Sunday, April 05, 2015

അഭിയും വിശ്വവും -QA Session # 27

വരയും ചോദ്യവും അഭിജിത്ത്
ഗള്‍ഫിലിപ്പോള്‍ പൊടിക്കാറ്റ് വീശുകയാണല്ലോ....
പൊടിക്കാറ്റിനിടയില്‍ വാഹനങ്ങളില്‍ അകപ്പെട്ടവര്‍ എന്തു ചെയ്യും.
പൊടികലര്‍ന്ന വായു ശ്വസിക്കാന്‍ കഴിയില്ലല്ലോ.....
ഒപ്പം അത് അപകടവുമല്ലേ...



ഉത്തരം : കടപ്പാട്   Viswa Prabha 

മരുഭൂമിയിലെ പൊടിക്കാറ്റിന്റെ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും രസമുള്ള ഒരു വിഷയമാണു്. 

പെരുമഴക്കാലത്തു് പുഴയിലൂടെ വെള്ളം കലങ്ങിമറിഞ്ഞൊഴുകിവരുന്നതു കാണാറില്ലേ? കടലിലേയും പുഴയിലേയും വെള്ളത്തിൽ എന്തു സംഭവിക്കുന്നുവോ അതുപോലൊക്കെത്തന്നെയാണു് വായുവിലൂടെ ഒഴുകിവരുന്ന പൊടിക്കാറ്റിന്റേയും കാര്യം.

പുഴയിൽ അടിഞ്ഞു് പരസ്പരം ഒട്ടിപ്പിടിച്ചുകിടക്കുന്ന മണൽത്തിട്ടകൾ, അവയിലെ മൺതരികൾ ഏതെങ്കിലും വിധത്തിൽ അയഞ്ഞുപോയെന്നു കരുതുക. അതോടെ,വെള്ളത്തിന്റെ ഒഴുക്കു് ഒരു പരിധിയിൽ കൂടിയാൽ ആ തരികൾ ഉരുണ്ടുനീങ്ങാനും പിന്നെയും കൂടിയാൽ തുള്ളിപ്പൊങ്ങാനും തുടങ്ങും. saltation എന്നാണു് ഈ പ്രതിഭാസത്തെ പറയുക. അടിത്തട്ടിലെ മണൽ ക്രമേണ പൊടിഞ്ഞ് ചെളിത്തരികളായി മുകളിലേക്കു പൊങ്ങാനും വെള്ളം കലങ്ങാനും ഇതു കാരണമാവും. (മലമുകളിൽനിന്നു കുത്തിയൊലിച്ചുവരുന്ന മേൽമണ്ണുതരികൾക്കു പുറമേയാണിതു്. പുഴകളിൽനിന്നു് മണൽഖനനം ചെയ്യുമ്പോൾ അതു പുഴയെ ദോഷമായി ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം saltation ആണു്.)

ഏതാണ്ടു് ഇതേ പ്രതിഭാസം ആഴം കുറഞ്ഞ കടലിലുണ്ടാകുമ്പോൾ അതിനെ നാം ചാകര എന്നു വിളിക്കുന്നു.
ഒരു കണക്കിൽ, മരുഭൂമിയിലെ വായുവിലുണ്ടാകുന്ന 'ചാകരക്കലക്ക'മാണു് പൊടിക്കാറ്റുകൾ എന്നു പറയാം. 

https://en.wikipedia.org/wiki/Saltation_%28geology%29


സഹാറ, അറേബ്യ, ആസ്ത്രേലിയ, അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ, മംഗോളിയ, വടക്കൻ ചൈന, സ്കാൻഡിനേവിയൻ സമതലങ്ങൾ തുടങ്ങി ഒട്ടുമിക്ക മരുഭൂമികളിലും പൊടിക്കാറ്റ് രൂപം കൊള്ളാറുണ്ടു്. ഇന്ത്യയിലെ താർ മരുഭൂമി, ആന്ധ്ര - ചത്തീഗഢ്- നാഗ്പൂർ-മദ്ധ്യപ്രദേശ് ഉൾപ്പെടുന്ന മദ്ധ്യമേഖല എന്നിവിടങ്ങളിലും പൊടിക്കാറ്റ് പ്രതിഭാസം കാണാം.

ഡിസമ്പർ മുതൽ ഏപ്രിൽ വരെയുള്ള സമയത്തു് (ഉത്തരാർദ്ധഗോളത്തിൽ) മരുഭൂമിക്കുമുകളിലെ വായു പൊതുവേ വരണ്ടതായിരിക്കും. ഈ വായുവിലേക്കാണു് താഴ്ന്ന തലങ്ങളിലൂടെ തണുത്ത കാറ്റു വീശുക. ഈ പുതിയ വായുപ്രവാഹം വായുവിന്റെ പല പാളികൾക്കിടയിൽ വമ്പിച്ച മർദ്ദവ്യത്യാസങ്ങൾ സൃഷ്ടിക്കും. തീരെ ചെറിയ മൺതരികൾ ഇതോടെ ഉപരിതലത്തിൽനിന്നു പൊങ്ങാൻ ഇടയാക്കും. കൂടാതെ, മണൽത്തരികൾ സാൾട്ടേഷൻ വഴി നിരങ്ങിനീങ്ങാനും അവയുടെ അരികുകളും വക്കുകളും പൊട്ടിപ്പൊടിഞ്ഞ് അതൊക്കെ പൊടിയായി മാറാനും കാരണമാവും.
ഇങ്ങനെ പൊടിഞ്ഞുയരുന്ന തരികൾക്കു പിണ്ഡം തീരെ കുറവാണു്. അതിനാൽ അവയ്ക്കു് ആറേഴു കിലോമീറ്റർ വരെ ഉയരത്തിലേക്കു നീങ്ങി അവിടെത്തന്നെ തങ്ങിനിൽക്കാനാവും. പിന്നീട് കാറ്റ് നിന്നാലും ഈ തരികൾ പെട്ടെന്നൊന്നും താഴോട്ട് ഊർന്നുവരില്ല. 
അതോടെ വായുവിന്റെ സുതാര്യത തീരെ കുറയും. വെറും അഞ്ചുമീറ്ററിനപ്പുറത്തു നിൽക്കുന്ന കൂട്ടുകാരനെപ്പോലും കാണാനാവാത്തത്ര കട്ടിയിൽ മൂടിക്കെട്ടിനിൽക്കും നമുക്കുചുറ്റും. ചിലപ്പോൾ ഒരു ചുമരുപോലെ കിലോമീറ്ററുകളോളം ഉയരത്തിലാവും ഈ മൂടിക്കെട്ടൽ. തുടർന്നു് കാറ്റിലൂടെ ഈ ചുമർ അപ്പാടെ വേറൊരു സ്ഥലത്തേക്കു് നീങ്ങിയെന്നും വരാം.

പൊടിക്കാറ്റു വന്നാൽ ആളുകളെന്തുചെയ്യും?

വീടിനകത്താണെങ്കിൽ, ആദ്യം തന്നെ ജനലുകളും വാതിലുകളുമെല്ലാം ഭദ്രമായി, ഒരു ദ്വാരം പോലും ബാക്കിനിർത്താതെ, അടയ്ക്കും. ACയുടെ വെന്റിലേഷൻ (പുറത്തുനിന്നും വായു കലർത്തുന്ന സംവിധാനം) മുഴുവനായി അടയ്ക്കും. 


വാഹനത്തിനുള്ളിലാണെങ്കിൽ, കഴിയുന്നതും വേഗം വീട്ടിലോ ഓഫീസിലോ എത്തിപ്പെടാനാണു് ശ്രമിക്കുക. എന്നാൽ വേഗത്തിൽ ഓടിക്കാനും കഴിയില്ല. തൊട്ടുമുമ്പിൽ എന്തൊക്കെയാണുള്ളതെന്നു് കണ്ടറിയാൻ എളുപ്പമല്ലല്ലോ. എങ്കിലും, വാഹനത്തിന്റെ mist lamp (മഞ്ഞവിളക്കുകൾ) ഓൺ ചെയ്തു്, അഥവാ മിസ്റ്റ് ലാമ്പ് ഇല്ലെങ്കിൽ ഹെഡ്‌ലൈറ്റും ഇരുവശത്തുമുള്ള ഓറഞ്ച് ലൈറ്റുകളും (indicator / hazard/parking lights) ഓൺ ചെയ്തിട്ടുണ്ടാവും. മുന്നിലും പിന്നിലും വശങ്ങളിലുമുള്ള മറ്റു വാഹനങ്ങൾക്കു് തിരിച്ചറിയാനാണു് ഇതു്.വാഹനത്തിന്റെ ജനലുകളെല്ലാം മുഴുവനായി അടക്കും. ACയുടെ വെന്റുകളും അടക്കും. ആവശ്യമെങ്കിൽ ഹോൺ ഇടവിട്ടിടവെട്ട് (ഹ്രസ്വമായി) മുഴക്കിക്കൊണ്ടിരിക്കും.
എങ്ങനെയെങ്കിലും ഏറ്റവും അടുത്തുള്ള സുരക്ഷിതസ്ഥാനത്തെത്തി യാത്ര അവസാനിപ്പിക്കുക എന്നതാവും ഈ സമയത്തു് ആളുകളുടെ മുഖ്യ ഉദ്ദേശം.

പൊടിക്കാറ്റു വന്നെത്തുന്ന നേരത്തു് ചിലപ്പോൾ നാം തുറസ്സായ സ്ഥലത്തായിരുന്നുവെങ്കിലോ? വായും മൂക്കും കണ്ണും എങ്ങനെയെങ്കിലും പൊത്തിപ്പിടിച്ച് ഏതെങ്കിലും കെട്ടിടത്തിനുള്ളിൽ കയറി നിൽക്കുക. അത്ര തന്നെ.

പൊടിക്കാറ്റുള്ളപ്പോൾ ധരിക്കാൻ വായും മൂക്കും / കണ്ണും ചെവിയും മൂടിക്കെട്ടാവുന്ന ഫിൽട്ടർ മഫ്ലറുകൾ / മാസ്കുകൾ / മുഖം‌മൂടികൾ ലഭ്യമാണു്. പലരും അതും ധരിച്ചുകൊണ്ടാണു് അത്യാവശ്യത്തിനു് പുറത്തിറങ്ങുക.

പൊടിക്കാറ്റിന്റെ അപകടങ്ങൾ:

1. ദൂരക്കാഴ്ച്ചയില്ലാത്തതിനാൽ സംഭവിക്കാവുന്ന വാഹന അപകടങ്ങൾ

2. അതിശക്തമായ കാറ്റാണെങ്കിൽ, കാറ്റിലൂടെ പറന്നുവന്നുവീഴുന്ന വസ്തുക്കൾ. ഇവയിൽ ചെറിയ പ്ലാസ്റ്റിൿ കവറുകൾ മുതൽ ഡിഷ് ആന്റിനകൾ വരെയുണ്ടാവാം!
3. കണ്ണിൽ തീരെ സൂക്ഷ്മമായ പൊടി വീണു് അലർജി, അണുബാധ( കഞ്ചൿറ്റിവിറ്റിസ്), തരികൾ വീണു് നേത്രപടലത്തിനു് പരിക്കു്.
4. അലർജിയും ആസ്ത്മയുമുള്ളവർക്കു് വായുതടസ്സം, ശ്വാസം മുട്ടൽ.
5. പൊടിയോടൊപ്പം പറന്നു നടക്കുന്ന ചില ഇനം പൂമ്പൊടികൾ (Pollens) ഉണ്ടാക്കുന്ന അലർജികൾ.
6. വൈറസ് രേണുക്കൾ (spores) പടരുന്നതുവഴി പകർച്ചവ്യാധികൾ, വൈറൽ പനികൾ.
7. 'മണൽനാരുകൾ' വഴി ശ്വാസകോശങ്ങളെ ബാധിക്കുന്ന സിലിക്കോസിസ് രോഗം.

പൊരിഞ്ഞ വേനൽക്കാലത്തു് പൊടിമറ വന്നാൽ ചൂടു പെട്ടെന്നു കുറയും. (എന്തുകൊണ്ടു്?)

അതോടെ ആകാശം വീണ്ടും തെളിയും. (എന്തുകൊണ്ടു്)?


പക്ഷേ, വീണ്ടും ചൂടു കൂടും. (എന്തുകൊണ്ടു്?)

എന്തായാലും, അഭി വരച്ച ചിത്രം പതിവുപോലെ, ഗംഭീരമായിട്ടുണ്ടു്.
എന്നാലും, നീലനിറം പൊടിക്കാറ്റിനു യോജിച്ചതല്ല. 
പൊടി പിടിക്കാതിരിക്കാൻ ഏറ്റവും യോജിച്ച നിറം ഏതു്? 









2 comments:

Viswaprabha said...

:)

ajith said...

ഉത്തരം പ്രയോജനപ്രദം!!!

(ഇക്കാലത്ത് വിജ്ഞാനം ആര്‍ക്കും വേണ്ടെന്ന് തോന്നുന്നു. സിലബസിലുള്ളത് മാത്രം പഠിച്ച് മാര്‍ക്ക് വാങ്ങി, ജോലി വാങ്ങി പെന്‍ഷനായി ചത്തുപോവുകയെന്നതാണ് ഏറ്റവും പ്രധാനലക്ഷ്യം! )