Tuesday, July 07, 2015

അഭിയും വിശ്വവും -QA Session # 33 പനിയുടെ സയൻസ്

വരയും ചോദ്യവും അഭിജിത്ത്
ഉത്തരം: വിശ്വപ്രഭ

പനി! ഒപ്പം ശരീരമാകെ വേദനയും!

എന്തുകൊണ്ടാ പനിയോടൊപ്പം ശരീരവേദനയും വരുന്നത്?
ഉത്തരം : (Viswa Prabha  : Facebook)"പനി ഒരു രോഗലക്ഷണം മാത്രമാണു്" എന്നു നാം പലപ്പോഴും കേൾക്കാറുണ്ടു്. പക്ഷേ അതുകൊണ്ട് എന്താണുദ്ദേശിക്കുന്നതു് എന്നു വ്യക്തമായി മനസ്സിലാവാറുണ്ടോ?
പനി ഒരു രോഗലക്ഷണമാണെങ്കിൽ ശരീരവേദനയും ഒരു ലക്ഷണം തന്നെയാണു്.
എന്തായാലും, എന്തുകൊണ്ടാണു് പനിയും വേദനയും ഉണ്ടാവുന്നതു് എന്നു വിശദീകരിച്ചുതരാം. smile emoticon

ആദ്യം തന്നെ പനി ഉണ്ടാവുന്നതു് എന്തിനെന്നു നോക്കാം. മുമ്പ് പല തവണ ശരീരോഷ്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചെഴുതിയിട്ടുണ്ടു്. അതെല്ലാം ഒരു കുറി കൂടി വായിച്ചുനോക്കണം.

മനുഷ്യൻ എന്നതു് ആകപ്പാടെ ഒരൊറ്റ ജീവിയാണെന്നു നമുക്കു തോന്നുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കോടിക്കണക്കിനു ജീവികളുടേയും കോശങ്ങളുടേയും ഒരു ആവാസവ്യവസ്ഥയാണു് നമ്മുടെ ഓരോരുത്തരുടേയും ശരീരം. അതിനുപുറമേ, പല തരം പദാർത്ഥങ്ങൾ ഉപയോഗിച്ചു് വേറെ പല തരം പദാർത്ഥങ്ങളുമുണ്ടാക്കുന്ന ഒരു വമ്പൻ കെമിക്കൽ ഫാക്ടറിയും.

എല്ലാ ഫാക്ടറികളും പോലെ, ഇവിടെയും യന്ത്രങ്ങളുണ്ടു്. ആ യന്ത്രങ്ങൾ ഊർജ്ജവും രാസപദാർത്ഥങ്ങളും സംഭരിച്ച് അതിൽകുറേയൊക്കെ ഉപയോഗിക്കുകയും ബാക്കി പുറത്തുവിടുകയും ചെയ്യുന്നുണ്ടു്. ഏറ്റവും ലാഭമുണ്ടാക്കുന്ന നിരക്കിലാണു് ഉല്പാദനം നടക്കുന്നതു് എന്നുറപ്പുവരുത്താൻ വൈദ്യുതിസപ്ലൈയുടെ വോൾട്ടേജ്, രാസവസ്തുക്കളുടെ ഗാഢത, നിറം, സാന്ദ്രത ഇവയൊക്കെ അപ്പപ്പോൾ അളന്നുനോക്കുകയും ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ടു്.
ഇതിനൊക്കെപ്പുറമേ, ഈ ഫാക്ടറിയിലെ തൊഴിലാളികളായി കോടിക്കണക്കിനു് ബാക്ടീരിയകളും മറ്റു സൂക്ഷ്മജീവികളും കൂടിയുണ്ടു്. ഒറ്റയ്ക്കൊറ്റയ്ക്കു് അവയൊക്കെ തനതായ ജീവനുകളാണെങ്കിലും അവയുടെ ജീവിതചക്രം കൂടി ഉപയോഗിച്ചാണു് നാം നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്നതും മറ്റും.

ഇങ്ങനെ, അതിസങ്കീർണ്ണമായ ശരീരഫാക്ടറി സുഗമമായി പ്രവർത്തിക്കാൻ ഒരു പ്രത്യേക താപനില ആവശ്യമാണു്. (മനുഷ്യനു് അതു് ശരാശരി 37 ഡിഗ്രി സെൽഷ്യസ് ആണു്). അതിൽ കുറഞ്ഞാൽ, പല രാസപ്രവർത്തനങ്ങളും നടക്കില്ല. കൂടിയാലോ, തൊഴിലാളികളായ ബാൿറ്റീരിയകൾക്കു് അത്യുഷ്ണം മൂലം അവിടെ ജീവിക്കാനും പറ്റില്ല.

അതിനാൽ 37 ഡിഗ്രിയാണു് നമുക്കു് ഏറ്റവും സൗകര്യപ്രദമായ ശരീരതാപനില.

ഇങ്ങനെ പല രാസ-ഭൗതികപ്രവർത്തനങ്ങളും 24 മണിക്കൂറും നടന്നുകൊണ്ടിരിക്കുന്ന ഒരു ഫാൿടറിയിലേക്കാണു് ഏതാനും പുതിയ തൊഴിലാളികൾ ചെന്നുകേറുന്നതു്. ശരിക്കും അവർ തൊഴിലാളികളല്ല. ഭീകരപ്രവർത്തനം നടത്താൻ നുഴഞ്ഞുകേറുന്ന വിദേശചാവേറുകളാണു്. (അവരെസംബന്ധിച്ചിടത്തോളം അവരുടെ ഭാഗമാണു് ശരി. അവർക്കും ജീവിക്കണ്ടേ? മരിക്കണ്ടേ?).
ഈ വന്നുകേറുന്ന ചാവേർപ്പടയാണു് രോഗാണുക്കൾ (ബാക്ടീരിയ, വൈറസ്, ഫംഗസ്, യീസ്റ്റ്, മറ്റു പരാദങ്ങൾ, പോളൻസ് (ചില തരം സസ്യങ്ങളുടെ പൂമ്പൊടി - പരാഗരേണുക്കൾ).

പുറത്തുനിന്നും വന്നുകേറുന്ന കള്ളന്മാർ ശരിക്കുമുള്ള തൊഴിലാളികളുടെ ഇടയിൽ ചേരുന്നു. യന്ത്രങ്ങളുടെ സ്വിച്ചുകളും മറ്റും പിടിച്ചുതിരിക്കുന്നു. അതിൽ 'ഫീഡ്' ചെയ്യേണ്ട പദാർത്ഥങ്ങളിലൊക്കെ ചേരുവകളും അളവുകളും മാറ്റുന്നു.

ഇങ്ങനെ സംഭവിക്കാതിരിക്കാൻ, അഥവാ സംഭവിച്ചാൽ അതിനെ അടിച്ചമർത്താൻ ശരീരത്തിനു് ഒരു വഴിയറിയാം.

സാധാരണ ഗതിയിൽ ചൂട് 37 ഡിഗ്രി ആണെന്നു പറഞ്ഞല്ലോ. അതുപോലെത്തന്നെ കോശങ്ങളിലെ അമ്ലത, ഉപ്പ്, ഓക്സിജൻ, വിവിധതരം എൻസൈമുകൾ തുടങ്ങിയവയുടെ അളവ് ഇതെല്ലാം ഒരു നിശ്ചിത തലത്തിലായിരിക്കും.
പാത്തോജെനുകൾ (രോഗാണുക്കൾ) വന്നു ശല്യം ചെയ്യുന്നതോടെ ഈ അളവുകളെല്ലാം തെറ്റും.കോശങ്ങളുടെ ആകൃതിയും അന്തരീക്ഷവുമെല്ലാം മാറും. അവയുടെ പതിവുജോലികൾ നടക്കാതാവും. അവരുണ്ടാക്കിവിടുന്ന ഉല്പന്നങ്ങളൊക്കെ അലങ്കോലമായി യാതൊരു പ്രയോജനവുമില്ലാത്തതായി മാറും.

പൈറോജനുകൾ

പനി ജനിപ്പിക്കുന്ന പദാർത്ഥങ്ങളെയാണു് പൈറോജനുകൾ എന്നു പറയുന്നതു്, (പൈറോ = ചൂട്, ജൻ= ജനിപ്പിക്കുന്നതു്). കോശത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ഇത്തരം പനിജനകങ്ങൾ ഉണ്ടാവാം.
പുറത്തുനിന്നു് എത്തിപ്പെടുന്ന ബാൿറ്റീരിയകളുടെ കോശഭിത്തി ഒരു പൈറോജൻ ആണു്. നമ്മുടെ കോശങ്ങളിലെ ചില ദഹനരസങ്ങൾ (എൻസൈമുകൾ) ഈ ബാക്ടീരിയകളെ നശിപ്പിക്കാൻ ശ്രമിക്കും. അതിന്റെ ഫലമായുണ്ടാവുന്ന മലിനപദാർത്ഥങ്ങളും പനിജനകങ്ങൾ തന്നെ.

പൈറോജൻ ചില രാസപ്രവർത്തനങ്ങളിലൂടെ കടന്നുപോവുമ്പോൾ അതിന്റെ ഫലമായി കോശങ്ങളിൽ ഒരു പുതിയ ഉൽപ്പന്നമുണ്ടാവും. അതിനെ നമുക്കു് തൽക്കാലം PGE2 എന്നു വിളിക്കാം. ഒരു തരം ഹോർമോൺ ആണു് PGE2. കോശത്തിൽ നടക്കുന്ന സംഭവങ്ങളുടെ തത്ക്ഷണദൃക്സാക്ഷിവിവരണം സ്റ്റുഡിയോയിൽ (തലച്ചോറിൽ) ഇരിക്കുന്ന ഹൈപ്പോതലാമസ്സിനെ അറിയിക്കലാണു് PGE2ന്റെ ജോലി. കോശങ്ങളിൽ പൈറൊജെൻ എത്രയുണ്ടോ അതിനനുസരിച്ച് കൂടുതൽ PGE2 ഹൈപ്പോതലാമസ്സിൽ എത്തിപ്പെടുന്നു.

ഹൈപ്പോതലാമസ്

ഹൈപ്പോതലാമസ്സിനെപ്പറ്റി മുമ്പു് വിശദമായി എഴുതിയിട്ടുണ്ടല്ലോ. ശരീരത്തിന്റെ തെർമ്മോസ്റ്റാറ്റ് ആണു് ഹൈപ്പോതലാമസ്. ഇത്ര ഡിഗ്രി ചൂടാണു് ശരീരത്തിനു വേണ്ടതു് എന്നു മെമ്മറിയിൽ ശേഖരിച്ചുവച്ചിരിക്കുന്നതു് അവിടെയാണു്. സാധാരണ, അതു് 37 ഡിഗ്രി എന്നാവും. പക്ഷേ രക്തത്തിൽ PGE2ന്റെ സാന്നിദ്ധ്യം എത്ര കൂടുതലുണ്ടോ അതിനനുസരിച്ച് ഈ സെറ്റ് പോയിന്റും കൂടും.

അതായതു്, ആദ്യം കുറേ ബാൿറ്റീരിയകൾ ഒരു കോശത്തിൽ എത്തിപ്പെടുന്നു. ഇവയുടെ സാന്നിദ്ധ്യം മൂലം പൈറോജെൻ ഉണ്ടാവുന്നു. പൈറോജനുകളെ തിരിച്ചറിയുമ്പോൾ PGE2 എന്ന ഹോർമോൺ ഉണ്ടാവുന്നു. ആ ഹോർമോൺ ഹൈപ്പോതലാമസ്സിലെ 37 എന്ന സ്ഥിരം സെറ്റിങ്ങ് മാറ്റി 39 അല്ലെങ്കിൽ 40 എന്നൊക്കെ ആക്കുന്നു. സെറ്റ് പോയിന്റ് എത്രയായാലും ഹൈപ്പോതലാമസ്സിനു വിരോധമില്ല. 37 എങ്കിൽ 37. 40 എങ്കിൽ 40. അതിന്റെ ജോലി ശരീരത്തിന്റെ യഥാർത്ഥ താപനിലയെ ഈ സെറ്റ് പോയിന്റിലേക്കു് എത്തിക്കുക എന്നതാണു്.
നമ്മുടെ തൊലിയിലെ കോശങ്ങളിലും കുറേ താപസെൻസറുകൾ ഉണ്ടു്. അപ്പപ്പോഴത്തെ അന്തരീക്ഷഊഷ്മാവ് ഹൈപ്പോതലാമസ്സിനെ അറിയിക്കുന്നതു് ഈ സെൻസറുകളാണു്. നാഡികൾ വഴി സിഗ്നലുകളായും രക്തം വഴി ഹോർമോൺ വസ്തുക്കളായും ഈ സെൻസറുകൾ തലച്ചോറുമായി (ഹൈപ്പോതലാമസ്സുമായി) സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കും.
ഇങ്ങനെ തൊലിയിൽ നിന്നും രക്തത്തിൽനിന്നും അയച്ചുകിട്ടുന്ന താപനിലയും സെറ്റ് പോയിന്റ് താപനിലയും തമ്മിൽ ഹൈപ്പോതലാമസ് എപ്പോഴും താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കും. തൊലിയിലെ ചൂട് സെറ്റ് പോയിന്റിനേക്കാൾ കുറവാണെങ്കിൽ (നമുക്കു തണുപ്പ് അനുഭവപ്പെടുമ്പോൾ) ഹൈ.ത. ശരീരത്തിലെ ഹീറ്ററുകളൊക്കെ ഓൺ ആക്കും. അതല്ല, കൂടുതലാണെങ്കിൽ (നമുക്കു് ഉഷ്ണം അനുഭവപ്പെടുമ്പോൾ) ഹീറ്ററുകൾ ഓഫ് ചെയ്തു് കൂളറുകൾ ഓൺ ആക്കും.
അങ്ങനെ, മുകളിൽ പറഞ്ഞതുപോലെ PGE2 സെറ്റ്പോയിന്റ് കൂട്ടിവെക്കുമ്പോൾ നമുക്കു് തണുപ്പ് (പനി) അനുഭവപ്പെടുന്നു. ഉടനെ ടെമ്പറേച്ചർ കണ്ട്രോൾ റൂമിലിരിക്കുന്ന എഞ്ചിനീയർ നമ്മുടെ ഹീറ്ററുകൾ ഓൺ ചെയ്യുന്നു.
ഈ ചിത്രം ശ്രദ്ധിച്ചു കാണുക.


എങ്ങനെയാണു് നമ്മുടെ ശരീരത്തിലെ ഹീറ്ററുകൾ പ്രവർത്തിക്കുന്നതു്?

കോശങ്ങളിലെ ഹീറ്ററുകൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെയാണു് നാം ജീവൻ എന്നു വിളിക്കുന്നതു്. ജീവനുള്ള ഒരു ശരീരത്തിൽ സാധാരണനിലയിൽ തന്നെ എപ്പോഴും ചൂട് ഉല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. കോശങ്ങളിൽ വെച്ച് അന്നജം ഓക്സിജനിൽ കത്തിച്ചാണു് ഈ ചൂടുണ്ടാവുന്നതു്. അതിൽ ഒരു ഭാഗം രക്തത്തിൽ പടർന്നു് തൊലിയിലും ശ്വാസകോശത്തിലുമെത്തി വായുവിലേക്കു് പുറന്തള്ളപ്പെടുന്നു.
കോശങ്ങളിലെ ജ്വലനം കൂടുമ്പോൾ ശരീരോഷ്മാവ് കൂടും. അതുപോലെ, പുറന്തള്ളപ്പെടുന്ന ചൂടിന്റെ അളവു കുറച്ചാലും ശരീരോഷ്മാവു കൂടും.

അഡ്രിനൽ എന്നും തൈറോയ്ഡ് എന്നും രണ്ടു ഗ്രന്ഥികളുണ്ടു്. ഹൈപ്പോതലാമസ്സിന്റെ കല്പന കിട്ടിയാൽ ഇവ രണ്ടും തങ്ങളുടെ ജോലി കൂടുതൽ ഉഷാറാക്കും. ദഹനം (മെറ്റാബോളിസം) കൂടുതൽ വേഗത്തിലാക്കും. അങ്ങനെ കോശത്തിലെ താപോല്പാദനം വർദ്ധിക്കും.

രക്തക്കുഴലുകളുടെ വ്യാസം കുറച്ചാൽ അതിലൂടെ ഒഴുകുന്ന രക്തത്തിന്റെ അളവും കുറയും. അപ്പോൾ പുറന്തള്ളപ്പെടുന്ന ചൂടും കുറയും. കൂടുതൽ ചൂട് ശരീരത്തിൽ തന്നെ തങ്ങിനിൽക്കും.
ഇങ്ങനെ രക്തക്കുഴലുകൾ ചുരുക്കുന്ന വിദ്യയെ വാസോകൺസ്ട്രിൿഷൻ എന്നു പറയും. (വാസോ = ഞരമ്പുകളുമായി ബന്ധപ്പെട്ടതു്, കൺസ്ട്രിൿഷൻ = ഞെരുക്കൽ).
പനി വരുമ്പോൾ അതിന്റെ ഭാഗമായി നമ്മുടെ രക്തസമ്മർദ്ദം നേരിയ തോതിൽ കൂടും. അതിനു കാരണം ഈ വാസോകൺസ്ട്രിൿഷൻ ആണു്.

ഇതുകൊണ്ടൊന്നും ചൂടു കൂടിയില്ലെങ്കിൽ ഇനി ഒരു വഴികൂടിയുണ്ടു്. അസ്ഥിപേശികൾ വിറപ്പിക്കുക എന്നതാണു് ആ വഴി. അതോടെ ശരീരം മുഴുവൻ വിറക്കാൻ തുടങ്ങും. പേശീഘർഷണം മൂലം ചൂടു വർദ്ധിക്കും

ഇത്രത്തോളം എത്തുമ്പോൾ നമുക്കു് 'പനി പിടിച്ചു' എന്ന അനുഭവം തുടങ്ങും. ഒരു തെർമ്മോമീറ്റർ വെച്ചുനോക്കിയാൽ താപനില വർദ്ധിച്ചുകാണാം.
ശരിക്കും ആവശ്യമുള്ളതു് 37 ഡിഗ്രി. പക്ഷേ, ഹൈപ്പോതലാമസ്സിൽ സെറ്റു ചെയ്തു വെച്ചിരിക്കുന്നതോ? 39. പാവം ഹൈപ്പോതലാമസ്സും പേശികളും കൂടി ഇപ്പോഴും പണിയെടുത്തുകൊണ്ടിരിക്കുകയാണു് 39-ൽ എത്താൻ. പനി കുറയ്ക്കാനല്ല, കൂട്ടാൻ!
ആരാണു് അവരെ ഒന്നു പറഞ്ഞുമനസ്സിലാക്കുക സെറ്റിങ്ങിലാണു പ്രശ്നമെന്നു്?

ഇതേ സമയത്തു്, രക്തക്കുഴലുകളുടെ സങ്കോചം പേശീസമ്മർദ്ദത്തിൽ വ്യത്യാസം വരുത്തും. നാഡീകോശങ്ങൾ ഈ വ്യത്യാസം അപ്പപ്പോൾ തലച്ചോറിൽ എത്തിച്ചുകൊണ്ടിരിക്കും. അതാണു നമുക്കു പേശിവേദനയായി തോന്നുന്നതു്.
വേദനയും ഒരു ലക്ഷണമാണു്. പേശികളിൽ എന്തോ പ്രശ്നമുണ്ടെന്നും അടിയന്തിരമായി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നും അതിനു് തലച്ചോറിനു് എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടെങ്കിൽ അതുപോലെ ചെയ്യട്ടെ എന്നുമാണു് വേദന നമ്മോടു പറയുന്നതു്.

വേദനയ്ക്കു് ഇതുകൂടാതെയും കാരണമുണ്ടാവാം. കോശങ്ങളിൽ വലിയ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണു്. വെളുത്ത പട്ടാളക്കാരും കടന്നുകയറ്റക്കാരുമായാണു് മുഖ്യയുദ്ധം. അതിൽ കുറേ മരണങ്ങളുമുണ്ടാവും. അതിലുണ്ടാവുന്ന മൃതദേഹങ്ങളുടേയും മറ്റു രാസവസ്തുക്കളുടേയും സാന്നിദ്ധ്യം കണ്ടറിഞ്ഞ് തലസ്ഥാനത്തേക്കു അയച്ചുകൊടുക്കാനും റിപ്പോർട്ടർ ഹോർമ്മോണുകളുണ്ടു്. ആ റിപ്പോർട്ടുകളും വേദനയുടെ രൂപത്തിലാണു് നമുക്കു് അനുഭവപ്പെടുക.

എല്ലാ പനിക്കും ഒരേ തോതിൽ വേദന അനുഭവപ്പെട്ടു എന്നു വരില്ല. സാധാരണ ഗതിയിൽ വൈറൽ പനിക്കാണു് വേദന കൂടുതൽ തോന്നുക.ബാക്ടീരിയകളെ വരുതിയിലാക്കാൻ താരതമ്യേന നമുക്ക് എളുപ്പമാണു്. പക്ഷേ, വൈറസിന്റെ കെമിസ്ട്രി കണ്ടുപിടിക്കാൻ ശരീരത്തിനു് കൂടുതൽ സമയം വേണം. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ല എന്നു തിരിച്ചറിയുമ്പോൾ വാസോകൺസ്ട്രിക്ഷൻ കൂടുതൽ ഊർജ്ജിതമാവും. തദ്ഫലമായി വേദനയും കൂടും.

ഇനി പനി മാറുന്നതെങ്ങനെ എന്നു നോക്കാം.

എന്തിനാണു് PGE2 എന്ന ഹോർമോൺ ഹൈപ്പോതലാമസ്സിലെ സെറ്റ് പോയിന്റ് ഉയർത്തുന്നതു്? അതുകൊണ്ടെന്താണു മെച്ചം?

  1. ശരീരകോശങ്ങൾക്കും നമ്മെ സഹായിക്കുന്ന നല്ല ബാക്ടീരിയകൾക്കും ഏറ്റവും അനുയോജ്യമായ താപനില 37 ഡിഗ്രി തന്നെയാണു്. ഇനി താപനില സ്വല്പമൊന്നു കൂടിയാലും ഇവയ്ക്കു് വലിയ കാര്യമായി പ്രശ്നമൊന്നുമുണ്ടാവില്ല.

    എന്നാൽ കടന്നുകയറുന്ന ചാവേർ ഭീകരന്മാരുടെ കാര്യം അതല്ല. കൂടിയ താപനില ഒരു കർഫ്യൂ പ്രഖ്യാപനം പോലെയാണു്. ഒരു കർഫ്യൂവിൽ എങ്ങനെയാണു പെരുമാറേണ്ടതു് എന്നു് തദ്ദേശീയർക്കു് നന്നായറിയാം. അക്രമികൾക്കു് ആ അവസ്ഥ അത്ര പരിചയമില്ല. 37 ഡിഗ്രിയിൽ വളർന്നുപെരുകാൻ കഴിവുള്ള പല രോഗാണുക്കൾക്കും താപനിലയിലെ നേരിയ ഉയർച്ച താങ്ങുവാനുള്ള ശേഷിയില്ല. അങ്ങനെ പനി എന്ന യുദ്ധാവസ്ഥയിൽ നമ്മുടെ സൈന്യത്തിനു് ഒരു മേൽക്കൈ ലഭിക്കുന്നു.
  2. ഉയർന്ന താപനില എന്നാൽ ഉയർന്ന മെറ്റാബോളിസം (ഊർജ്ജോല്പാദനം) എന്നർത്ഥം. മെറ്റാബോളിസം കൂടുമ്പോൾ ശ്വേതരക്താണുക്കളുടേയും മറ്റും ഉല്പാദനവും കൂടുന്നു. ശ്വേതരക്താണുക്കളാണു് നമ്മുടെ ഭാഗത്തുനിന്നുമുള്ള പടയാളികൾ. അങ്ങനേയും യുദ്ധം നമുക്കനുകൂലമായിത്തീരുന്നു.
  3. പനി വരുമ്പോൾ ശരീരത്തിനുള്ളിൽ എന്തോ പ്രശ്നമുണ്ടെന്നു നാം തിരിച്ചറിയുന്നു. ആ തിരിച്ചറിവുമൂലം, നാം പ്രശ്നം പരിഹരിക്കാനുള്ള വഴികൾ തേടുന്നു. പനിയും വേദനയുമില്ലെങ്കിൽ നാം ആശുപത്രിയിൽ പോകാനോ മരുന്നു കഴിക്കാനോ തയ്യാറാവില്ലല്ലോ.

ഏതു മൂലകാരണമാണോ ഒരു രോഗമായി രൂപപ്പെട്ട് നമ്മെ അപകടത്തിലാക്കാൻ പോകുന്നതു് ആ കാരണത്തിന്റെ സാന്നിദ്ധ്യം നമ്മെ അറിയിക്കാനുള്ള വഴിയാണു് പനി. അതുകൊണ്ടാണു് പനി ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണു് എന്നു പറയുന്നതു്.

ഏറെനേരം അമിതമായ ഊഷ്മാവ് നിലനിൽക്കുന്നതു് ശരീരത്തിനു നന്നല്ല. അതിനാൽ ശരീരം സ്വയമോ അല്ലെങ്കിൽ നമ്മുടെ ചികിത്സയുടെ ഫലമായോ പനി ഭേദമാക്കാൻ ശ്രമിക്കും.
ഹൈപ്പോതലാമസ്സിലെ സെറ്റ് പോയിന്റ് താപനിലയേക്കാൾ യഥാർത്ഥ ശരീരോഷ്മാവ് കുറഞ്ഞിരിക്കുമ്പോൾ ആ കുറവു നികത്താനാണു് പനിയുണ്ടാകുന്നതു് എന്നു പറഞ്ഞല്ലോ.

രണ്ടു വിധത്തിൽ ഈ വ്യത്യാസം ഇല്ലാതാക്കാം.

1. ഏതു പദാർത്ഥമാണോ ആ താപനില സെറ്റു ചെയ്തതു് അതിന്റെ അളവു കുറയ്ക്കുക.

PGE2 ആണു് ഈ പദാർത്ഥം. അതു വരുന്നതു് അണുബാധയുണ്ടായ (അല്ലെങ്കിൽ പൈറോജൻ സാന്നിദ്ധ്യമുള്ള) കോശങ്ങളിൽനിന്നാണു്. ആ കോശങ്ങളിലെ അണുബാധ ഇല്ലാതാക്കിയാൽ ഉടൻ തന്നെ PGE2 ഉല്പാദനവും നിലയ്ക്കും. അതോടെ സെറ്റ് പോയിന്റ് 37 ലേക്കു താഴുകയും ശരീരം ചൂടാക്കുന്ന പ്രക്രിയ റദ്ദാവുകയും ചെയ്യും.

ഇങ്ങനെ അടിസ്ഥാനഹേതു തന്നെ ഇല്ലാതാക്കുന്നതാണു് പനിയുടെ യഥാർത്ഥചികിത്സ. ഉദാഹരണത്തിനു് ചിലപ്പോൾ ശരീരം തന്നെ, ആക്രമണകാരികളായ രോഗാണുക്കൾക്കു യോജിച്ച ആന്റിബോഡികൾ നിർമ്മിക്കുന്നു. അവ രോഗാണുക്കളുടെ താളം തെറ്റിച്ച് നിർവ്വീര്യമാക്കുന്നു. ബാക്ടീരിയാ ബാധയാണെങ്കിൽ വിദഗ്ദരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തക്കതായ ആന്റിബയോട്ടിൿ മരുന്നുകൾ കഴിക്കാം. വൈറൽ പനികൾക്കു് നിശ്ചയവും ഫലപ്രദവുമായ കൃത്രിമ മരുന്നുകൾ ഇല്ലെന്നുതന്നെ പറയാം. എങ്കിലും മിക്ക വൈറൽ പനികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദപ്പെടും. സ്വല്പം സമയമെടുത്താണെങ്കിലും, അവയ്ക്കുള്ള പ്രതിവിഷങ്ങൾ സ്വയം ഉല്പാദിപ്പിക്കാൻ ശരീരത്തിനറിയാം.

2. സെറ്റ് പോയിന്റിനെ തന്നെ ബലമായി താഴേക്കു് (37 ഡിഗ്രിയിലേക്കു) കൊണ്ടുവരിക.

മൂലകാരണം പരിഹരിക്കാൻ കാത്തുനിൽക്കാതെ ഹൈപ്പോതലാമസ്സിനെ കബളിപ്പിച്ച് പനി ബലമായി മാറ്റുവാനുള്ള വഴിയാണു് ഇതു്. പാരസെറ്റാമോൾ, ഇബുപ്രോഫൻ തുടങ്ങിയ പനിഗുളികകൾ മിക്കപ്പോഴും ചെയ്യുന്നതു് ഈ തരത്തിലുള്ള പരിഹാരമാണു്.
നിയന്ത്രണമില്ലാത്തത്ര ഉയർന്ന പനി അപകടകരമായേക്കാം. തലചുറ്റൽ, ചുഴലി, നിർജ്ജലീകരണം, പേശീകലകളുടെ നാശം ഇവയ്ക്കെല്ലാം അമിതമായ ശരീരതാപം വഴിവെക്കും. വളരെ പ്രായമായവരിലും കുട്ടികളിലും സ്വതവേ മറ്റു സനാതനരോഗങ്ങളുള്ളവർക്കും ദുർബ്ബലരായവർക്കും ഇവ കൂടുതൽ ദോഷകരമായേക്കാം. അതിനാൽ, അത്തരം സന്ദർഭങ്ങളിൽ ഹൈപ്പോതലാമസ് എന്ന ശുദ്ധഗതിക്കാരനായ കാവൽക്കാരനെ തൽക്കാലം കബളിപ്പിച്ചാണെങ്കിലും എങ്ങനെയെങ്കിലും പനി മാറ്റേണ്ടി വരും. ഈ ചികിത്സയെ ഫിവർ കണ്ട്രോൾ എന്നു പറയും.
അടിയന്തിരസന്ദർഭങ്ങളിൽ സെറ്റ്പോയിന്റിനെ ശല്യപ്പെടുത്താതെ ശരീരതാപനില കുറയ്ക്കാനും വഴികളുണ്ടു്. തണുത്ത വെള്ളത്തിൽ മുക്കിയ ശീല കൊണ്ടു് നെറ്റിയും നെഞ്ചുമൊക്കെ പൊതിയുക, ശരീരം ഐസ് കട്ടകൾക്കുള്ളിൽ സൂക്ഷിക്കുക ഇവയൊക്കെ ഇത്തരം രീതികളാണു്.
സെറ്റ് പോയിന്റ് പതിവുനിലയായ 37 ലേക്കു താഴ്ന്നുവന്നാൽ എന്തൊക്കെ സംഭവിക്കും?
ഇതോടെ ഹൈപ്പോതലാമസ് 'ആന്റിഡ്രോപ് സെന്റർ' എന്ന യന്ത്രം ഓഫ് ചെയ്തു് പകരം 'ആന്റിറൈസ് സെന്റർ'ഓൺ ചെയ്യും. ചൂട് ഉല്പാദിപ്പിക്കുന്നതു കുറയ്ക്കും. പുറത്തേക്കു തള്ളിക്കളയേണ്ട ചൂടിന്റെ അളവു കൂട്ടും.
വാസോകൺസ്ട്രിൿഷനു (ഞരമ്പു ചുരുക്കൽ) പകരം വാസോഡൈലേഷൻ ആരംഭിക്കും. (ഡൈലേഷൻ = വീർപ്പിക്കൽ). തൊലിപ്പുറത്തേക്കുള്ള ഞരമ്പുകൾ വികസിക്കുന്നതോടെ രക്തസഞ്ചാരം കൂടും. അതിലൂടെ കൂടുതലുള്ള ചൂട് രോമകൂപങ്ങളിലൂടെ പുറത്തേക്കു പോവും.
വിയർപ്പുഗ്രന്ഥികൾ ഓൺ ചെയ്യും. വിയർപ്പിലൂടെ തൊലിപ്പുറത്തേക്കുവരുന്ന ജലം അവിടെനിന്നും അന്തരീക്ഷത്തിലേക്കു് ബാഷ്പീകരിച്ചുപോവും. ബാഷ്പീകരിക്കാൻ ചൂട് ആവശ്യമുണ്ടു്. ("ബാഷ്പീകരണം മൂലം തണുപ്പുണ്ടാവുന്നു" എന്ന നിയമം ഓർമ്മയുണ്ടല്ലോ). ആ ചൂട് ശരീരത്തിൽനിന്നുതന്നെയാണു് വലിച്ചെടുക്കുന്നതു്.
പനിയ്ക്കു മരുന്നു കഴിക്കുമ്പോൾ ഏറെത്താമസിയാതെ വിയർക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ? പനിക്കാരൻ വിയർക്കുന്നതോടെ അവന്റെ ശരീരം മാത്രമല്ല അച്ഛനമ്മമാരുടെ മനസ്സും കുളിർക്കും. 👪


ഇവിടെ വിവരിച്ചതു മുഴുവൻ കൃത്യമാണെന്നു പറഞ്ഞുകൂടാ. മനസ്സിലാക്കാൻ എളുപ്പത്തിനുവേണ്ടി ചിലതൊക്കെ വിട്ടു കളഞ്ഞിട്ടുണ്ടു്. അത്യത്ഭുതകരമായി തോന്നുന്ന പല കാര്യങ്ങൾക്കും പിന്നിൽ ലഘുവായ ശാസ്ത്രനിയമങ്ങളേ ഉള്ളൂ എന്നു മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വളരെ പരത്തിപ്പറഞ്ഞിട്ടുമുണ്ടു്. വൈദ്യശാസ്ത്രത്തിന്റെ വിശദാംശങ്ങളിലേക്കു കടന്നാൽ, ഇതിനേക്കാളൊക്കെ സങ്കീർണ്ണമാണു് പനിയുടെ വഴികൾ. എന്നാൽ നമുക്കു നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങൾ ഇത്രയും മതി.

കൂടുതൽ ക്ഷമയും താല്പര്യവുമുണ്ടെങ്കിൽ പതിവുപോലെ, വിക്കിപീഡിയ വായിച്ചുനോക്കാം.
മലയാളം വിക്കിപീഡിയയിൽ തന്നെ സാമാന്യം ഭേദപ്പെട്ട ഒരു ലേഖനമുണ്ടു്.Ragesh Punalur എന്ന ഡോക്ടർ ആണു് ആ ലേഖനത്തിന്റെ മുഖ്യശില്പി. കൂടാതെ Vijayakumar Blathur തുടങ്ങിയവരും അതിന്റെ രചനയിൽ പങ്കെടുത്തിട്ടുണ്ടു്.

ഇവിടെ എഴുതിയതിന്റെ കുറേക്കൂടി ആധികാരികമായ ഒരു പതിപ്പ് ഈ ലിങ്കിൽ വായിക്കാം:
http://www.apexjournal.org/.../2013/May/fulltext/Anochie.pdf

അഭിയുടെ പനി എത്രയും വേഗം മാറട്ടെ എന്നു് ആശംസിച്ചുകൊണ്ടു് തൽക്കാലം നിർത്തട്ടെ.
😍

Friday, May 22, 2015

അഭിയും വിശ്വവും -QA Session # 32

വരയും ചോദ്യവും അഭിജിത്ത്

കാലത്തെ രണ്ടായി തിരിക്കാന്‍ എന്തിനാണ് ക്രിസ്തുവിനെ ഉപയോഗിച്ചത്

ഉത്തരം : കടപ്പാട്   Viswa Prabha 

കാലത്തെ രണ്ടായി തിരിക്കാൻ പറ്റുമോ?

"പാലക്കാട്ടേക്കെന്തു ദൂരം വരും?" 
ഉടനെ ചോദിക്കില്ലേ, "എവിടെനിന്നുമുള്ള ദൂരം?" എന്നു്? ഏതെങ്കിലും ഒരു ആധാരബിന്ദു (origin) ആദ്യം തന്നെ തീരുമാനിക്കാതെ ദൂരം, സമയം, താപനില, വൈദ്യുതപൊട്ടൻഷ്യൽ, ജലവിതാനം, പർവ്വതങ്ങളുടെ ഉയരം ഇതൊന്നും അളന്നുമുറിച്ചു പറയാനാവില്
ല.

അനന്തമായ കാലം. അതു തുടങ്ങുന്നതെന്നോ ഒടുങ്ങുന്നതെന്നോ എന്നറിയില്ല. സാധാരണക്കാരായ നമ്മൾക്കൊക്കെ നമ്മുടെ കൊച്ചുകാര്യങ്ങളും കഥകളും പറയേണ്ടി വരുമ്പോൾ 'എനിക്കിത്ര വയസ്സുള്ളപ്പോൾ', അല്ലെങ്കിൽ, 'പത്തുവർഷം മുമ്പ്' അതുമല്ലെങ്കിൽ എന്റപ്പൂപ്പൻ കുഞ്ഞായിരിക്കുമ്പോൾ എന്നെല്ലാം പറഞ്ഞാൽ മതി. പക്ഷേ, ആളിന്റേയും നാടിന്റേയും വലിപ്പം കൂടുംതോറും കാലക്കണക്കിന്റെ വലിപ്പവും കൂടും. അപ്പോൾ വള്ളുവക്കോനാതിരിയുടെ കാലത്തു്, ഉദയവർമ്മ ആദിത്യവർമ്മ രണ്ടാമന്റെ കാലത്തു്, ലൂയി പതിനാലാമന്റെ കാലത്തു് എന്നൊക്കെ പറയാം. 
ഏതൊക്കെ എവിടെയൊക്കെ ചരിത്രമുണ്ടോ അതുമൊത്തം കാണാപ്പാഠം പഠിക്കാത്തവർക്കു് ഏതു ലൂയി? ഏതു വള്ളുവക്കോനാതിരി?
എല്ലാർക്കും ഒരു പോലെ മനസ്സിലാവാൻ അപ്പോൾ കാലത്തിനും ഏതെങ്കിലും ഒരു ആധാരബിന്ദു വേണം.അതും മിക്കവാറും എല്ലാർക്കും സ്വീകാര്യവും പരിചിതവുമായ ഒരു സമയബിന്ദു.
അത്തരം സമയബിന്ദുക്കളെ ബീജസമയം അഥവാ യുഗാദി (Epoch) എന്നു വിളിക്കുന്നു.
എല്ലാ കലണ്ടറുകളും പഞ്ചാംഗങ്ങളും Epoch അടിസ്ഥാനമാക്കിയാണു് നിർമ്മിച്ചിട്ടുള്ളതു്. അതിൽ ചിലതു് സാങ്കല്പികമുഹൂർത്തങ്ങളാണു്. മറ്റു ചിലതു് യഥാർത്ഥസംഭവങ്ങളും. ഇനിയും ചിലതു് അർദ്ധസാങ്കല്പികങ്ങളാണു്.

1190 വർഷവും 9 മാസവും ഏതാനും ദിവസവും മുമ്പ് കൊല്ലം എന്ന പട്ടണത്തിൽ എന്തോ ഒരു സംഭവം നടന്നു. ആ ദിവസത്തെ ഒരു പുതിയ യുഗാദിയായി കണക്കാക്കി, ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ 12 മാസങ്ങളുമായി മലയാളത്തുകാർ ഒരു പുതിയ കലണ്ടറും ഉണ്ടാക്കി. അതാണു് നമ്മുടെ കൊല്ലവർഷം.
[http://ml.wikipedia.org/wiki/Malayalam_calendar]

എന്തു സംഭവമായിരുന്നു കൊല്ലവർഷം തുടങ്ങിവെച്ചതിന്റെ ആധാരം എന്നു് നമുക്കിപ്പോഴും കൃത്യമായി അറിയില്ല. എന്നാൽ, അതറിഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഒരിക്കൽ ഒരു കലണ്ടർ തുടങ്ങിവെച്ചാൽ, അന്നുമുതലുള്ള സമയം കൃത്യമായി കണക്കാക്കി രേഖപ്പെടുത്തിക്കൊണ്ടിരുന്നാൽ മതി.

ഓരോരോ നാടുകളിലും ആളുകൾ ഇങ്ങനെ പല തരത്തിലും കലണ്ടറുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. കലിവർഷം, വിക്രമവർഷം, ശകവർഷം, ഹിജ്രാവർഷം, മയൻ വർഷം ഇവയെല്ലാം ഇങ്ങനെ ഉണ്ടായവയാണു്. ഒരിക്കൽ ഒരു കലണ്ടർ തുടങ്ങിക്കഴിഞ്ഞാൽ അതനുസരിച്ചുള്ള വർഷങ്ങളെ 1,2,3,4.... എന്നു് കൃത്യമായി അടയാളപ്പെടുത്താനാവും. ഉദാഹരണത്തിനു് ഇന്നു് 1190 എടവം എട്ടാം തീയതിയാണു്. 2015 മേയ് 22-ഉം ഇന്നുതന്നെയാണു്. 

എന്നാൽ, അപ്പോഴും ചെറിയ ഒരു പ്രശ്നമുണ്ടു്. പ്രവാചകനായ നബി മെക്കയിൽ നിന്നും മദീനയിലേക്കു പലായനം ചെയ്ത നാളായിരുന്നുഹിജ്രാ അബ്ദം തുടങ്ങിവെച്ചതു്. എന്നാൽ അതിനും 150 കൊല്ലം മുമ്പത്തെ ഒരു സംഭവത്തെക്കുറിച്ചു പറയണമെങ്കിലോ? (അന്നു് നെഗറ്റീവ് സംഖ്യകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളൊന്നും വ്യാപകമായിരുന്നില്ല).
അപ്പോൾ ഹിജ്രയ്ക്കു ഇത്ര വമുമ്പ് എന്നു പറയുന്നതാണു് ഒരു വഴി.

ക്േ അും പരാ. കൃത്യമായ ഗ്രഹസ്ഥിതിയും സൂര്യചന്ദ്രസഞ്ചാരവും ഉദയാസ്തമനങ്ങളും കണക്കാക്കാൻ കലണ്ടർ കൂടുതൽ സൂക്ഷ്മമായിരിക്കണം. കണക്കു് എളുപ്പമാവണമെങ്കിൽ ആവശ്യമില്ലാതെ ഇന്ന സംഭവത്തിനുമുമ്പ് അല്ലെങ്കിൽ നെഗറ്റീവ് ഇത്ര കൊല്ലം എന്നൊന്നും ചേർക്കാതെയുമിരിക്കണം.

അതിനു് ഇന്ത്യക്കാരും മന്മരും ഒക്ക കണ്ടുപിടിച്ച വഴി, വളരെ വളരെ മുമ്പുള്ള ഒരു സാങ്കല്പികമുഹൂർത്തം യുഗാദിയായി എടുക്കുന്നതായിരുന്നു. ഓട്ടപ്പന്തയത്തിന്റെ തുടക്കത്തിൽ ഓടാനുള്ളവരൊക്കെ ഒരേ വരിയിൽ നിൽക്കുന്നതുപോലെ, എല്ലാ ഗ്രഹങ്ങളും (സൂര്യൻ, ചന്ദ്രൻ, ബുധൻ,ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹുസ്ഥാനം) ഒരേ ആകാശകോണിൽ വരുമായിരുന്ന ഒരു ദിവസം. ഇപ്പോൾ അവ എവിടെയൊക്കെയാണു്, എന്തു വേഗത്തിലാണു് അവ സഞ്ചരിച്ചുകൊണ്ടീരിക്കുന്നതു് എന്നറിഞ്ഞാൽ പിന്നാക്കം കണക്കുകൂട്ടി അങ്ങനെ ഒരു ദിവസം കണ്ടുപിടിക്കാം. ആ ദിവസമാണു് കലിവർഷം എന്നറിയപ്പെടുന്ന പഞ്ചാംഗവ്യവസ്ഥയുടെ യുഗാദി. ഏകദേശം 5117 വർഷം മുമ്പത്തെ ഒരു ഫെബ്രുവരി 17നായിരുന്നു ഈ സങ്കല്പയുഗാദി. മിക്കവാറും ഇന്ത്യൻ പഞ്ചാംഗങ്ങളെല്ലാം ഈ epoch അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്.


സുമേറിയക്കാർക്കും ബാബിലോണിയക്കാർക്കും യഹൂദന്മാർക്കും ഇതുപോലെ കാലഗണനാവ്യവസ്ഥകളുണ്ടായിരുന്നു. പക്ഷേ,അവയെല്ലാം പല വിധങ്ങളിലായിരുന്നു. ഒരു മുഴുവൻ വർഷം കണക്കാക്കാൻ ചിലവ സൂര്യന്റെ അയനം നോക്കിയപ്പോൾ മറ്റു ചിലതു് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണു് പരിഗണിച്ചതു്. യഹൂദക്കലണ്ടർ സൂര്യനേയും ചന്ദ്രനേയും കണക്കിലെടുത്തു് ഒരു മിശ്രപഞ്ചാംഗവും ആവിഷ്കരിച്ചു. നാടോടിനടന്നിരുന്ന പല ഗോത്രങ്ങളും ഇത്രപോലും ശ്രദ്ധിക്കാതെ, ഐതിഹ്യങ്ങളിൽ കേട്ടിട്ടുള്ള അവരുടെ ഗോത്രത്തലവന്മാരുടെയോ ആരാധനാമൂർത്തികളുടേയോ ജന്മ/മരണവാർഷികങ്ങൾ എണ്ണിക്കൊണ്ടിരുന്നു.


യേശുക്രിസ്തു എന്നാണു് (ഏതു ദിവസം, ഏതുമാസം, ഏതുവർഷം) ജനിച്ചതെന്നു് കൃത്യമായി ഇപ്പോഴും നമുക്കറിയില്ല. എങ്കിലും ഒരു പത്തിരുപതുവർഷത്തിന്റെ സൂക്ഷ്മതയുണ്ടെന്നു പറയാം.

ക്രിസ്തു ജനിച്ച് പിന്നെയും ഒരു നാനൂറുകൊല്ലം കഴിഞ്ഞാണു് നസ്രായമതം ഇന്നു നാം മനസ്സിലാക്കുന്
ന വിധത്തിലുള്ള ഒരു സംഘടിതമതമായി, സ്ഥാപനമായി, മാറിയതു്. അതുവരെ നിലനിന്നിരുന്ന പഗാൻ വിശ്വാസങ്ങളെ നിരാകരിച്ചു് റോമാക്കാർ ഏറിയപങ്കും ക്രിസ്ത്യാനികളായി. അതോടെ ലോകചരിത്രത്തിൽ ക്രിസ്തുമതം ഒരു പ്രധാനശക്തിയായി വളരുകയും ചെയ്തു.
എല്ലാർക്കും പരിചിതമായ ഒരു പുരാതനലോകസംഭവമായി ക്രിസ്തുവിന്റെ ജനനം അതോടെ അംഗീകരിക്കപ്പെട്ടു.
എങ്കിലും കലണ്ടറിൽ ക്രിസ്തുജനനത്തിനു് അപ്പോഴും വലിയ പ്രസക്തിയുണ്ടായിരുന്നില്ല.

അക്കാലങ്ങളിൽ പഞ്ചാംഗത്തിന്റെ ഒരു പ്രധാന ആവശ്യം ഓരോ വർഷവും ഈസ്റ്റർ ദിനം ഏതു തീയതിയാണു വരിക എന്നറിയുകയായിരുന്നു. അതിനുപയോഗിച്ചിരുന്ന പട്ടികകളിൽ ഓരോ കൊല്ലങ്ങൾക്കും കൊടുത്തിരുന്നതു് അതാതുകൊല്ലത്തെ ഭരണ/മതമേധാവികളുടെ പേരും. ഉദാ: ഉമ്മൻ ചാണ്ടിയുടെ രണ്ടാംഭരണത്തിലെ മൂന്നാം കൊല്ലത്തിൽ, ഫാദർ ഇന്നസെന്റിന്റെ പട്ടാഭിഷേകത്തിന്റെ നാലാം വർഷം....

റോമായിലെ ഒരു ചക്രവർത്തിയായിരുന്നു ഡയോക്ലീഷ്യൻ. ക്രിസ്തുമതാനുയായികളെ കൂട്ടമായി നരഹത്യ ചെയ്ത അവസാനത്തെ റോമ ചക്രവർത്തി. അയാളുടെ പട്ടാഭിഷേകമായിരുന്നു തുടർന്നു് കുറേക്കാലത്തേക്കു് പഞ്ചാംഗങ്ങളുടെ യുഗാദി. (284 CE) .Anno Diocletiani (AD) അഥവാ രക്തസാക്ഷ്യബ്ദം എന്നറിയപ്പെട്ട ഈ കലണ്ടർ ഇന്നും ഈജിപ്തിലെ കോപ്റ്റിൿ ക്രിസ്ത്യാനികൾ അനുവർത്തിക്കുന്നുണ്ടു്. ഈസ്റ്റർ കണക്കാക്കാനും ഇതേ കലണ്ടറായിരുന്നു.
എന്നാൽ, കുള്ളൻ ഡയോണീഷ്യസ് എന്ന, പഞ്ചാംഗഗണിതവിദഗ്ദ്ധനായിരുന്ന ഒരു ക്രൈസ്തവസന്യാസിയ്ക്കു് ഈ പേരു് അത്ര ഇഷ്ടമായില്ല. അദ്ദേഹം രക്തസാക്ഷിവർഷസംഖ്യയിൽ 284 കൊല്ലം കൂടി കൂട്ടി, അതിനെ 525 AD എന്നു വിളിച്ചു. AD യുടെ പൂർണ്ണരൂപം പക്ഷേ Anno Domini (നമ്മുടെ തമ്പുരാന്റെ തിരുപ്പിറവിവർഷം) എന്നാക്കി.
അങ്ങനെയാണു് AD എന്നാൽ ക്രിസ്തുവിന്റെ ജനനശേഷം എന്നായതു്.എന്തായാലും AD എന്നുപയോഗിക്കുന്ന ശീലം ഇപ്പോൾ അതിവേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കയാണു്. പകരം CE ആണു് പ്രചാരത്തിൽ. Common Era, Christian Era, Current Era എന്നെല്ലാമാണു് CEയുടെ പൂർണ്ണരൂപമായി കണക്കാക്കുന്നതു്.

അതിനും ഒരു കാരണമുണ്ടു്. ഇരുപതാംനൂറ്റാണ്ടോടുകൂടി
കത്തോലിക്കാക്രിസ്തുമതത്തിന്റെ രാഷ്ട്രീയശക്തി വളരെ കുറഞ്ഞു. 'നമ്മുടെ തമ്പുരാന്റെ' വർഷം എന്നു ദ്യോതിപ്പിക്കുന്ന ഒരു കണക്കു് പലർക്കും സമ്മതമല്ലാതായി. പ്രത്യേകിച്ച് യഹൂദന്മാർക്കും ഇസ്ലാമുകൾക്കും. പകരം, പൊതുവർഷം (Common Era), നടപ്പുവർഷം (Current Era), ക്രിസ്ത്യാനിവർഷം - ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരം അവർ ആചരിക്കുന്ന വർഷം (Christian Era) എന്നെല്ലാമാണെങ്കിൽ വല്യ വിരോധമില്ല എന്നായി.

അതുകൊണ്ടു് ഇപ്പോൾ ലോകത്തിൽ ഏറ്റവും പ്രചാരവും അംഗീകാരവുമുള്ള വർഷപദ്ധതി CE, BCE എന്നിവയാണു്. 
CE = Common Era.
BCE = Before (the commencement of) Common Era.

വലിയ ഉത്തരമായോ? ഏയ്. ആവില്ല. കാരണം കലണ്ടറുകളുടെ കഥ ഇത്രപോലും ചെറുതൊന്നുമല്ല. കണക്കും കയ്യൂക്കും കൗതുകവും ഒരുപോലെ കൂടിപ്പിരിഞ്ഞ നെടുനെടുങ്കൻ പുസ്തകങ്ങൾ നിറയ്ക്കാനുള്ള വകയുണ്ടു് കലണ്ടറുകൾക്കു്. പക്ഷേ, തൽക്കാലം ഇത്ര മതി. smile emoticon


അഭിയും വിശ്വവും -QA Session # 31

വരയും ചോദ്യവും അഭിജിത്ത്
ഉയരം കൂടുന്തോറും തണുപ്പ് കൂടി വരുന്നു അതെന്തുകൊണ്ടാണ്....

ഉത്തരം : കടപ്പാട്   Viswa Prabha  , Balu UR 


ഉയരം കൂടുംതോറും വായുവിന്‍റെ ലഭ്യത കുറയും. അതായത് വായുവും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷമാണ് ഭൂതലത്തില്‍ ചൂട് കൂടാന്‍ കാരണം. ചൂടിന് വ്യാപിക്കാന്‍ ഒരു ചാലകം ആവശ്യമാണ്. ഉയരം കൂടുംതോറും ചാലകം ഇല്ലാതാവുകയും, ഊഷ്മാവ് കുറഞ്ഞ് തണുപ്പനുഭവപ്പെടുകയും ചെയ്യും..


കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ചൂട് ഉൾക്കൊള്ളാൻ (സംഭരിച്ചുവെക്കാൻ) ദ്രവ്യതന്മാത്രകൾ അത്യാവശ്യമാണു്. ഉയർന്ന അന്തരീക്ഷതലത്തിൽ അതിനു വേണ്ടത്ര തന്മാത്രകൾ (സ്കൂൾപ്പിള്ളേർ) ഇല്ല. അതുകൊണ്ടു് അവിടെ നാം ചെല്ലുമ്പോൾ നമുക്കു് പുറമേ നിന്നു ചൂടൊന്നും കിട്ടുന്നില്ല.

എന്നാൽ നാം സ്വയം 'ചൂട'ന്മാരാണു്. എന്നുവെച്ചാൽ ജീവനുള്ള സമയത്തോളം നാം ഓരോരുത്തരും ഓരോ ഫർണസുകളാണു്. ഏകദേശം 37 ഡിഗ്രി സെന്റിഗ്രേഡ് ചൂട് ശരീരത്തിനുള്ളിൽ എപ്പോഴും ഉണ്ടായിരിക്കണം. (വാസ്തവത്തിൽ അതാണു് ജീവൻ).

സാധാരണ ഈ ചൂടിന്റെ ഒരു ഭാഗം പുറത്തേക്കു് എപ്പോഴും ലീക്കു ചെയ്തുകൊണ്ടിരിക്കും. അതു നല്ലതാണു്. അല്ലെങ്കിൽ ആവശ്യത്തിലധികം ചൂടായി നാം ചത്തുപോകും! കുറഞ്ഞ പക്ഷം, ഉഷ്ണിച്ചു് വശംകെടും.
പുറത്തേക്കു ലീക്കായിപ്പോകുന്ന അളവു വളരെ കൂടുതലായാൽ നമുക്കു് തണുപ്പുതോന്നും. (നാം അകത്തു് ഉല്പാദിപ്പിക്കുന്ന ചൂടിനേക്കാൾ കൂടുതൽ പുറത്തേക്കു നഷ്ടപ്പെടുന്നതു് പ്രശ്നമാണു്. നമുക്കുൽപ്പാദിപ്പിക്കാവുന്ന ചൂടിനും ഒരു പരിധിയുണ്ടു്. അതിനാൽ കടുത്ത തണുപ്പു് നമുക്കിഷ്ടമല്ല.)

ഉയർന്ന അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ പുറത്തു തീരെ ചൂടില്ല. അതിനാൽ അകത്തുള്ള ചൂട് വളരെക്കൂടുതൽ പുറത്തേക്കു് ലീക്കു ചെയ്യും. അപ്പോൾ നമുക്കു തണുപ്പു തോന്നും.

ഇനി ചോദ്യം: തണുപ്പു വല്ലാതെ കൂടുമ്പോൾ നാം വിറയ്ക്കുന്നതും പല്ലു കൂട്ടിയടിക്കുന്നതും എന്തുകൊണ്ടാണു്?

അന്തരീക്ഷം നമ്മില്‍ നിന്ന് ചൂട് ആഗിരണം ചെയ്യുന്നു..
അപ്പോള്‍ നമുക്ക് തണുപ്പനുഭവപ്പെടുന്നു.

തണുപ്പു വല്ലാതെ കൂടുമ്പോൾ നാം വിറയ്ക്കുന്നതും പല്ലു കൂട്ടിയടിക്കുന്നതും എന്തുകൊണ്ടാണു്?

ശരീരത്തിന്റെ താപനിലയും വിശപ്പും ദഹനവും മറ്റു ചില സുപ്രധാന കാര്യങ്ങളും നിയന്ത്രിക്കുന്ന ഒരു കേന്ദ്രമുണ്ടു് തലയ്ക്കുള്ളിൽ ഏറ്റവും സുരക്ഷിതമായി ഒരിടത്തു്. അയാളാണു് നമ
്മുടെ സ്വന്തം തെർമോമീറ്റർ. അതിനെ ഹൈപ്പോതലാമസ് എന്നു വിളിക്കും. 

ആ തെർമോമീറ്ററിലെ റീഡിങ്ങനുസരിച്ചു്, ശരീരത്തിൽ ചൂടു കുറവാണെന്നു തോന്നിയാൽ, അല്ലെങ്കിൽ നിശ്ചിത അളവിൽ കൂടുതൽ ചൂട് പുറത്തേക്കുപോകുന്നുണ്ടെന്നുതോന്നിയാൽ, ശരീരതാപനില നിലനിർത്താൻ ഹൈപ്പോതലാമസ് കഴിയാവുന്ന സൂത്രങ്ങളൊക്കെ നോക്കും. (അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ കോശപ്രവർത്തനങ്ങളൊക്കെ തകരാറിലാവും, നാം മരിച്ചുപോവും).

അതിൽ ഒരു വഴി പേശികളിലെ കോശങ്ങളിൽ കൂടുതൽ ചൂടുൽപ്പാദിപ്പിക്കുകയാണു്. ഓരോ കോശവും ഓരോ അടുപ്പുകൾ പോലെയാണു്. അന്നജമാണു വിറകു്. അതു കുറേശ്ശെയായി രക്തത്തിലൂടെ എത്തിച്ചുകൊടുക്കും. ഓക്സിജൻ ശ്വാസത്തിലൂടെ, രക്തത്തിലെ ഹിമോഗ്ലോബിൻ എന്ന പാർസൽ പെട്ടികളിലൂടെയും. രക്തമൊഴുക്കിന്റെ അളവുകൂട്ടിയാൽ അടുപ്പിലെ ചൂടും കൂടും. ആ ചൂടിൽ ഒരു ഭാഗം നമ്മുടെ പേശികളെ ചലിപ്പിക്കാൻ ഉപയോഗിക്കും. ബാക്കിവരുന്ന ചൂടാണു് ശരീരതാപനില. എന്നിട്ടും ബാക്കിയുള്ള അധികതാപം നാം വിയർപ്പിലൂടെയും ശ്വാസത്തിലൂടെയും പുറത്തുവിടും. 

നല്ലവണ്ണം തണുപ്പടിക്കുമ്പോൾ ഹൈപ്പോതലാമസ്സും കൂട്ടുകാരും കൂടി ചെയ്യുന്ന പരിപാടിയാണു് പേശികളെ വിറപ്പിക്കൽ. അങ്ങനെ ചെയ്യുമ്പോൾ രക്തചംക്രമണവും കോശാന്തർജ്ജ്വലനവും കൂടും.

തലയ്ക്കുള്ളിലെ ചൂടു് ഒന്നു കൂടി പ്രധാനപ്പെട്ടതാണു്. അതിനാൽ അവിടേക്കു് പ്രത്യേകം എന്തെങ്കിലും ചെയ്യേണ്ടി വരും. തലയിലാണെങ്കിൽ ചലിപ്പിക്കാവുന്ന പേശികൾ അധികമൊന്നുമില്ല താനും. ആകെയുള്ളതു് താടിയെല്ലാണു്. അതു വേഗത്തിൽ വിറക്കുമ്പോൾ പല്ലുകൾ കൂട്ടിയിടിക്കും.

ഇപ്പോൾ മനസ്സിലായില്ലേ, തണുക്കുമ്പോൾ വിറയ്ക്കുന്നതെന്തിനെന്നു്?

ഇനി മൂന്നു ചോദ്യം: 
1. എന്തിനാണു നമുക്കെല്ലാം തലയിൽ മാത്രം ഇത്ര കൂടുതൽ മുടി? അതും എന്തിനാണു കറുത്ത നിറത്തിൽ? വയസ്സാവുമ്പോൾ മുടി നരയ്ക്കുകയോ കഷണ്ടിയാവുകയൊ ചെയ്യുന്നുണ്ടു്. അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടോ? 
2. തണുപ്പുകാലത്തോ ഉഷ്ണക്കാലത്തോ നമുക്കു് അധികം വിശപ്പു തോന്നുക? എന്തുകൊണ്ടു്?

3. തടി കൂടുതലുള്ളവർക്കും മെലിഞ്ഞവർക്കും തണുപ്പുകാലവും ഉഷ്ണക്കാലവും ഒരുപോലെയാണോ? ആർക്കു് ഏതു സമയമാണു കൂടുതൽ നല്ലതു്?

1) കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യും. ശരീര താപനില ക്രമപ്പെടുത്തുന്ന ഹൈപ്പോതലാമസ്സ് തലക്കുള്ളിലാണ്‌. മാത്രമല്ല അന്തരീക്ഷത്തിനും തലക്കുമിടയില്‍ ഒരു അചാലകമായി മുടി പ്രവര്‍ത്തിപ്പിക്കുന്നുണ്ടാവാം. വയസ്സാകുമ്പോള്‍ ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളുടെ വേഗത കൂടും. ഇത് ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കും. 2) തണുപ്പ് കാലത്ത് അന്തരീക്ഷോഷ്മാവ് കുറ യുന്നതനുസരിച്ച് ശരീരോഷ്മാവ് കുറയുന്നു. ഇത് ക്രമപ്പെടുത്താന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. അതുകൊണ്ട് തണുപ്പുകാലത്ത് വിശപ്പ്‌ കൂടും. 3) അല്ല. ശരീരതാപനില നിയന്ത്രിക്കുന്നതിന് തടിച്ചവര്‍ക്ക് തണുപ്പുകാലത്ത് എളുപ്പമാണ്. ശരീരത്തില്‍ സംഭരിച്ചുവെച്ച കൊഴുപ്പിനെ വേഗത്തില്‍ ഊര്‍ജ്ജമാക്കിമാറ്റാനും ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കാനും സാധിക്കും


Balu UR 
ആദ്യത്തെ ഉത്തരത്തിൽ ചെറിയ പിശകുണ്ടു്. ആഗിരണം പോലെത്തന്നെ വികിരണത്തിനും കറുപ്പുനിറം തന്നെ മിടുക്കൻ. മനുഷ്യനേയും ഉയർന്ന ശ്രേണി മൃഗങ്ങളേയും സംബന്ധിച്ച് തലക്കുള്ളിലാണു് ഏറ്റവും കൂടുതൽ ഊർജ്ജോപഭോഗവും താപനവും ഉണ്ടാകുന്നതു്. അതു് അപ്പപ്പോൾ പുറത്തുകളയ
ാൻ വേണ്ടത്ര ഉപരിതലവിസ്തീർണ്ണം തലയ്ക്കില്ല. അതുകൊണ്ടു് ഒരു ഹീറ്റ് സിങ്കുപോലെ പ്രവർത്തിക്കുന്നു മുടി. ആ ഹീറ്റ് സിങ്കിന്റെ ഏറ്റവും നല്ല ക്ഷമത കറുപ്പുനിറത്തിനാണു്. ഇപ്പോൾ മനസ്സിലായില്ലേ, തണുപ്പുരാജ്യത്തെ ചില വെള്ളക്കാർക്കു് മുടി കറുപ്പല്ലാതെ വേറെയും നിറങ്ങളിലുണ്ടാവുന്നതിന്റെയും കാരണം. 

പ്രായമാവുമ്പോൾ അപചയം കൂടുകയല്ല, കുറയുകയാണു് ചെയ്യുന്നതു്. ശരീരോഷ്മാവു് (പ്രത്യേകിച്ച് ശിരോഷ്മാവു്) നിലനിർത്താൻ വേണ്ടത്ര ഭക്ഷണസംവിധാനം (അല്ലെങ്കിൽ അത്രയും ദഹിപ്പിച്ചെടുക്കാനും രക്തത്തിലൂടെ തലയിലേക്കു കയറ്റി അയക്കാനുമുള്ള കഴിവു് പ്രായമാവുന്നതോടെ കുറഞ്ഞുവരും. 

ഇത്തരം ഐഡിയകളൊന്നും ആരും നമ്മിലേക്കു പ്രോഗ്രാം ചെയ്തു വെക്കുന്നതല്ല. ഏറെക്കാലത്തെ പരിണാമത്തിന്റെ ഭാഗമായുള്ള മറ്റൊരു 'അഡ്ജസ്റ്റ്മെന്റ്' ആണു് പ്രായമാവുമ്പോൾ മുടി കൊഴിയുന്നതും കറുത്ത മുടി നരയ്ക്കുന്നതും. അനാവശ്യമായി, ശരീരതാപം തലയിലൂടെ നഷ്ടപ്പെടാതിരിക്കാനാണു് ഈ ഉപായം.
ഒറ്റനോട്ടത്തിൽ മോശമെന്നു തോന്നാമെങ്കിലും, നാം കാണുന്ന പല പ്രതിഭാസങ്ങളിലും ഗുണവും ദോഷവും ഉണ്ടായിരിക്കാം. നാം പലപ്പോഴും കൂടിനപ്പുറത്തേക്കു ചിന്തിക്കാറില്ലെന്നു മാത്രം.


ശരീരത്തിൽ നിന്നും ചൂടു് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു് മിക്കവാറും നല്ലൊരു ഭാഗം ത്വൿ വഴിയാണു്. (അങ്ങനെ നഷ്ടപ്പെടുന്നതു് എപ്പോഴും മോശം കാര്യമല്ല. 37 ഡിഗ്രിയിൽ ഉറപ്പിച്ചുനിർത്താൻ അത്തരം ലീക്ക് അത്യാവശ്യമാണു്. വിയർപ്പിന്റെ അളവു നിയന്ത്രിച്ചാണു് ശരീരം ഈ നിയന്ത്രണം നടത്തുന്നതു്.

തടിച്ച ഒരാളുടെ ദേഹത്തിൽ പേശികളുടെ കോശങ്ങളുടെ എണ്ണവും വലിപ്പവും കൂടുതലുണ്ടാവും. ആ വലിപ്പം (വ്യാപ്തം / volume) തടിയുടെ (നെഞ്ചളവു് അല്ലെങ്കിൽ ഉയരം) നീളത്തിന്റെ (length) മൂന്നാം ഘാതത്തിനു് ആനുപാതികമായിരിക്കും. അവയെല്ലാം ചേർന്നു് ഉല്പാദിപ്പിക്കുന്ന ചൂട് വളരെ കൂടുതലായിരിക്കും. എന്നാൽ അവരുടെ തൊലിയുടെ ആകെ വിസ്തീർണ്ണം (Area) ഉയരത്തിന്റെ വർഗ്ഗത്തിനു് ആനുപാതികവും. അതുകൊണ്ട് ആകെ ഉല്പാദിപ്പിക്കപെടുന്ന ചൂടു് ഹരണം ആകെ പുറന്തള്ളുന്ന ചൂട് തടിച്ചവർക്കു് കൂടുതലും മെലിഞ്ഞവർക്കു് കുറവുമായിരിക്കും. 

അതിനാൽ ഉഷ്ണക്കാലത്തു് തടിയന്മാർക്കു് തീരെ വിഷമവും തണുപ്പുകാലത്തു് ആശ്വാസവുമായിരിക്കും. മെലിഞ്ഞവർക്കും കുട്ടികൾക്കും തീരെ പ്രായമായവർക്കും നേരേ മറിച്ചും.

അങ്ങനെയെങ്കിൽ, ദിനോസാറുകൾക്കു് ഇത്ര വലിപ്പമുണ്ടാവാൻ എന്തായിരുന്നു കാരണം?


ദിനോസറുകളുടെ ശരീരത്തിലെ കോശങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് ഇവയുടെ ശരീര താപം കൂടുതലായിരിക്കും. ഈ ചൂട് ക്രമപ്പെടുത്തുന്നത് അവയുടെ തൊലിയിലൂടെയാണ്. കൂടിയ ചൂട് പുറത്തുകളയാന്‍ അവക്ക് വലിയ ശരീരം ആവശ്യമാണ്

ശരീരം വലുതാക്കണോ അതോ ചെറുതാക്കണോ? ചെടികളുടേയും ജന്തുക്കളുടേയും വലിയൊരു ധർമ്മസങ്കടമാണതു്. രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടു്. 
കുഞ്ഞൊരു നാനോ കാർ വാങ്ങണോ അതോ വലിയൊരു ഇന്നോവ വാങ്ങണോ? അതോ ഇനി ഒരു വമ്പൻ ട്രക്കു തന്നെയായാലെന്താ?


തീരെചെറുതായാൽ ഭക്ഷണം കുറച്ചുമതി. അതു തേടിപ്പിടിക്കാൻ അധികം അലഞ്ഞുതിരിയേണ്ട. ജനസംഖ്യ കൂടുതലുണ്ടെങ്കിലും എല്ലാർക്കും ഉള്ള ഭക്ഷണം പങ്കുവെക്കാം.
പക്ഷേ, തീരെ ചെറുതായാൽ, മറ്റുള്ളവരൊന്നും വില വെക്കില്ല. ഓരോരോ ജോലികളിലും സ്പെഷ്യലൈസ് ചെയ്യാൻ പറ്റിയ അവയവങ്ങൾ ഉണ്ടാക്കാൻ വേണ്ടത്ര കോശങ്ങൾ നിർമ്മിക്കാൻ പറ്റില്ല. വേറെ മൃഗങ്ങളെ അങ്ങോട്ടുചെന്നു് ആക്രമിക്കാൻ പറ്റില്ല. മാത്രമല്ല, അവ നമ്മളെ പിടിച്ചുതിന്നെന്നും വരും.
നാനോ ആവണോ ഇന്നോവ ആവണോ? 
ഇന്നോവയാണെങ്കിൽ നല്ല സ്പീഡിൽ പോവാം. വയറുനിറച്ച് പെട്രോൾ അടിക്കാം. കുറേയധികം ദൂരം ക്ഷീണമില്ലാതെത്തന്നെ ഓടുകയും ചെയ്യും. മാത്രമല്ല, കുറേക്കാലം നിലനിൽക്കുകയും ചെയ്യും.

ചൈനക്കാർ കുറഞ്ഞ വിലക്കു് ഫോണും ക്യാമറയുമൊക്കെ ഉണ്ടാക്കി വിൽക്കുന്നതു കണ്ടിട്ടില്ലേ? അതിനു് economy of mass manufacturing (വൻ‌കിട ഉല്പാദനത്തിലൂടെ കുറഞ്ഞ ചെലവു്) എന്നു പറയും. ഒരേ സാധനം ലക്ഷക്കണക്കിനു പ്രാവശ്യം കോപ്പി പേസ്റ്റു ചെയ്താൽ ഒരെണ്ണത്തിനു് ഇത്ര എന്ന വില വളരെ കുറച്ചുകൊണ്ടുവരാം.

ലംബോർഗിനി വെനീനോ എന്ന പേരിൽ ഒരു ഇറ്റാലിയൻ കാർ ഉണ്ടു്. ആകെ ഉണ്ടാക്കി വിൽക്കുന്നതു് ഒമ്പതെണ്ണം. അതും ഫാക്ടറിയിലെ ഓട്ടോമാറ്റിൿ അസംബ്ലി ലൈനിലൊന്നുമല്ല. വിദഗ്ദരായ ടെൿനീഷ്യന്മാരും കരകൗശലക്കാരും കൈകൊണ്ടു തന്നെ പണിതുണ്ടാക്കുന്നതു്. വില? ഒരെണ്ണത്തിനു് 25 കോടി.
ഹ്മ്! ആ വിലയ്ക്കു് 1000 നാനോ കാർ വാങ്ങാം!

ചുരുക്കത്തിൽ ഒരേ ജോലി ആവർത്തിച്ചുചെയ്യാവുന്ന ഒരു സിസ്റ്റത്തിൽ ഉല്പാദനം എത്ര കൂടുതലുണ്ടോ അത്രയ്ക്കും ഉല്പന്നത്തിന്റെ വില കുറക്കാം.

മഴ പെയ്യുമ്പോൾ എത്ര കുഞ്ഞുചെടികളാണു് നമുക്കുചുറ്റും നാമ്പെടുത്തു മുളച്ചുവരുന്നതു്! ഭൂമി പെട്ടെന്നൊരു നാൾ ആകെ പച്ചയായി മാറും. മഴ മാറിയാലോ നാലാഴ്ച്ച കഴിയുമ്പോഴേക്കും അതിൽ ഭൂരിഭാഗവും ഉണങ്ങി ചത്തുപോവും.

എന്നാൽ തൊട്ടപ്പുറത്തുനിൽക്കുന്ന തേക്കുമരം കണ്ടിട്ടില
്ലേ? എന്തു വലിപ്പവും ഉയരവുമാണതിനു്! 
സസ്യലോകത്തിലെ ദിനോസാറന്മാരാണു് തേക്കും റെഡ്‌വുഡ് ഭീമന്മാരും സൈക്കോയയും കൽക്കത്തയിലെ ആൽമരവും ഒക്കെ. 
അവർക്കു കോശങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ചൈനക്കാർ മൊബൈൽ ഫോൺ ഉണ്ടാക്കി വിൽക്കുന്നതുപോലെയാണു്.

ദിനോസാറുകൾ തീരുമാനിച്ചതും ചൈനക്കാരെപ്പോലെയാണു്. കിട്ടാവുന്നത്ര തിന്നു് ശരീരം തടിപ്പിച്ചു. കോശങ്ങൾ ധാരാളം പുനർജ്ജനിപ്പിച്ചു. ഓരോ ഡിപ്പാർട്ട്മെന്റിനും (അവയവങ്ങൾക്കും) സ്വന്തമായി സ്പെഷ്യലൈസ് ചെയ്ത കോശങ്ങൾ.

ഉള്ളിലുള്ള കോശങ്ങളെയൊക്കെ പുറത്തുള്ള കോശങ്ങൾ പൊതിഞ്ഞിരിക്കയാനല്ലോ. അതിനാൽ അവയ്ക്കു് താപനഷ്ടം വളരെ വളരെ കുറഞ്ഞിരിക്കും. ചൂടു ലീക്കു ചെയ്യുന്നതു കുറഞ്ഞാൽ അത്രയ്ക്കും കുറച്ചുമതി ഊർജ്ജവും. അതായതു് ഭക്ഷണവും ഹൃദയസ്പന്ദനവും രക്തസമ്മർദ്ദവും. ആകെ വേണ്ട ഭക്ഷണം കൂടുതലാണെങ്കിലും, കോശമൊന്നുക്കു വെച്ചു കണക്കാക്കിയാൽ ഉറുമ്പിനു വേണ്ടതിലും വളരെക്കുറച്ചു ഭക്ഷണമേ ആനയ്ക്കും ദിനോസാറിനും വേണ്ടൂ.

മാത്രമല്ല, സാധാരണ (വിശ്രമാവസ്ഥയിലുള്ള) ഹൃദയസ്പന്ദനനിരക്കും (heart rate) അപചയനിരക്കും (metabolic rate) കുറഞ്ഞിരുന്നാൽ, ആവശ്യമുള്ള സമയത്തു് ശരീരത്തിനെ കൂടുതൽ അദ്ധ്വാനിപ്പിക്കാം. എന്നുവെച്ചാൽ, വളരെ വേഗത്തിൽ ഓടാം. ഇരയെ ശക്തിയോടെ ആക്രമിക്കാം. (അല്ലെങ്കിൽ ഉയരത്തിലുള്ള മരത്തിന്റെ കൊമ്പ് ഒറ്റ കടിക്കു് ഒടിച്ചുതിന്നാം).

മാത്രമല്ല, എത്ര സാവധാനം ഹൃദയസ്പന്ദനം / അപചയം നടക്കുന്നുവോ അത്രയും കാലം കൂടുതൽ ജീവിച്ചിരിക്കാം!