Wednesday, June 24, 2009

അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്

Adhyatma Ramayanam (Malayalam) by Ezhuthachan

പടയാളികള്‍ -വൈലോപ്പിള്ളി

(ഏഴാം ക്ലാസിലെ മലയാളത്തിലെ മനുഷ്യന്റെ കൈകള്‍ എന്ന യൂണിറ്റിലെ തിരുനെല്ലൂര്‍ കരുണാകരന്റെ കവിതയുമായി താരതമ്യം ചെയ്യുന്നതിന് കുട്ടികള്‍ക്ക് നല്‍കാന്‍ )
പാതിരാക്കോഴി വിളിപ്പതും കേള്‍ക്കാതെ
പാടത്തു പുഞ്ചയ്ക്കു തേവുന്നു രണ്ടുപേര്‍;
ഒന്നൊരു വേട്ടുവന്‍, മറ്റേതവന്‍ വേട്ട
പെ,ണ്ണിവര്‍ പാരിന്റെ പാദം പണിയുവോര്‍
ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നുനിന്നീടവേ
തങ്ങളില്‍ത്തന്നേയടങ്ങി നിലാവത്തു
തെങ്ങുകള്‍ നിന്ന നിലയ്ക്കുറങ്ങീടവേ
ഈയര്‍ദ്ധനഗ്നരാം ദമ്പതിമാര്‍കളോ
പാടത്തു പുഞ്ചയ്ക്കു പാരണ നല്‍കയാം.
തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ-
ഴീക്കൂട്ടര്‍ പാടുമത്യുച്ചമാം പാട്ടുകള്‍,
ഗദ്ഗദരുദ്ധമാം രോദനം പോലവേ
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍!
നല്‍ത്തുലാവര്‍ഷവും കാത്തിരുന്നങ്ങനെ
പാര്‍ത്തലം വൃശ്ചികം പാടേ കടന്നുപോയ്.
നാലഞ്ചുതുള്ളിയേ നാകമുതിര്‍ത്തുള്ളു
നാനാചരാചരദാഹം കെടുത്തുവാന്‍.
വര്‍ദ്ധിച്ച താപേന വന്മരുഭൂവിലെ-
യധ്വഗര്‍പോലെത്തുമോരോ ദിനങ്ങളും
പാടത്തെവെള്ളം കുടിച്ചുവറ്റിക്കയാല്‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍.
തൈത്തലയെല്ലാം വിളര്‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്താതെ വീണുപോയ്!
കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്മഞ്ഞുതിര്‍ത്തു ഹസിക്കയാം വിണ്ടലം.!
ഹാ കഷ്ടമെങ്ങനെ മര്‍ത്ത്യന്‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?
ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്ക്കു തേവുമീ വേട്ടുവര്‍;
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരും പടയാളികള്‍.
മാലോകര്‍ തുഷ്ടിയാം തൊട്ടിലില്‍, നിദ്രതന്‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,
തന്‍ ജീവരക്തമൊഴുക്കുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍.
കാന്തന്റെ തേരില്‍ കടിഞ്ഞാണ്‍ പിടിക്കുന്നു
താന്‍ തന്നെ തേവിക്കൊടുക്കുമിപ്പെണ്‍കൊടി
പാട്ടുകള്‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും.
പാടുകയാണിവള്‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍ നിണപ്പുഴക്കേളികള്‍.
ആരാണു വീറോടു പോരാടുമീ രണ്ടു
പോരാളിമാര്‍കളെപ്പാടിപ്പുകഴ്ത്തുവാന്‍?

(ഇത് മെയിലായി അയച്ചു തന്ന പ്രമോദിനും ഹസീനയ്ക്കും നന്ദി)