Tuesday, September 16, 2014

അഭിയും വിശ്വവും -QA Session #6

വരയും ചോദ്യവും അഭിജിത്ത് 

വസ്ത്രങ്ങള്‍ എന്തുകൊണ്ട കരിമ്പനടിക്കുന്നു.





ഉത്തരം : കടപ്പാട് വിശ്വപ്രഭ  (Viswa Prabha )

കരിമ്പനു് ഇംഗ്ലീഷിൽ പറയുന്ന പേരു് mildew.

ഇന്നാൾ കൂണിനെപ്പറ്റി ചോദിച്ചില്ലേ? അതുമായി ബന്ധപ്പെട്ടതാണു് ഈ ചോദ്യവും. അതുകൊണ്ടു് രണ്ടും കൂടി ഒരുമിച്ചു പറയാം. ആദ്യം കുറേ പരത്തിപ്പറഞ്ഞു് (beating around the bush എന്നു് ഇംഗ്ലീഷിലെ ശൈലി) ഒടുവിൽ ഉത്തരത്തിലേക്കെത്താം. 

കൂൺ എന്ന പേരിൽ നാം കാണുന്ന കുട പോലെ വലിയ തൊപ്പിയും കാലുമുള്ള സാധനം വാസ്തവത്തിൽ കൂൺ എന്ന ജീവിയുടെ പൂവു് എന്നു പറയാവുന്ന ഭാഗം മാത്രമാണു്. അതൊഴിച്ചാൽ, ശരിക്കുമുള്ള കൂൺ നന്നേ ചെറിയ, നാരുപോലെയോ വേരുപോലെയോ ഉള്ള ഒരു ചെറിയ ഭാഗം മാത്രമാണു്.
(പൂവു് എന്നു പറഞ്ഞെങ്കിലും സാധാരണ നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള പൂവുമല്ല. ജീവികളുടെ പ്രത്യുല്പാദനത്തിനുള്ള അവയവങ്ങളെ നമുക്കു് വളരെ സാമാന്യമായി 'പൂവു്' എന്നു വിളിക്കാം.)

(കൂൺ എന്ന ജീവി എന്നു പറയാൻ കാരണമെന്താണു്? കൂൺ സസ്യമോ ജന്തുവോ? ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്തു് കൂണുകളെ സസ്യങ്ങളായാണു സാധാരണ സ്കൂൾ പാഠങ്ങളിൽ വകയിരുത്തിയിരുന്നതു്. പക്ഷേ, ഇപ്പോൾ വ്യക്തമായും അവയെ വേർതിരിച്ചുമാറ്റിയിട്ടുണ്ടു്. ഹരിതകം ഉപയോഗിച്ച് സൂര്യപ്രകാശത്തെ 'ധാന്യോർജ്ജം' ആക്കിമാറ്റാൻ കഴിവുള്ള ജീവികളെമാത്രമേ ഇപ്പോൾ സസ്യങ്ങൾ എന്നുവിളിക്കുന്നുള്ളൂ. കൂണുകൾക്കു് ആ കഴിവില്ല. അഥവാ അത്രയും അദ്ധ്വാനം ചെയ്യാൻ അവയ്ക്കു മനസ്സില്ല. പകരം ആർക്കും വേണ്ടാതെ കുപ്പയിലോ കുഴിയിലോ ഒക്കെക്കളഞ്ഞ, പഴയ ഭക്ഷണം വലിച്ചുതിന്നാണു് അവയ്ക്കു ശീലം.

അതവിടെ നിൽക്കട്ടെ, നമുക്കു വേറൊരു കാര്യം സംസാരിക്കാം. 
അഭിയ്ക്കു് മണങ്ങൾ ഇഷ്ടമാണോ? നല്ല മണങ്ങളും ചീത്ത മണങ്ങളും? 
ചീത്ത മണങ്ങളോ? അതെങ്ങനെ ഇഷ്ടപ്പെടാനാവും അല്ലേ?
വാസ്തവത്തിൽ നല്ല മണങ്ങളും ചീത്ത മണങ്ങളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. കാർബൺ രസതന്ത്രത്തിലെ സംഗീതക്കച്ചേരികളാണു് മിക്കവാറും എല്ലാ മണങ്ങളും. പ്രത്യേകിച്ച് നമുക്കു് ഏറെ ഇഷ്ടം തോന്നുന്നവയും തീരെ വെറുക്കുന്നവയും. അവയെല്ലാം ചില സ്വരങ്ങളിൽ മാത്രം വ്യത്യാസമുള്ള രാഗങ്ങളാണു്. ചില രാഗങ്ങൾ ചിലർക്കു കൂടുതൽ ഇഷ്ടപ്പെടും. മറ്റു ചിലർക്കു് വേറെ രാഗങ്ങളാവും ഇഷ്ടം.

നമുക്കു് മണങ്ങളോടുള്ള ഇഷ്ടം വ്യത്യാസപ്പെട്ടിരിക്കാൻ രണ്ടുമൂന്നു കാരണങ്ങളുണ്ടു്. ഒന്നു്: അതിന്റെ ഉറവിടം നമ്മുടെ ശരീരത്തിനു ഗുണകരമോ ഹാനികരമോ ആവാം. നാം ജനിക്കുമ്പോൾ തന്നെ അത്തരം ഇഷ്ടങ്ങൾ നമ്മുടെ ജീനുകളിൽ പ്രോഗ്രാം ചെയ്തുവെച്ചിട്ടുണ്ടു്.

ഉദാ: ജന്തുക്കൾക്കു് അവയുടെത്തന്നെ വിസർജ്ജ്യവസ്തുക്കളുടെ മണം അസഹ്യമാണു്. ശരീരത്തിനു് ഒരു തരത്തിലും ഇനി ഉപയോഗിക്കാനാവാത്ത അത്തരം പദാർത്ഥങ്ങൾ കഴിയാവുന്നത്ര ദൂരെപ്പോവട്ടെ എന്നതാണു് ജീനുകളിൽ എഴുതിവെച്ചിരിക്കുന്ന കൽപ്പന.

രണ്ടു്: നമ്മുടെ ശീലം. അതു തീരെ കുട്ടിക്കാലത്തു് അച്ഛനമ്മമാരും മറ്റും അറിഞ്ഞും അറിയാതെയും പഠിപ്പിച്ചതോ നാം തന്നെ പഠിച്ചറിഞ്ഞതോ ആവാം. 
ഉദാ: തൈരിന്റെ ഗന്ധം, സോപ്പുപൊടിയുടെ ഗന്ധം, വിയർപ്പിന്റെ ഗന്ധം, ഡെറ്റോളിന്റെ ഗന്ധം.

മൂന്നു്: മുൻ അനുഭവങ്ങളും അവയെ പ്രത്യേക ഗന്ധങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഓർമ്മകളും.

ഉദാ: പുസ്തകങ്ങളുടെ താളുകൾക്കിടയിലുള്ള ഗന്ധം. ഹോട്ടലിനു മുമ്പിലൂടെ നടക്കുമ്പോൾ മൂക്കിലെത്തുന്ന മണം

 നാം തിരിച്ചറിയുന്ന സങ്കീർണ്ണമായ മണങ്ങളിൽ മിക്കവാറുമെല്ലാം കാർബൺ സംയുക്തങ്ങളിൽനിന്നും വരുന്നതാണു്. (അതല്ലാത്തവയുമുണ്ടു്. എങ്കിലും അവ ഒരൊറ്റ സ്വരത്തിലുള്ള പാട്ടുകൾ പോലെ, ഏറെക്കുറെ സ്ഥിരമായ, ലളിതമായ മണങ്ങളാണു്.).

കാർബൺ സംയുക്തങ്ങൾ എന്നു പറഞ്ഞാലും പോരാ. നമുക്കു് ഏറെ ഇഷ്ടമോ അനിഷ്ടമോ തോന്നുന്ന മണങ്ങൾക്കു് ഏതാണ്ടെല്ലാത്തിനും ജീവനുമായി ബന്ധമുണ്ടു്. ഒന്നുകിൽ അവ പണ്ടെന്നോ ജീവിച്ചിരുന്നവയുടെ അവശിഷ്ടങ്ങളാവാം (പെട്രോളിയം, പെയിന്റ്, കടലാസ്..). അല്ലെങ്കിൽ ഇപ്പോളും ജീവനുള്ളവയോ അതിൽനിന്നും ഉണ്ടായതോ ആവാം. 
ഇനി അതുമല്ലെങ്കിൽ, നമ്മുടെ ജീവനേയും ആരോഗ്യത്തേയും പെട്ടെന്നു സ്വാധീനിക്കാൻ കഴിവുള്ള വസ്തുക്കളാവാം. ഉദാ: മദ്യം, പുകയില, ക്ലോറിൻ, ഹൈഡ്രജൻ സൾഫൈഡ്..)

ഉപ്പിനു മണമുണ്ടോ? പഞ്ചസാരക്കോ?
മണമില്ലാത്ത വസ്തുക്കളോ മണമുള്ളവയോ ഏറെക്കാലം, വളരെയേറെക്കാലം, കേടുകൂടാതെ ഇരിക്കുക?

ഇനി നമുക്കു് സൂക്ഷ്മകോശജീവികളെപ്പറ്റി സ്വല്പം ആലോചിക്കാം. നമ്മളൊക്കെ വിചാരിക്കുന്നതിലും വലിയ ഒരു ലോകമാണു് അവ നമുക്കുചുറ്റും പണിതുവെച്ചിട്ടുള്ളതു്. അവയിൽ ബാൿടീരിയകളുണ്ടു്, കുമിളുകൾ (ഫംഗസ്) ഉണ്ടു്, യീസ്റ്റ് എന്ന തരം ജീവികളുണ്ടു്. പിന്നെ ജീവനുണ്ടോ എന്നുപോലും സ്വയം അറിയാത്ത വൈറസ് എന്ന തരം സാധനങ്ങളുമുണ്ടു്.


തൽക്കാലം കൂണിന്റെ കാര്യം തന്നെ എടുക്കാം. അവയിൽ തന്നെ ആയിരക്കണക്കിനു ജാതികളുണ്ടു്. (ഉള്ളതിൽ ഏറ്റവും വലിയ ഇനങ്ങളുടെ പൂവുകളാണു് നാം കൂൺ എന്നു പേരിട്ടിട്ടുള്ളവ.)

കുമിളുകൾ പെരുകുന്നതെങ്ങനെയാണു്? അത്യന്തം സൂക്ഷ്മായ വിത്തുപൊടികൾ (ബീജരേണുക്കൾ spores) വഴി. അതും ലക്ഷക്കണക്കിനു്. തീരെച്ചെറുതാവും അവ. ഒട്ടും ഭാരമേ ഉണ്ടാവില്ല. മിക്കപ്പോഴും ഒരൊറ്റ കോശമേ ഉണ്ടാവൂ. നമുക്കു നേരിട്ടുകാണാനും പറ്റില്ല. ഒരിടത്തുവളർന്നുനിൽക്കുന്ന കുമിളിന്റെ രേണുക്കൾ അവിടെനിന്നും അന്തരീക്ഷത്തിലേക്കു പറന്നു പൊങ്ങും. എന്നിട്ട് അന്തരീക്ഷത്തിൽ അങ്ങിനെ തങ്ങിനടക്കും.

നമ്മുടെ ചുറ്റുമുള്ള വായുവിൽ ഓക്സിജനും നൈട്രജനും കാർബൺ ഡയോക്സൈഡും നീരാവിയും മാത്രമല്ല ഉള്ളതു്. ഇതുപോലെ പല തരം ബീജരേണുക്കളും പൂമ്പൊടിയും (പരാഗരേണൂ Pollens) ബാക്ടീരിയകളും അതിനൊക്കെപ്പുറമേ നേരത്തേ വിവരിച്ച തരം കാർബൺ സംയുക്തങ്ങളുടെ ഗന്ധമടങ്ങുന്ന തന്മാത്രകളും ഒക്കെയുണ്ടു്. 
ധാരാളം ഈർപ്പവും വെയിലും മഴയും സസ്യജന്തുവംശങ്ങളുമുള്ള നമ്മുടെ നാട്ടിൽ ഇവയും കൂടുതലായി കാണാം.

ചുരുക്കത്തിൽ, നമുക്കു കാണാനാവില്ലെങ്കിലും, നാം ശ്വസിക്കുന്ന വായുവിൽ‌പോലും ഒരു സൂക്ഷ്മജീവിപ്രപഞ്ചം നിലനിൽക്കുന്നുണ്ടു്.

അഭിക്കു് ഇതോടെ ക്ഷമകെട്ടുകാണും. അല്ലേ? അതുകൊണ്ടു് ഇനി കരിമ്പനടിക്കുന്നതെങ്ങനെ എന്ന കൊച്ചുചോദ്യത്തിന്റെ കൊച്ചുത്തരം പറയാം:

അനുയോജ്യമായ ഈർപ്പവും ഊഷ്മാവും പ്രകാശവും (അല്ലെങ്കിൽ പ്രകാശമില്ലായ്മ - ഇരുട്ട്) ഉള്ളപ്പോൾ വായുവിൽനിന്നും വെള്ളത്തിൽനിന്നും പരുത്തിവസ്ത്രത്തിൽ പുരളുന്ന കുമിൾ ബീജരേണുക്കൾ ആ വസ്ത്രത്തിലെ നാരുകൾ തന്നെ ഭക്ഷണമാക്കി അവയിൽ കൂട്ടത്തോടെ വളരുന്നതാണു് നാം കറുത്ത കുത്തുകളായി, കരിമ്പനടിച്ചു് കാണുന്നതു്. 

അപ്പോൾ വസ്ത്രം കരിമ്പനടിക്കാതിരിക്കാൻ എന്തുചെയ്യണം? 

അതുപോലെ, എന്തിനാണു് ഇതിനിടയ്ക്കു് മണത്തിന്റെ കാര്യം കൂടി പറഞ്ഞതു്?

ആവശ്യമുണ്ടു്. ഇപ്പോഴത്തേക്കല്ല, ബാരിയുടേയും പൈലോറിയുടേയും കഥ പറയാൻ നേരത്തേക്കു്. ലോകാവസാനത്തെക്കുറിച്ചുള്ള ഒരു ചിന്താപരീക്ഷണത്തിനും. 


1 comment:

ajith said...

അറിവുകളുടെ ഒരു ശേഖരമായി ഇത് വളരുന്നു