Sunday, September 14, 2014

അഭിയും വിശ്വവും -QA Session #1

ചോദ്യം :മരങ്ങളില്‍ വയസ്സ് പറയുന്ന വളയങ്ങളുണ്ടാകുന്നതെന്തുകൊണ്ടാണ്?  
വരയും ചോദ്യവും അഭിജിത്ത് 





ഉത്തരം : കടപ്പാട് : വിശ്വ പ്രഭ 

വേനൽക്കാലത്തും വർഷക്കാലത്തും താപനിലകൾ നമ്മുടെ ഭക്ഷണ-ഊർജ്ജ-അപചയപ്രക്രിയകളെ ബാധിക്കുന്നതു് ഒരുപോലെയല്ല എന്നു മുമ്പു പറഞ്ഞിട്ടില്ലേ? സസ്യങ്ങളെസംബന്ധിച്ചും ഇക്കാര്യം ബാധകമാണു്. 

ഒരു മരം വളരുന്നതു് സൂര്യപ്രകാശം, അന്തരീക്ഷത്തിലെ ഈർപ്പം, താപനില, ഭൂമിയിലെ ജലത്തിന്റേയും മറ്റു് അവശ്യരാസപദാർത്ഥങ്ങളൂടേയും ലഭ്യത എന്നിവ അനുസരിച്ചാണു്. എല്ലാ വർഷവും ഓരോ ഋതുക്കളിലും ഇവ മാറിക്കൊണ്ടിരിക്കും. എങ്കിലും കുറെ വർഷങ്ങൾ ഒരുമിച്ചെടുത്താൽ, ഈ തരം ഋതുഭേദങ്ങളും അതിനൊത്തു് വളർച്ചനിരക്കുകളും മിക്കവാറും സ്ഥിരമായ ഒരു താളത്തിലാണു നടക്കുന്നതെന്നു മനസ്സിലാവും.

ഉദാഹരണത്തിനു് ഇലപൊഴിയുംകാടുകളിലെ അതിശക്തനും ദീർഘായുസ്സുമായ ഒരു വൃക്ഷമായ നമ്മുടെ തേക്കിന്റെ കാര്യമെടുക്കാം. 
വേനൽക്കാലത്തു് ഭൂമിയിലെ ജലലഭ്യത തീരെ കുറയും. ഇലകളിലെ ചെറിയ സുഷിരങ്ങളിൽ നടക്കുന്ന ബാഷ്പീകരണമാണു് ഭൂമിയിൽനിന്നും മുകളറ്റത്തേക്കു് വെള്ളത്തിനെ വലിച്ചെടുക്കുന്ന 'പമ്പ്'. (ബാഷ്പീകരണം നടക്കുമ്പോൾ സുഷിരങ്ങളിലേക്കു ബന്ധപ്പെടുത്തിയ നേരിയ കുഴലുകളിൽ മർദ്ദം കുറയുന്നു. അന്തരീക്ഷമർദ്ദം ബാലൻസ് ചെയ്യാൻ അവിടേക്കു് താഴെനിന്നും വെള്ളം തള്ളിവരുന്നു.). 

തേക്കിനു് മൊത്തമായി ഒരു തലച്ചോറോ ചിന്താശേഷിയോ ഒന്നുമില്ല. പകരം, ഓരോ കോശങ്ങളിലേയും രാസഘടന വെള്ളത്തിന്റേയും ചൂടിന്റേയും ഇലകളിലെ ബാഷ്പീകരണനിരക്കിന്റേയും അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. അത്തരം ചെറുമാറ്റങ്ങൾ മൊത്തത്തിൽ ഒരു തലച്ചോറുപോലെ പ്രവർത്തിക്കും.
വേനൽക്കാലത്തു് ഈ പമ്പുകളെല്ലാം മുഴുവൻ ശക്തിയിൽ പ്രവർത്തിച്ചാൽ, ആകെ ഭൂമിയിൽ അവശേഷിക്കുന്ന ഇത്തിരി വെള്ളം കൂടി പെട്ടെന്നു് അവസാനിക്കും. അതുകൊണ്ടു് കുറേ പമ്പുകൾ ഓഫ് ചെയ്യണം. തൽക്കാലം വളർച്ചയല്ല പ്രശ്നം, നിലനില്പാണു്.

തേക്കു് അതിനുവേണ്ടി ചെയ്യുന്നതെന്താണു്? ഇലകൾ ഒട്ടുമിക്കവയും പൊഴിച്ചുകളയും. അതോടെ പമ്പുകളെല്ലാം ഓഫാവും. പവർ കട്ട്, ലോഡ് ഷെഡ്ഡിങ്ങ്. പുതുതായി അധികം കോശങ്ങളൊന്നുമുണ്ടാവുന്നില്ല. ഉള്ളവയ്ക്കുതന്നെ തൽക്കാലം മദ്ധ്യവേനൽ അവധി. ഉള്ള കോശങ്ങൾക്കു് വിശ്രമിച്ചുകിടക്കാൻ ഇഷ്ടം പോലെ ഇടം. അതിനാൽ മൃദുവായ, വിളറിവെളുത്ത ആ കോശങ്ങൾക്കെല്ലാം തടിക്കുചുറ്റും പൊതിഞ്ഞു് ഒരു സിലിണ്ടർപോലെ, ഒരേ നിറം, ഒരേ ഘടന.

മഴക്കാലം വരുമ്പോൾ, ഭൂമിയിൽ ധാരാളം ജലം ലഭിക്കും. ചൂടു കുറയും. അതും കൂടാതെ അന്തരീക്ഷത്തിലെ ഈർപ്പം കൂടും. ഇതൊക്കെ കൂടി ബാഷ്പീകരണത്തിന്റെ നിരക്കു് ഗണ്യമായി കുറയും. പുതിയ ഇലകൾ പൊട്ടിവിരിയും. പുത്തൻ കുപ്പായമിട്ടു് സ്കൂളിൽ-പോകാൻ അഭിക്കു് കൂടുതൽ ഉന്മേഷം തോന്നുന്നതുപോലെ, തേക്കു് എന്ന കോശഫാക്ടറിയിൽ എല്ലാർക്കും ഉണർവ്വുണ്ടാകും.
തേക്കുമരം വളരെ മികച്ച നിരക്കിൽ വളരും. കൂടുതൽ കോശങ്ങളുണ്ടാവും. ഇടയ്ക്കു് ഒട്ടും സ്ഥലമില്ലാതെ വരുമ്പോൾ അവ തിങ്ങിഞെരുങ്ങി തടികളിൽ സിലിണ്ടർ രൂപത്തിലുള്ള മറ്റൊരു നിറത്തിലും ബലത്തിലുമുള്ള പാളിയായിമാറും.
ഇങ്ങനെ തിങ്ങിഞെരുങ്ങി ഏറ്റവും നടുവിലായി വരുന്ന ഭാഗം കുറേ കാലംകഴിയുമ്പോൾ ഏറെ ബലമുള്ളതായി മാറും, അതിനെയാണു നാം കാതൽ എന്നു വിളിക്കുക.
ഏറ്റവും പുറത്തുള്ള കോശങ്ങൾക്കു് തിങ്ങിഞെരുങ്ങേണ്ടതില്ല. അവയ്ക്കു് പുറമേക്കു് വളരാം. അതിനാൽ അവ മൃദുവായ ഭാഗമായി മാറുന്നു. (ബലം കുറവാണെങ്കിലും വേണ്ടി വന്നാൽ പുതിയ ചിനപ്പുകളും മുകുളങ്ങളും ശാഖകളും ഉണ്ടാക്കാൻ ഈ കോശങ്ങൾക്കറിയാം.). തടിയുടെ ഈ പുറംഭാഗത്തിനെ നാം വെള്ള എന്നു പറയും.

വെള്ളയ്ക്കും കാതലിനുമിടയിലാണു് ഓരോ വർഷവും എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പവർ കട്ട് പാളികൾ പ്രത്യക്ഷപ്പെടുക. തടി മുറിച്ചാൽ ഇവ റിങ്ങുകൾ (വലയങ്ങൾ) ആയി കാണപ്പെടും. അവയുടെ എണ്ണമെടുത്താൽ മരം ആകെ എത്ര വർഷം ജീവിച്ചിരുന്നു എന്നുമറിയാം. അതിനാൽ ഇവയെ വാർഷികവലയങ്ങൾ എന്നു വിളിക്കുന്നു

ഇപ്പോൾ ഈ സംശയത്തിനു് മുഴുവൻ ഉത്തരമായില്ലേ? 
ഇതു് ഇനി ജിജ്ഞാസുക്കളായ കൂട്ടുകാർക്കൊക്കെ പറഞ്ഞുകൊടുക്കുകയും വേണം.
നാം പുതുതായി മനസ്സിലാക്കുന്ന കാര്യങ്ങൾ ഒപ്പം തന്നെ കൂട്ടുകാർക്കു പറഞ്ഞുകൊടുക്കുകയും വേണം. 

പലപ്പോഴും ചില മാതാപിതാക്കൾ കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്ന തെറ്റായ ഒരു കാര്യം അവരുടെ അറിവുകൾ കൂടെയുള്ളവർക്കു പറഞ്ഞുകൊടുക്കരുതെന്നാണു്. മാർക്കും റാങ്കും മറ്റുള്ളവർ അടിച്ചെടുക്കുമോ എന്നാണവരുടെ പേടി. പക്ഷേ അവർ ചെയ്യുന്ന അബദ്ധം അവർ തന്നെ തിരിച്ചറിയുന്നില്ല.
അറിവു് തീപ്പന്തം പോലെയാണു്. എത്ര കൂടുതൽ മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്നുവോ അത്ര തന്നെ നമ്മുടെ അറിവിനു് തീവ്രതയും പ്രകാശവും കൂടും. 
വേറൊരാൾക്കു പറഞ്ഞുകൊടുക്കുമ്പോഴാണു് നമുക്കുതന്നെ ഇനിയും കൂടുതൽ പഠിക്കാനുണ്ടായിരുന്നു എന്നു നാം സ്വയം തിരിച്ചറിയുക.







1 comment:

Viswaprabha said...

ആദ്യം കടപ്പാട് നൽകേണ്ടതു് ആ ചോദ്യത്തിനും വരയ്ക്കുമല്ലേ? :)