ അസ്ഥിക്കു് ഒരു നിശ്ചിത ബലവും തടിയും ഉയരവും രാസഘടനയുമുണ്ടു്. മുഖ്യമായും കാൽസ്യവും ഫോസ്ഫറസും ചേർന്നാണു് ഈ അസ്ഥിയുണ്ടാവുന്നതു്. അത്തരം പദാർത്ഥത്തിന്റെ നിശ്ചിത നീളവും ഉയരവുമുള്ള ഒരു കഷ്ണത്തിനു് പരമാവധി താങ്ങാവുന്ന 'മാംസ'ഭാരം ഇത്ര എന്നു് ഒരു സിവിൽ എഞ്ചിനീയർക്കു കണക്കാക്കിയെടുക്കാനാവും. അങ്ങനെയുള്ള ഒരു കണങ്കാൽ കൊണ്ടു് എത്ര വേഗത്തിൽ എത്ര ഭാരമുള്ള ഒരു ജീവിക്കു് ഓടാനാവും എന്നു് ഒരു മെക്കാനിക്കൽ എഞ്ചിനീയർക്കു കണ്ടുപിടിക്കാം. ഫോസിൽ എത്ര പഴക്കമുണ്ടായിരുന്നുവെന്നു് ഒരു റേഡിയോ കാർബൺ വിദഗ്ദനായിരിക്കും കണക്കാക്കുക.ആ കാലഘട്ടത്തിൽ ഫോസിൽ കണ്ടുപിടിച്ച പ്രദേശത്തു് ഉണ്ടാവാൻ സാദ്ധ്യതയുള്ള രാസപദാർത്ഥങ്ങൾ ഏതൊക്കെയെന്നു് ഒരു ഭൂഗർഭവിജ്ഞാനീയപണ്ഡിതൻ (geologist) ആയിരിക്കും പറഞ്ഞുതരിക. ഇവരെല്ലാം പറഞ്ഞുകൊടുക്കുന്ന വിവരങ്ങൾ വെച്ച് ഒരു ശിൽപ്പിയാവും അവസാനം ആ ജീവിയുടെ സാദ്ധ്യമായ രൂപം വാർത്തെടുത്തു കാണിക്കുക.
പലയിടങ്ങളിൽനിന്നും ഫോസിലുകൾ അന്വേഷിച്ചുകണ്ടെത്തി കുഴിച്ചെടുക്കുന്നതുമുതൽ അവയുടെ ആദിമഉടമകളായ ജീവികളുടെ മനോഹരമായ പൂർണ്ണചിത്രങ്ങൾ/ശില്പങ്ങൾ നിർമ്മിച്ച് പരീക്ഷണശാലയിലോ കാഴ്ച്ചബംഗ്ലാവിലോ പ്രദർശിപ്പിച്ചൊരുക്കുന്നതുവരെയുള്ള ഓരോ ഘട്ടവും രസകരമായ ഓരോ പഠനശാഖകളാണു്.
നമുക്കിന്നു് എളുപ്പത്തിൽ കിട്ടുന്ന പല അറിവുകളും, നാം ഇപ്പോൾ ഉപയോഗിക്കുന്ന ഓരോ സൗകര്യങ്ങളും ഇതുപോലെത്തന്നെ പതിനായിരക്കണക്കിനു് ആളുകളുടെ കൂട്ടായ പ്രവർത്തനം മൂലമാണു് ലഭ്യമായതു്.
"ഓരോരുത്തരുടേയും അദ്ധ്വാനം, എല്ലാവരുടേയും നേട്ടം" എന്ന ഈ മുദ്രാവാക്യത്തിന്റെ കാര്യത്തിൽ ഉറുമ്പുകളും തേനീച്ചകളും നമ്മളും തമ്മിൽ ഒരു വ്യത്യാസവുമില്ല. അതുതന്നെയാണു് ഒരു മരത്തിന്റെയോ നമ്മുടെത്തന്നെ ശരീരത്തിലേയോ കോശങ്ങളിലും നാം ഉപയോഗിക്കുന്ന തീവണ്ടി, വിമാനം, വൈദ്യുതി, വിക്കിപീഡിയ തുടങ്ങിയ ഭീമാകാരമായ നെറ്റ്‌വർക്ക് സംവിധാനങ്ങളിലും അടങ്ങിയിരിക്കുന്ന വിജയരഹസ്യം.
ഫോസിൽ പഠനത്തിലൂടെ ഭൂമിയുടെ തുടക്കം മുതൽ ഇന്നുവരെയുണ്ടായിരുന്നിട്ടുള്ള എല്ലാ ജീവിവംശങ്ങളുടേയും കഥയും ചരിത്രവും കൊരുത്തെടുക്കാനാവുമോ?
ഇല്ലേയില്ല. ഇപ്പോൾ ഭൂമിയിൽ നിലനിൽക്കുന്ന ജീവിവംശങ്ങളുടെ തന്നെ നന്നേ ചെറിയ ഒരു അംശമേ നാം കണ്ടെത്തുകയും ശാസ്ത്രീയമായി വർഗ്ഗീകരിച്ചു രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളൂ. പിന്നെ മുൻകാലത്തെ കാര്യം പറയണോ?
നേരത്തേ പറഞ്ഞതുപോലെ, വളരെ ചുരുക്കം ജീവികളുടെ ശരീരാവശിഷ്ടങ്ങൾ മാത്രമേ ഫോസിലുകളായിത്തീരൂ. അതും വളരെ അപൂർവ്വമായ പ്രത്യേക സാഹചര്യങ്ങളിൽ മാത്രം. (ഉദാ: ഒരു ജീവി ചത്തുകഴിഞ്ഞാൽ തുടർന്നുള്ള ആയിരക്കണക്കിനു വർഷങ്ങൾ ആ ഭൂഭാഗത്തു ചലനങ്ങളോ മണ്ണൊലിപ്പോ അതിതീവ്രമായ മഴയോ ഭൂമികുലുക്കമോ മറ്റും ഉണ്ടാവാതിരിക്കണം, എന്നാൽ പാറപ്പാളികൾ അടിയാൻ തക്കവിധത്തിൽ അവയൊക്കെ വേണം താനും). അതുപോലെത്തന്നെ, എല്ലുകളില്ലാത്ത ജീവികളുടെ ഫോസിലുകൾ രൂപപ്പെടാനുള്ള സാദ്ധ്യത വളരെ ചുരുങ്ങിയതാണു്.
ആകെ ജീവിച്ചിരുന്നിട്ടുണ്ടാകാവുന്ന ജീവിവർഗ്ഗങ്ങളുടെ കണക്കിൽ ഇതുവരെ ആകെ കണ്ടുപിടിച്ചിട്ടുള്ള ഫോസിലുകൾ ചേർത്തുവെച്ചാൽ ഇന്ത്യാമഹാസമുദ്രവും ഒരു തുള്ളി വെള്ളവും തമ്മിൽ താരതമ്യം ചെയ്യുന്നതുപോലെയുണ്ടാവും. പത്തോ ഇരുപതോ കുത്തുകളെ യോജിപ്പിച്ച് ഒരു വലിയ സീനറി പെയിന്റിങ്ങ് ഉണ്ടാക്കുന്നതുപോലെയുള്ള ഒരു പരുക്കൻ ചിത്രം മാത്രമാണു് ഫോസിലുകളിലൂടെ നമുക്കു ലഭിക്കുന്നതു്.
എന്നിരുന്നാലും ഓരോ വർഷവും നാമിപ്പോൾ പുതിയ പുതിയ ശാസ്ത്രീയമാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നുണ്ടു്. പത്തിനുപകരം നൂറു കുത്തുകളാക്കി നമ്മുടെ പഠനമാർഗ്ഗം വികസിപ്പിക്കാം എന്നതാണു് ഈ കണ്ടുപിടുത്തങ്ങൾ കൊണ്ടുള്ള മെച്ചം.
1 comment:
അറിവുകളുടെ ഭണ്ഡാരം!
Post a Comment