Friday, May 22, 2015

അഭിയും വിശ്വവും -QA Session # 32

വരയും ചോദ്യവും അഭിജിത്ത്

കാലത്തെ രണ്ടായി തിരിക്കാന്‍ എന്തിനാണ് ക്രിസ്തുവിനെ ഉപയോഗിച്ചത്





ഉത്തരം : കടപ്പാട്   Viswa Prabha 

കാലത്തെ രണ്ടായി തിരിക്കാൻ പറ്റുമോ?

"പാലക്കാട്ടേക്കെന്തു ദൂരം വരും?" 
ഉടനെ ചോദിക്കില്ലേ, "എവിടെനിന്നുമുള്ള ദൂരം?" എന്നു്? ഏതെങ്കിലും ഒരു ആധാരബിന്ദു (origin) ആദ്യം തന്നെ തീരുമാനിക്കാതെ ദൂരം, സമയം, താപനില, വൈദ്യുതപൊട്ടൻഷ്യൽ, ജലവിതാനം, പർവ്വതങ്ങളുടെ ഉയരം ഇതൊന്നും അളന്നുമുറിച്ചു പറയാനാവില്
ല.

അനന്തമായ കാലം. അതു തുടങ്ങുന്നതെന്നോ ഒടുങ്ങുന്നതെന്നോ എന്നറിയില്ല. സാധാരണക്കാരായ നമ്മൾക്കൊക്കെ നമ്മുടെ കൊച്ചുകാര്യങ്ങളും കഥകളും പറയേണ്ടി വരുമ്പോൾ 'എനിക്കിത്ര വയസ്സുള്ളപ്പോൾ', അല്ലെങ്കിൽ, 'പത്തുവർഷം മുമ്പ്' അതുമല്ലെങ്കിൽ എന്റപ്പൂപ്പൻ കുഞ്ഞായിരിക്കുമ്പോൾ എന്നെല്ലാം പറഞ്ഞാൽ മതി. പക്ഷേ, ആളിന്റേയും നാടിന്റേയും വലിപ്പം കൂടുംതോറും കാലക്കണക്കിന്റെ വലിപ്പവും കൂടും. അപ്പോൾ വള്ളുവക്കോനാതിരിയുടെ കാലത്തു്, ഉദയവർമ്മ ആദിത്യവർമ്മ രണ്ടാമന്റെ കാലത്തു്, ലൂയി പതിനാലാമന്റെ കാലത്തു് എന്നൊക്കെ പറയാം. 
ഏതൊക്കെ എവിടെയൊക്കെ ചരിത്രമുണ്ടോ അതുമൊത്തം കാണാപ്പാഠം പഠിക്കാത്തവർക്കു് ഏതു ലൂയി? ഏതു വള്ളുവക്കോനാതിരി?
എല്ലാർക്കും ഒരു പോലെ മനസ്സിലാവാൻ അപ്പോൾ കാലത്തിനും ഏതെങ്കിലും ഒരു ആധാരബിന്ദു വേണം.അതും മിക്കവാറും എല്ലാർക്കും സ്വീകാര്യവും പരിചിതവുമായ ഒരു സമയബിന്ദു.
അത്തരം സമയബിന്ദുക്കളെ ബീജസമയം അഥവാ യുഗാദി (Epoch) എന്നു വിളിക്കുന്നു.
എല്ലാ കലണ്ടറുകളും പഞ്ചാംഗങ്ങളും Epoch അടിസ്ഥാനമാക്കിയാണു് നിർമ്മിച്ചിട്ടുള്ളതു്. അതിൽ ചിലതു് സാങ്കല്പികമുഹൂർത്തങ്ങളാണു്. മറ്റു ചിലതു് യഥാർത്ഥസംഭവങ്ങളും. ഇനിയും ചിലതു് അർദ്ധസാങ്കല്പികങ്ങളാണു്.

1190 വർഷവും 9 മാസവും ഏതാനും ദിവസവും മുമ്പ് കൊല്ലം എന്ന പട്ടണത്തിൽ എന്തോ ഒരു സംഭവം നടന്നു. ആ ദിവസത്തെ ഒരു പുതിയ യുഗാദിയായി കണക്കാക്കി, ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ 12 മാസങ്ങളുമായി മലയാളത്തുകാർ ഒരു പുതിയ കലണ്ടറും ഉണ്ടാക്കി. അതാണു് നമ്മുടെ കൊല്ലവർഷം.
[http://ml.wikipedia.org/wiki/Malayalam_calendar]

എന്തു സംഭവമായിരുന്നു കൊല്ലവർഷം തുടങ്ങിവെച്ചതിന്റെ ആധാരം എന്നു് നമുക്കിപ്പോഴും കൃത്യമായി അറിയില്ല. എന്നാൽ, അതറിഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഒരിക്കൽ ഒരു കലണ്ടർ തുടങ്ങിവെച്ചാൽ, അന്നുമുതലുള്ള സമയം കൃത്യമായി കണക്കാക്കി രേഖപ്പെടുത്തിക്കൊണ്ടിരുന്നാൽ മതി.

ഓരോരോ നാടുകളിലും ആളുകൾ ഇങ്ങനെ പല തരത്തിലും കലണ്ടറുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. കലിവർഷം, വിക്രമവർഷം, ശകവർഷം, ഹിജ്രാവർഷം, മയൻ വർഷം ഇവയെല്ലാം ഇങ്ങനെ ഉണ്ടായവയാണു്. ഒരിക്കൽ ഒരു കലണ്ടർ തുടങ്ങിക്കഴിഞ്ഞാൽ അതനുസരിച്ചുള്ള വർഷങ്ങളെ 1,2,3,4.... എന്നു് കൃത്യമായി അടയാളപ്പെടുത്താനാവും. ഉദാഹരണത്തിനു് ഇന്നു് 1190 എടവം എട്ടാം തീയതിയാണു്. 2015 മേയ് 22-ഉം ഇന്നുതന്നെയാണു്. 

എന്നാൽ, അപ്പോഴും ചെറിയ ഒരു പ്രശ്നമുണ്ടു്. പ്രവാചകനായ നബി മെക്കയിൽ നിന്നും മദീനയിലേക്കു പലായനം ചെയ്ത നാളായിരുന്നുഹിജ്രാ അബ്ദം തുടങ്ങിവെച്ചതു്. എന്നാൽ അതിനും 150 കൊല്ലം മുമ്പത്തെ ഒരു സംഭവത്തെക്കുറിച്ചു പറയണമെങ്കിലോ? (അന്നു് നെഗറ്റീവ് സംഖ്യകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളൊന്നും വ്യാപകമായിരുന്നില്ല).
അപ്പോൾ ഹിജ്രയ്ക്കു ഇത്ര വമുമ്പ് എന്നു പറയുന്നതാണു് ഒരു വഴി.

ക്േ അും പരാ. കൃത്യമായ ഗ്രഹസ്ഥിതിയും സൂര്യചന്ദ്രസഞ്ചാരവും ഉദയാസ്തമനങ്ങളും കണക്കാക്കാൻ കലണ്ടർ കൂടുതൽ സൂക്ഷ്മമായിരിക്കണം. കണക്കു് എളുപ്പമാവണമെങ്കിൽ ആവശ്യമില്ലാതെ ഇന്ന സംഭവത്തിനുമുമ്പ് അല്ലെങ്കിൽ നെഗറ്റീവ് ഇത്ര കൊല്ലം എന്നൊന്നും ചേർക്കാതെയുമിരിക്കണം.

അതിനു് ഇന്ത്യക്കാരും മന്മരും ഒക്ക കണ്ടുപിടിച്ച വഴി, വളരെ വളരെ മുമ്പുള്ള ഒരു സാങ്കല്പികമുഹൂർത്തം യുഗാദിയായി എടുക്കുന്നതായിരുന്നു. ഓട്ടപ്പന്തയത്തിന്റെ തുടക്കത്തിൽ ഓടാനുള്ളവരൊക്കെ ഒരേ വരിയിൽ നിൽക്കുന്നതുപോലെ, എല്ലാ ഗ്രഹങ്ങളും (സൂര്യൻ, ചന്ദ്രൻ, ബുധൻ,ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹുസ്ഥാനം) ഒരേ ആകാശകോണിൽ വരുമായിരുന്ന ഒരു ദിവസം. ഇപ്പോൾ അവ എവിടെയൊക്കെയാണു്, എന്തു വേഗത്തിലാണു് അവ സഞ്ചരിച്ചുകൊണ്ടീരിക്കുന്നതു് എന്നറിഞ്ഞാൽ പിന്നാക്കം കണക്കുകൂട്ടി അങ്ങനെ ഒരു ദിവസം കണ്ടുപിടിക്കാം. ആ ദിവസമാണു് കലിവർഷം എന്നറിയപ്പെടുന്ന പഞ്ചാംഗവ്യവസ്ഥയുടെ യുഗാദി. ഏകദേശം 5117 വർഷം മുമ്പത്തെ ഒരു ഫെബ്രുവരി 17നായിരുന്നു ഈ സങ്കല്പയുഗാദി. മിക്കവാറും ഇന്ത്യൻ പഞ്ചാംഗങ്ങളെല്ലാം ഈ epoch അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്.


സുമേറിയക്കാർക്കും ബാബിലോണിയക്കാർക്കും യഹൂദന്മാർക്കും ഇതുപോലെ കാലഗണനാവ്യവസ്ഥകളുണ്ടായിരുന്നു. പക്ഷേ,അവയെല്ലാം പല വിധങ്ങളിലായിരുന്നു. ഒരു മുഴുവൻ വർഷം കണക്കാക്കാൻ ചിലവ സൂര്യന്റെ അയനം നോക്കിയപ്പോൾ മറ്റു ചിലതു് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണു് പരിഗണിച്ചതു്. യഹൂദക്കലണ്ടർ സൂര്യനേയും ചന്ദ്രനേയും കണക്കിലെടുത്തു് ഒരു മിശ്രപഞ്ചാംഗവും ആവിഷ്കരിച്ചു. നാടോടിനടന്നിരുന്ന പല ഗോത്രങ്ങളും ഇത്രപോലും ശ്രദ്ധിക്കാതെ, ഐതിഹ്യങ്ങളിൽ കേട്ടിട്ടുള്ള അവരുടെ ഗോത്രത്തലവന്മാരുടെയോ ആരാധനാമൂർത്തികളുടേയോ ജന്മ/മരണവാർഷികങ്ങൾ എണ്ണിക്കൊണ്ടിരുന്നു.


യേശുക്രിസ്തു എന്നാണു് (ഏതു ദിവസം, ഏതുമാസം, ഏതുവർഷം) ജനിച്ചതെന്നു് കൃത്യമായി ഇപ്പോഴും നമുക്കറിയില്ല. എങ്കിലും ഒരു പത്തിരുപതുവർഷത്തിന്റെ സൂക്ഷ്മതയുണ്ടെന്നു പറയാം.

ക്രിസ്തു ജനിച്ച് പിന്നെയും ഒരു നാനൂറുകൊല്ലം കഴിഞ്ഞാണു് നസ്രായമതം ഇന്നു നാം മനസ്സിലാക്കുന്
ന വിധത്തിലുള്ള ഒരു സംഘടിതമതമായി, സ്ഥാപനമായി, മാറിയതു്. അതുവരെ നിലനിന്നിരുന്ന പഗാൻ വിശ്വാസങ്ങളെ നിരാകരിച്ചു് റോമാക്കാർ ഏറിയപങ്കും ക്രിസ്ത്യാനികളായി. അതോടെ ലോകചരിത്രത്തിൽ ക്രിസ്തുമതം ഒരു പ്രധാനശക്തിയായി വളരുകയും ചെയ്തു.
എല്ലാർക്കും പരിചിതമായ ഒരു പുരാതനലോകസംഭവമായി ക്രിസ്തുവിന്റെ ജനനം അതോടെ അംഗീകരിക്കപ്പെട്ടു.
എങ്കിലും കലണ്ടറിൽ ക്രിസ്തുജനനത്തിനു് അപ്പോഴും വലിയ പ്രസക്തിയുണ്ടായിരുന്നില്ല.

അക്കാലങ്ങളിൽ പഞ്ചാംഗത്തിന്റെ ഒരു പ്രധാന ആവശ്യം ഓരോ വർഷവും ഈസ്റ്റർ ദിനം ഏതു തീയതിയാണു വരിക എന്നറിയുകയായിരുന്നു. അതിനുപയോഗിച്ചിരുന്ന പട്ടികകളിൽ ഓരോ കൊല്ലങ്ങൾക്കും കൊടുത്തിരുന്നതു് അതാതുകൊല്ലത്തെ ഭരണ/മതമേധാവികളുടെ പേരും. ഉദാ: ഉമ്മൻ ചാണ്ടിയുടെ രണ്ടാംഭരണത്തിലെ മൂന്നാം കൊല്ലത്തിൽ, ഫാദർ ഇന്നസെന്റിന്റെ പട്ടാഭിഷേകത്തിന്റെ നാലാം വർഷം....

റോമായിലെ ഒരു ചക്രവർത്തിയായിരുന്നു ഡയോക്ലീഷ്യൻ. ക്രിസ്തുമതാനുയായികളെ കൂട്ടമായി നരഹത്യ ചെയ്ത അവസാനത്തെ റോമ ചക്രവർത്തി. അയാളുടെ പട്ടാഭിഷേകമായിരുന്നു തുടർന്നു് കുറേക്കാലത്തേക്കു് പഞ്ചാംഗങ്ങളുടെ യുഗാദി. (284 CE) .Anno Diocletiani (AD) അഥവാ രക്തസാക്ഷ്യബ്ദം എന്നറിയപ്പെട്ട ഈ കലണ്ടർ ഇന്നും ഈജിപ്തിലെ കോപ്റ്റിൿ ക്രിസ്ത്യാനികൾ അനുവർത്തിക്കുന്നുണ്ടു്. ഈസ്റ്റർ കണക്കാക്കാനും ഇതേ കലണ്ടറായിരുന്നു.
എന്നാൽ, കുള്ളൻ ഡയോണീഷ്യസ് എന്ന, പഞ്ചാംഗഗണിതവിദഗ്ദ്ധനായിരുന്ന ഒരു ക്രൈസ്തവസന്യാസിയ്ക്കു് ഈ പേരു് അത്ര ഇഷ്ടമായില്ല. അദ്ദേഹം രക്തസാക്ഷിവർഷസംഖ്യയിൽ 284 കൊല്ലം കൂടി കൂട്ടി, അതിനെ 525 AD എന്നു വിളിച്ചു. AD യുടെ പൂർണ്ണരൂപം പക്ഷേ Anno Domini (നമ്മുടെ തമ്പുരാന്റെ തിരുപ്പിറവിവർഷം) എന്നാക്കി.
അങ്ങനെയാണു് AD എന്നാൽ ക്രിസ്തുവിന്റെ ജനനശേഷം എന്നായതു്.



എന്തായാലും AD എന്നുപയോഗിക്കുന്ന ശീലം ഇപ്പോൾ അതിവേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കയാണു്. പകരം CE ആണു് പ്രചാരത്തിൽ. Common Era, Christian Era, Current Era എന്നെല്ലാമാണു് CEയുടെ പൂർണ്ണരൂപമായി കണക്കാക്കുന്നതു്.

അതിനും ഒരു കാരണമുണ്ടു്. ഇരുപതാംനൂറ്റാണ്ടോടുകൂടി
കത്തോലിക്കാക്രിസ്തുമതത്തിന്റെ രാഷ്ട്രീയശക്തി വളരെ കുറഞ്ഞു. 'നമ്മുടെ തമ്പുരാന്റെ' വർഷം എന്നു ദ്യോതിപ്പിക്കുന്ന ഒരു കണക്കു് പലർക്കും സമ്മതമല്ലാതായി. പ്രത്യേകിച്ച് യഹൂദന്മാർക്കും ഇസ്ലാമുകൾക്കും. പകരം, പൊതുവർഷം (Common Era), നടപ്പുവർഷം (Current Era), ക്രിസ്ത്യാനിവർഷം - ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരം അവർ ആചരിക്കുന്ന വർഷം (Christian Era) എന്നെല്ലാമാണെങ്കിൽ വല്യ വിരോധമില്ല എന്നായി.

അതുകൊണ്ടു് ഇപ്പോൾ ലോകത്തിൽ ഏറ്റവും പ്രചാരവും അംഗീകാരവുമുള്ള വർഷപദ്ധതി CE, BCE എന്നിവയാണു്. 
CE = Common Era.
BCE = Before (the commencement of) Common Era.

വലിയ ഉത്തരമായോ? ഏയ്. ആവില്ല. കാരണം കലണ്ടറുകളുടെ കഥ ഇത്രപോലും ചെറുതൊന്നുമല്ല. കണക്കും കയ്യൂക്കും കൗതുകവും ഒരുപോലെ കൂടിപ്പിരിഞ്ഞ നെടുനെടുങ്കൻ പുസ്തകങ്ങൾ നിറയ്ക്കാനുള്ള വകയുണ്ടു് കലണ്ടറുകൾക്കു്. പക്ഷേ, തൽക്കാലം ഇത്ര മതി. smile emoticon


No comments: