Sunday, June 03, 2007

ഇലമുളച്ചികളേ വെള്ളത്തണ്ടുകളേ...

കുട്ടികളേ, നാളെ സ്കൂള്‍ തുറക്കുകയാണ്.കുട്ടികള്‍ക്കല്ല,അവരുടെ രക്ഷിതാക്കള്‍ക്ക് വായിക്കാന്‍ ഒരു കവിതയും കഥയും ഇവിടെ വെക്കുന്നു.

കേട്ടെഴുത്ത്
ഉമ്പാച്ചി

കയറ്റത്തെയും
ഇറക്കത്തെയും
കുറിച്ചുള്ള
തത്വ വിചാരത്തില്‍
മുഴുകി
സ്കൂള്‍ മുറ്റത്തെ
നാട്ടുമാവും
മറ്റേകൊള്ളിലെ
പുളിമരവും
മലമുകളില്‍ നിന്നും
ഇംഗ്ലീഷ് മീഡിയം
കുട്ടികളെ വാടക വണ്ടികള്‍
ഇറക്കികൊണ്ടു പോവുമ്പോള്‍
ഒരാധി
സ്കൂളിലേക്ക്
കയറിവരും
അപ്പോഴൊക്കെ
വിചാരിച്ചിട്ടുണ്ട്
കുട്ടികളില്ലാത്ത
തക്കം നോക്കി
മേല്‍ക്കൂരയെ
അങ്ങനെ തന്നെ
ബെഞ്ചിലിരുത്തി
നാട്ടുകാരെ ഒരു പാഠം
പഠിപ്പിക്കണം
അതിനു
സമ്മതിക്കുന്നില്ല
കുട്ടികളെ
കട്ടുകേട്ട ചുമരുകള്‍ .

വിഭജനം
മെഹബൂബ് കൂടല്ലൂര്‍

കലാപത്തിന്റെ പിറ്റേന്ന്
മരനവീട്ടിലെ മൂകത്യായിരുന്നു നാട്ടില്‍.സിമന്റ് ചെയ്ത പാടവരമ്പിലൂടെ അന്നും ഞങ്ങള്‍ കുട്ടികള്‍ മദ്രസയിലേക്ക് നടന്നു.ചോര്‍ച്ചയുള്ള ഓടു കെട്ടിടം.കിലോമീറ്ററുകള്‍ക്കപ്പുറത്ത് കേള്‍ക്കാവുന്ന ഉസ്താദിന്റെ ശബ്ദം.
ഇന്നലെ സംഭവിച്ചതൊക്കെ,നിഷിദ്ധമായ ഏതോ സിനിമയിലെ രംഗങ്ങളാണെന്നു തോന്നി.ഒറ്റച്ചെരിപ്പിട്ട് കവുങ്ങിന്‍ തോപ്പിലൂടെ പായുന്ന ആള്‍കൂട്ടം.എന്തിനായിരുന്നുവെന്ന് മനസ്സിലായില്ല അലര്‍ച്ച.നിലവിളി.രക്തരേഖകള്‍ വഴിയടയാളം.
ദുര്‍ബലമായ വാതില്‍ തള്‍ലിത്തുറന്ന് മദ്രസ്സ്യിലേക്ക് കയറി.ഈര്‍പ്പത്തിന്റെ ഗന്ധംഇന്നലെപ്പെയ്ത മഴയുടെ സാക്ഷ്യങ്ങള്‍ .ആരും വന്നിട്ടുണ്ടായിരുന്നില്ല.മുസ്ഹഫിന്റെ താളുകള്‍ മറിച്ചൂസ്താദിന്റെ ഈണത്തിലുള്ള വായന.കടലിരമ്പം പോലെ ഏറ്റു ചൊല്ലലിന്റെ താളം.
പെട്ടെന്ന് വാതില്‍ തുറന്ന് താടിയും തലപ്പാവുമുള്ള കുറേപ്പേര്‍ കടന്നുവന്നു.ഞങ്ങള്‍ കുട്ടികള്‍ക്ക് തീര്‍ത്തും അപരിചിതരായിരുന്നവര്‍ .പേടിയോടെ എഴുന്നേട്ടു നിന്നു.അറബിയില്‍ അവര്‍ ഇരിക്കാന്‍ പറഞ്ഞു.ഞങ്ങളുടെ ഉസ്താദിനെ മാത്രം അവര്‍ക്കിടയില്‍ കണ്ടില്ല.
ഒരാള്‍ ചറുപിറുന്നനെ സംസാരിച്ചു തുടങ്ങി;‘പടച്ചവന്റെ തെരഞ്ഞെടുക്കപ്പെട്ട വിഭാഗമാണ് നാം.ഏത് പ്രശ്നങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അള്ളാഹുവുണ്ട്.ഇന്ന് നടക്കുന്ന എല്ല പ്രശ്നങ്ങള്‍ക്കും കാരണം
നമ്മളില്‍ വിശ്വാസം കുറഞ്ഞു പോയതാണ്.പള്ളികളാവണം നമ്മുടെ വീടുകള്‍ .പ്രാര്‍ഥനാ നിരതമായിരിക്കണം ഓരോ ജീവ ശ്വാസവും.ഇനി നിങ്ങളാരും കാഫിറുകളുടെ കൂടെ സ്കൂളില്‍ പോവരുത്.ഇവിടെ മുസ്ലീം കുട്ടികള്‍ക്ക് മാത്രമായി ഒരു ഇംഹ്ലീഷ് മീഡിയം സ്കൂള്‍ തുറക്കുന്നുണ്ട്.ഇഹത്തിലും പരത്തിലും ശാശ്വതമായ വിജയമാണ് നമ്മുടെ ലക്ഷ്യം.
ഞങ്ങളാരും അന്ന് സ്കൂളില്‍ പോയില്ല.എനിക്ക് സങ്കടം വന്നു.ടി.വി യില്‍ കണ്ട വിശേഷങ്ങളുമായി രശ്മിക്കുട്ടി എന്നെ കാത്തിരിക്കും.
രാത്രി ഉറക്കം വരാതെ ഓരോന്നോര്‍ത്തു കിടന്നു.രശ്മിക്കുട്ടി എങ്ങനെയാണ് കാഫിറായത്?മരിച്ചു ചെന്നാല്‍ അവളെ നരകത്തിലിട്ടു വേവിക്കുമോ?ശരീരം ഒന്നാകെ കിടുത്തു പോയി.പടച്ചവന് എല്ലാവരേയും മുസ്ലീമായി ജനിപ്പിക്കാമായിരുന്നില്ലേ...?
പാതി മയക്കത്തില്‍ പ്രവാചകന്‍ സ്വപ്നത്തിലേക്ക് വന്നു.കരഞ്ഞു കലങ്ങിയ എന്റെ കണ്ണു തുടച്ച് വാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു:“അവര്‍ പറയുന്നതൊന്നും മോന്‍ കേള്‍ക്കേണ്ട.മോന്‍ മോന്റെ സ്കൂളില്‍ തന്നെ പൊയ്ക്കോ.”
പിറ്റേന്ന് മദ്രസയില്‍ പോകാതെ വഴിവക്കിലെ പറമ്പുകളിലൊന്നിലുള്ള മോട്ടോറ്പ്പുരയില്‍ കയറി ഒളിച്ചു.സ്കൂളില്‍ പോകുന്ന സമയം വരെ കാത്തിരുന്നു.വിറയ്ക്കുന്ന കാലുകളോടേയാണ് സ്കൂളിലേക്കുള്ള നടവഴി ഓടിക്കയറിയത്.ചെന്നു നോക്കുമ്പോള്‍ അടഞ്ഞു കിടക്കുന്നു പടി വാതില്‍.നിരാശ ഉച്ചിയോളമെത്തി.കണ്ണ് നിറഞ്ഞു.
നനവ പാട കെട്ടിയ കാഴ്ചയില്‍ പെട്ടെന്ന് പുതീയ ഒരു കെട്ടിടം കണ്ടു.സ്കൂള്‍ പോലെ തന്നെ...ആവേശത്തോടെ അടുത്തു പോയി.ജനലുകളുള്ള ക്ലാസ് മുറിയില്‍ കുനിഞ്ഞിരുന്ന് എന്തോ എഴുതിയെടുക്കുന്ന രശ്മിക്കുട്ടി..സങ്കടങ്ങളൊക്കെ പമ്പ കടന്നു.അത്യാഹ്ലാദത്തോടെ സ്കൂളിന്റെ പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ മഞ്ഞയില്‍ കറുപ്പ് കൊണ്ട് എഴുതിയ ഒരു ബോര്‍ഡ് കണ്ടു.‘ഹിന്ദു ഇംഗ്ലീഷ് മീഡിയം സകൂള്‍’

****************************************************************************

കഥയും കവിതയും വായിച്ചില്ലേ...?നമ്മുടെ പൊതു വിദ്യാലയങ്ങള്‍ ഭീഷണമായ ഒരന്തരീക്ഷത്തിലാണ്.കാശുള്ളവന് വേറേ സ്കൂള്‍,ഹിന്ദുവിന് ഹിന്ദു സ്കൂള്‍,മുസ്ലീമിന് മുസ്ലീം സ്കൂള്‍...മതേതരബെഞ്ചുകള്‍ തിരിച്ചു പിടിക്കേണ്ട കാലമായിരിക്കുന്നു...

വാല്‍ക്കഷ്ണം:എന്റെ അച്ചാച്ചന്‍ ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് മരിച്ചു,അമ്മമ്മയും മരിച്ചു.ഇനി ഞാനും മരിക്കും...ഇംഗ്ലീഷറിയാതെ ജീവിക്കാന്‍ പറ്റില്ലാന്നാ പറയ്ണത്...

ഇലമുളച്ചികളേ വെള്ളത്തണ്ടുകളേ എല്ലാം മായ്ക്കൂ.ഈ മലയാളം മുഴുവന്‍....ഒന്നും ബാക്കി വെക്കാതെ...

Friday, June 01, 2007

ഒറ്റ വൈക്കോല്‍ വിപ്ലവം - 2

ഒറ്റ വൈക്കോല്‍ വിപ്ലവം ഒന്നിന്റെ തുടര്‍ച്ച.
ഒന്നാം ഭാഗം ഇവിടെ
_______________________________

"ഈ കുടിലുകളിലെത്തുന്ന യുവാക്കളില്‍ ആശയറ്റവരും ആത്മാവിലും ശരീരത്തിലും ഒരുപോലെ ദരിദ്രരും ഉണ്ട്.അവര്‍ക്കൊരു ജോടി ചെരുപ്പു കൊടുക്കാന്‍ പോലും കഴിവില്ലാത്തൊരു കിഴവന്‍ കൃഷിക്കാരന്‍ മാത്രമാണു ഞാന്‍.എന്നാല്‍ എനിയ്ക്കു നല്‍കാന്‍ ഒരു സാ‍ധനമുണ്ട്.

ഒരിഴ വൈക്കോല്‍!

കുടിലിനു മുന്നില്‍ നിന്ന് ഒരിഴ വൈക്കോലെടുത്തു ഞാന്‍ പറഞ്ഞു..
“ഈ ഒരിഴ വൈക്കോലില്‍ നിന്നു തുടങ്ങാം വിപ്ലവം.”


“മാനവരാശിയുടെ വിനാശം ആസന്നമായിരിയ്ക്കേ ആശയോടെ പിടിച്ചു തൂങ്ങാന്‍ നിങ്ങള്‍ക്കൊരിഴ വൈക്കൊലെങ്കിലുമുണ്ടെന്നോ?” ഒരു ചെറുപ്പക്കാരന്‍ അല്‍പ്പം കടുപ്പത്തില്‍ ചോദിച്ചു.

ഈ വൈക്കോലിഴ ചെറുതും ലഘുവുമാണ്.എന്നാല്‍ അതിന്റെ കനം മിക്കവര്‍ക്കുമറിയില്ല.ഈ വൈക്കോലിന്റെ ശരിമൂല്യമെന്തെന്ന് ആളുകള്‍ക്കറിയാമെങ്കില്‍ ഈ രാജ്യവും, ലോകവും മാറ്റാന്‍ തക്ക കരുത്തുറ്റൊരു വിപ്ലവം സാധ്യമായേനേ."

(മസനോബു ഫൂക്കുവോക്ക . ഒറ്റ വൈക്കോല്‍ വിപ്ലവം)

അമ്പിയണ്ണാ..എന്താ ഈ വൈക്കോലും വിപ്ലവവുമായുള്ള ബന്ധമെന്ന് ഇനിയും എനിയ്ക്ക് മനസ്സിലായിട്ടില്ല..

ഒന്നുമില്ല..വെറും ലളിതം "ഒരിഴ വൈക്കോല്‍ പോലും കളയരുത്..കാര്യമില്ലാതെ ഒരു ചുവട് പോലും വയ്ക്കരുത്.."ഇതാണ് ഫുക്കുവോക്കയുടെ മന്ത്രം..
നമുക്ക് കഥ പറയാം ..ബാക്കി വഴിയേ പറയാം:)

അപ്പൊ നമ്മളെവിടെയാ നിര്‍ത്തിയത്? അനുഭവം വരെ..
അതുതന്നെ..അതിനുശേഷം അദ്ദേഹം എന്തു ചെയ്തു?

അദ്ദേഹം അതിന്റെ പിറ്റേന്ന് ജോലി രാജിവച്ചു..

ജോലി രാജിവച്ചോ !! ? എന്താ പുള്ളിയ്ക്ക് വട്ടായോ..:)

അങ്ങനെതന്നാ എല്ലാരും വിചാ‍രിച്ചിരുന്നത്..യാ‍ത്രാ വിരുന്നില്‍ ഫുക്കുവോക്ക പറഞ്ഞതുകൂടെ കേട്ടപ്പോഴേയ്ക്കും സുഹൃത്തുക്കളൊക്കെ ഉറപ്പിച്ചു..അവര്‍ മനസ്സില്‍ പറഞ്ഞു കാണും”പാവം നല്ലൊരു പയ്യനായിരുന്നു“ :)

എന്താ യാത്രയയപ്പ് വിരുന്നില്‍ ഫുക്കുവോക്ക പറഞ്ഞത്?

അത് നല്ല രസമാണ് പുസ്തകത്തില്‍ നിന്നു തന്നെ എടുത്ത് പറയാം.

“ഈ ഭാഗത്ത് പാതാറ്, അപ്പുറത്ത് നാലാം കടല്‍പ്പാലം.ഈ ഭാഗത്ത് ജീവിതം എന്നാണ് നിങ്ങളുടെ കരുതലെങ്കില്‍ ആ ഭാഗത്താണ് മരണം. മരണ ഭയത്തില്‍ നിന്നു മുക്തനാകണമെങ്കില്‍ ഈ ഭാഗത്താണ് ജീവിതമെന്ന ധാരണയുപേക്ഷിയ്ക്കണം..ജീവിതവും മരണവും രണ്ടും രണ്ടു സംഗതിയല്ല..“
ഇതുകൂടി കേട്ടപ്പോള്‍ എല്ലാവര്‍ക്കും എന്നെക്കുറിച്ച് വേവലാതി കൂടി.ഇയാ‍ള്‍ എന്താണീ പറയുന്നത്?മനസ്സിന്റെ സമനില തെറ്റിക്കാണും ..
അവരങ്ങനെ കരുതിയിട്ടുണ്ടാകും.അനുതാപപൂര്‍ണ്ണമായ മുഖങ്ങളോടെ അവരെന്നെ യാത്രയാക്കി.നല്ല ചുറുചുറുക്കോടേ പുറത്തിറങ്ങിയവന്‍ ഞാന്‍ മാത്രമായിരുന്നു."


ഹ.ഹ.ഹ ഇത് കേട്ടാല്‍ ആരും വിചാരിച്ചു പോകും വട്ടാണെന്ന്..
പിന്നെ?


പിന്നെ കുറെ നാള്‍ അവിടെയുമിവിടെയുമൊക്കെ അലഞ്ഞുതിരിഞ്ഞു നടന്നു.അവസാനം സ്വന്തം ഗ്രാമത്തില്‍, കുടുംബത്തിലേയ്ക്കുതന്നെ തിരിച്ചു പോയി.

അവിടെ അച്ഛന് തോട്ടങ്ങളുണ്ടായിരുന്നു.സന്തോഷത്തോടെ അച്ഛന്‍ ഒരു മധുരനാരകത്തോട്ടത്തിന്റെ ചുമതല ഫുക്കുവോക്കയ്ക്ക് വിട്ടുകൊടുത്തു.ഒന്നും ചെയ്യേണ്ടാ എന്നാണല്ലോ ഫുക്കുവോക്കയുടെ ആദര്‍ശം. വിളവെടുപ്പ് എളുപ്പമാക്കാനായി തോട്ടത്തിലെ നാരകങ്ങള്‍ വെട്ടി ഒരുക്കുന്ന ശീലമുണ്ടായിരുന്നു അക്കാലത്ത്..(ഇക്കാലത്തും.).പണിയൊന്നുമില്ലാ കൃഷിയില്‍ വെട്ടലും വേണ്ടാ എന്നു ഫുക്കുവോക്ക പറഞ്ഞു. അതോടെ നാരകങ്ങളുടെ ചില്ലകള്‍ കൂ‍ടിപ്പിണഞ്ഞു വളര്‍ന്നു..തോട്ടമാകെ കീടങ്ങള്‍ നിറഞ്ഞു.തോട്ടം നശിച്ചു.

അദ്ദേഹത്തിന്റെ അച്ഛന്‍ ആകെ വിഷമിച്ചുകാണും..

അദ്ദേഹം വിഷമിച്ചു. ഗ്രാമത്തലവനായിരുന്നു അദ്ദേഹം .ഫുക്കുവോക്കയാണെങ്കില്‍ മറ്റാള്‍ക്കാരുമായി ഇണങ്ങിപ്പോവുകയുമില്ല.മൊത്തത്തിലെല്ലാം ഒന്ന് ശരിയാവുന്നതുവരെ വേറേയെന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം മകനെ ഉപദേശിച്ചു.

അപ്പോള്‍ രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു ‍. സൈന്യത്തിലേക്ക് ആളെ ആവശ്യമുണ്ട്.പക്ഷെ സൈന്യസേവനം അദ്ദേഹം ഇഷ്ടപ്പെട്ടില്ല.ആ സമയത്താണ് ക്വോച്ചി ജില്ലയിലെ ഗവേഷണ കേന്ദ്രം കീട രോഗ നിയന്ത്രണത്തില്‍ മുഖ്യ ഗവേഷകനായി അദ്ദേഹത്തെ ക്ഷണിച്ചത്.പിന്നെ എട്ടുകൊല്ലത്തോളം ആ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രീയ കൃഷിവിഭാഗത്തിലെ മേല്‍പ്പരിശോധകനായി അദ്ദേഹം ജോലിനോക്കി.യുദ്ധ കാലമായതുകൊണ്ട് ഭക്ഷ്യോല്‍പ്പാദന വര്‍ദ്ധനവ് വന്‍ തോതില്‍ ആക്കാനുള്ള ഗവേഷണങ്ങളും നടത്തി.

യുദ്ധം കഴിഞ്ഞു......

ഹിരൊഷിമയിലും നാഗസാക്കിയിലും അണുഗുണ്ട് പരീക്ഷിച്ചു.

അണുബോബ് പരീക്ഷിച്ചോ..യുദ്ധത്തില്‍ പരാജയപ്പേടുത്താന്‍ അണുബോംബ് ഇട്ടതല്ലേ..

പരീക്ഷണം തന്നെയായിരുന്നു ടോം..യുദ്ധത്തില്‍ ജര്‍മ്മനിയും സഖ്യകക്ഷികളും ഏതാണ്ട് പൂര്‍ണ്ണമായും പരാജയപ്പെട്ട അവസ്ഥയിലായിരുന്നു.പരാജയപ്പെട്ടവന്റെ തലയില്‍ എന്തിനായിരുന്നു അണുഗുണ്ട് കൊണ്ടിട്ടത്..? പല പല കാരണങ്ങള്‍ പറയപ്പെടുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ “ആയിരം സൂര്യന്മാര്‍ “എന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊക്കെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.നമുക്ക് ദേവന്‍ മാമനോട് എഴുതാന്‍ പറയാം.നിഷ്പക്ഷമായി സത്യമറിയണേല്‍ അതേ പറ്റൂ:)

ആര്‍ വീ ജീ മേനോന്‍ സാര്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഡിറ്ററന്‍സ് എന്ന ആണവയുദ്ധതന്ത്രത്തിന്റെ മണ്ടത്തരങ്ങളെപ്പറ്റി..പേരു മറന്നു പോയി..

ഞാനും വായിച്ചിട്ടുണ്ട്..

അണുബോംബിനെപ്പറ്റിയൊക്കെ ഫുക്കുവോക്കയുടെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടോ?

ഏയ് , ഇല്ല..ആണവയുദ്ധവും അമിത ശാസ്ത്രീയത , സാങ്കെതികതയുമൊക്കെ വരുത്തുന്ന കുഴപ്പങ്ങള്‍ വിവരിയ്ക്കുന്നുണ്ട് . ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുഗുണ്ട് ഇടലിനെപ്പറ്റിയൊന്നും പ്രത്യേകമായി പറഞ്ഞിട്ടില്ല.

എന്തായാലും യുദ്ധത്തിനു ശേഷം ഫുക്കുവോക്ക ഗ്രാമത്തിലേക്കു തന്നെ തിരിച്ചെത്തി.കൃഷിപ്പണി തുടരാനായി...

“പിന്നെ ഒരു മുപ്പതുകൊല്ലം എനിയ്ക്ക് കൃഷി തന്നെ ജീവിതം.പുറം ലോകവുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നില്ലെന്നു തന്നെ പറയാം.അക്കാലമത്രയും ഇടം വലം നോക്കാതെ പണി വേണ്ടാത്ത കൃഷിരീതിയുടെ നേര്‍ക്കായിരുന്നു എന്റെ കുതിയ്ക്കല്‍.

ഇതു ചെയ്താലെന്താ , അതു ചെയ്താലെന്താ എന്നീ ചോദ്യങ്ങള്‍ക്കു പിന്നാലെ വിദ്യകള്‍ ഓരോന്നായി നടപ്പില്‍ വരുന്നു. സാധാരണ പുതിയ ഒരു സമ്പ്രദായം രൂപപ്പെടുന്ന വഴിയിതാണ്. പരിഷൃത കൃഷിയും രൂപപ്പെട്ടത് ഈ വഴി തന്നെ.ഈ പരിപാടിയില്‍ കൃഷിക്കാരനെപ്പോഴും തിരക്കിട്ട പണിയായിരിയ്ക്കും.


പക്ഷേ നേരേ എതിരാണ് എന്റെ വഴി.സന്തോഷകരവും സ്വാഭാവികവുമായ ഒരു കൃഷിരീതിയായിരുന്നു എന്റെ ലക്ഷ്യം.കൃഷിയില്‍ പണി ക്രമത്തില്‍ കൂടരുത്.. കുറയുകയും വേണം.“അത് ചെയ്തില്ലെങ്കിലെന്താ..ഇത് ചെയ്തില്ലെങ്കിലെന്താ..” എന്നായിരുന്നു എന്റെ ചിന്താഗതി. ഓടുവില്‍ ഞാനെത്തിച്ചേര്‍ന്നത് ഉഴമ വേണ്ടാ, കമ്പോസ്റ്റ് വേണ്ടാ, യന്ത്രം വേണ്ടാ, രാസവളവും കീടാനാശിനികളും വേണ്ടാ എന്ന നിലപാടിലാണ്.ഈ തലത്തിലെത്തിയാല്‍ യഥാര്‍ത്ഥത്തില്‍ വേണ്ടതായ കൃഷിപ്പണികള്‍ ഒത്തിരി കുറവാകും.“

(പണി വേണ്ടാത്ത കൃഷി, ഒറ്റ വൈക്കോല്‍ വിപ്ലവം , മസനോബു ഫുക്കുവോക്കാ)

കീടനാശിനി വേണ്ടാ, രാസവളം വേണ്ടാ എന്നൊക്കെ മനസ്സിലായി. ഞങ്ങളുടെ അടുക്കളത്തോട്ടത്തില്‍ രാസവളവും കീടനാശിനികളും ഉപയോഗിയ്ക്കാറില്ല.പക്ഷേ കമ്പോസ്റ്റും ഉഴവും വേണ്ടാ എന്നു പറഞ്ഞാല്‍ എങ്ങനെ അംഗീകരിയ്ക്കാന്‍ പറ്റും ? ഉഴവില്ലാതെ എങ്ങനെ കൃഷി ചെയ്യും?

അതു തന്നെയാ‍ണ് എല്ലാവരും ചോദിയ്ക്കുന്നത്. പക്ഷേ ഫുക്കുവോക്ക പറയുകയല്ല ചെയ്തത്. പ്രവര്‍ത്തിച്ചു കാണിച്ചു തരുന്നു. മുപ്പതു കൊല്ലമായിട്ട് അദ്ദേഹത്തിന്റെ വയലുകളില്‍ മണ്ണിളക്കിയിട്ടില്ല.വളങ്ങള്‍ ചേര്‍ത്തിട്ടില്ല.ഒന്നും ചെയ്തിട്ടില്ല.എന്നാലും ജപ്പാനിലെ പ്രമുഖ കൃഷിയിടമായ ഐഹം ജില്ലയിലെ ഏറ്റവും മുന്തിയ വിളവിനൊപ്പം നെല്ല് ഫുക്കുവോക്കയ്ക്ക് ലഭിയ്ക്കുന്നു.മറ്റ് വിളകളും അങ്ങനെ തന്നെ.

അങ്ങനെയെങ്കില്‍ അദ്ദേഹം എങ്ങനെയാണ് ഞാറു നടുന്നത്?
സന്തോഷിന് ഞാറുനടലെന്നൊക്കെ അറിയാമോ?
ഞങ്ങള്‍ക്ക് വയലുണ്ട്.ചെല പൂവിനു കൃഷിയിറക്കും.

ഫുക്കുവോക്കയുടെ രീതിയില്‍ ഞാറുനടലില്ല..വിതയേയുള്ളൂ.തണുപ്പുകാലത്ത് ധാന്യങ്ങള്‍ കൊയ്യാറാവുന്നത് മേയ് മാസം ഒടുവിലാണ്. കൊയ്ത്തിനു രണ്ടാഴ്ച മുന്‍പ് ബാര്‍ലിയും വരകും നില്‍ക്കുന്ന കണ്ടങ്ങളില്‍ നെല്ലു വിതയ്ക്കും.
ബാര്‍ലിയും വരകും കൊയ്തു കഴിഞ്ഞ് വൈക്കോല്‍ വയലില്‍ തിരികെ കൊണ്ടിടും.വിത തീര്‍ന്നു.

കൊയ്ത്തിനു മുന്‍പ് വിതയ്ക്കുകയോ.അപ്പോ....ആകെ പ്രശ്നമായല്ലോ..എനിയ്ക്കൊന്നും മനസ്സിലായില്ല..

എടാ..ഒരു പൂവു കൊയ്യുന്നതിനു മുന്‍പ് അതേ വയലില്‍ കൊയ്യാറായി നില്‍ക്കുന്ന വിളയുടെ മുകളില്‍ അടുത്ത പൂവിനുള്ള കൃഷിയിറക്കുന്നു..പരമ്പരാഗതമായോ ആധുനികമായോ നമ്മള്‍ കേട്ടിട്ടേയില്ലാത്ത രീതിയായതുകൊണ്ടാണീ അത്ഭുതം.

കൃഷി എന്നു പറഞ്ഞാല്‍ നമുക്ക് പൂട്ടല്‍, മരമടി ,കിള, വെട്ട് കുത്ത് ഇതൊക്കെയാണല്ലോ..ഇതില്‍ അതൊന്നുമില്ല വെറുതേ വിതയ്ക്കുക ..കൊയ്യുക..അത്രന്നെ.

അപ്പൊ വേരുപടലങ്ങള്‍ക്ക് വളരാനൊന്ന് മണ്ണിളക്കുക കൂടി വേണ്ടേ..?

അതില്‍ പല കാര്യങ്ങളുണ്ട്.ഗവേഷണ ശാലകള്‍ പുറത്തിറക്കുന്ന വിത്തുകള്‍ സാധാരണയായി ഈ രീതിയില്‍ ഉപയോഗിയ്ക്കാറില്ല.അത് രാസവളവും കീടനാശിനികളും നല്‍കിയാല്‍ മാത്രം അതിജീവിയ്ക്കാന്‍ ഉണ്ടാക്കിയതാണെന്നതാണ് കാരണം..ഒരോരോ പ്രദേശങ്ങള്‍ക്കും അതിന്റെ തനതായ കാലാവസ്ഥയിലൂടെയും ഭൂപ്രകൃതിയിലൂടെയും ഉരുത്തിരിഞ്ഞു വന്ന വിത്തു വര്‍ഗ്ഗങ്ങളുണ്ടാകും.അത്തരം വിത്തുകളായിരിയ്ക്കും പ്രകൃതികൃഷിയില്‍ ഉപയോഗിയ്ക്കുക.അവയ്ക്ക് ആ പ്രദേശത്തെ മണ്ണില്‍ നില്‍ക്കാനാവശ്യമായ വേരുപടലങ്ങളുണ്ടാ‍കും.അവയില്‍ നിന്ന് ആ നിലത്തിനു വേണ്ടിയുള്ള ഏറ്റവും നല്ല വിത്തിനം കൊല്ലങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കണം.കൊല്ലങ്ങളായി തിരഞ്ഞെടുത്തുള്ള പ്രജനനം വഴി.

അപ്പൊ ഐ ആര്‍ എട്ട്, ജയ, കാവേരി ഇതൊന്നും പറ്റൂലേ?

പറ്റില്ലെന്നു പറയാനാകില്ല. രാസവളമില്ലാതെ ആ വിത്തിനങ്ങള്‍ നല്ല വിളവു തരുന്നുണ്ടെങ്കില്‍ നല്ലത്. ഈ ഐ ആര്‍ എട്ടിന്റേയും മറ്റും തള്ളിച്ചയില്‍ എത്രയെത്ര പഴയ വിത്തിനങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു?

ശരിയാണ്..പഴയ വിത്തുകളെപ്പറ്റി അമ്മമ്മ ഇന്നലെ പറഞ്ഞതേയുള്ളൂ..എന്താ..ചേറായിയൊ?

അത് ചേറാടിയായിരിയ്ക്കും..വെള്ളക്കെട്ടുണ്ടായാലും നശിച്ചുപോകാത്ത ഒരിനം വിത്തായിരുന്നത്..ഇപ്പൊ കിട്ടാനേയില്ല..അങ്ങനെപലതും...
മരങ്ങളില്‍ ഒട്ടുമാവുകളും നാടന്‍ മാവുകളും നൊക്കൂ..നാട്ടില്‍ ഒരു സമയത്ത് നാട്ടുമാങ്ങാ പലതരം, മൂവാണ്ടന്‍, കൊളമ്പി, കിളിച്ചുണ്ടന്‍, മൊന്തന്‍, വെള്ളരിമാങ്ങ തുടങ്ങി എത്രയെത്ര മാങ്ങകളായിരുന്നു.ഇന്ന് എല്ലായിടത്തും ഒട്ടുമാവുകള്‍ മാത്രം.
ഒട്ടുമാവില്‍ നിന്ന് ഒറ്റ മാങ്ങ പുഴുവില്ലാതെ കിട്ടില്ല..പിന്നെ പുഴു വരാതിരിയ്ക്കാന്‍ മരുന്നടി, പുകയ്ക്കല്‍ , തീയിടല്‍..എന്തെല്ലാം ജോലികളാണ്...മരുന്നടിച്ച മാങ്ങ തിന്ന് അസുഖം വരും. പിന്നെ അസുഖം മാറ്റാന്‍ ആശുപത്രി, മരുന്ന്..ആ മരുന്ന് തിന്നുണ്ടായ അസുഖം മാറ്റാന്‍ വീണ്ടും മരുന്ന്.....
നാട്ടുമാവില്‍ ഒറ്റ പുഴുവിനെ കണ്ടിട്ടുണ്ടൊ?

അതേ ..ഒരു ഓഫ് ..:) പണ്ടേ ആരോടെങ്കിലും ചോദിയ്ക്കണമെന്ന് വിചാരിച്ചതാണ്..എങ്ങനാ വെളീയിലൊരു തുള പോലുമില്ലാതെ മാങ്ങയ്ക്കകത്ത് പുഴു കയറുന്നത്?

പുഴു കയറുന്നതല്ല മഹേശാ..മാവിന്റെ പൂവില്‍ പുഴുവിന്റെ അമ്മപ്പക്കി മുട്ടയിടും..പൂവ് വളര്‍ന്ന് മാങ്ങയാകുമ്പോള്‍ മുട്ട വിരിഞ്ഞ് പക്കിയുടെ ലാര്‍വയായ പുഴുവാകും..അതങ്ങനെ മാങ്ങയ്ക്കകത്താകും..പിന്നെ വലുതാകുമ്പോ മാങ്ങ തുളച്ച് പക്കിയായി പുറത്ത് കടക്കും..അതാണ് കാര്യം..

പക്കിയെന്താ നാടന്‍ മാവിന്റെ പൂ‍വില്‍ മുട്ടയിടാത്തേ?

ആവോ അറിയില്ല..ചിലപ്പൊ ഇഷ്ടമല്ലായിരിയ്ക്കും..അല്ലേല്‍ ചിലപ്പോ പക്കിയെ ആ‍കര്‍ഷിയ്ക്കുന്ന ഏതെങ്കിലും രാസവസ്തു ആ മാങ്ങയിലില്ലായിരിയ്ക്കും..ഗവേഷിയ്ക്കേണ്ട കാര്യം തന്നെ. കാലാ കാലങ്ങളായി അതാതു നാടുകളിലെ കീടവും മാവും തമ്മിലുള്ള ഒരു മത്സരത്തിന്റെ സ്വാഭാവികമായ പരിണാമമാണ് ഇന്നത്തെ അതാതു നാട്ടിലെ മാവുകള്‍. ആ നാട്ടിലെ കീടങ്ങള്‍ വ്യാപകമായൊരു നാശം വരുത്തുന്ന വര്‍ഗ്ഗം ആ നാട്ടില്‍ വളരില്ല..അത് വേറേ നാട്ടിനുള്ളതാണ്. പ്രകൃതിയില്‍ അങ്ങനെയൊരു സംതുലനമുണ്ട്..ആവശ്യമില്ലാതെ അതില്‍ ഇടപെടുമ്പോഴാണ് നാം പ്രശ്നക്കുരുക്കില്‍ പെട്ടു പൊകുന്നത്..

ഓഹോ ഇതാണ് നാച്ചുറല്‍ സെലക്ഷന്‍ അല്ലേ..അതിജീവനം..പരിണാമം..

എന്നു വേണമെങ്കില്‍ പറയാം..പരിണാമ സിദ്ധാന്തത്തിന്റെ കാതല്‍ ഇതു തന്നെ.

നമുക്ക് പ്രകൃതി കൃഷിയുടെ നാലു തത്വങ്ങള്‍ ഫുക്കുവോക്ക പറയുന്നത് നോക്കാം..

(ഒന്ന്) മണ്ണിളക്കരുത്അതായത് കിളയ്ക്കാനോ ഉഴാനോ പാടില്ല..

എനിയ്ക്കിനിയും ഈ തത്വത്തിനെ അങ്ങോട്ട് വിശ്വാസമായിട്ടില്ല..മണ്ണിളക്കാതെ എങ്ങനെ?
മഹേശന്‍ കാട്ടില്‍ പോയിട്ടുണ്ടോ?

ഉണ്ട്..ടൂറിനു പോയപ്പൊ നെല്ലിയാമ്പതിയില്‍ പോയിട്ടുണ്ട്..
കാട്ടിലെ ചെടികളില്‍ എന്തെങ്കിലും കുഴപ്പം കണ്ടിട്ടുണ്ടോ?ആരും അവിടെ മണ്ണിളക്കുന്നില്ലല്ലോ,അടിക്കാട്ടില്‍ പല തരം പുല്ലുകള്‍, അനേകായിരം കുറ്റിച്ചെടികള്‍, ചെറുവൃക്ഷങ്ങള്‍, മേല്‍ക്കാട്ടില്‍ വന്‍ മരങ്ങള്‍, വള്ളികള്‍ ഇവയൊക്കെ ഏതു തോട്ടത്തേക്കാളും പുഷ്ടിയോടെ നില്‍ക്കുന്നില്ല്ലേ..അതാണ് പ്രകൃതിയുടെ കൃഷി.നമ്മളത് അനുകരിച്ചാല്‍ മതി...

മണ്ണില്‍ ആവശ്യത്തിനു ജൈവാംശമുണ്ടേല്‍ മണ്ണിര, പലതരം പ്രാണികള്‍, സൂക്ഷ്മ ജീവികള്‍ ഇവയൊക്കെ നന്നായി വളരും.അവിടെയൊക്കെ ഏത് ഇളക്കിയ നിലത്തെക്കാളും നന്നായി ഇളകിയ മണ്ണായിരിയ്ക്കും. മണ്ണിരയെ കര്‍ഷകന്റെ ഉഴവുകാരന്‍ എന്നു തന്നെയാണല്ലോ വിളിയ്ക്കുന്നത്.ഏറ്റവും വലിയ ഉഴവുകാരന്‍ അവന്‍ തന്നെ.

അപ്പൊ മണ്ണിര കമ്പോസ്റ്റും ചേര്‍ക്കണ്ടേ?

ഒരു കമ്പോസ്റ്റും വേണ്ടാ എന്നാണ് ഫുക്കുവോക്കയുടേ മതം. ജൈവാംശം കൂട്ടിക്കൊടുത്ത് മണ്ണിന്റെ പുഷ്ടി കൂട്ടിയാല്‍ അതാതിടത്തിനു പറ്റിയ തരം മേല്‍മണ്ണിളക്കലുകാര്‍ തനിയേ ഉണ്ടായി വരും.അതിനു കമ്പോസ്റ്റൊന്നും വേണ്ടാ..ജൈവ വസ്തുക്കളായ വൈക്കോല്‍, ഇലകള്‍ ഇവയൊക്കെ കൊണ്ട് പുതയിട്ടാല്‍ തന്നെ മതി..

ഫുക്കുവോക്കയുടെ രണ്ടാമത്തെ തത്വം രാസവളമോ മറ്റേതെങ്കിലും വളമോ ചേര്‍ക്കരുത് എന്നാണ്..നമ്മള്‍ എത്രകണ്ട് കാര്യങ്ങള്‍ ചെയ്ത് പ്രകൃതിയില്‍ നിന്നകലുന്നോ അത്രത്തോളം തിരിഞ്ഞ് ചുറ്റേണ്ടി വരുമെന്നാണ് ഫുക്കുവോക്ക പറയുന്നത്.സസ്യ ജന്തുജീവിതത്തിന്റെ ചാക്രിക പ്രവര്‍ത്തനം വഴി മണ്ണ് താനേ പുഷ്ടിപ്പെട്ടോളും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.വയലില്‍ നിന്നെടുക്കുന്നതെല്ലാം വയലിലേയ്ക്ക് തിരിച്ചെത്തിക്കണം എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. വൈക്കോല്‍ വയലില്‍ തന്നെ വിതറുന്നത് ഒരുദാഹരണം..

വൈക്കോലൊ,,അത് പശുവിനു തിന്നാല്‍ വേണ്ടേ..?

പശുവിന് പച്ചപ്പുല്ല് മതി.പിന്നെ ഉണക്കുകാലത്തേയ്ക്ക് പശുവിനു വൈക്കോല്‍ വേണമെങ്കില്‍ മുഴുവന്‍ ചാണകവും തിരിച്ച് വയലിലെത്തിയ്ക്കുക..ഓരോരോ സ്ഥലത്തും അതാതിടത്തിന്റെ സാംസ്കാരിക , ഭൂപ്രകൃതിയ്ക്കനുസരിച്ച് കൃഷി ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്.

കള നശിപ്പിയ്ക്കരുത് എന്നാണ് മൂന്നാം തത്വം..കള നശിപ്പിയ്ക്കരുത് നിയന്ത്രിയ്ക്കാം.അതിനായി പയറുവര്‍ഗ്ഗങ്ങളുടെ വിരിപ്പ്, വൈക്കോള്‍ പുതപ്പ് , വയലിലാണേല്‍ വെള്ളം നിര്‍ത്തല്‍ തുടങ്ങിയ പരിപാടികള്‍ ഉപയോഗിയ്ക്കാം.

വൈക്കോല്‍ വിരിപ്പ് എങ്ങനെ കളയെ നശിപ്പിയ്കും?

വളര്‍ന്നു വരുന്ന കളകള്‍ക്ക് സൂര്യപ്രകാശം കിട്ടില്ല ..അങ്ങനെ അത് നശിച്ചു പോകും..

പയറുവര്‍ഗ്ഗങ്ങള്‍ കൊണ്ട് പുതയിടല്‍ എന്നാലെന്താ?

കളകളായി പയറുവര്‍ഗ്ഗച്ചെടികള്‍ ഉപയോഗിയ്ക്കുക...വെറുതേ പയറ് വിതച്ചുകൊടുത്താല്‍ മതി..കുറച്ചു കഴിയുമ്പോള്‍ പയറുചെടികള്‍ മറ്റ് കളകളുടെ സ്ഥാനമേറ്റെടുക്കുകയും മണ്ണ് ഫലപുഷ്ടിയുള്ളതായിത്തീരുകയും ചെയ്യും.

പയറുവര്‍ഗ്ഗച്ചെടികള്‍ മണ്ണിനെ ഫലപുഷ്ടിയുള്ളതാകുമോ?ചെടി വളരുമ്പോള്‍ മണ്ണില്‍ നിന്ന് വളം വലിച്ചെടുക്കുകയല്ലെ ചെയ്യുന്നത്..?
ആക്കും..അതിനുത്തരം ഞാന്‍ പറയാം..പയറുചെടികളുടെ വേരില്‍ റൈസോബിയം ഇനത്തില്‍ പെട്ട ബാക്റ്റീരിയാകളുണ്ട്..അവ അന്തരീക്ഷത്തില്‍ നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള നൈട്രേറ്റുകളായി മാറ്റും..അങ്ങനെ മണ്ണ് ഫല പുഷ്ടിയുള്ളതായിത്തീരും..

അങ്ങനെ മൂന്നു തത്വം കഴിഞ്ഞു..നാലാമത്തെ തത്വം
നിങ്ങള്‍ക്കെല്ലാമറിയാം..രാസവസ്തുക്കള്‍ കൃഷിയ്ക്കായി ഉപയോഗിയ്ക്കരുത്..

അത് പൂര്‍ണ്ണമായും ശരിതന്നെ:)
പിന്നേ ഫുക്കുവോക്ക നെല്ലും പയറും മാത്രമേ ഉണ്ടാക്കാറുള്ളോ?

അല്ലപ്പാ..മധുരനാരങ്ങാത്തോട്ടം നശിപ്പിച്ചുകൊണ്ടാണല്ലോ പുള്ളിയുടെ
രംഗപ്രവേശം.:).എല്ലാത്തരം വിളകളും അദ്ദേഹം ഉണ്ടാക്കുന്നു.നാരങ്ങാ, പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍..ഫലവര്‍ഗ്ഗത്തോട്ടത്തില്‍ പുതപ്പുചെടികളായി പയറുവര്‍ഗ്ഗച്ചെടികള്‍ വച്ചുപിടിപ്പിയ്ക്കുക.അവയും പകുതി കാടന്‍ മട്ടില്‍ തന്നെ വളര്‍ത്തുക..പച്ചക്കറികളും അങ്ങനെ തന്നെ. മാത്രമല്ല ഇങ്ങനെയുണ്ടാകുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും രുചിയും കൂടുതലായിരിയ്ക്കുമെന്നാണ് ഫുക്കുവോക്കയുടെ അനുഭവം.

മനുഷ്യ രാശിയുടെ ഇന്നത്തെ മൊത്തത്തിലുള്ള രീതികളില്‍ യോജിയ്ക്കാത്തായാളാണ് ഫുക്കുവോക്ക.ഒരു ശാസ്ത്രജ്ഞനായതുകൊണ്ടാവണം ശാസ്ത്രജ്ഞരെ പുള്ളി വെറുതേ വിടാറില്ല. പല ഗവേഷണത്തിന്റേയും മണ്ടത്തരങ്ങളെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്..ഗവേഷകനുണ്ടാവേണ്ട മൊത്തമായ വീക്ഷണം അദ്ദേഹം എടുത്തു പറയുന്നു.എല്ലാത്തിനേയും വേറേ വേറേ കണ്ട് പഠിയ്ക്കുന്ന രീതി അദ്ദേഹത്തിന് ഒട്ടും ഇഷ്ടമല്ല. എല്ലാത്തിനേയും അതിന്റെ മുഴുവനായും കണ്ട് ഗവേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എനിയ്ക്കൊന്നും മനസ്സിലായില്ലെന്റണ്ണാ..:)

ഞാന്‍ ഫുക്കുവോക്ക എഴുതിയതു തന്നെ വായിയ്ക്കാം

“ ഒരിയ്ക്കല്‍ ഒരു ഗവേഷണ കെന്ദ്രത്തില്‍ നിന്ന് ഒരു മാന്യനിവിടെ വന്നു.എന്റെ വയലിലെ മുഞ്ഞയ്ക്കും ചിലന്തിയ്ക്കും തമ്മിലുള്ള ബന്ധത്തെകുറിച്ചു പഠനം നടത്താന്‍ വന്നതാണ്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു.

“മുഞ്ഞയെ നശിപ്പിയ്ക്കുന്ന അനേകം ജീവികളുണ്ട്.അവയിലൊന്നായ ചിലന്തിയില്‍ മാത്രമാണ് നിങ്ങള്‍ക്ക് താല്‍പ്പര്യം.ഇക്കൊല്ലം ചിലന്തികള്‍ ഒരുപാടുണ്ട്.കഴിഞ്ഞകൊല്ലം ചെറുതവളകളും അതിനും മുന്‍പ് പെരുംതവളകളുമായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്.അത്തരം ജാതികളനേകമുണ്ട്.“

പ്രശ്നത്തിന്റെ ഒരുവശം മാത്രം പരിഗണിയ്ക്കുന്ന ഗവേഷണം കൊണ്ട് പ്രാണികള്‍ തമ്മിലുള്ള അന്യോന്യ ബന്ധത്തിന്റെ നൂലാമാലയ്ക്കുള്ളില്‍, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക ഇരപിടിത്തക്കാരന്റെ പങ്കെന്തെന്നു ഗ്രഹിയ്ക്കുക അസാധ്യം തന്നെയാണ്.

ചിലന്തികള്‍ പെരുകുന്നതിനാല്‍ മുഞ്ഞ കുറഞ്ഞേക്കും. ഒരുപാടു മഴയുള്ളപ്പോള്‍ തവളകളാകും മുഞ്ഞയെ ഒടുക്കുന്നത്.അല്ലെങ്കില്‍ മഴകുറവും മുഞ്ഞയും തവളയും വിരളവുമായ കാലങ്ങളുമുണ്ട്.

ഷഡ്പദ പ്രാണികളുടെ അന്യോന്യ ബന്ധം കണക്കിലെടുക്കാതെയുള്ള കീട നിവാരണ രീതികള്‍ ഫലപ്രദമല്ല.മുഞ്ഞയേയും ചിലന്തിയേയും കുറിച്ചുള്ള ഗവേഷണം ചിലന്തിയ്ക്കും തവളയ്ക്കുമുള്ള ബന്ധത്തെക്കുറിച്ചും ആലോചിയ്ക്കണം..അപ്പോള്‍ ഒരു തവള വിദഗ്ധന്‍ കൂടി വേണ്ടി വരും..അപ്പോള്‍ തവള ചിലന്തി മുഞ്ഞ നെല്ല് ജലനിയന്ത്രണം ഇങ്ങനെ അനേകം വകുപ്പുകളുടെ വിദഗ്ധര്‍ ആവശ്യമാണ് അന്വേഷക സംഘത്തിലെന്നു വരുന്നു..
(ഒറ്റവൈക്കോല്‍ വിപ്ലവം, മസനോബു ഫുക്കുവോക്ക)

ഇപ്പൊ മനസ്സിലായോ?

അങ്ങനെ മര്യാദയ്ക്ക് പറയൂ..:)

നിങ്ങളൊക്കെ ഗവേഷണം ചെയ്യുമ്പോള്‍ ഇങ്ങനെ മൊത്തമായൊരു വീക്ഷണം വച്ചു വേണം കാര്യങ്ങളെ നോക്കാന്‍..കേട്ടോ..അതത്ര എളുപ്പമൊന്നുമല്ല..

ഗവേഷകരാവുമ്പോഴല്ലേ...:) .ചെയ്യാം...എന്നേ ചെയ്തു..ഹ ഹ ഹ

ഞാന്‍ സീരിയസാവുമ്പൊ കളിയാക്കുന്നോ..പോടാ ..ഞാന്‍ ലോഗൌട്ട് ചെയ്തു..

ചുമ്മാതല്ല ലോ ഗൌട്ട് പിടിയ്ക്കുന്നത്..പിണങ്ങാതെ കണ്ണാ..പോവല്ലേ..ചോദിയ്ക്കട്ട് ഈ പ്രകൃതി കൃഷി ജപ്പാനില്‍ മാത്രമേയുള്ളോ?

ഏയ് അല്ലടാ..ഇന്ന് ലോകമെമ്പാടും ഫുക്കുവോക്കയുടെ രീതിയില്‍ ആള്‍ക്കാര്‍ കൃഷി ചെയ്യുന്നു.പ്രകൃതികൃഷി ഭാരതിയര്‍ക്ക് പുത്തനൊരാശയമല്ലെന്ന് റസൂലിയായില്‍ പ്രകൃതികൃഷി നടത്തുന്ന പ്രതാപ് സി അഗര്‍വാള്‍ പറയുന്നു.രിഷി പഞ്ചമി നാളില്‍ ഉപവസിയ്ക്കുന്നവര്‍ കൊഴുവും കിളയുമേല്‍ക്കാത്ത മണ്ണിലുണ്ടായ ആഹാരമാണ് കഴിയ്ക്കേണ്ടതത്രേ..മാമുനിമാരുടെ ഭക്ഷണവും കിളയ്ക്കാത്ത, പൂട്ടാത്ത മണ്ണില്‍ നിന്നുണ്ടാകുന്ന വിളകളായിരുന്നെന്ന് ചില ഗ്രന്ധങ്ങളില്‍ പറയുന്നു......

അതല്ലേലും റൊക്കറ്റ് കണ്ടു പിടിച്ചതും ആറ്റം കണ്ടു പിടിച്ചതും അണുബോബുണ്ടാക്കിയതുമെല്ലാം ഭാരതീയരാരുന്നെന്ന് പറഞ്ഞുനടക്കാറുണ്ട്

ഹ ഹ ഹ..ഇതതുപോലല്ലെടാ..എല്ലാ പഴയ സംസ്കാരങ്ങളിലും ഇത്തരം അറിവുകളുണ്ട്.ജപ്പാനിലും പുരാതനകാലത്ത് ഇതേരീതിയില്‍ തന്നെയായിരുന്നു കൃഷി. പിന്നീടെപ്പോഴോ വാണിജ്യവും കൃഷിയും ഇടകലര്‍ന്ന് വന്നപ്പോഴാണ് കാര്യം കൈവിട്ട് പോയത്..ലളിതമാണ് കൃഷി..ഏറ്റവും നല്ല ജോലിയാണത്..സുന്ദരവും..

ഫുക്കുവോക്ക പറയുന്നു..

പുത്തന്‍ കൃഷിയില്‍ കര്‍ഷകനു കവിതയെഴുതാനോ പാട്ടുകെട്ടാനോ നേരമില്ല..
കഴിഞ്ഞൊരുനാള്‍ ഗ്രാമത്തിലെ അമ്പലം വൃത്തിയാക്കുകയായിരുന്നു ഞാന്‍.ചുവരില്‍ തൂങ്ങുന്ന ചില അലങ്കാരത്തട്ടങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി.പൊടി തുടച്ചു നൊക്കുമ്പോള്‍ മായാന്‍ തുടങ്ങുന്ന അക്ഷരത്തട്ടങ്ങളില്‍ കണ്ടത് അനേകം ഹൈക്കു കവിതകളാണ്.
ഇത്തരമൊരുള്‍നാട്ടില്‍ പോലും അനേകം പേര്‍ കവിതച്ചൊല്ലുകളെഴുതി അമ്പലത്തിലേയ്ക്ക് വഴിപാട് ചെയ്തിരിയ്ക്കുന്നു.ആളുകളുടെ അസ്തിത്വ സീമകള്‍ മുങ്കാലങ്ങളില്‍ എത്ര വിശാലമായിരുന്നു എന്നാണിത് വ്യക്തമാക്കുന്നത്.
ഈ കവിതച്ചൊല്ലുകള്‍ പലതിനും പല നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അവയുടെ കെട്ടുകാര്‍ എത്ര ദരിദ്രരായിരിയ്ക്കും? എന്നാല്‍ കവിതയ്ക്ക് പിറക്കാനൊക്കുന്ന മട്ടില്‍ വിശാലമായിരുന്നു അവരുടെ ജീവിത മണ്ഡലം........................
ഇവിടെ ഈ ചെറിയ വയലും കാത്ത് ഓരോ ദിനത്തിന്റെ സമ്പൂര്‍ണ്ണതയും സ്വച്ഛന്തതയും മുഴുവന്‍ സ്വന്തമാക്കി കഴിയുകയാണ് കൃഷിയുടെ നേരായ വഴി..

(ഒറ്റവൈക്കോല്‍ വിപ്ലവം , മസനോബു ഫുക്കുവോക്ക)

നല്ല ആശയം..ലളിതമായ ജീവിതം..കേരളത്തില്‍ ഇത്തരം കര്‍ഷകരുണ്ടോ?

കേരളത്തിലും വളരെയെധികമാള്‍ക്കാര്‍ പ്രകൃതി കൃഷിയിലേയ്ക്ക് ആകൃഷ്ടരായിട്ടുണ്ട്..ആലപ്പുഴയിലെ ശ്രീ കേ വീ ദയാല്‍ (അദ്ദേഹമാണ് ഒറ്റവൈക്കോല്‍ വിപ്ലവത്തിന്റെ മലയാള പരിഭാഷയ്ക്ക് അവതാരിക എഴുതിയിരിയ്ക്കുന്നത്) പ്രമുഖനായ ഒരു പ്രകൃതി കര്‍ഷകനാണ്. അട്ടപ്പാടിയിലെ‍ ഗോപാലകൃഷ്ണന്‍ മാഷും വിജയലക്ഷ്മി ടീച്ചറും നെതൃത്വം നല്‍കുന്ന സാരംഗ് എന്ന കൂട്ടായ്മ മറ്റൊരു ഉദാഹരണമാണ്.

കേരളമൊട്ടാകെ പ്രകൃതി രീതിയില്‍ കൃഷി ചെയ്യുന്ന കൂട്ടായ്മകള്‍ ഉണ്ടായി വരുന്നു.കൂടുതല്‍ കാര്യങ്ങള്‍ നമ്മുടെ ആഷേച്ചി പറഞ്ഞുതരും..

അമ്പിയണ്ണന്‍ പ്രകൃതി കൃഷി ചെയ്തിട്ടുണ്ടോ..?

ഉണ്ടല്ലോ..പണ്ട് പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ വീട്ടില്‍ ഞാ‍ന്‍ ചെറിയ രീതിയിലൊക്കെ ഇത് പരീക്ഷിച്ചിട്ടുണ്ട്..പക്ഷെ പരമ്പരാഗത കൃഷി രീതികളില്‍ നിന്ന് വിട്ടുമാറാന്‍ അമ്മയുമച്ഛനുമൊന്നും സമ്മതിച്ചിട്ടില്ല..അവരെന്നെ ഓടിയ്ക്കും..പിന്നെ നമ്മുടെ വകയായി പുരയിടത്തിന്റെ മൂലയ്ക്ക് അല്‍പ്പം പ്രകൃതിരീതിയില്‍ പരീക്ഷണങ്ങളൊക്കെ നടത്തി നോക്കിയിട്ടുണ്ട്.പക്ഷേ ഏതു ഗവേഷണത്തിന്റെയും അത്യാവശ്യ ഘടകമായ രേഘപ്പെടുത്തല്‍ ഞാന്‍ ചെയ്തിട്ടില്ല..ഒന്നും എഴുതി വച്ചിട്ടില്ല എന്നു സാരം..അതുകൊണ്ട് തന്നെ മനസ്സില്‍ നിന്ന് പറയാനേ പറ്റൂ..പ്രകൃതിരീതി ഫലപ്രദം തന്നെയാണ്..നിങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ ചെയ്തു നോക്കൂ..പച്ചക്കറിയില്‍ തുടങ്ങാം ..നിരീക്ഷണങ്ങള്‍ എഴുതി വയ്ക്കാന്‍ മറക്കരുത് കേട്ടോ..

ഫുക്കുവൊക്കയുടെ രീതി ഒരു കൃഷിയുടെ രീതിയെന്നതിലുപരി ഒരു ജീവിതചര്യയാണ്.തത്വശാസ്ത്രമാണ്.. പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന് അധികമൊന്നും ആയാസപ്പെടാതെ ഉല്ലാസത്തോടെ ജീവിയ്ക്കുന്ന ഒരു ജീവിതചര്യ..അത് ഒരു മുട്ടന്‍ കാര്യമായൊന്നും എടുക്കേണ്ടതില്ല..തനിയേ അതിനുള്ള മാനസികാവസ്ഥ വരും.ഒന്നിനും പിറകേ ഓടാതെ, ഒന്നിനോടും മത്സരമില്ലാതെ, വരുന്നതിനെ സ്വീകരിച്ച് , രസിച്ച് ചിരിച്ച് കളിച്ച്..അങ്ങനെയങ്ങനെ......

“ഈ വൈക്കോല്‍ കൊണ്ട് ഞാനൊറ്റയ്ക്ക് തുടങ്ങും ഒരു വിപ്ലവം..“

നിശബ്ദരായി കേട്ടുകൊണ്ടിരുന്ന യുവാക്കള്‍ ചിരിച്ചാര്‍ത്തു..

“ഒരു ഒറ്റയാള്‍ വിപ്ലവം..നാളെ നമുക്ക് വലിയൊരു ചാക്കു നിറയേ നെല്ല് ബാര്‍ലി ക്ലോവര്‍ വിത്തുകള്‍ ചുമലിലേറ്റുക ഒകു നിനു ഷി-നോ-മിക്കോട്ടയെപ്പോലെ* റ്റെക്കൊഡാ വയലുകളിലെല്ലാം വിത്തു വിതറുക..“

“അതൊരു ഒറ്റയാള്‍ വിപ്ലവമല്ല“ ഞാനും ചിരിച്ചു..“ഒറ്റവൈക്കോല്‍ വിപ്ലവമാകുന്നു.“

കുടില്‍ വിട്ടു പോക്കുവെയിലിലെത്തിയ ഞാന്‍ ഒരു നിമിഷം നിന്നു.ഫലങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ കണ്ടു.കളകള്‍ക്കും ക്ലോവറിനുമിടയില്‍ ചിക്കിച്ചികയുന്ന കോഴികളെ നോക്കി പതിവിന്‍പടി ഞാന്‍ വയലിലേയ്ക്കിറങ്ങി....

_____________________________________*ഒരു ജപ്പാനീസ് ഐതിഹ്യ ദേവന്‍.പിന്നാമ്പുറത്ത് തൂക്കിയിട്ട സഞ്ചിയില്‍ നിന്നും സൌഭാഗ്യം വാരിവിതറിക്കൊണ്ടും രോഗം ഇല്ലാതാക്കിയും ഊരുചുറ്റുന്നു..

അവലംബം
1. മസനോബു ഫുക്കുവോക്ക, ഒറ്റ വൈക്കോല്‍ വിപ്ലവം.
(വിവര്‍ത്തനം സി പീ ഗംഗാധരന്‍) ആള്‍ട്ടര്‍ മീഡിയാ, തൃശൂര്‍
2. വിക്കിപീഡിയ
3. പ്ലൌ ബോയിയും ഫുക്കുവോക്കയുമായുള്ള അഭിമുഖം.
4. Organic farming website