വരയും ചോദ്യവും അഭിജിത്ത്
ഞങ്ങളുടെ പൂരമായ,കാവശ്ശേരി പൂരം അങ്ങനെ കൊടിയിറങ്ങുകയായി....
ഒപ്പം കുറേയധികം ജാതിമതപരമായ,ആചാരനുഷ്ടാനങ്ങളും,ആഘോഷങ്ങളും.
പഞ്ചവാദ്യം അവിടെ താളം മുറുകുമ്പോള്‍ കലാസ്വാദകരും ഒപ്പം അതിനുപിന്നാലെ മുറുകും...
മുകളില്‍ ആനപ്പുറത്തിരിക്കുന്നവര്‍ വെഞ്ചാമരവും,ആനവട്ടവുമൊക്കെചുഴറ്റാനും ആരംഭിക്കും....
എന്തിനാണത് എന്നെനിക്കറിയില്ല....
അതെന്തിനാണാവോ......
ചിലപ്പോള്‍ ആഘോഷത്തിന്റെ ഭാഗമായിരിക്കുമത്..
അപ്പോള്‍ ഈ ആഘോഷവും,അതിനുമുന്നിലും,പിന്നിലുമായുള്ള ആചാരനുഷ്ഠാനങ്ങളും,വെഞ്ചാമരവും,ആനവട്ടവുമൊക്കെ എങ്ങിനെയാണ് തുടങ്ങിയത്..
ഉത്തരം : കടപ്പാട് Viswa Prabha
I
ഈ വക ആഘോഷങ്ങളൊക്കെ ഏതു കാലത്തു് എവിടെയാണു തുടങ്ങിവെച്ചതെന്നറിയുക എളുപ്പമല്ല. പ്രത്യേകിച്ചു് കേരളത്തിൽ.
എല്ലാകാലത്തും കേരളം ഒരു വിചിത്രഭൂമിയായിരുന്നു. നമുക്കു സ്വയം ഭയങ്കര സംഭവമാണെന്നൊക്കെ തോന്നുമെങ്കിലും മുൻവിധിയില്ലാതെ മാറ്റി നിർത്തിവെച്ചുനോക്കിയാൽ പല ആഫ്രിക്കൻ ഗോത്രവർഗ്ഗങ്ങളും നമ്മളുമായി വലിയ വ്യത്യാസമൊന്നുമില്ല. (പിന്നെയും ആലോചിച്ചുനോക്കിയാൽ, നമുക്കു മാത്രമല്ല, എല്ലാ സമൂഹങ്ങളിലും എല്ലാ കാലത്തും സംസ്കാര-ആചാര-വിശേഷങ്ങൾ വിചിത്രങ്ങൾ തന്നെയായിരുന്നു. പക്ഷേ, അവനവൻ ചെയ്യുന്നതാണു് ഏറ്റവും ഉത്തമമെന്നു് എല്ലാരും വിശ്വസിച്ചുപോരുന്നു.)
കേരളത്തിൽ ആനയും കുതിരയുമൊക്കെ എന്നുമുതലാണു ആഘോഷങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ടുണ്ടാവുക?
ആറാട്ടുപുഴ പൂരം ആയിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു് പണ്ടത്തെ ഐതിഹ്യങ്ങളിൽ ഉണ്ടെന്നു് ഇന്നത്തെ ഐതിഹ്യങ്ങൾ പറയുന്നു. ശരിക്കും ഉണ്ടായിരുന്നോ എന്നെങ്ങനെ അറിയും?
വലിയ വിഷമമാണു്. കാരണം ജിജ്ഞാസുക്കളും ഉത്കർഷേച്ഛുക്കളുമായ ഒരു മനുഷ്യസമൂഹത്തിനു് അവശ്യം വേണ്ടുന്ന ഒരു ഗുണമുണ്ടു്. ചരിത്രബോധം. അതു നമുക്കു പണ്ടേ ഇല്ല. ഇപ്പോളും ഒട്ടുമില്ല. ഒരു താരകയെക്കാണുമ്പോൾ രാവുമറന്നും മൃതിയെമറന്നും സുഖിച്ചേപോകുന്ന, സ്വന്തം കമ്പ്യൂട്ടർ ആഴ്ച്ച തോറും വൃത്തിയായി റീ-ഫോർമാറ്റ് ചെയ്തു് ഉപയോഗിക്കുന്ന വിലകുറഞ്ഞ ആൻഡ്രോയ്ഡ് ജീവിതങ്ങളാണു് നമ്മളൊക്കെ.
ഏറ്റവും പണ്ടു് കേരളത്തിലെ സമുദായങ്ങളിൽ ഈശ്വരവിശ്വാസവും മതവിശ്വാസവുമൊന്നും ഇന്നത്തെപ്പോലെയല്ലായിരുന്നു. പേടിയായിരുന്നു വിശ്വാസത്തിന്റെ മൂലകാരണം. മഹാ അപകടകാരികളായിരുന്ന മൂർത്തികളായിരുന്നു ദൈവങ്ങൾ. അവയിൽ ഈശ്വരന്മാരും ചെകുത്താന്മാരുമുണ്ടായിരുന്നു. മിക്കവാറുമെല്ലാവരും ഇന്നത്തെ ലോക്കൽ രാഷ്ട്രീയനേതാക്കളെപ്പോലെത്തന്നെ. കാണേണ്ടതുപോലെ കണ്ടാൽ പ്രീതിപ്പെടും. വേണ്ടിവന്നാൽ കരമൊഴിവായി കാര്യം നടത്തും. അഥവാ പിണങ്ങിയാലോ? കരത്തിനുപുറമേ സെസ്സ്, ഒക്ട്രോയ്, ചുങ്കം, കല്ലുപൊളിക്കുന്നതിനു കണ്ടെഴുത്തുകാശു്, നിലം നികത്തിയതിനു സമ്മതക്കൂലി, കുന്നു നിരത്തിയതിനു നോക്കുകൂലി... അങ്ങനെ പോവും.
പ്രകൃതിശക്തികളായിരുന്നു നമ്മുടെ പ്രാക്തനസമൂഹങ്ങളിലെ ആരാധനാമൂർത്തികൾ. ഇടിവെട്ടുമുതൽ വെള്ളച്ചാട്ടം വരെ; പുന്നെല്ലിൽ നടാടെ വിളയുന്ന നെൽക്കതിർ മുതൽ നാടാകെ മുടിക്കുന്ന വസൂരിരോഗം വരെ. അവയെ തൃപ്തിപ്പെടുത്താൻ ആൾബലി വരെ ഉണ്ടായിരുന്നിരിക്കാം.
ഒറ്റയൊറ്റയായ ആൾക്കൂട്ടങ്ങളായിരുന്നു പുരാതനകേരളസമൂഹങ്ങൾ. ജീവിച്ചുപുലർന്നുപോകാനും തമ്മിൽ ഇടപെടാനും എല്ലാർക്കും ഓരോ അതിർത്തികൾ വരച്ചുവെച്ചിട്ടുണ്ടു്. അവ ഭേദിക്കുന്നതായിരുന്നു ഏറ്റവും വലിയ കുറ്റം. അയിത്തം മാറാൻ പേരിനൊരു കുളി മുതൽ കുടുംബമടക്കം 'മുച്ചൂടും മുടിക്കുന്ന' കഴുമരം വരെ ആ കുറ്റങ്ങൾക്കുള്ള ശിക്ഷയായിരുന്നു.
ചോരയിലുള്ളതല്ലേ? ഇപ്പോഴും നാം ആ വ്യവസ്ഥിതികളിൽനിന്നും വളരെയൊന്നും പുരോഗമിച്ചിട്ടില്ല. പുറമേ വ്യക്തമായി കാണാനാവുന്നില്ലെങ്കിലും ഉള്ളിൽ നാമിപ്പോഴും ആ 'സംസ്കാരങ്ങളൊക്കെ' കൊണ്ടു നടക്കുന്നുണ്ടു്. അക്കാര്യത്തിൽ ഇന്ന ജാതിയെന്നോ ഇന്ന മതമെന്നോ ഇന്ന ദേശമെന്നോ ഒരു വ്യത്യാസവുമില്ല താനും. ഓരോരുത്തരും ഓരോ വട്ടങ്ങൾ വരച്ചു് സ്വയം അവയ്ക്കുള്ളിൽ ഒതുങ്ങി, ഒളിഞ്ഞിരിപ്പാണു്. മതത്തിനും ജാതിക്കും പുറമേ വട്ടങ്ങൾ വരക്കാൻ രാഷ്ട്രീയവും സാമ്പത്തികവും കൂടി കൂട്ടുവന്നിട്ടുണ്ടെന്നുള്ള വ്യത്യാസമേ ഉള്ളൂ.
ആരാധനാമൂർത്തികൾക്കാണെങ്കിൽ ഫാൻസ് അസോസിയേഷനുകളും ഫ്ലെക്സ്ബോർഡുകളും കാസർഗോഡു മുതൽ പാറശ്ശാല വരെയുള്ള പ്രചരണപദയാത്രകളും കൂടുതലായുണ്ടെന്നുമാത്രം.
II
മറ്റുള്ളവരുടെ സംസ്കൃതികളിൽ ആവശ്യത്തിനുമാത്രം ഇടപെട്ടു്, ബാക്കിയൊക്കെ സ്വന്തം കാര്യം മാത്രം നോക്കി, വലിയ കലഹങ്ങളൊന്നുമില്ലാതെ ഒരുവിധം സമാധാനമായി ജീവിച്ചിരുന്ന ഈ ആൾക്കൂട്ട-ക്കൂട്ടങ്ങളിലേക്കു് പതുക്കെ വ്യവസ്ഥാപിതമതങ്ങൾ കടന്നുവന്നു.
അവ പല സമയങ്ങളിൽ പല അടുക്കുകളായിട്ടാണു് വന്നുചേർന്നതു്. ജൈനരും ബൗദ്ധരും ക്രിസ്ത്യാനികളും ശൈവരും വൈഷ്ണവരും ഇത്തരത്തിൽ കേരളത്തിൽ എത്തിപ്പെട്ടു. ജീവിതത്തിന്റേയും മരണത്തിന്റേയും അർത്ഥം ഞങ്ങൾ കണ്ടുപിടിച്ചു കഴിഞ്ഞു എന്നായിരുന്നു അവരോരോരുത്തരും അവകാശപ്പെട്ടതു്. അതിൽ കുറച്ചൊക്കെ ശരിയുമുണ്ടായിരുന്നു. ആടുമാടുകളെപ്പോലെ വെറുതെ തിന്നുമുറ്റി വളർന്നു, തളർന്നുവീണുചത്തുമണ്ണൊടുങ്ങാനല്ല മനുഷ്യജീവിതമെന്നു് 'കേരളന്മാരെ'ആദ്യം ബോധവാന്മാരാക്കിയതു് ഇങ്ങനെ പുറത്തുനിന്നു വന്ന സംഘങ്ങളായിരിക്കാം.
ഇനി നമുക്കു് സാവധാനം ചോദ്യത്തിന്റെ ഉത്തരത്തിലേക്കു കടക്കാം.
അവനു് കഷ്ടിച്ചു് 7 വയസ്സു്. പക്ഷേ ഉയരം എട്ടര അടി. മൂന്നു കാളയുടെ വലിപ്പം. പേരു ഹാനോ.
നവോത്ഥാനകാലത്തെ യൂറോപ്പിന്റെ പ്രതീകചിത്രകലയിലെ (iconography) നായകന്മാരിലൊരാളായി മാറി ആ കൊച്ചുമിടുക്കൻ.
ഹാനോ ഒരു ആനക്കുട്ടിയായിരുന്നു. ഒരു തനി കൊച്ചിക്കാരൻ പയ്യൻ. ആദ്യമായി കപ്പൽ കയറിയ ആനക്കുട്ടി.
പോർത്തുഗീസുകാരാണു് അവനെ കൊച്ചിയിൽനിന്നും കടൽ വഴി യൂറോപ്പിലേക്കു കൊണ്ടുപോയതു്. എന്നിട്ടോ? ആയിടെ വത്തിക്കാനിൽ നവാഭിഷിക്തനായ ലിയോ പത്താമൻ എന്ന മാർപ്പാപ്പയ്ക്കു് സമ്മാനമായി കൊടുത്തു.
കൊച്ചിക്കാരൻ തന്നെയായ ആനപ്പാപ്പാനോടു് തെരുവിൽ ന്നിരന്നുനിന്ന റോമക്കുട്ടികൾ ചോദിച്ചു: "എന്താ ഇവന്റെ പേരു്?"
"ആന" - അയാൾ തനിമലയാളത്തിൽ തന്നെ ഉത്തരം പറഞ്ഞു.
"Hanno! Hanno!" -കുട്ടികൾ ആർത്തുവിളിച്ചു.
അങ്ങനെ അവനു് ഹാനോ എന്ന പേരും വീണു.
പ്രവാസിയായ ലിയോ പക്ഷേ അധികകാലം ജീവിച്ചിരുന്നില്ല. രണ്ടു വർഷം കഴിയുമ്പോഴേക്കും, 1516 ജൂൺ എട്ടിനു് അവൻ 'എരണ്ടകെട്ട്' വന്നു് മരിച്ചുപോയി.
എങ്കിലും അതിനിടയ്ക്കു് അവൻ ഒരു സൂപ്പർസ്റ്റാർ ഇതിഹാസം തന്നെയായി.
യൂറോപ്യന്മാർക്കു് ആന എന്ന അത്ഭുതജീവിയെപ്പറ്റി അധികമൊന്നും അറിയുമായിരുന്നില്ല.
ഒരു രണ്ടായിരത്തഞ്ഞൂറു കൊല്ലമെങ്കിലും മുമ്പു തൊട്ടുതന്നെ ആനകൾ ഗ്രീസിലും ലെവന്റിലുമൊക്കെ ചെന്നുപറ്റിയിരുന്നുവെങ്കിലും പത്തുമുന്നൂറു കൊല്ലമായി ആരും ജീവനുള്ള ഒരാനയെ കണ്ടിട്ടില്ല. പണ്ടെന്നോ അരിസ്റ്റോട്ടിലും മറ്റും എഴുതിയും വരച്ചും വെച്ച കഥകളിൽനിന്നു് ഭാവന കലർത്തി ഓരോരുത്തർ വരച്ചുവെച്ച രൂപങ്ങളായിരുന്നു al-ibhas (സംസ്കൃതത്തിൽ ഇഭം=ആന) എന്നു് ഫിനീഷ്യന്മാർ വിളിച്ചിരുന്ന എലിഫന്റിനുണ്ടായിരുന്നതു്.
ഉച്ചനവോത്ഥാനത്തിന്റെ
കാലമായിരുന്നു അതു്. ഇറ്റാലിയൻ ചിത്ര-ശിൽപ്പ-വാസ്തുകലാചരിത്രത്തിലെ
സുവർണ്ണകാലം. അതിലെ നെടുനായകന്മാരിലൊരാളായിരുന്നു വെറും 32
വയസ്സുണ്ടായിരുന്ന റാഫേൽ. മാർപ്പാപ്പയുടെ പ്രിയസഹചാരി. ദർബാറിലെ
പ്രമുഖാംഗം.മാർപ്പാപ്പ റാഫേലിനോടു പറഞ്ഞു: ഈ ആനയെ ഒന്നു വരച്ചെടുക്കണം.
അങ്ങനെ റാഫേലിന്റെ ആനയും അതിന്റെ കോപ്പികളും പിന്നീടുള്ള പത്തുനാനൂറുകൊല്ലം യൂറോപ്പിന്റെ കിരീടങ്ങളിലും താഴികക്കുടങ്ങളിലും പള്ളിമേടകളിലും തുമ്പിക്കൈയുയർത്തിനിന്നു.
ഒരു ആന പോയിട്ടു് ഒരു രാജാവിന്റെ പേരുപോലും എഴുതിവെക്കാത്ത മടിയന്മാരാണു നമ്മൾ. എന്തിനു രാജാവു്? 500 കൊല്ലം മുമ്പു വരെ നമ്മുടെ നാടു് എങ്ങനെയായിരുന്നു, നാം എങ്ങനെയാണു ജീവിച്ചിരുന്നതു് എന്നുപോലും ഒരിടത്തും എഴുതിവെച്ചിട്ടില്ല. ഉള്ളതു് കുറേ ഐതിഹ്യങ്ങളും ഊതിവീർപ്പിച്ച രാജപ്രശംസക്കഥകളും മാത്രം. അക്കാലത്തെ ഒരു ഉത്സവത്തെക്കുറിച്ചോ യുദ്ധത്തെക്കുറിച്ചോ പോലും വായിച്ചറിയാവുന്ന ഒരൊറ്റ രേഖപോലുമില്ല നമ്മുടെ ചരിത്രത്തിൽ. നാടൻപാട്ടുകളും കവിതകളും നാണയത്തുണ്ടുകളും പഴമനസ്സുകൾ കാതോടുവായ് പകർന്നുകൊടുത്ത ചൊൽത്താരികളും മാത്രമുണ്ടു് എന്തെങ്കിലുമൊക്കെ ഊഹിച്ചെങ്കിലുമെടുക്കാൻ.
പക്ഷേ, അങ്ങനെയായിരുന്നില്ല യൂറോപ്പും അറേബ്യയും ചൈനയും മറ്റും. വളരെവളരെപ്പണ്ടു്, ക്രിസ്തുവിനും ആയിരം കൊല്ലം മുമ്പുള്ള കഥ പോലും കുറേയൊക്കെ കൃത്യമായി ഇന്നും വായിച്ചെടുക്കാം.
ഒരു ആനക്കുട്ടി കപ്പലിറങ്ങി നാട്ടിൽ വന്ന തീയതി വരെ!
[ശരിക്കും ആ ഒരു വ്യത്യാസമാണു് നമ്മുടെ നാട്ടിലും അവരുടെ നാട്ടിലുമുള്ള ജീവിതശൈലിയിലും ചിട്ടയിലുമുള്ള വ്യത്യാസവും. അപ്പപ്പഴത്തെ കാര്യങ്ങൾ എങ്ങനെയെങ്കിലുമൊക്കെ കഴിച്ചിലാക്കി മോഡറേഷൻ എന്ന സൗജന്യസഹതാപതരംഗത്തിൽ ജീവിച്ചുപോകണമെന്ന ഒരൊറ്റ ലക്ഷ്യമേ നമുക്കുള്ളൂ].
കേരളത്തിന്റെ ചരിത്രത്തിൽ ഉത്സവങ്ങളുടേയും ആനകളുടേയും കഥകൾ തപ്പിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. വായിക്കാൻ രസം പിടിപ്പിക്കുന്ന, പകുതിയും അസംഭവ്യതകൾ നിറഞ്ഞ, ഐതിഹ്യങ്ങളല്ലാതെ ശരിക്കും നടന്നതു് എന്നുറപ്പിക്കാവുന്ന ഒന്നുപോലുമില്ല!
കവളപ്പാറ കൊമ്പൻ, ചെങ്ങല്ലൂർ രങ്കനാഥൻ, പാലിയം ഗോവിന്ദൻ ഇവരൊക്കെയാണു് നമ്മുടെ ഗതകാലഗജേതിഹാസങ്ങളിലെ ആദ്യതാരങ്ങൾ. പക്ഷേ, അവരൊക്കെ ജീവിച്ചുമരിച്ചതു് ഈ അടുത്ത കാലത്തുതന്നെയാണു്. ഏറിയാൽ നൂറോ നൂറ്റിയിരുപതോ വർഷം. ചെങ്ങല്ലൂർ രങ്കനാഥനെ (1927) തൃശ്ശൂർ കാഴ്ച്ചബംഗ്ലാവിൽ കാണാം. രങ്കനാഥനെ 1924-ൽ കുത്തിയ 'ഹമ്മർ ഫെയിം' അകവൂർ പാലിയം ഗോവിന്ദനെ പിന്നീട് 'കാപ്പ' ചുമത്തി രസം കുത്തിവെച്ചു് തളച്ചതു് ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലെ ആലിന്മേലായിരുന്നുവത്രേ. ചെരിഞ്ഞപ്പോൾ കുഴിച്ചിട്ടതു ഞങ്ങളുടെ തറവാട്ടുപറമ്പിലും!).
(പക്ഷേ, ഇതു പൊങ്ങച്ചമല്ലാന്നു തെളിയിക്കാൻ എന്താ ചെയ്യാ? പറഞ്ഞുകേൾവിയല്ലാതെ, ആരും ഇതൊന്നും എവിടെയും എഴുതിവെച്ചിട്ടുണ്ടാവുമെന്നു തോന്നില്ല. )
ആനകളെ ഉപയോഗിക്കുന്ന ശീലം ഇന്ത്യക്കാർക്കും ബാബിലോണിയക്കാർക്കും മറ്റു് ഏഷ്യൻ നാഗരികസംസ്കാരങ്ങൾക്കും ആദിമകാലം മുതൽക്കേ ഉണ്ടായിരുന്നു. യുദ്ധം, രാജകീയമായ ഘോഷയാത്രകൾ, ഭാരം ചുമക്കൽ ഇവ തന്നെ ആനകളെക്കൊണ്ടുണ്ടായിരുന്ന ഉപയോഗം. Asia in the making of Europe എന്ന സുപ്രസിദ്ധമായ പുസ്തകത്തിൽ Donald Lach ബി.സി. 1000 മുതലെങ്കിലുമുള്ള ആനക്കഥകൾ തക്കതായ അവലംബങ്ങളോടെ പരാമർശിച്ചിട്ടുണ്ടു്. അലക്സാണ്ടർ, അരിസ്റ്റോട്ടിൽ, പ്ലിനി, റോമൻ മല്ലയുദ്ധങ്ങൾ, ക്രിസ്ത്യൻ മതസമൂഹത്തിന്റെ ആനഭക്തി കലർന്ന ആചാരങ്ങൾ ഇവയെല്ലാം അതിൽ കാണാം. മൊത്തത്തിൽ വായിക്കാൻ നല്ല രസമാണവ.
പക്ഷേ, അവയിൽ പരാമർശിക്കുന്ന ആനകൾ ഒന്നുകിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ളവ അല്ലെങ്കിൽ ആഫ്രിക്കൻ ആയിരുന്നു. ഏറിയ കൂറും യുദ്ധത്തിനു പറ്റിയ, മെരുക്കം കുറഞ്ഞു് ആക്രമണസ്വഭാവമുള്ള ഇനങ്ങളായിരുന്നു അവ. ഇന്ത്യയിലും പേർഷ്യയിലും ഈജിപ്തിലും മറ്റും ദിഗ്‌വിജയം നടത്തി തിരിച്ചുപോകുന്ന ചക്രവർത്തിമാർ കൂടെ കൂട്ടുന്നതോ അല്ലെങ്കിൽ സമ്മാനമായി അയച്ചുകിട്ടുന്നവയോ ആയിരുന്നു അവയൊക്കെ. എന്നാൽ പതിമൂന്നാംനൂറ്റാണ്ടോടുകൂടി ഇത്തരം 'ആനക്കടത്തു്' ഒട്ടും ലാഭകരമോ സൗകര്യപ്രദമോ അല്ലാതായിത്തീർന്നു.
അവിടേക്കാണു് മലയാളിപ്രവാസിയായി 1512-ൽ ഹാനോ കടന്നുചെന്നതു്.
ആ ഹാനോ ആണു് നമ്മുടെ ചരിത്രരേഖകളിൽ കൃത്യമായി കാണാവുന്ന ആദ്യത്തെ മലയാളി ആന.
വിശാലഭാരതത്തിലെ ഉത്സവങ്ങളിലെ ദേവസങ്കല്പം ഹിന്ദുക്കൾക്കും ബൗദ്ധർക്കുമിടയിൽ മിശ്രമായാണു് ആരംഭിക്കുന്നതു്. അതിലെ ഏറ്റവും പ്രധാനപ്പെട്ട 'തീം' ഒന്നുതന്നെ: എഴുന്നള്ളിപ്പു്.
ഒരിടത്തു് സ്ഥിരമായി മണ്ണിൽ ഉറപ്പിച്ചുവെച്ചിരിക്കുന്ന (പ്രതിഷ്ഠിക്കപ്പെട്ട) വിഗ്രഹങ്ങളിൽ അവരോധിച്ചിരിക്കുന്ന മൂർത്തികൾക്കു് വർഷത്തിലൊരിക്കലെങ്കിലും നാടൊക്കെ ഒന്നു ചുറ്റിക്കറങ്ങണം. എന്നാൽ, അതിനുവേണ്ടി ആ വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോവുന്നതു് പ്രായോഗികമല്ല. അതിനാൽ, താൽക്കാലികമായി പുതിയൊരു ബിംബമോ പ്രതിമയോ പ്രതീകമോ സൃഷ്ടിക്കുന്നു. ആ പ്രതിമയെ ഭയഭക്തിബഹുമാനങ്ങളോടെ, ഒത്താൽ ഏതെങ്കിലും വാഹനങ്ങളിൽ ആഘോഷമായി നാടുചുറ്റിക്കുന്നു. നാട്ടുകാർ, തങ്ങളെ സന്ദർശിക്കാൻ വന്ന മൂർത്തിയെ ആരാധനാപൂർവ്വം എതിരേൽക്കുന്നു.
ശരാശരി ഇന്ത്യൻ ഉത്സവം ഇങ്ങനെയായിരുന്നു.
പൗരാണികമായ, കാർണിവൽ മാതൃകയിലുള്ള ഈ ആചാരം, ബാബിലോണിയയിൽ തുടങ്ങി റോമാക്രിസ്ത്യാനികൾ വഴി തെക്കേ അമേരിക്കയിലും ടിബറ്റു വഴി ചീന, ജപ്പാൻ വരെയും എത്തിയിട്ടുണ്ട്.
ക്രമേണ, ടിബറ്റിലും ബംഗാളിലും ഒഡിഷയിലും തെക്കേ ഇന്ത്യയിലും മറ്റും ഇത്തരം ഉത്സവങ്ങൾ രഥോത്സവങ്ങളായി മാറി. ചില നാടുകളിൽ, രഥങ്ങൾക്കു പകരം കുതിര, ആന എന്നിവയും.
നമ്മുടെ നാട്ടിൽ കുതിര ഒരു ആഡംബരമൃഗമായിരുന്നു. രാജാക്കന്മാർക്കു മാത്രമേ സ്വന്തമായി കുതിരകൾ ഉണ്ടായിരുന്നുള്ളൂ. കൂട്ടത്തിൽ ലാഭം ആനകളായിരുന്നു. കാടുകളിൽ അവ സുലഭമായിരുന്നു. കൂടാതെ, വർഷം മുഴുവൻ അവയെക്കൊണ്ടു് ഉപയോഗവുമുണ്ടായിരുന്നു. റോഡ്, പാലം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ തീരെ വികസിക്കാതെ കാടും കുളവുമായി കിടന്നിരുന്ന കേരളത്തിൽ ആനകൾ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന JCBകളായി മാറി.
ഉത്സവക്കാലത്തു് രഥങ്ങൾക്കു പകരം അതേ ആനകൾ തന്നെ എഴുന്നള്ളിപ്പിനും പങ്കെടുത്തു.
പക്ഷേ, ഓരോ എഴുന്നള്ളിപ്പിനും എത്ര ആനകളുണ്ടായിരുന്നു? എത്ര ഉത്സവങ്ങളുണ്ടായിരുന്നു?
ഇന്നത്തെപ്പോലെ ധൂർത്തൊന്നും അക്കാലത്തു് ഉത്സവങ്ങൾക്കുണ്ടായിരുന്നില്ല. പലയിടങ്ങളിലും ചടങ്ങുമാത്രമായിരുന്നു എഴുന്നള്ളിപ്പും ആനപ്പൂരവും. കാരണം, അതിനേക്കാളൊക്കെ മുൻഗണനയും ഗൗരവവുമുള്ള വേറേ ആചാരങ്ങൾ ഒരുപാടുണ്ടായിരുന്നു. അതാകട്ടെ, കൂടുതൽ ജനപങ്കാളിത്തമുള്ളവയുമായിരുന്നു.
ഒരിക്കലും കേരളം ഇന്ത്യയായിരുന്നിട്ടില്ല. മലനാട്ടിനു് സ്വന്തമായി ഒരുപേരുപോലും കൃത്യമായിട്ടുണ്ടായിരുന്നില്ല. അതിനു് അതിന്റേതായ ഒരു തരം വിചിത്രമായ സമൂഹവും സംസ്കാരവുമായിരുന്നു. എന്നോ ആരോ എവിടെനിന്നോ കൊണ്ടുവന്ന ആചാരവിശ്വാസങ്ങൾ അവയുടെ അടിസ്ഥാനതത്വങ്ങൾ എന്താണെന്നു പോലും മറന്നുപോയിട്ടും, അധികം റിസ്കെടുക്കാതെ, ഭയഭക്തിയോടെ തുടർന്നുപോവുക എന്നതായിരുന്നു എക്കാലവും നമ്മുടെ ശീലം.
ഇന്നിപ്പോൾ കാണുന്ന ഈസ്റ്റ്മാൻ കളർ ഈശ്വരന്മാരൊന്നും ആദ്യകാലകേരളത്തിൽ ഉണ്ടായിരുന്നില്ല. നമുക്കു് ആകെ ബോദ്ധ്യമുള്ള 'ഹിന്ദു'ദൈവം അമ്മയായിരുന്നു. അമ്മ എന്നാൽ മഹാകാളി അഥവാ ദുർഗ്ഗ അഥവാ ഭഗവതി.
മുഖ്യമായും നായന്മാരായിരുന്നു ഭഗവതിയുടെ ഉപാസകർ. മറ്റുള്ള ജാതിക്കാർക്കൊക്കെ സ്വന്തമായും ദൈവങ്ങളുണ്ടായിരുന്നു. അതിൽ മുത്തപ്പൻ, ചാത്തൻ, കരിക്കുട്ടി, മറുതാ, യക്ഷികൾ ഇവരൊക്കെയുണ്ടായിരുന്നു.
മൊത്തത്തിൽ ഒരു തരം ഐക്യജനാധിപത്യമുന്നണിയായി ഇവരെല്ലാവരും ഒരുമിച്ചു് നാടുവാണു, നാട്ടാരെ കാത്തുരക്ഷിച്ചു.
പുറത്തുനിന്നും പല പുതിയ ആൾക്കൂട്ടങ്ങളും പല വഴിയേ കേരളത്തിൽ എത്തിച്ചേർന്നു. ചിലരൊക്കെ സ്വന്തം നാട്ടിലെ ആചാരവിശ്വാസങ്ങൾ അതേ പടി തുടർന്നു. ചിലർ ആ ആചാരങ്ങൾ തന്നാട്ടുകാരിലേക്കുകൂടി പകർത്താൻ ശ്രമിച്ചു. ചുരുക്കം ചിലർ, ഈ നാട്ടിൽ അവർ കണ്ടുമുട്ടിയ വിശ്വാസങ്ങളിലേക്കു് അലിഞ്ഞുകൂടി.
ഇങ്ങനെ വന്നവരിൽ നമ്പൂതിരിമാരും പട്ടന്മാരും നായന്മാരും നസ്രാണികളും ഈഴവന്മാരും കൊങ്ങിണികളും മൂറുകളും അറബികളും വെള്ളക്കാരും എല്ലാമുണ്ടായിരുന്നു. ഓരോരുത്തരും പല പല കാലങ്ങളിലായിട്ടാണു് എത്തിപ്പെട്ടതു് എന്നുമാത്രം.
ഇങ്ങനെ പരസ്പരം കൂടിക്കലരുമ്പോൾ എന്തുണ്ടാവും? ആർക്കും അവരുടെ സ്വന്തം ആചാരത്തനിമകൾ ഒരു മാറ്റവുമില്ലാതെ ചിരകാലത്തേക്കു് സംരക്ഷിച്ചുകൊണ്ടു നടക്കാനാവില്ല. അതുകൊണ്ടു് എല്ലാവരും കുറേശ്ശെ മറ്റുള്ളവരുടെ ശീലങ്ങളും പകർത്തിത്തുടങ്ങി.
പുടവ കൊടുത്തു പെണ്ണുകെട്ടിയിരുന്നവർ താലി കെട്ടിത്തുടങ്ങി. താലി കെട്ടിയിരുന്നവർ മാല ചാർത്താൻ തുടങ്ങി. ചത്താൽ ഇരുത്തിക്കുഴിച്ചിടുന്നവർ കിടത്തിക്കുഴിച്ചിട്ടുതുടങ്ങി. കിടത്തിക്കുഴിച്ചിടുന്നവർ കത്തിച്ചുതുടങ്ങി. വാവും സംക്രാന്തിയും നോക്കി ശകുനവും മുഹൂർത്തവും തീരുമാനിച്ചിരുന്നവർ ഞായറും രണ്ടാം ശനിയാഴ്ചയും കണക്കാക്കി പെണ്ണുകാണാൻ പോയിത്തുടങ്ങി.
കത്തോലിക്കാപ്പള്ളിയിൽ നിലവിളക്കും ദീപസ്തംഭവുമായി. കാളിയുടെ അമ്പലത്തിൽബാൻഡ്സെറ്റും കാവടിയും പതിവായി. ജാറം പെരുന്നാളിനു് ആനേടെ പൊറത്തു് ചന്ദനക്കുടം. അമ്പിനു് ആനയും പഞ്ചവാദ്യവും. താലപ്പൊലിയ്ക്കു് വിസ്കിയും ബ്രാണ്ടിയും. ബക്രീദിനു് പാൽപ്പായസം.