Tuesday, September 30, 2014

അഭിയും വിശ്വവും -QA Session #17

വരയും ചോദ്യവും അഭിജിത്ത്

ലോഹങ്ങള്‍ സംസ്കരിച്ച് ഉപകരണങ്ങള്‍ നിര്‍മിക്കല്‍,കൃഷി,കെട്ടിടനിര്‍മാണം,ഇവയെല്ലാം നിരവധി അറിവുകളുടേയും,പ്രയോഗജ്ഞാനത്തിന്റേയും 
ഫലമായാണല്ലോ ഉണ്ടായത്..
എന്തൊക്കെ അറിവുകളാണ് ഇവക്ക് ആവശ്യമായി വന്നത്.
ഈ അറിവുകളും,പ്രയോഗധാരണകളും ഒരേ സ്ഥലത്ത് തന്നെ കണ്ടെത്തിയതാവുമോ..?
ഉത്തരം : കടപ്പാട്   Viswa Prabha


അല്ല. നിരന്തരമായ തിരുത്തലുകളിലൂടെ ഏറ്റവും യോജിച്ച രീതികളും പദാർത്ഥങ്ങളും കണ്ടെത്തുകയായിരുന്നു. അവയിൽ ചിലതൊക്കെ ആദിമമനുഷ്യർ അന്യോന്യം കണ്ടും കേട്ടും അനുകരിച്ചും പഠിച്ചറിഞ്ഞവയായിരുന്നു. എന്നാൽ പരസ്പരം ഒറ്റപ്പെട്ടു കിടക്കുന്ന സമൂഹങ്ങളും അവരുടേതായ നിലയിൽ സ്വന്തമായി ഒരേ കണ്ടുപിടുത്തങ്ങളോ സമാനമായവയോ കണ്ടെത്തിയിട്ടുണ്ടു്. കാലക്രമത്തിൽ ഒരേ തരം ജോലിക്കും ആവശ്യത്തിനും പല വിധത്തിലും തരത്തിലുമുള്ള പരിഹാരമാർഗ്ഗങ്ങൾ ആവിർഭവിച്ചു. സ്വന്തം സമൂഹത്തിൽ സുലഭമായി ലഭിക്കുന്നു എന്നതും സ്വന്തം കാലാവസ്ഥയ്ക്കു് അനുയോജ്യമെന്നതും മറ്റുമായിരുന്നു ഇത്തരം വ്യത്യാസങ്ങളുണ്ടാവാൻ കാരണം. എങ്കിൽപ്പോലും ഒറ്റപ്പെട്ട സമൂഹങ്ങൾ പിൽക്കാലത്തു് പരസ്പരം കണ്ടുമുട്ടുമ്പോൾ അവരുടെ അറിവുകൾ കൈമാറുകയും ലഭ്യമായതിൽ മികച്ച അറിവുകളും ഉപകരണങ്ങളും തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.

ഒരു ഉദാഹരണത്തിനു്, 750,000 കൊല്ലമെങ്കിലും ആദിമനുഷ്യൻ അവന്റെ ഏറുകല്ലുപകരണം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നിട്ടുണ്ടു്. അതും പരസ്പരം ബന്ധമില്ലാത്ത ഒറ്റപ്പെട്ട സമൂഹങ്ങളിൽ തന്നെ. എന്നാൽ ഇന്നത്തെ ഉപകരണങ്ങൾ വളരെപ്പെട്ടെന്നുതന്നെ പരിഷ്കരിക്കപ്പെടുന്നുണ്ടു്. (ഉദാഹരണത്തിനു് ലിനക്സ് ഉബുണ്ടു പുതുതായ ഒരു വേർഷൻ ഉണ്ടാവാൻ വെറും 6 മാസമാണു് എടുക്കുന്നതു്. ചില ആൻഡ്രോയ്ഡ് ആപ്പുകൾക്കു് ഓരോ ആഴ്ച്ചയിലും ഓരോരോ മെച്ചപ്പെടുത്തലുകൾ വരുന്നുണ്ടു്).

എന്തുകൊണ്ടാണു് ഉപകരണങ്ങളുടെ പരിണാമകാലം ഇങ്ങനെ ചുരുങ്ങിയതു്? എല്ലാ മനുഷ്യസമൂഹങ്ങളും ഇന്നു് പരസ്പരം ബന്ധപ്പെടുന്നുണ്ടു്. അതിനുപരി, അവരുടെ അറിവുകൾ കൂടുതൽ നന്നായി പങ്കുവെക്കപ്പെടുകയും പകർത്തിവെക്കപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ടു്. പത്തുലക്ഷം വർഷത്തെ ലോകപരിചയം കൊണ്ടു് ഒന്നൊന്നായി നേടിയ ഓരോ അറിവും അതിനുമുമ്പത്തെ അറിവിനോടു ചേർത്തുവെക്കുമ്പോൾ ഫലം പല മടങ്ങുകളായി ഗുണിക്കപ്പെടുകയാണു ചെയ്യുന്നതു്. കൂട്ടപ്പെടുകയല്ല.

കല്ലുളിയും ആൻഡ്രോയ്ഡും തമ്മിൽ താരതമ്യപ്പെടുത്താമോ? തീർച്ചയായും. രണ്ടും നമ്മുടെ അദ്ധ്വാനം കൂടുതൽ എളുപ്പമാക്കുന്ന ഉപകരണങ്ങൾ തന്നെ.

ഓരോ പുതിയ വേർഷൻ വരുമ്പോഴും നമ്മുടേയോ കൂട്ടുകാരുടേയോ അറിവുകൾ പുനരുപയോഗിക്കുമ്പോഴും നമുക്കു് അത്രയും കുറച്ചേ അദ്ധ്വാനിക്കേണ്ടതുള്ളൂ. ഓരോ പ്രാവശ്യവും ടൈപ്പ് ചെയ്യുന്നതിനുപകരം കോപ്പി/പേസ്റ്റ് എത്ര എളുപ്പമാണെന്നു് അറിയാമല്ലോ. 

ഇംഗ്ലീഷിൽ ഇതിനെ DO NOT RE-INVENT THE WHEEL (ചക്രം വീണ്ടും കണ്ടുപിടിക്കരുതു്) എന്നാണു് പറയുക. ഓരോ പ്രാവശ്യവും "ആദ്യം പൂദ്യം" തുടങ്ങിവെക്കുക എത്ര ബോർ പരിപാടി ആയിരിക്കും!

എങ്കിലും, ഒരു പ്രധാന കാര്യമുണ്ടു്. ഓരോ ഘട്ടത്തിലും പഠിച്ചെടുക്കുന്ന പരമപ്രാധാനമായ തത്വങ്ങൾ പുതിയൊരു വേർഷൻ വരുമ്പോൾ ആവശ്യമില്ലെന്നുവരും. എങ്കിലും അവയെ അങ്ങനെ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചുകളയാൻ പാടില്ല. ചിലപ്പോൾ പരിതസ്ഥിതികൾ ഇനിയും മാറിയെന്നിരിക്കും. അപ്പോൾ വീണ്ടും ഒരു പഴയ വേർഷനിലേക്കു തിരിച്ചുപോവുകയും വേണ്ടിവരാം. ആ സമയത്തു് അന്വേഷിക്കുമ്പോൾ പഴയ കണ്ടുപിടുത്തത്തിന്റെ രേഖകളൊക്കെ അവിടെയുണ്ടാവണം.

ഒരുദാഹരണം പറയാം: മുമ്പൊക്കെ നമ്മുടെ നാട്ടിൽ അധികം വീടുകളിലും മണ്ണെണ്ണവിളക്കായിരുന്നു രാത്രി വെളിച്ചം കിട്ടാൻ ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ ഒട്ടുമിക്ക വീടുകളിലും വൈദ്യുതിയുണ്ടു്. അതുപോലെ, പണ്ടു് വിറകുപയോഗിച്ചായിരുന്നു നമ്മുടെ പാചകം. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഗ്യാസടുപ്പുമുണ്ടു്.

ഒരു ദിവസം പെട്ടെന്നു് കറന്റേ ഇല്ലാത്ത അവസ്ഥ വന്നു എന്നു കരുതുക. മണ്ണെണ്ണവിളക്കാണെങ്കിൽ നാം എറിഞ്ഞുകളയുകയും ചെയ്തു. എന്തുണ്ടാവും? കൂരിരുട്ടിൽ തപ്പേണ്ടി വരില്ലേ?
അല്ലെങ്കിൽ ഗ്യാസിനു ക്ഷാമം വന്നു. വിറകോ അടുപ്പോ ഇല്ല താനും. പട്ടിണി കിടക്കേണ്ടി വരില്ലേ?

എല്ലാ ദിവസവും ടാബിലൂടെ സന്ദേശം അയച്ചുകൊണ്ടിരുന്നു. ഒരു ദിവസം ടാബ് കേടു വന്നു. അല്ലെങ്കിൽ ഇന്റർനെറ്റും ഫോണും കിട്ടാനേയില്ല. പണ്ടാണെങ്കിൽ കമ്പിത്തപാൽ എന്നൊരു ഉപാധിയുണ്ടായിരുന്നു. ഒരു തരം SMS. ഇന്നതില്ല. കഷ്ടമായില്ലേ?

ഇത്തരത്തിൽ ഒരു പാടു് അറിവുകൾ ആളുകൾ വേണ്ടത്ര ശ്രദ്ധ വെക്കാത്തതുമൂലം നഷ്ടപ്പെട്ടുപോയിട്ടുണ്ടു്. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഒരു വലിയ ഗ്രന്ഥശാലയുണ്ടായിരുന്നു. അതു തീപ്പിടിച്ചു കത്തി നശിച്ചതു് നല്ലൊരു ഉദാഹരണമാണു്.

നമ്മളും അത്ര മോശക്കാരൊന്നുമല്ല. ലോകത്തിലെ ഏറ്റവും ചരിത്രബോധം കുറഞ്ഞവർ നമ്മുടെ നാട്ടുകാരാണെന്നു തോന്നാറുണ്ടു്. ഓരോ കരിങ്കൽപ്പാളിയിലും പുഴവഴിയിലും പോലും ചരിത്രം ഒരു ടെക്സ്റ്റുപുസ്തകം പോലെ ഒളിച്ചിരിപ്പുണ്ടാവും. പക്ഷേ അതൊക്കെ മറിച്ചുനോക്കി വായിച്ചറിയാൻ നാം പഠിക്കുന്നില്ല. നമുക്കിഷ്ടം ആ പാറകളൊക്കെ കൊത്തിനുറുക്കി മുപ്പതുകൊല്ലം മാത്രം ആയുസ്സുള്ള വമ്പൻ മാളികകൾ ഉണ്ടാക്കാനാണു്. 

സ്കൂളിലും ചരിത്രം ആർക്കും വേണ്ടാത്ത വിഷയമായിരിക്കുന്നു. യുദ്ധം നടന്ന കൊല്ലം അറിഞ്ഞാൽ മുഴുവൻ മാർക്കു് അല്ലെങ്കിൽ മൊട്ട.

അതല്ല ചരിത്രം. സയൻസിനെപ്പോലെയും കണക്കിനേയും ഭാഷയേയും പോലെത്തന്നെ സുന്ദരവും പ്രധാനവുമാണു് ശരിയായ ചരിത്രപാഠങ്ങളും.

Friday, September 26, 2014

അഭിയും വിശ്വവും -QA Session #16

വരയും ചോദ്യവും അഭിജിത്ത്

ഇതെഴുതുമ്പോള്‍ കരണ്ടുപോയി.സത്യത്തില്‍ കരണ്ടെങ്ങോട്ടാണ് പോകുന്നത്.ഉത്തരം : കടപ്പാട്   Viswa Prabha


കറന്റ് എന്നാൽ ഒഴുക്കു് എന്നർത്ഥം. ഇലൿട്രിൿ കറന്റ് എന്നാൽ ഇലൿട്രോണുകളുടെ ഒഴുക്കു്. ആ ഒഴുക്കിന്റെ 'ആക്കം' കൊണ്ടുണ്ടാവുന്ന ഊർജ്ജമാണു് നമ്മുടെ ഉപകരണങ്ങളെ പ്രവർത്തിപ്പിക്കുന്നതു്. ഒഴുക്കു നിന്നാൽ നാം കറന്റ് പോയി എന്നു പറയും. കറന്റു പോവുകയല്ല, ഇല്ലാതാവുകയാണു് ചെയ്യുന്നതു്. കറന്റ് പോയി എന്നു പറയുമ്പോൾ കറന്റുള്ള അവസ്ഥ പോയി എന്നാണു നാം അർത്ഥമാക്കുന്നതു്. 

സൂര്യന്റെ ചൂടുകൊണ്ടു് ആവിയായി മുകളിലോട്ടു പൊങ്ങി, പിന്നെ മഴയായി താഴെ വീണു് നദികളിലൂടെ ഒഴുകി വെള്ളത്തുള്ളികൾ കടലിൽ ചെന്നുചേരുന്നതുപോലെത്തന്നെയാണു് ഇലൿട്രോണുകളും സർക്യൂട്ടിലൂടെ ഒഴുകുന്നതു്. വന്നിടത്തുതന്നെ വീണ്ടും എത്തിച്ചേർന്നാലേ ഒഴുക്കു പൂർത്തിയായി എന്നു പറയാനാവൂ. അങ്ങനെ പൂർത്തിയാവുന്ന ഒരു പൂർണ്ണവലയത്തെ സർക്യൂട്ട് എന്നു പറയും (സർക്കിൾ എന്നാൽ വൃത്തം). 

സർക്യൂട്ടിൽ എവിടെയെങ്കിലും ഒരിടത്തു് തടസ്സം വന്നാൽ ഒഴുക്കു മുഴുവൻ നിലയ്ക്കും. അപ്പോൾ ആ ഒഴുക്കിൽനിന്നുള്ള ആക്കവും (വിദ്യുച്ഛക്തി) നിലയ്ക്കും. എന്തെങ്കിലും കാരണവശാൽ സൂര്യൻ കുറേക്കാലത്തേക്കു് പണി മുടക്കി എന്നു കരുതുക. വെള്ളത്തിന്റെ ഒഴുക്കു നിന്നുപോവില്ലേ? അപ്പോൾ ആ ഒഴുക്കിന്റെ ശക്തികൊണ്ട് ഓടുന്ന ഒരു ഇലച്ചക്രവും നിന്നുപോവില്ലേ? അതുപോലെ, കറന്റു പോയാൽ പിന്നെ ഉപകരണങ്ങൾ ഒന്നും പ്രവർത്തിക്കാതാവുന്നു.

ഒരു സർക്യൂട്ടിൽ ഒഴുക്കുണ്ടാവണമെങ്കിൽ അതിലേക്കു് ഏതെങ്കിലും ഒരു ഭാഗത്തു് ഊർജ്ജം കടത്തിവിടണം. അങ്ങനെ ചെയ്യുന്ന ഘടകത്തെ പമ്പ് എന്നു വിളിക്കാം. കിണറ്റിൽ നിന്നും വെള്ളം എടുക്കാൻ വീട്ടിൽ ഉപയോഗിക്കുന്ന പമ്പ് കണ്ടിട്ടില്ലേ? 
അതുപോലെ, ഓരോ ഉദാഹരണങ്ങളിലുമുള്ള പമ്പുകളാണു് ഹൃദയം, ബാറ്ററികൾ, ജെനറേറ്ററുകൾ, സൂര്യൻ തുടങ്ങിയവ. സ്കൂളിലേക്ക് ഒഴുകുന്ന കുട്ടികൾക്കു് ആക്കം കൊടുക്കുന്ന പമ്പാണു് പഠിച്ചുവലുതാവണമെന്ന ചിന്ത.

എന്നാൽ പമ്പു മാത്രം ഉണ്ടായാൽ പോരാ. സർക്യൂട്ടിനു കടന്നുപോവാനുള്ള പാത കൂടി വേണം. രക്തക്കുഴലുകൾ, ഇലൿട്രിൿ വയറുകൾ, വീടുകളിലെ പൈപ്പ്, നദി, വീട്ടിൽനിന്നും സ്കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുള്ള മൊത്തം വഴി തുടങ്ങിയവയെല്ലാം അത്തരം പാതകളാണു്.

രക്തക്കുഴലുകളിലെ ഒഴുക്കു തടസ്സപ്പെട്ടാൽ എന്താണുണ്ടാവുക? എന്തുകൊണ്ടാണു് ശരീരത്തിൽ കൊളസ്റ്ററോളും കൊഴുപ്പും കൂടുതൽ പാടില്ലെന്നു പറയുന്നതു്? റോഡിലെ ഗട്ടറുകളും കൊളസ്റ്ററോളും തമ്മിൽ എങ്ങനെ താരതമ്യപ്പെടുത്താം?

ഇലൿട്രോൺ കുട്ടികളുടെ മ്യൂസിൿ ചെയർ കളിയാണു് കറന്റു്. കളിയിൽ പങ്കെടുക്കുന്ന ഓരോ കുട്ടിയ്ക്കും ഓരോ കസേര വെച്ചുണ്ടായാൽ കളി നടക്കില്ല. കുട്ടികളേക്കാൾ ഒരു കസേരയെങ്കിലും കുറവുണ്ടാവണം. മാത്രമല്ല, പാട്ടുനിൽക്കുമ്പോൾ ഉടനെ കേറിയിരിക്കാൻ പാകത്തിൽ കുട്ടികൾ വട്ടത്തിൽ ഓടിക്കൊണ്ടിരിക്കുകയും വേണം. 
കുട്ടികളുടെ എണ്ണത്തിൽനിന്നു് കസേരകളുടെ എണ്ണത്തിലുള്ള കുറവാണു് അവരുടെ 'തിടുക്കം' നിശ്ചയിക്കുന്നതു്. ആ തിടുക്കത്തിനു സമമാണു് 'വോൾട്ടേജ്'. വീട്ടിലെ വാട്ടർ ടാങ്കിന്റെ ഉയരം പൈപ്പിലൂടെ/ ടാപ്പിലൂടെ വരുന്ന വെള്ളത്തിന്റെ ശക്തി കൂട്ടുന്നതുപോലെ, ഹൃദയത്തിന്റെ മിടിപ്പുനിരക്കു് രക്തസമ്മർദ്ദവും രക്തസഞ്ചാരവും കൂട്ടുന്നതുപോലെ, ബസ്സ് ഡ്രൈവറുടെ 'തിടുക്കം' വാഹനത്തിന്റെ സ്പീഡ് കൂട്ടുന്നതുപോലെ, വോൾട്ടേജ് കൂടുമ്പോൾ 'കറന്റി'ന്റെ അളവും കൂടുന്നു. 

R എന്നാൽ പ്രതിരോധം (Resistance). പ്രതിരോധം എന്നാൽ തടസ്സം എന്നർത്ഥം. റോഡിലെ ഗട്ടറുകൾക്കു സമമാണു് പ്രതിരോധം. അവ എത്ര കൂടുന്നോ അത്രയും സ്പീഡ് / ഒഴുക്ക് കുറയും. 
അപ്പോൾ വാഹനത്തിന്റെ സ്പീഡ് നിശ്ചയിക്കുന്നതു് എന്തൊക്കെയാണു്? 
ഡ്രൈവറുടെ തിടുക്കവും റോഡിലെ ഗട്ടറുകളുടെ എണ്ണവും.
തിടുക്കം കൂടിയാൽ സ്പീഡും കൂടും.
ഗട്ടറുകൾ കൂടിയാൽ സ്പീഡു കുറയും.
അതുകൊണ്ടു് തിടുക്കം (വോൾട്ടേജ്) അംശത്തിൽ, ഗട്ടർ എണ്ണം (പ്രതിരോധം) ഛേദത്തിൽ.

കറന്റ് = വോൾട്ടേജ് ഹരണം പ്രതിരോധം
അതായതു് I = V / R
അഥവാ, V = I x R


അഭിയും വിശ്വവും -QA Session #15

വരയും ചോദ്യവും അഭിജിത്ത്

മംഗലള്‍യാന്‍ അങ്ങനെ വിജയകരമായി.
മംഗള്‍യാന്‍ വിക്ഷേപിച്ചത് ശ്രീഹരികോട്ടയില്‍ നിന്നാണല്ലോ.
മറ്റൊരു പ്രധാനവിക്ഷേപണ കേന്ദ്രം തുമ്പയുമാണ്.
എന്തുകൊണ്ട് വിക്ഷേപണത്തിനായി ഈ ഇടങ്ങള്‍ തിരഞ്ഞെടുത്തത്..
എന്തിനാണ് രണ്ട് വിക്ഷേപണ കേന്ദ്രങ്ങളാക്കിയത്.
ഒന്നാക്കിയാല്‍പോരേ....
ഉത്തരം : കടപ്പാട്   Viswa Prabha

ലോകത്ത് ആകെക്കൂടി പത്തിരുപതു് പ്രധാന ബഹിരാകാശവാഹനവിക്ഷേപണകേന്ദ്രങ്ങളേയുള്ളൂ. ബാക്കി ചിലതുകൂടിയുണ്ടെങ്കിലും അവയുടെ സ്ഥാനം മിലിറ്ററി കാരണങ്ങൾ കൊണ്ടു് അതാതു ഗവണ്മെന്റുകൾ രഹസ്യമാക്കി വെച്ചിരിക്കും.

പല ഘടകങ്ങളും പരിഗണിച്ചാണു് ഒരു സ്ഥലം വിക്ഷേപണകേന്ദ്രമായി
തെരഞ്ഞെടുക്കുന്നതു്:

1. സമുദ്രതീരം
2. ശത്രുരാജ്യങ്ങളിൽനിന്നുള്ള സുരക്ഷ, അകലം.
3. ജനവാസം കുറഞ്ഞ സ്ഥലം
4. ഭീമമായ വലുപ്പമുള്ള റോക്കറ്റ് തുടങ്ങിയവയുടെ ഘടകങ്ങൾ എത്തിക്കാനുള്ള സൗകര്യം
5. വിമാനങ്ങൾ, കപ്പലുകൾ തുടങ്ങിയവയുടെ യാത്രാപഥങ്ങളിൽനിന്നുള്ള അകലം.

എന്നാൽ, ഇവയേക്കാളുമൊക്കെ പ്രധാനമായ ഒന്നുരണ്ടു ശുദ്ധശാസ്ത്രീയകാരണങ്ങൾ കൂടിയുണ്ടു്:

1. വിക്ഷേപണം നടക്കുന്നതിനു് എപ്പോഴും നല്ലതു് പടിഞ്ഞാറുനിന്നും കിഴക്കോട്ടു് ചെരിഞ്ഞുപൊങ്ങിപ്പോകുന്ന പാതയാണു്. ഭൂമിയുടെ ഭ്രമണദിശയ്ക്കു് അനുകൂലമായി തൊടുത്തുവിടുന്നതുകൊണ്ടു് വളരെയധികം ഊർജ്ജം / ഇന്ധനം ഇങ്ങനെ ലാഭിക്കാം. (ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ / സൈക്കിളിൽ നിന്നും കുറുമ്പന്മാർ ചാടിയിറങ്ങുന്നതു മുമ്പിലേക്കല്ലേ? ഊഞ്ഞാൽ ആട്ടിക്കൊടുക്കുമ്പോൾ കൂടുതൽ ആക്കം കൊടുക്കാൻ എപ്പോഴാണു തള്ളിവിടേണ്ടതു്?)

പൊങ്ങിപ്പോകുന്ന റോക്കറ്റിൽനിന്നു് ധാരാളം വസ്തുക്കൾ താഴേക്കു വീണുകൊണ്ടിരിക്കും. കത്തിത്തീർന്ന ആദ്യഘട്ടഎഞ്ചിനുകൾ, ചില തരം ആവരണപദാർത്ഥങ്ങൾ ഇവയെല്ലാം. അതൊക്കെ ഭൂമിയിലേക്കാണു വീഴുക. അവിടെ ആൾത്താമസമുണ്ടെങ്കിൽ അവർക്കൊക്കെ എന്തു പറ്റും? മാത്രമല്ല, അപൂർവ്വമായി എന്തെങ്കിലും കാരണംകൊണ്ടു് വായുമദ്ധ്യത്തിൽ വെച്ചുതന്നെ റോക്കറ്റിനെ ഉപേക്ഷിക്കുകയോ തകർത്തുകളയുകയോ വേണ്ടിവരാം. അപ്പോൾ അതപ്പാടെ താഴേക്കു തലയും കുത്തിവരും.

അതിനാൽ, കഴിയുമെങ്കിൽ കിഴക്കോട്ടു് 500 - 600 കിലോമീറ്റർ വരെ ജനവാസം തീരെ കുറഞ്ഞ ഒരു ഭാഗമാണു് റോക്കറ്റ് സ്റ്റേഷനു് ഏറ്റവും നല്ലതു്.

2. ഓരോരോ തരം ഉപഗ്രഹങ്ങൾക്കും യോജിച്ച ഭ്രമണപഥങ്ങൾ കാണും. ഭൂസ്ഥിരപഥങ്ങൾ, ധ്രുവസ്ഥിരപഥങ്ങൾ തുടങ്ങി. ഇവയിൽ പലതിനും യോജിച്ചതരത്തിൽ വേണം ഉപഗ്രഹം ആദ്യം ചെന്നെത്തുന്ന സ്ഥാനം. അതായതു് അതിനെ തൊടുത്തുവിടുന്ന റോക്കറ്റ് പുറപ്പെടേണ്ട സ്ഥാനം. അപ്പോൾ പിന്നെ ആ കാര്യവും പരിഗണിക്കണം.

 1960-കളിൽ വളരെ ലളിതമായ പരീക്ഷണങ്ങളായിട്ടാണു് ഇന്ത്യയുടെ റോക്കറ്റ് ഗവേഷണം തുടങ്ങിവെച്ചതു്. ഭൂമദ്ധ്യരേഖയ്ക്കു് പരമാവധി അടുത്തുവേണം എന്നുള്ളതായിരുന്നു അന്നത്തെ പ്രധാന മുൻഗണന. എന്നാൽ, അതോടൊപ്പം പ്രാധാന്യമുള്ളതായിരുന്നു അന്തരീക്ഷത്തിന്റെ ഘടന, കാലാവസ്ഥാമാറ്റങ്ങൾ തുടങ്ങിയവയുടെ നിരീക്ഷണങ്ങളും. അതിനുവേണ്ടിയുള്ള ചെറിയ സൗണ്ടിങ്ങ് റോക്കറ്റുകളും മറ്റുമായിരുന്നു ആദ്യത്തെ വിക്ഷേപണയജ്ഞങ്ങൾ. 

ഭൂമിയുടെ യഥാർത്ഥ മദ്ധ്യരേഖ കുറേക്കൂടി തെക്കാണെങ്കിലും, കാന്തികമദ്ധ്യരേഖ (കാന്തിക ഉത്തരധ്രുവത്തിനോടും കാന്തിക ദക്ഷിണധ്രുവത്തിനോടും സമമായി അകന്നുനിൽക്കുന്ന സാങ്കൽപ്പികവൃത്തം) ഇന്ത്യയിലൂടെ കടന്നുപോകുന്ന സ്ഥലമാണു് തിരുവനന്തപുരത്തിനടുത്തുള്ള തുമ്പ. അന്നത്തെ ആവശ്യങ്ങൾക്കു് അതായിരുന്നു ഏറ്റവും യോജിച്ചതു്.


എന്നാൽ, 1970കളോടെ കൂടുതൽ മികച്ച ഒരു കേന്ദ്രം സ്ഥാപിക്കാൻ അന്നത്തെ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചു. ഇന്ത്യയുടെ കിഴക്കൻ തീരത്തു് അനേകം മാസങ്ങൾ നീണ്ടുനിന്ന അന്വേഷണങ്ങൾക്കും സർവ്വേകൾക്കും ഒടുവിൽ ആന്ധ്രയ്ക്കു കിഴക്കു് നെടുനീളത്തിൽ കിടക്കുന്ന, അധികം ജനവാസമില്ലാഞ്ഞ ഒരു ദ്വീപു കണ്ടെത്തി. അതാണു് ശ്രീഹരിക്കോട്ട.

അതിനുശേഷം, ഇക്കാലം വരെ ഒട്ടനവധി ഉപകരണങ്ങളും സൗകര്യങ്ങളും ശ്രീഹരിക്കോട്ടയിൽ സ്ഥാപിക്കപ്പെട്ടു. അതോടെ, വിലപിടിച്ച അത്തരം സംവിധാനങ്ങൾ ലഭ്യമായിട്ടുള്ള അവിടെത്തന്നെ നമ്മുടെ മുഖ്യവിക്ഷേപണകേന്ദ്രമായി മാറുകയും ചെയ്തു.Wednesday, September 24, 2014

അഭിയും വിശ്വവും -QA Session #14

വരയും ചോദ്യവും അഭിജിത്ത്

പീരിയോഡിക് ടേബിള്‍ കാണാപ്പാടം പഠിക്കാന്‍ എന്താണ് എളുപ്പവഴി ?

ഉത്തരം : കടപ്പാട്   Viswa Prabha


വില വെറും ഇരുപതു രൂപ. ബാറ്ററി വേണ്ട. നമ്മളറിയാതെ സെൽഫി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യില്ല. പൂർണ്ണമായും ബയോ-ഡീഗ്രേഡബിൾ, ഏതു പാഠപുസ്തകക്കടയിലും കിട്ടും
ഓർമ്മസൂത്രങ്ങൾ (Mnemonic tricks) പല പാഠഭാഗങ്ങളും പഠിക്കാൻ വളരെ നല്ല ഒരു ഉപായമാണു്. പക്ഷേ പീരിയോഡിക്കൽ ടേബിൾ മൊത്തമായി മനസ്സിൽ ആവാഹിച്ചെടുക്കാൻ (വെറുതെ കാണാപ്പാഠം പഠിക്കാനല്ല) അത്തരം സൂത്രങ്ങൾ നെടുനീളത്തിൽ ഓർമ്മിച്ചുവെക്കുന്നതു് ഒട്ടും നന്നല്ലെന്നാണെന്റെ അനുഭവവും വിശ്വാസവും അഭിപ്രായവും. 
ശാസ്ത്രചരിത്രത്തെ അപ്പാടെ മാറ്റിമറിച്ച മൂന്നോ നാലോ സംഭവങ്ങൾ എടുത്തുചോദിച്ചാൽ അതിലൊന്നു് മൂലകങ്ങളുടെ ആവർത്തനപ്പട്ടികയാണെന്നു നിസ്സംശയം പറയാം. പീരിയോഡിക്കൽ ടേബിൾ എന്നുപോലും നമ്മുടെ കുട്ടികൾ അതിന്റെ പേരു പഠിക്കരുതു്. ആവർത്തനപ്പട്ടിക എന്നുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കണം. എന്തുകൊണ്ടെന്നാൽ പിരീയഡ് എന്നാൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നതു് എന്നാണർത്ഥമെന്നു പോലും നമ്മിലെ മുതിർന്നവർ പോലും ഓർമ്മിക്കാറില്ല.
ആവർത്തനപ്പട്ടികയുടെ പേരിലെ ആ "ആവർത്തനം" ഒരു പാട് അർത്ഥങ്ങളുള്ളതാണു്. എങ്ങോട്ടു നോക്കിയാലും ആ പട്ടികയിൽ പല തരത്തിലുള്ള ആവർത്തനങ്ങളാണു്. ഓരോരോ ഉയർന്ന ക്ലാസ്സുകളിലെത്തുമ്പോഴും ഓരോ പുതിയ താളവും ചുവടും അതിൽ കണ്ടെത്താൻ കഴിയും. അവ ഓരോന്നും ഓരോ പുതിയ താപ-വൈദ്യുത-പ്രകാശ-കാന്തിക-പ്രസരണ-ന്യൂക്ലിയർ-റേഡിയോ ആക്റ്റീവ്-രാസസംയോജക പ്രതിഭാസങ്ങളിലേക്കു് വിരൽ ചൂണ്ടുകയും ചെയ്യും. നിറഞ്ഞ അത്ഭുതത്തോടെ, ഒരു ലോകോത്തര പെയിന്റിങ്ങ് പോലെ, ആ ചിത്രത്തെ നാം പ്രേമിച്ചുതുടങ്ങും.
ബ്രഹ്മാണ്ഡത്തിന്റെ ശിവതാണ്ഡവം നമുക്കുമുന്നിൽ നേരിട്ടുകാണാവുന്ന ഒരു ടീവി. സീരിയൽ പോലെ, എന്നും രാവിലെ എണീറ്റു കണ്ണുതുറക്കുമ്പോളും രാത്രി ഉറങ്ങാൻ കണ്ണടക്കുമ്പോളും മുന്നിൽ എഴുന്നുനിൽക്കുന്ന അവതാരമായിരിക്കണം ആവർത്തനപ്പട്ടിക. വെറും ഒരു ചൊല്ലുമാലയായി ആ പട്ടികയിലെ മൂലകങ്ങളുടെ പേരു് പഠിച്ചുവെച്ചാൽ ആ രാസനൃത്തത്തിന്റെ മനോഹാരിതയും ഗൗരവവും മുഴുവൻ ചോർന്നുപോകും.
ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ ഇന്റർനെറ്റും ആൻഡ്രോയ്ഡും മറ്റും ഉണ്ടായിരുന്നില്ല. ഒരു ചുമർച്ചാർട്ടുപോലും അന്നു് എളുപ്പം ലഭിക്കുമായിരുന്നില്ല. അതുകൊണ്ടു് സ്വന്തം ആവശ്യത്തിനു് ഞാൻ തന്നെ വെറുമൊരു എലൿഷൻ വാൾപോസ്റ്ററിന്റെ പിന്നിൽ സ്കെയിലും പേനയും ചായപ്പെൻസിലും വെച്ച് ഒരു ആവർത്തനപ്പട്ടിക വരച്ചുണ്ടാക്കി. പിന്നീട് എഞ്ചിനീയറിങ്ങ് ബിരുദം പാസ്സായി നാടുവിടുന്നതുവരെ ഞാനും അതിനുശേഷം പഠിച്ചുപോന്ന പെങ്ങന്മാരും അത്രത്തോളം നിത്യവും നോക്കിക്കണ്ടു പഠിച്ചിരുന്നമറ്റൊരു കടലാസുകഷണവും ഈ ലോകത്തുണ്ടാവില്ല.

പത്തു കെമിസ്ട്രി ടീച്ചർമാർക്കോ ഇരുപതു കെമിസ്ട്രി പാഠപുസ്തകങ്ങൾക്കോ സമമായിരുന്നു എനിക്കു് ആ ഒരൊറ്റ ചുമർപോസ്റ്റർ. പിന്നീട് എത്രയോ കാലം കഴിഞ്ഞ് PerkinElmer, Inc. തുടങ്ങിയ പ്രശസ്തസ്ഥാപനങ്ങളുടെ പ്രതിനിധിയായി അത്യാധുനികമായ വിശ്ലേഷണരസതന്ത്രോപകരണങ്ങളിൽ (AA, HPLC, GC/MS, ICP/MS...) ഗൗരവമായി ജോലിചെയ്യുമ്പോഴും ആ ഒരു ചുമർപ്പോസ്റ്ററിന്റെ ഓർമ്മക്കാഴ്ച്ചയായിരുന്നു എന്റെ മുഖ്യഗുരുനാഥൻ.

Tuesday, September 23, 2014

അഭിയും വിശ്വവും -QA Session #13


വരയും ചോദ്യവും അഭിജിത്ത്

കടലില്‍ തിരമാലകള്‍ ഉണ്ടായതെങ്ങനെ

ഉത്തരം : കടപ്പാട് Polly Kalamassery 

കടൽ വെള്ളത്തിനു ഹീറ്റ് കപാസിറ്റി കൂടുതൽ ആണ് ,നന്നായി ചൂടു വഹിക്കും, ആ ചൂട് വായുവിലേക്ക് പകരും.വായുവിന് ഒരു ചെറിയ താപവ്യത്യാസം മതി അതിൽ ചലനങ്ങൾ ഉണ്ടാവാൻ. കടലിനു മുകളിൽ തൊട്ടു കിടക്കുന്ന വായുവിന് ഇക്കാരണങ്ങളാൽ ചൂടു പിടിക്കുന്നതിന് വ്യത്യസ്തത ഉണ്ട് .ഇതുകൊണ്ടു വായുവിൽ പലവിധ പ്രവാഹങ്ങൾ ഉണ്ടാകുന്നു. വിശാലമായ സ്ഥലത്തെ ഈ വായു പ്രവാഹം കടൽ ജലത്തെ ഇളക്കി മറിക്കാനും തള്ളിനീക്കാനും മാത്രം ശക്തി ഉള്ളതാണ് .അതിനാൽ കടലിൽ പലവിധ പ്രാദേശിക (localised ) ഒഴുക്കുകളുണ്ടാകുന്നു.(മഹാപ്രവാഹങ്ങൾ അല്ല ഉദ്ദേശിക്കുന്നത് ).വീണ്ടും വായുവിൽ ചലനങ്ങൾ ഉണ്ടാകുന്നു. വായുവും ജലവും തമ്മിലുള്ള ഈ ഊര്ജ കൈമാറ്റ കളി ആണ് കടലിൽ തിരകൾ ഉണ്ടാകാൻ കാരണം.

പകൽ നേരം ഭൂമിയും രാത്രി കടലും താരതമ്യേന കൂടിയ താപനിലയിൽ കിടക്കുന്നതു കൊണ്ട് പകൽ കാറ്റ് കടലിൽ നിന്ന് കരയിലേക്കും രാത്രി നേരേ മറിച്ചും ആണ് . പക്ഷേ നല്ല ശക്തിയുള്ള ഈ കാറ്റ് സാധാരണ നിലയിൽ തീരത്തെ എതിർത്ത് തീരത്തിനപ്പുറം കടൽ ജലത്തെ തള്ളിക്കൊണ്ടു വരാൻ ശേഷിയുള്ളതല്ല .

ആഴമുള്ള കടലിൽ കുന്നുകൾ പോലെ ഉയർന്നു താഴുന്ന തിരകളാണ് ഉണ്ടാകാറ് . എന്നാൽ തീരത്ത് ചുരുണ്ടു മറിയുന്ന തിരമാലകൾ ആണ് കാണുന്നത് . ഇതിന്റെ കാരണം ആയിരിക്കാം ഒരുപക്ഷേ അഭി അന്വേഷിക്കുന്നത് .
കടലിൽ നിന്ന് കരയിലേക്ക് വീശുന്ന കാറ്റ് ജലോപരിതലത്തിൽ ആ ദിശയിലേക്കു തള്ളൽ ബലം പ്രയോഗിക്കുന്നു ,ജലം നീങ്ങുന്നു . പക്ഷേ ഇത്രയും വേഗതയിലല്ല അടിയിലുള്ള ജലം നീങ്ങുന്നത്‌ .കാരണം, കടൽ തട്ടുമായുള്ള ഘര്ഷണം തന്നെ . തീരത്തേക്ക് വരും തോറും കടൽ തട്ടിനു ചരിവ് കൂടുകയാണല്ലോ .അത് കൊണ്ട് ഈ ഘര്ഷണം കൂടി ക്കൂടി വരുകയും മുകളിലെ വേഗത നില നില്ക്കുകയും ചെയ്യുന്നു. അടിത്തട്ടിനു ഉയരം കൂടിവരുന്നതനുസരിച്ച് ജലോപരിതലം കുറേശ്ശെ ഉയരുകയും ചെയ്യും. അപ്പോൾ എന്ത് സംഭവിക്കും? ജലം ഉയരുന്നൂ,മുകളിൽ മുമ്പോട്ടു തള്ളൽ, അടിയിൽ പുറകോട്ടു തള്ളൽ;സ്വാഭാവികമായും മുകൾഭാഗം മുമ്പോട്ടു മറിയും . ജലത്തിന്റെ പ്രതല ബലം മൂലം ജലത്തിന്റെ ഈ പാളി തകരാതെ കുറെ നേരം കാക്കും അപ്പോഴേക്കും ഭംഗിയുള്ള ഒരു ചുരുളൻ തിര രൂപപ്പെട്ടു കഴിഞ്ഞിരിക്കും. ചുരുളൽ പൂർത്തിയാകുമ്പോഴേക്കും ഏറ്റവും മുകളിൽ മുമ്പിലുള്ള ഭാഗം ഗുരുത്വാകർഷണത്തോടു പിടിച്ചു നില്ക്കാനാവാതെ താഴേക്കു വീണു തകരുകയും ചെയ്യും.
1.പുലർകാലത്ത് കാറ്റുകളുടെ ഈ കളി ഉണ്ടാകാറില്ല ,അല്ലെങ്കിൽ ദുര്ബ്ബലം ആണ് .തീരം തിരകളില്ലാതെ ശാന്തമായിരിക്കുകയും ചെയ്യും.
2. തീരത്തെ കടൽ തട്ടിന്റെ ചരിവ് ആണു ചുരുളൻ തിരകളുടെ വലിപ്പവും തീരത്ത് നിന്നുള്ള അകലവും നിയന്ത്രിക്കുന്നത്‌.

Sunday, September 21, 2014

അഭിയും വിശ്വവും -QA Session #12

വരയും ചോദ്യവും അഭിജിത്ത്

നമ്മുടെ മെമ്മറി എത്ര GB യാണ്.?
ഉത്തരം : കടപ്പാട്  സുജിത് കുമാർ


രണ്ടു വർഷങ്ങൾക്ക് മുൻപ് ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ അവരുടെ പരമ്പരാഗത ശത്രുക്കളായ ഉത്തര കൊറീയൻ സർക്കാർ മുഖപത്രം "വെറും 2 എംബി തലച്ചോറുള്ളവൻ" എന്നു വിളിച്ചു.. അന്ന് പല മാധ്യമങ്ങളിലും മനുഷ്യന്റെ തലച്ചോറ്‌ എത്ര എം ബി ആയിരിക്കും എന്നതിനെക്കുറിച്ച് അനേകം ലേഖനങ്ങളും ചർച്ചകളും വന്നിരുന്നു. അവിടെ നിന്നും ഒന്ന്:

മനുഷ്യ മസ്തിഷ്കത്തിന്റെ മെമ്മറി കപ്പാസിറ്റി 10 മുതൽ 100 ടെറാ ബൈറ്റ് (1 Terabyte=1000 Gigabyte) വരെ വ്യത്യാസപ്പെടാം . ഇതിന്റെ ഒരു ഏകദേശ കണക്ക് ഇങ്ങനെയാണ് - മനുഷ്യന്റെ തലച്ചോറിൽ ശരാശരി 100 ബില്ല്യൺ ന്യൂറോണുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഓരോ ന്യൂറോണും ഏകദേശം 1000 കണക്ഷനുകൾ ഉണ്ടാക്കുന്നു ഇത്തരത്തിൽ ന്യൂറോണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന സിനാപ്സ് എന്ന ഭാഗത്ത് ആണ് ഓർമ്മ സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു ഇങ്ങനെ ഓരോ സിനാപ്സിനേയും ഒരു മെമ്മറി എലമെന്റ് ആയി കണക്കാക്കിയാൽ മൊത്തം 1000 x 100 ബില്ല്യൺ = 100 ടെറാ ബൈറ്റ് എന്ന ഒരു ഏകദേശ കണക്ക് ലഭിക്കും എന്നാണ് പറയപ്പെടുന്നത്. 
ഇത് വെറും ഒരു ഊഹക്കണക്കാണ് കേട്ടോ കാരണം ഇവിടെ ഒരു സിനാപ്സിനെ ഒരു മെമ്മറി എലമെന്റ് ആയാണ് കണക്കാക്കിയിരിക്കുന്നത് - യഥാർത്ഥത്തിൽ അങ്ങിനെ ആയിരിക്കണം എന്നില്ല ഒരു സിനാപ്സിൽ തന്നെ അനേകം മെമ്മറി എലമെന്റുകൾ ഉണ്ടാകാം- കൂടാതെ ഒരു മെമ്മറി എലമെന്റിനായി അനേകായിരം സിനാപ്സുകളിലെ ഡാറ്റയും ചിലപ്പോൾ വേണ്ടി വന്നേക്കാം. മാത്രവുമല്ല ഓരോരുത്തരുടേയും മസ്തിഷ്കത്തിലുള്ള ന്യൂറോണുകളുടെ എണ്ണത്തിലും സാന്ദ്രതയിലും എല്ലാം കാര്യമായ വ്യത്യാസങ്ങളും ഉണ്ട് . അതുകൊണ്ടൂ തന്നെയാണ് 10 മുതൽ 100 വരെ ടെറാബൈറ്റ് എന്ന വലിയൊരു റേഞ്ച് ഉണ്ടായത്. 
ഇതല്ലാതെയും തിയറികൾ കണ്ടേക്കാം..

അഭിയും വിശ്വവും -QA Session #11

വരയും ചോദ്യവും അഭിജിത്ത്
ഊര്‍ജ്ജം കൂടുതലായി പുറപ്പെടുവിക്കുമ്പോള്‍ ശബ്ദവും ഉണ്ടാകുന്നു,.
പ്രതേകിച്ച് ഹും,ഹാ...എന്ന് തുടങ്ങുന്നവ.
അതെന്തുകൊണ്ടാ.
ഞങ്ങള്‍ രാവിലെ ഷട്ടില്‍ കളിക്കുമ്പോള്‍ ഇങ്ങനെയാണ് കളിക്കാറ്.ഉത്തരം : കടപ്പാട് വിശ്വപ്രഭ  (Viswa Prabha )

 തിരിച്ചല്ലേ? ശബ്ദമുണ്ടാക്കുമ്പോൾ ഊർജ്ജമല്ലേ കൂടുതൽ ഒഴുകുന്നതു്? 

JCBയും ടിപ്പർ ലോറിയും പ്രവർത്തിക്കുന്നതു കണ്ടിട്ടുണ്ടോ?
നമുക്കു വായുവിനെ വലിയ കാര്യമായിട്ടുതോന്നില്ലെങ്കിലും ശരിക്കും ശക്തിമാൻ അവനാണു്. 

പടക്കവും ബോംബും പൊട്ടാനും മിസ്സൈലുകളും ജെറ്റുവിമാനങ്ങളും തീവണ്ടികളും കപ്പലും പാഞ്ഞുപോകാനും കൊടുങ്കാറ്റും പേമാരിയുമുണ്ടാക്കി ലോകത്തിന്റെ ചരിത്രം തന്നെ മാറ്റാനും ഒക്കെ കാരണം വായുവിന്റെ ശക്തിയാണു്.

അതുകൊണ്ടാണു് ഹനുമാനും ഭീമനും വായുപുത്രന്മാരാണെന്നു പറയുന്നതു്.

നമ്മുടെ പേശികളും വായുവിന്റെ ശക്തിക്കും ലഭ്യതയ്ക്കും അനുസരിച്ചാണു് സ്വന്തം ഊർജ്ജം എത്ര ഒഴുക്കാം എന്നു നിശ്ചയിക്കുന്നതു്. 
നാം ഉണ്ടാക്കുന്ന ശബ്ദമോ? വായുവിന്റെ ഒഴുക്കിന്റെ ഒരു പരിണതഫലം മാത്രം.Friday, September 19, 2014

അഭിയും വിശ്വവും -QA Session #10

വരയും ചോദ്യവും അഭിജിത്ത്

കുട്ടികള്‍ക്കുള്ള പുസ്തകങ്ങളിലും,മറ്റ് വിവരശേഖരങ്ങളിലും,
നിറം മെഴുകിയിരിക്കും.
അതെന്തുകൊണ്ടാ.
മുതിര്‍ന്നവര്‍ക്കുള്ളതാണെങ്കില്‍ പലതും നിറമില്ലാത്തതുമാണ്ഉത്തരം : കടപ്പാട് വിശ്വപ്രഭ  (Viswa Prabha )കുട്ടികൾക്കു് കയ്പ്പുള്ള മരുന്നുകൊടുക്കുമ്പോൾ ഒപ്പം മേമ്പൊടിയായി പഞ്ചസാര കൊടുക്കില്ലേ? മുതിർന്നവർ മേമ്പൊടിയൊന്നുമില്ലാതെ കയ്പ്പുള്ള കഷായം കുടിക്കാറില്ലേ?

മുതിർന്നവർക്കറിയാം, കയ്പുതോന്നുമെങ്കിലും മരുന്നു് ശരിക്കും നന്മയുള്ളതാണെന്നു്.

അക്ഷരം പഠിച്ചുതുടങ്ങുമ്പോൾ അതിനുള്ളിൽ പതിയിരിക്കുന്ന അർത്ഥം എന്ന പോഷകത്തെക്കുറിച്ചു് കുട്ടികൾക്കറിയില്ല. അവർ അക്ഷരം എന്ന കോറിവരകൾ എങ്ങനെയെങ്കിലും കടിച്ചുചവച്ചുതിന്നുന്നു എന്നേ ഉള്ളൂ. 
എന്നാൽ, വലുതാവുമ്പോൾ വരകളെയല്ല, അർത്ഥങ്ങളെയാണു നാം വായിക്കുന്നതു്.

മേമ്പൊടിയായി തിന്നുന്ന പഞ്ചസാരയ്ക്കു് മധുരമുണ്ടു്. പക്ഷേ അതിനുള്ളിൽ പോഷകങ്ങളൊന്നുമില്ല.

ചിത്രത്തിലെ നിറങ്ങൾക്കു് നല്ല മധുരമാണു്. പക്ഷേ വലുതാവുമ്പോൾ നാം തിരിച്ചറിയുന്നു, അവ കടലാസിൽ പുരട്ടിയ കൃത്രിമച്ചായം മാത്രമാണു്. പൂക്കളുടേയും പൂമ്പാറ്റകളുടേയും പോലെ ഊഞ്ഞാലാടുകയും പാറിപ്പറക്കുകയും ചെയ്യുന്ന അർത്ഥങ്ങളല്ല എന്നു്.Thursday, September 18, 2014

അഭിയും വിശ്വവും -QA Session #9

വരയും ചോദ്യവും അഭിജിത്ത്

ലോകത്ത് ഉത്തരം കിട്ടിയതിനേക്കാള്‍ ഉത്തരം കിട്ടാത്തതാണല്ലോ കൂടുതല്‍.
അതെന്താ?ഉത്തരം : കടപ്പാട് വിശ്വപ്രഭ  (Viswa Prabha )


അതിനു് കാരണം വൈവിദ്ധ്യവികാസം എന്നൊരു പ്രതിഭാസമാണു്. സയൻസിൽ entropy എന്നാണു വിളിക്കുക. 

നമുക്കു് രണ്ടു കാലുകളുണ്ടു്. ആദ്യത്തെ ചുവടു് ഇടതുകാലുകൊണ്ടോ വലതുകാലുകൊണ്ടോ വെക്കാം. ഓരോന്നും ഓരോ ഭാവിസാദ്ധ്യതകളിലേക്കാണു നയിക്കുക. അതിൽ ഒന്നു നാം തെരഞ്ഞെടുത്തു എന്നു വെക്കുക. ഒരുചുവടുവെച്ചു. എന്നിട്ടു നിന്നു. അപ്പോഴും അടുത്ത ചുവടുവെക്കാൻ നമുക്കു മുന്നിൽ രണ്ടു ലോകങ്ങളുണ്ടു്. അതായതു് വെറും രണ്ടു ചുവടുകൾ കൊണ്ടു് നാലു സാദ്ധ്യതകളിൽ ഒന്നിനെ മാത്രമാണു തെരഞ്ഞെടുത്തതു്. അഥവാ നാലു ചോദ്യങ്ങൾ ഉണ്ടാക്കി അതിൽ ഒന്നിനു മാത്രം ഉത്തരം കണ്ടു!! (അടുത്ത ചുവടോടെ ഇതു് എട്ടിൽ ഒന്നാവും!)

അതുപോലെ, ഓരോ ഉത്തരവും നമുക്കു് പുതുതായി രണ്ടു ചോദ്യങ്ങളെങ്കിലും കൊണ്ടുതരും.
നമ്മുടെ, ജീവികളുടെ, ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റേയും ആശ ഓരോ പ്രശ്നത്തിനും സാദ്ധ്യമായ ഉത്തരങ്ങളൊക്കെ കണ്ടുപിടിക്കണമെന്നാണു്. 

അങ്ങനെ കണ്ടുപിടിച്ചാൽ പിന്നെ യാതൊരു പ്രശ്നവും ബാക്കിയുണ്ടാവില്ല. എല്ലാർക്കും സംതൃപ്തിയാവും. സുഖമാവും. എല്ലായിടവും ദൈവരാജ്യം (സ്വർഗ്ഗം) ആവും.

പക്ഷേ, അങ്ങനെ എന്നെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിതത്തിനും മരണത്തിനും ഒന്നും ഒരർത്ഥവുമുണ്ടാവില്ല. എല്ലാരും സുഖിച്ചു ബോറടിച്ചു മരിക്കും. (അയ്യോ! മരിക്കാനും പറ്റില്ല!)

കണക്കുശാസ്ത്രം എന്തായാലും അതിനു സമ്മതിക്കുകയുമില്ല. കാരണം, ചൂടിനെക്കുറിച്ചു പഠിക്കുന്ന സയൻസിൽ പൂജ്യാമത്തെ ഒരു നിയമം ഉണ്ടു്. ആ നിയമത്തിൽനിന്നും പൊട്ടിമുളച്ച രണ്ടുനിയമങ്ങൾ പിന്നെയും. അതിലെ രണ്ടാമത്തെ നിയമം (second law of thermodynamics) അനുസരിച്ച് പ്രപഞ്ചത്തിന്റെ വൈവിദ്ധ്യം ഓരോ നിമിഷവും പെരുകിക്കൊണ്ടിരിക്കും.

മാത്രമല്ല, അതിന്റെ പാരമ്യത്തിൽ പ്രപഞ്ചത്തിലെ ഓരോ ബിന്ദുവിലും ചൂട് ഒരേപോലെയാവും എന്നാണു ഭൗതികശാസ്ത്രജ്ഞന്മാർ കുറേക്കാലമായി വിശ്വസിച്ചുകൊണ്ടിരുന്നതു്. അങ്ങനെവന്നാൽ പിന്നെ ഒരാൾക്കും,ഒരു വസ്തുവിനും ഒരു തന്മാത്രക്കും ഒരു ഊർജ്ജരശ്മിക്കും ഒരു പണിയുമെടുക്കാനാവില്ല. പ്രപഞ്ചം അപ്പാടെ നിശ്ചലമാവും!
പ്രപഞ്ചത്തിന്റെ താപമരണം എന്നാണു് ഈ ശാസ്ത്രകൽപ്പനയെ വിളിക്കുന്നതു്.

(പക്ഷേ ഈയിടെ ആ വിശ്വാസത്തിനു് കുറച്ച് ഇളക്കം തട്ടിയിട്ടുണ്ടു്. അതിന്റെ ഏറ്റവും ഒടുവിലെ ലക്ഷണമാണു് ഈയിടെ സ്റ്റീഫൻ ഹോക്കിങ്ങ്സ് ചൂണ്ടിക്കാണിച്ച ശൂന്യമരണസിദ്ധാന്തം.)


എന്തായാലും അഭിയുടെ ഇത്തിരിപ്പോന്നൊരു ചോദ്യം കൊണ്ടു് എത്ര ഭയങ്കരമായ ഉത്തരമുണ്ടാക്കി ഞാൻ! ആ ഉത്തരത്തിന്റുള്ളിലാവട്ടെ അനേകം ചോദ്യമുട്ടകളും!