Friday, September 26, 2014

അഭിയും വിശ്വവും -QA Session #15

വരയും ചോദ്യവും അഭിജിത്ത്

മംഗലള്‍യാന്‍ അങ്ങനെ വിജയകരമായി.
മംഗള്‍യാന്‍ വിക്ഷേപിച്ചത് ശ്രീഹരികോട്ടയില്‍ നിന്നാണല്ലോ.
മറ്റൊരു പ്രധാനവിക്ഷേപണ കേന്ദ്രം തുമ്പയുമാണ്.
എന്തുകൊണ്ട് വിക്ഷേപണത്തിനായി ഈ ഇടങ്ങള്‍ തിരഞ്ഞെടുത്തത്..
എന്തിനാണ് രണ്ട് വിക്ഷേപണ കേന്ദ്രങ്ങളാക്കിയത്.
ഒന്നാക്കിയാല്‍പോരേ....
ഉത്തരം : കടപ്പാട്   Viswa Prabha

ലോകത്ത് ആകെക്കൂടി പത്തിരുപതു് പ്രധാന ബഹിരാകാശവാഹനവിക്ഷേപണകേന്ദ്രങ്ങളേയുള്ളൂ. ബാക്കി ചിലതുകൂടിയുണ്ടെങ്കിലും അവയുടെ സ്ഥാനം മിലിറ്ററി കാരണങ്ങൾ കൊണ്ടു് അതാതു ഗവണ്മെന്റുകൾ രഹസ്യമാക്കി വെച്ചിരിക്കും.

പല ഘടകങ്ങളും പരിഗണിച്ചാണു് ഒരു സ്ഥലം വിക്ഷേപണകേന്ദ്രമായി
തെരഞ്ഞെടുക്കുന്നതു്:

1. സമുദ്രതീരം
2. ശത്രുരാജ്യങ്ങളിൽനിന്നുള്ള സുരക്ഷ, അകലം.
3. ജനവാസം കുറഞ്ഞ സ്ഥലം
4. ഭീമമായ വലുപ്പമുള്ള റോക്കറ്റ് തുടങ്ങിയവയുടെ ഘടകങ്ങൾ എത്തിക്കാനുള്ള സൗകര്യം
5. വിമാനങ്ങൾ, കപ്പലുകൾ തുടങ്ങിയവയുടെ യാത്രാപഥങ്ങളിൽനിന്നുള്ള അകലം.

എന്നാൽ, ഇവയേക്കാളുമൊക്കെ പ്രധാനമായ ഒന്നുരണ്ടു ശുദ്ധശാസ്ത്രീയകാരണങ്ങൾ കൂടിയുണ്ടു്:

1. വിക്ഷേപണം നടക്കുന്നതിനു് എപ്പോഴും നല്ലതു് പടിഞ്ഞാറുനിന്നും കിഴക്കോട്ടു് ചെരിഞ്ഞുപൊങ്ങിപ്പോകുന്ന പാതയാണു്. ഭൂമിയുടെ ഭ്രമണദിശയ്ക്കു് അനുകൂലമായി തൊടുത്തുവിടുന്നതുകൊണ്ടു് വളരെയധികം ഊർജ്ജം / ഇന്ധനം ഇങ്ങനെ ലാഭിക്കാം. (ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ / സൈക്കിളിൽ നിന്നും കുറുമ്പന്മാർ ചാടിയിറങ്ങുന്നതു മുമ്പിലേക്കല്ലേ? ഊഞ്ഞാൽ ആട്ടിക്കൊടുക്കുമ്പോൾ കൂടുതൽ ആക്കം കൊടുക്കാൻ എപ്പോഴാണു തള്ളിവിടേണ്ടതു്?)

പൊങ്ങിപ്പോകുന്ന റോക്കറ്റിൽനിന്നു് ധാരാളം വസ്തുക്കൾ താഴേക്കു വീണുകൊണ്ടിരിക്കും. കത്തിത്തീർന്ന ആദ്യഘട്ടഎഞ്ചിനുകൾ, ചില തരം ആവരണപദാർത്ഥങ്ങൾ ഇവയെല്ലാം. അതൊക്കെ ഭൂമിയിലേക്കാണു വീഴുക. അവിടെ ആൾത്താമസമുണ്ടെങ്കിൽ അവർക്കൊക്കെ എന്തു പറ്റും? മാത്രമല്ല, അപൂർവ്വമായി എന്തെങ്കിലും കാരണംകൊണ്ടു് വായുമദ്ധ്യത്തിൽ വെച്ചുതന്നെ റോക്കറ്റിനെ ഉപേക്ഷിക്കുകയോ തകർത്തുകളയുകയോ വേണ്ടിവരാം. അപ്പോൾ അതപ്പാടെ താഴേക്കു തലയും കുത്തിവരും.

അതിനാൽ, കഴിയുമെങ്കിൽ കിഴക്കോട്ടു് 500 - 600 കിലോമീറ്റർ വരെ ജനവാസം തീരെ കുറഞ്ഞ ഒരു ഭാഗമാണു് റോക്കറ്റ് സ്റ്റേഷനു് ഏറ്റവും നല്ലതു്.

2. ഓരോരോ തരം ഉപഗ്രഹങ്ങൾക്കും യോജിച്ച ഭ്രമണപഥങ്ങൾ കാണും. ഭൂസ്ഥിരപഥങ്ങൾ, ധ്രുവസ്ഥിരപഥങ്ങൾ തുടങ്ങി. ഇവയിൽ പലതിനും യോജിച്ചതരത്തിൽ വേണം ഉപഗ്രഹം ആദ്യം ചെന്നെത്തുന്ന സ്ഥാനം. അതായതു് അതിനെ തൊടുത്തുവിടുന്ന റോക്കറ്റ് പുറപ്പെടേണ്ട സ്ഥാനം. അപ്പോൾ പിന്നെ ആ കാര്യവും പരിഗണിക്കണം.

 1960-കളിൽ വളരെ ലളിതമായ പരീക്ഷണങ്ങളായിട്ടാണു് ഇന്ത്യയുടെ റോക്കറ്റ് ഗവേഷണം തുടങ്ങിവെച്ചതു്. ഭൂമദ്ധ്യരേഖയ്ക്കു് പരമാവധി അടുത്തുവേണം എന്നുള്ളതായിരുന്നു അന്നത്തെ പ്രധാന മുൻഗണന. എന്നാൽ, അതോടൊപ്പം പ്രാധാന്യമുള്ളതായിരുന്നു അന്തരീക്ഷത്തിന്റെ ഘടന, കാലാവസ്ഥാമാറ്റങ്ങൾ തുടങ്ങിയവയുടെ നിരീക്ഷണങ്ങളും. അതിനുവേണ്ടിയുള്ള ചെറിയ സൗണ്ടിങ്ങ് റോക്കറ്റുകളും മറ്റുമായിരുന്നു ആദ്യത്തെ വിക്ഷേപണയജ്ഞങ്ങൾ. 

ഭൂമിയുടെ യഥാർത്ഥ മദ്ധ്യരേഖ കുറേക്കൂടി തെക്കാണെങ്കിലും, കാന്തികമദ്ധ്യരേഖ (കാന്തിക ഉത്തരധ്രുവത്തിനോടും കാന്തിക ദക്ഷിണധ്രുവത്തിനോടും സമമായി അകന്നുനിൽക്കുന്ന സാങ്കൽപ്പികവൃത്തം) ഇന്ത്യയിലൂടെ കടന്നുപോകുന്ന സ്ഥലമാണു് തിരുവനന്തപുരത്തിനടുത്തുള്ള തുമ്പ. അന്നത്തെ ആവശ്യങ്ങൾക്കു് അതായിരുന്നു ഏറ്റവും യോജിച്ചതു്.


എന്നാൽ, 1970കളോടെ കൂടുതൽ മികച്ച ഒരു കേന്ദ്രം സ്ഥാപിക്കാൻ അന്നത്തെ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചു. ഇന്ത്യയുടെ കിഴക്കൻ തീരത്തു് അനേകം മാസങ്ങൾ നീണ്ടുനിന്ന അന്വേഷണങ്ങൾക്കും സർവ്വേകൾക്കും ഒടുവിൽ ആന്ധ്രയ്ക്കു കിഴക്കു് നെടുനീളത്തിൽ കിടക്കുന്ന, അധികം ജനവാസമില്ലാഞ്ഞ ഒരു ദ്വീപു കണ്ടെത്തി. അതാണു് ശ്രീഹരിക്കോട്ട.

അതിനുശേഷം, ഇക്കാലം വരെ ഒട്ടനവധി ഉപകരണങ്ങളും സൗകര്യങ്ങളും ശ്രീഹരിക്കോട്ടയിൽ സ്ഥാപിക്കപ്പെട്ടു. അതോടെ, വിലപിടിച്ച അത്തരം സംവിധാനങ്ങൾ ലഭ്യമായിട്ടുള്ള അവിടെത്തന്നെ നമ്മുടെ മുഖ്യവിക്ഷേപണകേന്ദ്രമായി മാറുകയും ചെയ്തു.1 comment:

ajith said...

അപൂർവ്വമായി എന്തെങ്കിലും കാരണംകൊണ്ടു് വായുമദ്ധ്യത്തിൽ വെച്ചുതന്നെ റോക്കറ്റിനെ ഉപേക്ഷിക്കുകയോ തകർത്തുകളയുകയോ വേണ്ടിവരാം. അപ്പോൾ അതപ്പാടെ താഴേക്കു തലയും കുത്തിവരും>>>>>>>>>> ഇതൊക്കെ വായിച്ചപ്പോള്‍ പണ്ടത്തെ സ്കൈലാബിനെ ആണോര്‍മ്മ വന്നത്. ഈ യുവതലമുറയ്ക്ക് ഒരു പക്ഷെ അറിയാന്‍ വഴിയില്ലെങ്കിലും സ്കൈലാബിന്റെ പതനവാര്‍ത്തകള്‍ ലോകത്തെ കുറെ നാള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു