Tuesday, August 14, 2018

അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ- വിശ്വപ്രഭ

സ്കൂള്‍ കുട്ടി ബ്ലോഗിലെ ഏറ്റവും വലിയ ഒരു ലേഖനം ആണിത് . വായിച്ചാല്‍ നഷ്ടം വരില്ല എന്ന് ഉറപ്പു തരാം . വിശ്വപ്രഭ പല തവണ ആയി എഴുതി ഉണ്ടാക്കിയത് എല്ലാം കൂടെ ഒരു മര്യാദയും ഇല്ലാതെ കോപ്പി പേസ്റ്റ് ചെയ്തു ഇവിടെ ചേര്‍ത്ത് ഉണ്ടാക്കിയ ലേഖനം . കോപ്പി അടിക്കാന്‍ തന്നെ വളരെ സമയം ചിലവായി , അപ്പോള്‍ പിന്നെ എഴുതി ഉണ്ടാക്കിയ ആളുടെ കാര്യമോ . ഞാന്‍ ഞാന്‍ എന്നും എനിക്ക് എന്ത് കിട്ടും എന്നും ചിന്തിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ഇങ്ങനെ പലതും നമുക്ക് മുന്‍പ് പലരും ചെയ്തതത് കൊണ്ടാണു നമ്മള്‍ ഇപ്പോഴും ഗുഹകളില്‍ ഉറങ്ങി വേട്ടയാടി സമയം ചിലവഴിക്കാതെ ടച്ച്‌ സ്ക്രീനില്‍ വിരലുകള്‍ ചലി പ്പിച്ചു കൊണ്ട് ഇരിക്കുന്നത് .

കോപ്പി പേസ്റ്റ്  : ശ്യാംലാല്‍ ടി പുഷ്പന്‍
എല്ലാ അവകാശങ്ങളും : വിശ്വ പ്രഭ 


അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ- വിശ്വപ്രഭ 


Photo credit PTI 

ചുറ്റുപാടും ഉയർന്നുനിൽക്കുന്ന മലകളുടെ ഒരു കോട്ടയാണു് ഇടുക്കി സംഭരണി അഥവാ തടാകം അഥവാ റിസർവ്വോയർ. ആ കോട്ടയിൽ മൂന്നിടത്തു് വിടവുകളുണ്ടു്. അവ കൊട്ടിയടക്കാനാണു് മൂന്നു ഡാമുകൾ പണിതിരിക്കുന്നതു്. മൂന്നിനും മൂന്നു വലിപ്പമാണു്. ഡാമിന്റെ നീളം കൊണ്ടും ഉയരം കൊണ്ടും ഘനം കൊണ്ടും.

ഏകദേശം 650 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശത്തെ മഴവെള്ളമാണു് ഇടുക്കി ജലസംഭരണിയിൽ എത്തിച്ചേരുന്നതു്. പൂർണ്ണമായി നിറയുമ്പോൾ സംഭരണി (റിസർവ്വോയർ) 60 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ തടാകമായി മാറുന്നു. ഏകദേശം 180 മീറ്റർ പരമാവധി ആഴമുള്ള ഈ തടാകം മൊത്തമായി കഷ്ടി 2,000,000,000 ക്യുബിൿ മീറ്റർ വെള്ളം ഉൾക്കൊള്ളും. അതിൽ ഉപയോഗയോഗ്യമായി പുറത്തേക്കെടുക്കാവുന്ന വെള്ളം 1,460,000,000 ക്യുബിൿ മീറ്റർ വരും.

ഇടുക്കി സംഭരണിയും ഇടുക്കി ഡാമും ഒന്നല്ല. ഇടുക്കി ഡാമുകൾ തന്നെ ഒന്നല്ല, മൂന്നെണ്ണമുണ്ടു്.

അതിനാൽ സംഭരണികളെപ്പറ്റിയും അവയെ പോറ്റിനിർത്തുന്ന ഡാമുകളെപ്പറ്റിയും പൊതുവായും ഇടുക്കി പദ്ധതിയെക്കുറിച്ച് പ്രത്യേകമായും സ്വല്പം എഴുതാം:

ഉറുമ്പിനു ചിരട്ട മഹാസമുദ്രം
===================
ഒരു അണക്കെട്ടിന്റെ കരുത്തു് എന്തിലാണു്? വലിപ്പം കൊണ്ട് സാധാരണ പരിചയമുള്ള നമ്മുടെ തോതുകളിലല്ലെങ്കിലും വളരെ ലളിതമായ ഒരു കാര്യമാണു് അണ കെട്ടുന്നതിന്റെ ബലതന്ത്രം. തൊടിയിൽ വാഴയ്ക്കോ തെങ്ങിനോ നെല്ലിനോ ചാലിട്ടു തടത്തിൽ വെള്ളം തിരിക്കുമ്പോൾ, അല്ലെങ്കിൽ കൊച്ചുന്നാളിൽ മീൻ പിടിച്ചുകളിക്കുമ്പോൾ, ഒക്കെ നാം അണക്കെട്ടുകളുടെ കൊച്ചുരൂപങ്ങൾ വിജയകരമായിത്തന്നെ സൃഷ്ടിക്കാറുണ്ടു്.

ഒരു പാത്രത്തിൽ വെള്ളം നിറച്ചുവെക്കുമ്പോൾ അതിന്റെ ഭിത്തികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദം എന്തിനെയൊക്കെ ആശ്രയിച്ചിരിക്കും? പാത്രത്തിന്റെ വിസ്താരത്തിനെ (പരപ്പിനെ) ആശ്രയിച്ചിരിക്കുമോ? അതോ വെള്ളത്തിന്റെ ആഴത്തിനെ മാത്രമോ?

പാത്രത്തിലെ ഏകദേശം അടിത്തട്ടിലുള്ള ഒരു വെള്ളത്തുള്ളിയെ പരിഗണിക്കാം. അതിനു നേർമുകളിലുള്ള വെള്ളത്തിന്റെ മൊത്തം ഭാരം ആ തുള്ളി വഹിക്കുന്നുണ്ടു്. അതേ ആഴത്തിലുള്ള മറ്റൊരു തുള്ളിയും അത്ര തന്നെ ഭാരം വഹിക്കുന്നുണ്ടാവും. ഈ രണ്ടുതുള്ളികൾക്കും എങ്ങനെയെങ്കിലും ആ ഭാരം ഒഴിവാക്കണമെന്നാണു് ആശ. താഴേക്കു പോകാനാവില്ല. അവിടെയും വെള്ളമുണ്ടു്. മുകളിലേക്കു പൊങ്ങാനുമാവില്ല. പക്ഷേ, വെള്ളം ഒരു ദ്രാവകമായതിനാൽ, ഈ തുള്ളികൾക്കു് അന്യോന്യം (തിരശ്ചീനമായി) വഴുതിമാറാൻ കഴിയും. അങ്ങനെ വഴുതിമാറാൻ ആ വെള്ളത്തുള്ളികൾ സദാ ശ്രമിച്ചുകൊണ്ടിരിക്കും. എങ്കിലും അവിടെയൊക്കെ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ, പരസ്പരം തള്ളിക്കൊണ്ടിരിക്കാനേ അവയ്ക്കു കഴിയൂ. പാത്രത്തിന്റെ ഭിത്തിക്കരികിലുള്ള വെള്ളം ഭിത്തിയിലും ഈ തള്ളൽ ചെലുത്തിക്കൊണ്ടിരിക്കും. ഇതിനെയാണു് നാം ദ്രാവകമർദ്ദം എന്നു വിളിക്കുന്നതു്.

പാസ്ക്കൽ എന്നു പേരുള്ളൊരാൾ ഇക്കാര്യം നല്ലവണ്ണം ആലോചിച്ചുറപ്പിച്ചു. എന്നിട്ട് ഇങ്ങനെ രണ്ടു കാര്യങ്ങൾ എഴുതിവെച്ചു:
1. ഒരു നിശ്ചിത ആഴത്തിലുള്ള ദ്രാവകത്തിനു് മർദ്ദം (Pressure) ഉണ്ടാവുന്നതു് അതു താങ്ങിനിൽക്കുന്ന (അതിനു നേർ മുകളിലുള്ള) ദ്രാവകത്തുള്ളികളുടെ മൊത്തം ഭാരം മൂലമാണു്.

2. ഒരു പാത്രത്തിലുള്ള ദ്രാവകത്തിൽ ഒരേ ആഴത്തിലുള്ള ഏതൊരു ബിന്ദുവിലും ഒരേ അളവു മർദ്ദമായിരിക്കും അനുഭവപ്പെടുക.

ഇതിനർത്ഥം, 
1. ദ്രാവകത്തിന്റെ ഏറ്റവും മേൽത്തട്ടിൽ മർദ്ദം പൂജ്യം ആയിരിക്കും. താഴോട്ടുചെല്ലുംതോറും അതു ക്രമമായി കൂടിക്കൊണ്ടിരിക്കും.
2. പാത്രത്തിന്റെ പരപ്പ് എത്രയെന്നതു് മർദ്ദത്തിനെ ബാധിക്കുന്നില്ല. പക്ഷേ ആഴം കൂടും തോറും മർദ്ദം കൂടും.

നമ്മുടെ അടുക്കളയിലെ ഒരു പാത്രം പോലെത്തന്നെയാണു് ഇടുക്കി (അല്ലെങ്കിൽ മുല്ലപ്പെരിയാർ അതുമല്ലെങ്കിൽ വേറെ ഏതൊരു) അണക്കെട്ടും. അളവുകൾ (തോതുകൾ) നമുക്കു നിത്യപരിചയമുള്ളതിനേക്കാൾ വളരെ വലുതാണെന്ന വ്യത്യാസമേയുള്ളൂ. അണക്കെട്ടിലെ വെള്ളത്തിന്റെ ബലം (Force) മുഴുവൻ അതിന്റെ ആഴത്തിലാണു്. പരപ്പിലല്ല!

ആയതുകൊണ്ടു് ആ ബലത്തിനെ എതിരിടാൻ നമുക്കു് അത്ര തന്നെ ആഴത്തിൽ, എന്നാൽ ജലത്തേക്കാൾ വളരെക്കൂടുതൽ ഘനമുള്ള (സാന്ദ്രതയുള്ള) മറ്റൊരു പദാർത്ഥം കൊണ്ടു് തടയിട്ടാൽ മതി. ജലത്തേക്കാൾ കനമുള്ളതാണല്ലോ മണ്ണു്. അതുകൊണ്ടു് മണ്ണു മാത്രമെടുത്തു് അത്രയും ഉയരത്തിലും അത്യാവശ്യത്തിനു് വീതിയിലും ഘനത്തിലും ഒരു ഭിത്തികെട്ടിയാൽ ആ ജലത്തെ അപ്പാടെ തടുത്തുനിർത്താം.

അതായതു് ആ ഭിത്തിയുടെ കരുത്തു് അതിന്റെ തന്നെ ഭാരമാണു്! ഇത്തരം ഭിത്തികളാണു് അണക്കെട്ടുകൾ. ഭാരം തന്നെ പ്രതിബലമായി പ്രയോജനപ്പെടുത്തുന്ന അണക്കെട്ടുകളെ ഗ്രാവിറ്റി ഡാമുകൾ എന്നും വിളിക്കാം.
ഗ്രാവിറ്റി ഡാമുകൾ മണ്ണുകൊണ്ടോ ഇഷ്ടികപ്പണികൊണ്ടോ കരിങ്കൽപ്പണികൊണ്ടോ ചെയ്യാം.

കേരളത്തിലെ ഒട്ടുമിക്ക ഡാമുകളും ഇത്തരം ഗ്രാവിറ്റി ഡാമുകളാണു്. അവയിൽ ചിലതു് കരിങ്കൽക്കെട്ടുകൊണ്ടാണു്. കുറച്ചെണ്ണം മണ്ണുകൊണ്ടുമുണ്ടു്. എന്നാൽ ഇത്തരം ഡാമുകളിലെ സുഷിരങ്ങളിൽക്കൂടി വെള്ളം അരിച്ചുകയറിയാൽ (ചോർച്ച വന്നാൽ) കാലക്രമേണ ഉള്ളു ദ്രവിച്ച് അവയുടെ ഭാരം കുറഞ്ഞുവരാം.വെള്ളം തടുക്കാനുള്ള അവയുടെ കരുത്തു കുറയാം. അങ്ങനെ വരാതിരിക്കാൻ വേണ്ടി, മിക്കപ്പോഴും ഇത്തരം ഡാമുകൾക്കു മുന്നിലും പിന്നിലും ആവരണം (capping) നൽകിയിട്ടുണ്ടാവും.

വശംതാങ്ങികൾ (Abutments)
=====================
അണക്കെട്ടുകളുടെ ഉറപ്പോളം തന്നെ പ്രധാനമാണു് അവയുടെ ഇരുവശത്തുമുള്ള താങ്ങുകളുടെ (abutments) ഉറപ്പും. എത്രവലിയ അണക്കെട്ടായാലും അവയുടെ വശങ്ങൾ ബലഹീനമായിരുന്നാൽ പോയില്ലേ കാര്യം? വെള്ളം അണക്കെട്ടിനെ ഒട്ടും ഗൗനിക്കാതെ, ആ വശങ്ങളെ ഇടിച്ചുതകർത്തു് വളഞ്ഞു മുന്നോട്ടൊഴുകും. അതിനാൽ, എവിടെ അണക്കെട്ടുപണിയുമ്പോഴും അവയ്ക്കു താങ്ങായി ഇരുവശത്തും ബലിഷ്ഠമായ അബട്ട്മെന്റുകൾ നിർബന്ധമാണു്. ചിലപ്പോൾ വശങ്ങളിലേക്കു നീണ്ടുകിടക്കുന്ന കുന്നുകളുടെയോ പാറയുടേയോ രൂപത്തിൽ പ്രകൃത്യാ അത്തരം വശംതാങ്ങികൾ ഉണ്ടാകാം. അഥവാ അങ്ങനെയില്ലാത്ത അവസരങ്ങളിൽ അവിടെ കൃത്രിമമായി കോൺക്രീറ്റ് കൊണ്ടോ മണ്ണുകൊണ്ടോ കൽക്കെട്ടുകൊണ്ടോ പുതുതായി വശംതാങ്ങികൾ നിർമ്മിക്കേണ്ടിവരും.

ഇടുക്കി ആർച്ച് ഡാം
==============
ഇടുക്കി ഡാമുകളിൽ ഏറ്റവും ഉയരമുള്ളതിനെയാണു് നാം ഇടുക്കി ആർച്ച് ഡാം എന്നു വിളിക്കുന്നതു്. നിർമ്മാണരീതികൊണ്ട് പല പ്രത്യേകതകളുമുള്ള ഈ ഡാം ഇടുക്കിയിലെ മലനിരകൾ ഒത്തുചേർന്നു ചുറ്റിനിന്നു സൃഷ്ടിച്ച മലക്കോട്ടയുടെ ഏറ്റവും ആഴമുള്ള വിടവിനെയാണു് നികത്തുന്നതു്. 

മലക്കോട്ടയുടെ ഈ വിടവിനു് ഇരുവശത്തുമായി പ്രകൃത്യാ തന്നെ രണ്ടു വലിയ മലകൾ (പാറകൾ) സ്ഥിതി ചെയ്യുന്നുണ്ടു്. (കുറവൻ മലയും കുറത്തിമലയും). ഒരു അണക്കെട്ടു പണിയാൻ എന്തുകൊണ്ടും സൗകര്യമായ നിലയിലാണു് ഈ രണ്ടു കൂറ്റൻ പാറകളുടേയും നില്പ്. അതിബലിഷ്ഠമായ ആ വശംതാങ്ങികൾക്കിടയിൽ ഒരു അണകെട്ടിയാൽ മാത്രം മതി.

അടിത്തട്ട് (ഫൗണ്ടേഷൻ) മുതൽ മേൽക്കൂട് (ക്രെസ്റ്റ്) വരെ ഈ ഡാമിന്റെ ഉയരം 169 മീറ്റർ. വിലങ്ങനെയുള്ള നീളം 365.85 മീറ്റർ. ശുദ്ധമായ കോൺക്രീറ്റ് മാത്രം ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക വൻകിട ഡാം ആണിതു്.അണക്കെട്ടുകളുടെ ഉയരക്കണക്കു്
=========================
(അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ - ഭാഗം 2)
ഒരു അണക്കെട്ടിന്റെയോ സംഭരണിയുടേയോ ഉയരം എങ്ങനെയാണു് അടയാളപ്പെടുത്തുക? ഇടുക്കി (അല്ലെങ്കിൽ മുല്ലപ്പെരിയാർ) ജലസംഭരണി ഇത്ര അടി (അല്ലെങ്കിൽ മീറ്റർ) നിറഞ്ഞു എന്നു കേട്ടാൽ എന്തു് അർത്ഥമാക്കണം?
ഭൂമിയുടെ ഉപരിതലത്തിലെ ഏതു ബിന്ദുവിന്റെയും ഉയരം (ചുറ്റുപാടുമുള്ളതിനെ അപേക്ഷിച്ച് അതിന്റെ തറനിരപ്പു്) ഒരേ അളവുകോലിലാക്കി കണക്കിലെടുക്കാൻ പ്രായോഗികമായി ഏറ്റവും യോജിച്ചതു് സമുദ്രനിരപ്പിൽ നിന്നും ആ സ്ഥലം എത്ര ഉയരത്തിലാണു് എന്നു നോക്കുകയാണു്. ഭൂമിയ്ക്കുചുറ്റും കടൽ ഏറെക്കുറെ ഒരു പുറന്തൊലി പോലെ പൊതിഞ്ഞുനിൽക്കുകയാണല്ലോ. ആ തൊലിയിൽനിന്നു് പിന്നെയും ഉയർന്നുനിൽക്കുന്ന ഭാഗങ്ങളാണു് നാം വസിക്കുന്ന വങ്കരകളും അതിന്മേലുള്ള കുന്നുകളും മലകളും മൈതാനങ്ങളുമെല്ലാം. അതനുസരിച്ച് ഹിമാലയത്തിലെ എവറസ്റ്റ് കൊടുമുടിയ്ക്കു് 8848 മീറ്റർ ഉയരമുണ്ടെന്നു നാം പറയും. അതേ അളവുകോലിൽ, കേരളത്തിലെ ആനമുടി എന്ന കൊടുമുടിക്കു് 2695 മീറ്റർ ഉയരമുണ്ടു്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേ 10 മീറ്റർ ഉയരത്തിലാണു്. തൃശ്ശൂർ സ്വരാജ് റൗണ്ട് 25 മീറ്റർ ഉയരത്തിലും നഗരകേന്ദ്രമായ വടക്കും‌നാഥൻ ക്ഷേത്രം 35 മീറ്റർ ഉയരത്തിലുമാണു്.
ഇവയെല്ലാം, സാമാന്യമായി സർവ്വസമ്മതപ്രകാരം തീരുമാനിച്ചിട്ടുള്ള ഒരു സമുദ്രനിരപ്പിൽനിന്നുള്ള ഉയരങ്ങളാണു്. ഈ ഉയരത്തെ elevation അല്ലെങ്കിൽ ഉന്നതി എന്നുവിളിക്കാം. [ലഘുവായതു് light. ലഘുത്വം കൂടുംതോറും ലിഫ്റ്റ് ആയിപ്പോവുന്നു. അങ്ങനെ ലെവിറ്റേറ്റ് ചെയ്യുന്നതിന്റെ (പൊങ്ങി നിൽക്കുന്നതിന്റെ) അളവു് എലിവേഷൻ. എലിവേഷന്റെ വകയിലെ ഒരമ്മായിയാണു് ‘ലഘു’).
ഈ എലിവേഷനെത്തന്നെ ലെവൽ (level) എന്നും വിളിക്കാം.]
ഒരു അണക്കെട്ട് സ്ഥിതി ചെയ്യുന്നതു് ഏതെങ്കിലും മലയിടുക്കിലോ മറ്റോ ആവാം. അതിന്റെ അസ്തിവാരം തന്നെ ഒരു മികച്ച ഉയരത്തിലായിരിക്കാം. ആ അസ്തിവാരം മുതൽ മുകളിലേക്കുള്ളതാണു് അണക്കെട്ടിന്റെ യഥാർത്ഥത്തിലുള്ള ഉടൽ. ആ ഉടലിന്റെ ഉയരത്തെ അണക്കെട്ടിന്റെ ഉയരം (Structural Height) എന്നുതന്നെ പറയാം.
ഇങ്ങനെ പല വിധത്തിലും ഉയരങ്ങൾ പറയേണ്ടി വരുമ്പോൾ ആകെ ആശയക്കുഴപ്പമാവില്ലേ? അതിനാൽ ഇവയ്ക്കൊക്കെ പ്രത്യേകം പേരുകളുമുണ്ടു്. അവയൊക്കെ ഒന്നു തിരിച്ചറിയാം:
Full Reservoir Level (FRL)
=================================
ഏറ്റവും പ്രധാനപ്പെട്ടതു്, പൂർണ്ണസംഭരണവിതാനം (Full Reservoir Level - FRL) എന്ന അളവാണു്.
ഒരു ജലസംഭരണി (റിസർവ്വോയർ അഥവാ അണക്കെട്ടുമൂലം സൃഷ്ടിക്കപ്പെട്ട കൃത്രിമതടാകം) ഡിസൈൻ ചെയ്യുമ്പോൾ തന്നെ മുൻനിശ്ചയിക്കപ്പെട്ട പൂർണ്ണസംഭരണഅളവിൽ നിറയുമ്പോൾ അതിന്റെ മുകൾനിരപ്പിലേക്കു് സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരമാണു് FRL.
ഡാം എന്ന സിവിൽ എഞ്ചിനീയറിങ്ങ് നിർമ്മിതിയുടെ മുകൾപ്പരപ്പിനു് ഏതാനും മീറ്റർ മാത്രം താഴെയായിരിക്കും ഈ ലെവെൽ.
മഴക്കാലത്തു് അണക്കെട്ടുതടാകം നിറയുമ്പോൾ അതു തുറന്നുവിടണോ എന്നു തീരുമാനിക്കുന്നതു് ഈ ഉയരം വരെ ജലം വന്നു നിറയുമ്പോഴാണു്.
FRL ശരിക്കും അണക്കെട്ടിന്റെ ഉയരമല്ല. അതിനുള്ളിൽ നിറയ്ക്കാവുന്ന ജലസ്തംഭത്തിന്റെ പരമാവധി ഉയരമാണു്.
ഇടുക്കി ജലസംഭരണിയുടെ ഡിസൈൻ അനുസരിച്ച് നിശ്ചയിക്കപ്പെട്ട 100% ജലസംഭരണപൂർത്തി 2403 അടി (അതായതു് 732.62 മീറ്റർ) ആണു്.
അതായതു് അണക്കെട്ടിന്റെ ഉറപ്പിനു യാതൊരു വെല്ലുവിളികളുമില്ലാതെത്തന്നെ, വേണമെങ്കിൽ അടുത്ത വേനൽക്കാലത്തോളം കരുതിവെയ്ക്കാൻ തക്ക വിധത്തിൽ അതു പൂർണ്ണമായും നിറഞ്ഞിരിക്കുകയാണെങ്കിൽ അതിന്റെ ജലപ്പരപ്പ് സമുദ്രനിരപ്പിൽ നിന്നും 732.62 മീറ്റർ ഉയരത്തിലാണു് സ്ഥിതി ചെയ്യുക.
Maximum Water Level (MWL)
=======================
സാങ്കേതികമായി കേവലം ഉയർന്ന പരിധി FRL പോലുമല്ല. സുരക്ഷക്കു് ദോഷമൊന്നുമില്ലാതെത്തന്നെ, അതിനേക്കാൾ സ്വല്പം കൂടി ഉയരത്തിൽ വെള്ളം ശേഖരിക്കാനുള്ള ശേഷി അണക്കെട്ടിനുണ്ടു്. ആ ഉയരമാണു് പരമാവധി ജലവിതാനം. (Maximum Water Level).
സംഭരണിയുടെ വൃഷ്ടിപ്രദേശത്തും അതിനു താഴെയുമായി അതിശക്തമായ പേമാരി ഉണ്ടായെന്നു കരുതുക. അതിന്റെ ഫലമായി അണക്കെട്ട് നിറഞ്ഞു് FRL വരെ എത്തുന്നു. ആ സമയത്തു് അണക്കെട്ട് തുറന്നുവിട്ടാൽ, അപ്പോൾ തന്നെ വെള്ളപ്പൊക്കവും പേമാരിയും നടന്നുകൊണ്ടിരിക്കുന്ന കീഴ്പ്രദേശങ്ങൾക്കു് കൂടുതൽ പ്രശ്നങ്ങളാവും. അതിനു പകരം കുറച്ചു സമയത്തേക്കു് (മണിക്കൂറുകളോ ദിവസങ്ങളോ) അത്രയും വെള്ളത്തിൽ ഒരു ഭാഗം കൂടി ഡാമിൽ തന്നെ പിടിച്ചുവെച്ചു എന്നു സങ്കൽപ്പിക്കുക. ആ സമയം കൊണ്ടു് കീഴ്നിലങ്ങളിലെ മഴ ശമിക്കുകയോ അവിടെയുള്ള അധികജലം വാർന്നുപോവുകയോ ചെയ്യും. അതിനുശേഷം മാത്രം മുകളിൽ പിടിച്ചുവെച്ച കൂടുതലുള്ള വെള്ളം നിയന്ത്രിതമായി തുറന്നുവിടാം. ഏതാനും ദിവസം കൊണ്ടു് സംഭരണിയെ അതിന്റെ സ്വതേയുള്ള പൂർണ്ണസംഭരണശേഷി (FRL) ലേക്കു് തിരിച്ചുകൊണ്ടുവരാം.
ഇങ്ങനെ അടിയന്തിരഘട്ടങ്ങളിൽ ദുരന്തനിവാരണത്തിനുവേണ്ടി പതിവുശേഷിക്കുപുറമേ സ്വല്പം കൂടി വെള്ളം കരുതിവെക്കുന്നതിനെ സർച്ചാർജ്ജ് സ്റ്റോറേജ് അഥവാ ഫ്ലഡ് സ്റ്റോറേജ് എന്നു പറയുന്നു.
ഇടുക്കി സംഭരണിയുടെ MWL 2408.5 (734.3 മീറ്റർ) ആണു്.
*എന്നാൽ, ഈ വർഷം ഇടുക്കി അണക്കെട്ട് തുറന്നുവിടാനുള്ള പരിധിയായി ഇതുവരെ നിശ്ചയിച്ചിരുന്നതു് MWL, FRL ഇവ രണ്ടിനും താഴെ, 2396 അടി ആണു്. വാസ്തവത്തിൽ, ഇടുക്കിയിൽ അതിനേക്കാൾ 12.5 അടി കൂടി വെള്ളം ശേഖരിക്കാനുള്ള കഴിവുണ്ടെന്നർത്ഥം. (2408.5 - 2396 = 12.5). ഏറ്റവും ചുരുങ്ങിയ പക്ഷം 7 അടി വരെയെങ്കിലും ഇനിയും സംഭരണശേഷിയുണ്ടു്. ഇതിനിടേ, വളരെ നിയന്ത്രിതമായ അളവിൽ ഡാം തുറന്നുവിടുകയും കീഴ്‌നിലങ്ങളിൽ “അമിതമായ“ വെള്ളപ്പൊക്കമൊന്നും വരാതെ സർക്കാരിനു് സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്യാം.
(ഇതേക്കുറിച്ച് വേറെ പോസ്റ്റ് വരുന്നുണ്ടു്).
അണക്കെട്ടിന്റെ ഉയരം (Top of Dam)
==================
അണക്കെട്ടിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്നും അളന്നു പറയുന്നതാണു് Top of Dam elevation അഥവാ അണയുടെ മേൽപ്പരപ്പിന്റെ ഉന്നതി.
അണക്കെട്ടിന്റെ കാൽവിരലുയരം (Toe of Dam elevation)
===========================================
അണക്കെട്ടിന്റെ അസ്തിവാരം തുടങ്ങുന്ന, നിർമ്മിതമായ അടിത്തട്ടിനെയാണു് അതിന്റെ Toe (കാൽ വിരൽ) എന്നു വിളിക്കുന്നതു്. അണക്കെട്ടിന്റെ ഫൗണ്ടേഷൻ ലെവെൽ എന്നു പറയുന്നതും ഇതുതന്നെയാണു്.
അണമുടി (Crest of Dam)
===================
അണക്കെട്ടിന്റെ മേൽപ്പരപ്പിനെത്തന്നെ ചിലപ്പോൾ Crest of Dam എന്നും വിളിക്കാറുണ്ടു്. എന്നാൽ, അണക്കെട്ട് തുറന്നുവിടേണ്ടിവരുമ്പോൾ അതിനുപയോഗിക്കുന്ന കവിഞ്ഞൊഴുക്കുകവാടങ്ങളുടെ (spill way) മുകൾപ്പരപ്പിനെയാണു് സാങ്കേതികമായി ക്രെസ്റ്റ് എന്നു വിളിക്കേണ്ടതു്.
ഏറ്റവും കുറഞ്ഞ പ്രയുക്തവിതാനം (Minimum Draw Down Level)
===============================================
വേനൽക്കാലത്തു് സംഭരണി വറ്റിത്തുടങ്ങും. അവിടവിടെ ചില കുഴികളിൽ മാത്രം വെള്ളം അവശേഷിക്കുന്നുണ്ടാവാം. എന്നാൽ ആ വെള്ളം താഴേയ്ക്കു് വലിച്ചെടുത്തു് ഫ്ലോറി ഗേറ്റിലൂടെയോ നിർഗ്ഗമനപ്പൈപ്പുകളിലൂടെയോ ടർബൈനിലേക്കോ കനാലുകളിലേക്കോ തിരിച്ചുവിടാൻ ആയെന്നുവരില്ല. അങ്ങനെ അവശേഷിക്കുന്ന ജലമാണു് dead storage. ജലവിതാനം അത്രത്തോളം വറ്റുമ്പോൾ ആ തലത്തിനു പറയുന്ന പേരാണു് മിനിമം ഡ്രോ ഡൗൺ ലവൽ (MDDL).
ജലച്ചക്രവിതാനം ( Turbine Level)
==========================
ഒരു ജലവൈദ്യുതപദ്ധതിയിൽ സംഭരണിയിൽനിന്നും ഏറെ താഴ്ന്ന ഒരു ലെവലിലായിരിക്കും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ടർബൈനുകൾ സ്ഥിതി ചെയ്യുന്നതു്. ആ ലെവലിനെ ടർബൈൻ ലെവൽ എന്നു വിളിക്കാം. ടർബൈൻ ലെവലിൽ നിന്നും തടാകത്തിൽ നിലവിലുള്ള ജലവിതാനത്തിലേക്കുള്ള ഉയരം എത്രയോ അത്രയുമാണു് ആ വൈദ്യുതപദ്ധതിയിൽ ഉല്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ അളവു നിശ്ചയിക്കുന്നതു്.
ആ വ്യത്യാസത്തെ നെറ്റ് ടർബൈൻ ഹെഡ് അല്ലെങ്കിൽ ചുമ്മാ, ഹെഡ് എന്നു പറയുന്നു.
ഈ വക അളവുകളെല്ലാം മീറ്ററിലോ അടിയിലോ പറയാം. അന്താരാഷ്ട്ര അളവുതൂക്ക പൊതുസമ്മതിപ്രകാരം മീറ്ററിലാണു് ഈ വക കാര്യങ്ങൾ പറയേണ്ടതു്. എനിക്കും ഇഷ്ടം മീറ്ററാണു്. പക്ഷേ എഞ്ചിനീയറിങ്ങിൽ പലപ്പോഴും അടിയും ഇഞ്ചുമാണു് പഥ്യം.
അതിനാൽ, വാർത്തകളിൽ മിക്കപ്പോഴും അടിക്കണക്കിലും നിങ്ങൾ കേട്ടെന്നുവരാം.
അടിയെ മീറ്ററാക്കാൻ 0.3048 കൊണ്ടു ഗുണിച്ചാൽ മതി.
മീറ്ററിനെ അടിയാക്കാൻ 3.28084 കൊണ്ടും. ഏകദേശക്കണക്കു മതിയെങ്കിൽ മനക്കണക്കും പെരുക്കപ്പട്ടികയും പ്രാക്ടീസ് ചെയ്തവർക്കു് ഇതിനെല്ലാം ചില എളുപ്പവഴികളുമുണ്ടു്. അതെല്ലാം പിന്നെ.
തൽക്കാലം ഇത്ര മതി. ഇനിയുമുണ്ട് സാങ്കേതികപദാവലികൾ. 


ഇടുക്കി അണക്കെട്ട് എന്നു തുറന്നുവിടണം?
================================
(അണക്കെട്ടുകൾ തുറക്കുമ്പോൾ - ഭാഗം 3)
(ഈ കണക്കുകൾ ഇന്റർനെറ്റിൽനിന്നുതന്നെ, ആധികാരികമായ പലയിടങ്ങളിൽ നിന്നുമായി ശേഖരിച്ചവയും അംഗീകൃത സയൻസ് / എഞ്ചിനീയറിങ്ങ് സൂത്രവാക്യങ്ങളിൽനിന്നും ബാക്കി സ്വന്തം സാമാന്യബുദ്ധികൊണ്ടു് ആർക്കും സ്വയം കണക്കുകൂട്ടിയെടുക്കാവുന്നവയുമാണു്. ഇത്തരം കണക്കുകൾ പൊതുജനം കാണാതെ പരമാവധി മൂടിവെയ്ക്കുന്നതാണു് ഇപ്പോഴും കേരള സർക്കാരിന്റെ ശീലം. ഒന്നുകിൽ അവ പൊതുജനങ്ങൾ അപ്പപ്പോൾ വായിച്ചറിയേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ, അവർക്കു കണക്കുകളേയില്ല. അതുമല്ലെങ്കിൽ സർക്കാർ വക വെബ് സൈറ്റുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഇന്റർനെറ്റ് പുരാതനജീവികൾക്കും അവരുടെ ചോര വലിച്ചുകുടിച്ചുകൊണ്ടിരിക്കുന്ന കോണ്ട്രാക്റ്റ് കങ്കാണികൾക്കും ഈ വക കണക്കുകൾ എങ്ങനെയാണു് ആർക്കും എളുപ്പത്തിൽ വായിച്ചറിയേണ്ടും വിധം പ്രസിദ്ധീകരിക്കേണ്ടതു് എന്നറിയില്ല. അതുമല്ലെങ്കിൽ, ഈ കണക്കുകൾ പൊതുജനം അറിഞ്ഞാൽ ആരെങ്കിലുമൊക്കെ കുഴപ്പത്തിൽ ചാടുമെന്നു് അവർക്കൊക്കെത്തന്നെ ആശങ്കയുണ്ടു്.
ഇതിൽ നേരിയ ഒരപവാദമുള്ളതു് KSEBയാണു്. കേരളസർക്കാരിന്റെ മറ്റു വകുപ്പുകൾ കണ്ടുപഠിക്കേണ്ട പല മേന്മകളും KSEBയുടെ വെബ് സൈറ്റുകളിലും കസ്റ്റമർ സർവ്വീസ് ചാനലുകളിലും ചിലതിലെങ്കിലുമുണ്ടു്. അതിനൊരുദാഹരണമാണു് അവരുടെ ബിൽ പേയ്‌മെന്റ് ഗേറ്റ്‌വേയും കാൾ സെന്ററും. ഇനിയും ധാരാളം മെച്ചപ്പെടുത്തലുകൾക്കു് വകയുണ്ടെങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്നു പറയാം അവയെയൊക്കെ. KSEBയുടെ കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റർ ദിവസേന പുറത്തുവിടുന്ന ഇലൿട്രിക്കൽ പവർ സ്ഥിതിവിവരക്കണക്കുകളാണു് വിശ്വസനീയമായ മറ്റൊരു വെബ് ഫീച്ചർ. ദക്ഷിണമേഖലാ ഗ്രിഡ്, ദേശീയഗ്രിഡ് എന്നിവയുടെ പ്രതിദിനസ്ഥിതിവിവരങ്ങളുമായും മറ്റ് ഔദ്യോഗികരേഖകളുമായും ഒത്തുചേർന്നുപോകേണ്ടതുകൊണ്ടു് ആ കണക്കുകളൊക്കെ വാസ്തവങ്ങൾ തന്നെയായിരിക്കണം.
അതിനാൽ, ഈ കണക്കുകൾ ഈ ദിവസങ്ങളിൽ നടന്നുവരുന്ന ജലനിയന്ത്രണനടപടികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു മാത്രമറിയാവുന്ന കണക്കുകളുമായി കൃത്യമായി പൊരുത്തപ്പെട്ടുകൊള്ളണമെന്നില്ല.
കോമൺ സെൻസ് മാത്രമുപയോഗിച്ചുണ്ടാക്കുന്ന കണക്കുകൾ കിറുകൃത്യമാവില്ലായിരിക്കാം. പക്ഷേ സത്യമായിരിക്കും. ലളിതവും.)
വൃഷ്ടിപ്രദേശം: (Catchment area)
========================
എവിടെയെങ്കിലും മഴപെയ്താൽ ആ വെള്ളം സ്വാഭാവികപ്രവാഹത്തിലൂടെ ഒരു സംഭരണിയിൽ എത്തിച്ചേരുന്നുണ്ടെങ്കിൽ ആ പ്രദേശം ആ സംഭരണിയുടെ വൃഷ്ടിപ്രദേശമാണു്. ക്യാച്ച്മെന്റ് ഏരിയ.
”താണ നിലത്തേ നീരോടൂ“എന്ന സൂത്രവാക്യമനുസരിച്ച് ഏതൊരു പ്രദേശത്തും ഏതെങ്കിലും ഒരു ദിശയിലേക്കേ കെട്ടിനിൽക്കാത്ത മഴവെള്ളം ഒഴുകൂ. അതു താഴോട്ടായിരിക്കും. കേൾക്കുമ്പോൾ തമാശയെന്നുതോന്നുന്നത്ര ലളിതമാണെങ്കിലും മഹത്തരമായ ഒരു നിയമം തന്നെയാണതു്.
ഒരു അണക്കെട്ടിനെ/ റിസർവ്വോയറിനെ സംബന്ധിച്ചിടത്തോളം, അതിനെ വരിഞ്ഞുനിൽക്കുന്ന മലമുത്തപ്പന്മാരുടെ ഇടയിലുള്ള ഏറ്റവും സാദ്ധ്യമായ ഉച്ചരേഖകൾ പരസ്പരം യോജിപ്പിച്ചാൽ ലഭിക്കുന്ന മേഖലയാണു് അതിന്റെ വൃഷ്ടിപ്രദേശം. അവിടെ പെയ്യുന്ന മഴവെള്ളത്തിനു് നാലു ചോയ്സുകളുണ്ടു്.
1. സംഭരണിയിലേക്കു് ഒഴുകിയിറങ്ങാം.
2. ആവിയായിപ്പോവാം.
3. ഭൂമിയ്ക്കടിയിലേക്കു് കിനിഞ്ഞിറങ്ങാം.
4. കൃത്രിമമായി ഉണ്ടാക്കിയ തുരങ്കങ്ങൾ വഴിയോ കനാലുകൾ വഴിയോ മറ്റൊരു വൃഷ്ടിപ്രദേശത്തേക്കു് ഒഴുകിപ്പോവാം.
ഒരു ഡാമിന്റെ ഏറ്റവും ഉയർന്ന പ്രദേശം, അല്ലെങ്കിൽ, സംഭരണിയുടെ FRL (Full Reservoir Level) എത്രയെന്നറിഞ്ഞാൽ സ്വല്പം സമയമെടുത്താണെങ്കിലും ഗൂഗിൾ എർത്തിലോ ഓപ്പൺ സ്റ്റ്രീറ്റ് മാപ്പിലോ അതുപോലുള്ള മറ്റനേകം മാപ് സർവ്വറുകളിലോ നോക്കി ആ സംഭരണിയുടെ വൃഷ്ടിപ്രദേശം എത്രയെന്നു കണ്ടുപിടിക്കാം. ഇതുകൂടാതെ, സെൻട്രൽ വാട്ടർ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന നിരവധി ആനുകാലികവിവരങ്ങളിൽനിന്നു്, പ്രത്യേകിച്ച് നാഷണൽ ഡാം രെജിസ്റ്ററിൽ നിന്നു് ഇതേ വിവരം അറിയാം. ഭയങ്കരമായ ഭൂകമ്പമോ മറ്റു വിശേഷങ്ങളോ ഉണ്ടായിട്ടില്ലെങ്കിൽ ഈ വിവരം അനേകവർഷങ്ങളോളം സ്ഥിരമായിരിക്കും.
FRL എത്ര മീറ്ററാണോ അതേ ഉയരത്തിൽ ഗൂഗിൾ എർത്തിൽ ഒരു കൂറ്റൻ ബഹുഭുജം വരച്ചെടുത്താൽ അതിനുള്ളിൽ പെടുന്ന പ്രദേശമൊക്കെ ആ സംഭരണിയുടെ വൃഷ്ടിപ്രദേശത്തിൽ പെടും. കൂടാതെ, ആ ബഹുഭുജത്തിന്റെ ശീർഷബിന്ദുക്കളിൽനിന്നു് തൊട്ടുസമീപത്തുള്ള (പുറത്തേക്കുള്ള) ഏറ്റവും ഉയർന്ന എല്ലാ ബിന്ദുക്കളിലേക്കും ഓരോ ബാഹ്യമീഡിയനുകൾ വരയ്ക്കണം. ആ ബിന്ദുക്കൾ പരസ്പരം യോജിപ്പിക്കണം. അത്ര കൂടി മേൽപ്പറഞ്ഞ വിസ്തൃതിയിൽ ചേർക്കണം. “താണ നിലത്തേ നീരോടൂ” എന്ന ഒരൊറ്റ തത്ത്വം ഓർത്താൽ മതി. അങ്ങനെ എല്ലാ മലഞ്ചെരുവുകളും താഴ്‌വരകളും നമുക്കു മാപ് ചെയ്തെടുക്കാനാവും.
ഒരാൾ മാത്രമായി കൃത്യമായി ഇതുചെയ്യാൻ കുറേ ദിവസങ്ങൾ തന്നെ എടുക്കും. എന്നാൽ സാദാ നാടൻ പൊതുജനം കൂട്ടായി ചെയ്താൽ അങ്ങനെ കിട്ടുന്ന ഭൂപടങ്ങൾ തികച്ചും ശാസ്ത്രീയം തന്നെയാണു്. അതിനു് സർക്കാർ വക ശാസ്ത്രജ്ഞന്മാരോ പോളിടെൿനിക്കിലെ ഡിപ്ലോമയോ ഒന്നും വേണ്ട.
ഒരിക്കൽ വൃഷ്ടിപ്രദേശത്തിന്റെ അളവറിഞ്ഞാൽ കുറേയേറെ കണക്കുകൾ നമുക്കു സ്വയം ചെയ്തെടുക്കാനാവും.
ഇനി ഇതിനൊന്നും മെനക്കെടാൻ നേരമില്ലെങ്കിൽ, CWCയുടെയും മറ്റും ഔദ്യോഗികവെബ് സൈറ്റുകളിൽ ഇടുക്കിയുടെ വൃഷ്ടിപ്രദേശം 650 ച.കി. എന്നെഴുതിയിട്ടുണ്ടു്.
[മുകളിലെ ഭൂപടവരപ്പിൽ ഒരു ഒഴികഴിവുള്ളതു് സംഭരണിയിലേക്കു് പുറമേനിന്നു് തുരങ്കങ്ങളിലൂടെയോ കനാലുകളിലൂടെയോ മറ്റു വൃഷ്ടിപ്രദേശങ്ങളിൽനിന്നു് വെള്ളം വന്നുചേരുന്നുണ്ടെങ്കിലാണു്.
അങ്ങനെയുണ്ടെങ്കിൽ അതു പ്രത്യേകം അന്വേഷിച്ചറിയേണ്ടിവരും. ഏതു സ്രോതസ്സിൽനിന്നാണോ വരുന്നതു്, അതുകൂടി നമ്മുടെ വൃഷ്ടിപ്രദേശത്തിൽ ചേർക്കേണ്ടിവരും.
അതിനൊരു ഉദാഹരണമാണു് അഞ്ചുരുളി തുരങ്കം. അതിനെക്കുറിച്ച് വേറെ എഴുതാം.]
കുറച്ചു മഴക്കണക്കു്
==============
ഒരു നിശ്ചിത പ്രദേശത്തു് ഒരു നിശ്ചിതസമയത്തിനുള്ളിൽ പെയ്യുന്ന മഴയുടെ അളവു് എങ്ങനെയാണു് കണക്കുകൂട്ടുന്നതു്?
അതു സിമ്പിളാണു്. മഴയ്ക്കു തടവില്ലാത്ത തുറസ്സായ ഒരു സ്ഥലത്തു് കുത്തനെ വക്കുകളുള്ള ഒരു പിഞ്ഞാണം വെക്കുക. അതിൽ ഇത്ര സമയത്തിനുള്ളിൽ എത്ര മില്ലിമീറ്റർ ഉയരത്തിൽ വെള്ളം നിറഞ്ഞു എന്നുനോക്കുക.
ആ പിഞ്ഞാണം തീരെ ചെറുതാണെങ്കിലും കുറേ വലുതാണെങ്കിലും നമ്മുടെ അളവിൽ പ്രശ്നമൊന്നുമില്ല. എത്ര മില്ലിമീറ്റർ അല്ലെങ്കിൽ സെന്റിമീറ്റർ പെയ്തു എന്നതാണു് മഴയുടെ കണക്കു്. ആ കണക്കറിഞ്ഞാൽ ആകെ എത്ര മഴവെള്ളം കിട്ടി എന്നും അറിയാം.
(പിഞ്ഞാണത്തിന്റെ വിസ്തീർണ്ണം x വെള്ളത്തിന്റെ ആഴം = വ്യാപ്തം)
ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു ചതുരപ്പിഞ്ഞാണമായിരുന്നു എന്നു കരുതുക. 24 മണിക്കൂർ കൊണ്ട് ആ പിഞ്ഞാണത്തിൽ ഒരു സെന്റിമീറ്റർ ഉയരത്തിൽ മഴവെള്ളം പെയ്തുനിറഞ്ഞു എന്നും കരുതുക. അപ്പോൾ ആകെ ലഭിച്ച ജലം = 100 cmx 100 cm x 1 cm = 10,000 ക്യുബിൿ സെന്റിമീറ്റർ. അതായതു് 10 ലിറ്റർ. അല്ലെങ്കിൽ 1 m x 1 m x 0.01m = 0.01 ഘനമീറ്റർ എന്നും കണക്കുകൂട്ടാം.
അതായതു് ഒരു ദിവസം കൊണ്ടു് 10 ലിറ്റർ വെള്ളം.
ഇടുക്കി ഡാം എപ്പോൾ തുറന്നുവിടണം?
=============================
ഇനി ഈ കണക്കും കൊണ്ടു് ഇടുക്കിയിലേക്കു ചെല്ലാം.
ഈ ജൂൺ - ജൂലൈ മാസങ്ങളിൽ ഇടുക്കി ജില്ലയിൽ ലഭിച്ച മഴ 212.8 സെന്റിമീറ്റർ ആണത്രേ. ഇതിന്റെ ദിവസശരാശരി എടുത്താൽ ഏതാണ്ട് 3.5 സെ.മീ. വരും. (ഇതു സാധാരണ പതിവുള്ളത്രയും അതിന്റെ പകുതിയും (150%) ആണു്.
അതല്ലെങ്കിൽ SLDCയുടെ പ്രതിദിനറിപ്പോർട്ടുകളിൽ നിന്നു് ഓരോ ദിവസത്തേയും മഴക്കണക്കും റിസർവ്വോയർ ലെവലും അവർ കണക്കാക്കിയെടുത്ത ഇൻഫ്ലോയും അതാതുദിവസം ഉല്പാദിപ്പിച്ച വൈദ്യുതോർജ്ജത്തിന്റെ അളവും കണ്ടെടുക്കാം.
എന്തിനാണിങ്ങനെയൊക്കെ മെനക്കെടുന്നതു് എന്നാണെങ്കിൽ, മൊത്തം വൃഷ്ടിപ്രദേശവിസ്തീർണ്ണവും അവിടത്തെ മഴയുടെ നിരക്കും അറിഞ്ഞാൽ ഡാമിൽ ഒരു ദിവസം എത്ര വെള്ളം വന്നുനിറയും എന്നു് വീട്ടിലിരുന്നുതന്നെ കണക്കുകൂട്ടിയെടുക്കാം. ആ വെള്ളത്തിൽ നിന്നു് ചുരുങ്ങിയതു് എത്ര ഓരോ ദിവസവും ഒഴിഞ്ഞുപോകുമെന്നും ഇത്ര നിരക്കിൽ മഴപെയ്താൽ സംഭരണി എത്ര അടി ഉയരത്തിൽ എന്തു വേഗത്തിൽ നിറയുമെന്നും കണക്കാക്കാം.
ഒരു ഉദാഹരണത്തിനു്, 650 sq.km പ്രദേശത്തു് രണ്ടുമാസം കൊണ്ട് 213 സെന്റിമീറ്റർ പെയ്തു എന്നു് IMDയുടെ വെബ് സൈറ്റിൽ കാണിക്കുന്നു. അത്രയും മഴവെള്ളത്തെ ക്യുബിൿ മീറ്ററിൽ ആക്കുമ്പോൾ 650 x 1000 x 1000*2.13 = 1384.5
മെഗാക്യുബിൿ മീറ്റർ എന്നു ലഭിക്കും. അതായതു് ഇടുക്കി വൃഷ്ടിപ്രദേശത്തു രണ്ടുമാസം മൊത്തം പെയ്ത മഴവെള്ളം ഒരു കുഴലിലൂടെയാണു വന്നിരുന്നതെങ്കിൽ അതു് സെക്കൻഡിൽ 263 ക്യുബിൿ മീറ്റർ എന്ന നിരക്കിൽ ആയിരിക്കും.
ഇതിൽ ഒരുഭാഗം തടാകത്തിന്റെ തന്നെ അടിത്തട്ടിലെ ഭൂമിക്കടിയിലേക്കു് കിനിഞ്ഞിറങ്ങും. ചെറിയൊരു ഭാഗം ആവിയായിപ്പോവും. പിന്നെ ഗണ്യമായ ഒരു ഭാഗം മൂലമറ്റം പവർഹൗസിലേക്കുള്ള പെൻ സ്റ്റോക്ക് പൈപ്പുകളിലൂടെ ടർബൈൻ വഴി താഴേക്കു ചാടിപ്പോവും.
ഭൂമിയിലേക്കു് എത്ര കിനിഞ്ഞിറങ്ങുന്നു എന്നു മനക്കണക്കു കൂട്ടാൻ എളുപ്പമല്ല. അതിനു് ഒരു പാടു കാര്യങ്ങൾ അറിയണം. സയൻസ് സമർത്ഥമായി ഉപയോഗിച്ചാൽ, ആവിയായിപ്പോവുന്നതിന്റെ ഏകദേശക്കണക്കു് എടുക്കാൻ പറ്റും. എങ്കിലും മഴക്കാലത്തു് മൂടിപ്പിടിച്ചുനിൽക്കുന്ന ആകാശവും മുഴുത്ത ഈർപ്പവുമുള്ളപ്പോൾ അതത്ര സാരമുള്ള ഒരളവല്ല.
എന്നാൽ ഓരോ ദിവസവും ടർബൈനിലൂടെ എത്ര വെള്ളം ചാടിയിറങ്ങുന്നു എന്നു കണ്ടുപിടിക്കാൻ കഴിയും.
നിറഞ്ഞുകിടക്കുന്ന റിസർവ്വോയറിൽനിന്നും ചാടുന്ന 650 ലിറ്റർ വെള്ളം മതി ഇടുക്കിയിൽ ഒരു യൂണിറ്റ് വൈദ്യുതിയുണ്ടാക്കാൻ.
അതനുസരിച്ച്, 130 MW ശക്തിയുള്ള അഞ്ചു ജനറേറ്ററുകൾ തുടർച്ചയായി പൂർണ്ണശേഷിയിൽ ഓടിയാൽ ഏതാണ്ട് 125 ക്യു.മീറ്റർ / സെക്കന്റ് വെള്ളം മൂലമറ്റം പവർ ഹൗസ് ടണലിലൂടെ റിസർവ്വോയറിൽനിന്നും തുടർച്ചയായി ഒഴിഞ്ഞുപോയ്ക്കൊണ്ടിരിക്കും.
ഇത്തരം ഒഴിഞ്ഞുപോക്കെല്ലാം നീക്കിയാൽ ബാക്കി വരുന്ന വെള്ളം റിസർവ്വോയറിൽ അവശേഷിക്കും. ആ വെള്ളമാണു് ഡാമിലെ വാട്ടർ ലെവലായി വാർത്തകളിലും മറ്റും ഈയിടെ നിറഞ്ഞുതൂവുന്നതു്.
ഇത്രയും വിവരങ്ങൾ അറിഞ്ഞാൽ, ഇടുക്കി അണക്കെട്ട് സുരക്ഷയുടെ മാത്രം പേരിൽ എപ്പോളാണു് നിശ്ചയമായും തുറക്കേണ്ടി വരിക എന്നു് ഒരു ഏകദേശക്കണക്കുണ്ടാക്കാം.


അണക്കെട്ടുകൾ തുറക്കുമ്പോൾ - 4
ചെറുതോണിയിലെ റേഡിയൽ ഗേറ്റ് സ്പിൽവേ ഷട്ടറുകൾ.
മുകളിലെ മോട്ടോറുകളുമായി ചെയിൻബെൽട്ട് വഴി ബന്ധിപ്പിക്കപ്പെട്ട ഷട്ടറുകൾ സാധാരണ അവസ്ഥയിൽ പൂർണ്ണമായും അടഞ്ഞിരിക്കും. തുറക്കേണ്ട സമയത്തു്, മോട്ടോറുകൾ പ്രവർത്തിപ്പിച്ച് അവ മുകളിലേക്കു് വലിച്ചുപൊക്കും. വൃത്താകാരത്തിൽ (ചാപപാതയിൽ arc ) മുകളിലേക്കു മെല്ലെ മെല്ലെ നീങ്ങുന്ന ഷട്ടറുകളുടെ തിരശ്ചീനദിശയിലുള്ള സമ്മർദ്ദം താങ്ങിനിർത്തുന്നതു് ഇങ്ങേ അറ്റം വരെ നീണ്ടുനിൽക്കുന്ന മുമ്മൂന്നു ബീമുകളും ( trunnion arms)അവ സന്ധിക്കുന്ന trunnion എന്ന വിജാഗിരിബിന്ദുവുമാണു്.
സംഭരണിയിലെ ജലത്തെ തടഞ്ഞുനിർത്തുന്ന ഷട്ടറുകളുടെ പരന്ന പ്രതലത്തിൽ അപ്പുറത്തുനിന്നുമുള്ള ജലത്തിന്റെ സമ്മർദ്ദം, പ്രതലത്തിന്റെ ഈ കമാനാകൃതി മൂലം, ഈ ചാപപാതയുടെ കേന്ദ്രബിന്ദുവായ ട്രൂണിയൺ പോയിന്റിൽ തന്നെ മൊത്തമായി ഏൽക്കുന്നു. അത്തരമൊരു ട്രൂണിയൻ പോയിന്റിന്റെ രൂപകല്പനയും നിർമ്മിതിയും പ്രായേണ കൂടുതൽ എളുപ്പവും സുദൃഢവുമായിരിക്കും.
ഈ ഡിസൈൻ മൂലം സ്പിൽവേ തുറക്കാനും അടയ്ക്കാനും സാധാരണയിൽ കുറഞ്ഞ ബലം മതി. അടയ്ക്കുമ്പോഴും തുറക്കുമ്പോഴും ജലവും ഷട്ടർ പ്രതലവുമായുള്ള ഘർഷണം ലഘൂകരിക്കുന്ന വിധമായിരിക്കും ഇത്തരം ഷട്ടറുകളുടെ നിർമ്മാണം. ഷട്ടറുകളുടെ മുകളിലേക്കും താഴേക്കുമുള്ള നീക്കത്തിനാവശ്യമായ ബലത്തിൽ ഒരു പങ്കു് പുറത്തേക്കു തള്ളിവരുന്ന ജലം തന്നെ ഏറ്റെടുക്കും.
ദ്രവബലതന്ത്രത്തിലെ ഏറ്റവും പ്രാഥമികമായ തത്ത്വങ്ങൾ അറിഞ്ഞിരുന്നാൽ, സ്പിൽവേ ഗേറ്റുകളുടെ കൃത്യമായ വീതിയും ഉയരവും കൂടി ലഭിച്ചാൽ, ഇത്തരം ഷട്ടറുകളിൽ അനുഭവപ്പെടുന്ന ജലമർദ്ദത്തിന്റെ അളവും അവ ഇത്ര സെന്റിമീറ്റർ തുറക്കുമ്പോൾ പുറത്തുചാടുന്ന വെള്ളത്തിന്റെ അളവും നമുക്കുതന്നെ കണക്കുകൂട്ടിയെടുക്കാം.
വിവിധ മഴനിരക്കിൽ വിവിധ ഷട്ടർ ഗ്യാപ് ഉയരത്തിൽ എത്ര ദിവസം വേണം സംഭരണി നിറയുവാൻ എന്നറിയാൻ ഈ ഗൂഗിൾ സ്പ്രെഡ്ഷീറ്റ് കാണുക:
https://docs.google.com/…/1cQoikxNFm4ZNQdu93xXGunl5T5…/edit…
ഇടുക്കി സംഭരണിയിൽ ആവശ്യമുള്ളതിലും കൂടുതൽ ജലം നിറഞ്ഞാൽ കൂടുതലുള്ള ജലം വിട്ടുകളയുന്നതിനു് മുഖ്യമായും രണ്ടുവഴികളാണുള്ളതു്.
1. അണക്കെട്ടിലെ ഏറ്റവും ഉയർന്ന ജലവിതാനത്തിൽനിന്നും ഏകദേശം 680 മീറ്റർ താഴെയുള്ള മൂലമറ്റം പവർ ഹൗസിലെ ടർബൈനുകളിലൂടെ ഒഴുക്കുന്ന ജലം. ജനറേറ്ററുകളുടെ പൂർണ്ണശേഷിയിൽ ഓരോന്നിനും 25 ഘനമീറ്റർ / സെക്കൻഡ് (m³/s) വീതം 5 ടർബൈനുകളിലൂടെ മൊത്തം 125m³/s ഇങ്ങനെ ഒഴിഞ്ഞുപോവും.
[ഇടുക്കിയിൽ 130 MWന്റെ ആറു ജനറേറ്ററുകളാണുള്ളതു്. എന്നാൽ, എല്ലാ സമയത്തും പരമാവധി 5 ജനറേറ്ററുകളേ ഉപയോഗിക്കൂ.ആറാമത്തേതു കേടായിക്കിടക്കുന്നതുകൊണ്ടൊന്നുമല്ല ഓഫ് ചെയ്തിട്ടിരിക്കുന്നതു്. വൈദ്യുതോല്പാദനരീതിയുടെ പ്രത്യേകതകൾ മൂലം എപ്പോഴും ഒരു ജനറേറ്റർ സ്റ്റാൻഡ്‌ബൈ ആയി നീക്കിവെച്ചിരിക്കണം.]
ഇടുക്കി അണക്കെട്ടിൽ ശക്തമായ മഴയിൽ ഇപ്പോൾ വന്നുചേർന്നുകൊണ്ടിരിക്കുന്ന ജലം ഇതിന്റെ ഏകദേശം ഇരട്ടിയോളം വരും. പവർ ഹൗസിലെ ആവശ്യം കഴിഞ്ഞുള്ള ആ ജലമാണു് അണക്കെട്ടിലെ ജലവിതാനം ഇപ്പോൾ ഉയർത്തിക്കൊണ്ടിരിക്കുന്നതു്. അങ്ങനെ ഓരോ സെന്റിമീറ്ററും ഉയർന്നുവരാൻ തന്നെ അതിഭീമമായ വർഷപാതം സംഭവിക്കണം.
2. ചെറുതോണി അണക്കെട്ടിലുള്ള അഞ്ചു സ്പിൽവേ ഷട്ടറുകൾ. ഇവയുടെ വീതി 12.19 മീറ്റർ. ഉയരം 10.36 മീറ്റർ.
ഒരു അണക്കെട്ടിലെയോ ഷട്ടറിലെയോ ഏതെങ്കിലും ഒരു ആഴത്തിൽ (തലത്തിൽ) അനുഭവപ്പെടുന്ന മർദ്ദം ജലനിരപ്പിൽനിന്നും അവിടം വരെയുള്ള ആഴത്തിനു് ആനുപാതികമായിരിക്കും.
P = hg (h = ആഴം, g = ഭൂഗുരുത്വം മൂലമുള്ള ത്വരണനിരക്കു് 9.8m/s² = ഏകദേശം 10)
10.36 മീറ്റർ ആഴത്തിൽ (അതായതു് ഷട്ടറുകളുടെ കീഴറ്റത്തു്) അനുഭവപ്പെടുന്ന ജലമർദ്ദമാണു് സാദ്ധ്യമായതിൽ ഏറ്റവും ഉയർന്ന (maximum static stress) സമ്മർദ്ദം. ഇതു് ഒരു ബാർ അന്തരീക്ഷമർദ്ദത്തിനു സമമായിരിക്കും. നമ്മുടെ കിണറുകളിൽനിന്നും പത്തുമീറ്റർ ഉയരത്തിലുള്ള വാട്ടർ ടാങ്കിലേക്കു് അടിച്ചുകയറ്റുന്ന പമ്പിന്റെ അതേ സമ്മർദ്ദം. (അല്ലെങ്കിൽ ഒരു രണ്ടുനില കെട്ടിടത്തിന്റെ മുകളിൽനിന്നും താഴെ തറനിരപ്പിലുള്ള ഒരു വാട്ടർ ടാപ്പിൽ അനുഭവപ്പെടുന്ന സമ്മർദ്ദം. അതുമല്ലെങ്കിൽ, നാം സദാ വഹിച്ചുകൊണ്ടുനടക്കുന്ന വായുവിന്റെ ഭാരം!).
ഇപ്പോൾ (ട്രയൽ റണ്ണിൽ രണ്ടു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം തുറക്കുമ്പോൾ ) ഓരോന്നിലും ഏകദേശം 52 m³/s വീതം വെള്ളമാണു് ഒഴിഞ്ഞുപോവുക എന്നു നമുക്കുതന്നെ കണക്കുകൂട്ടിനോക്കാവുന്നതാണു്.
Q = Chb x (2gH)^0.5
where Q = quantity in m³/s, C = coefficient of Contraction, h = height of opening in meters, b = width of opening,g = 9.8 m/sec², H = height of water column).
In our case, h << H and depth ratio = 0.5/10 << 0.2 so C can be set to 0.6 (according to ANSI/AWWA C560-00 standards).
Hence Q = 0.6 * 0.5 m * 12.19* [2*9.8 m/s²) * (10.36)]^0.5
= 52 m³/sec (per one sluice gate).
അതായതു് ഇടുക്കിയിൽ ഇനിയും വന്നുചേരുന്ന വെള്ളത്തിൽ
ഒരു ഭാഗം പവർ ഹൗസിലെ 125 m³/s,
ഓരോ ഷട്ടറിലൂടെയും (ഈ നിരക്കിൽ) 52 m³/s,
കൂടാതെ ഇനിയും സുരക്ഷിതമായിത്തന്നെ ഉയരാവുന്ന 9.5 അടി (ഏകദേശം മൂന്നുമീറ്റർ) വിതാനത്തിനു സമമായ 180,000,000 ഘനമീറ്റർ ശേഖരശേഷി.
(എല്ലാ ഷട്ടറുകളും അര മീറ്റർ വെച്ചുതന്നെ തുറന്നാൽ (260m³/s) ഇപ്പോൾ പെയ്യുന്ന മഴയുടെ ശക്തി ഇതേപോലെത്തന്നെ തുടർന്നാലും ജലനിരപ്പ് ഉയരുകയില്ല. ഫലത്തിൽ ഇടുക്കി ഡാം അവിടെ ഉണ്ടായിരുന്നേയില്ലെങ്കിൽ ഒരു പേമാരി ദിവസങ്ങളോളം പെയ്തുകൊണ്ടിരുന്നാലുള്ള അവസ്ഥയാണു് ഈ പരമാവധി അളവുതന്നെ. അതുമൂലം കീഴ്ത്തടങ്ങളിലുണ്ടാകാവുന്ന വെള്ളപ്പൊക്കത്തിനു് ഡാം ഉത്തരവാദിയല്ല.)
[സമുദ്രനിരപ്പിൽനിന്നും 2408.5 അടിയാണു് ഇടുക്കി സംഭരണിയിലെ പരമാവധി ജലവിതാനം (Maximum Water Level). ദീർഘകാലത്തേക്കു് സർവ്വസുരക്ഷിതമായി സംഭരിച്ചുവെക്കാവുന്ന (Rated) പൂർണ്ണസംഭരണശേഷി (Full Reservoir Level) തന്നെ 2403 അടിയാണു്. അതായതു് ഇനിയും 11.5 അടി ഉയരം (രണ്ടാൾപ്പൊക്കം അല്ലെങ്കിൽ ഒരു ആന മുങ്ങാനുള്ളത്ര പൊക്കം) വരെ 60 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ശേഖരിക്കാനുള്ള ശേഷി അണക്കെട്ടിനുണ്ടു്.
ഈ ശേഖരശേഷി 650 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശത്തെ എത്ര സെന്റിമീറ്റർ പ്രതിദിനവർഷപാതത്തിനു സമമാണെന്നും കണക്കാക്കാവുന്നതാണു്.
ഈ ചിത്രം എടുക്കാൻ അവസരം ലഭിച്ചത് ഏതാനും സുഹൃത്തുക്കളുടെ നിർലോഭമായ സഹായങ്ങൾ മൂലമാണു്. അവർക്കു് നന്ദി!
അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ.... - 5)

================================
പണ്ടൊക്കെ കർക്കടകവും തുലാമും പിറന്നാൽ നൂറോ ആയിരമോ കേരളപൗരന്മാർ ഞരമ്പുകളിൽ ചോര തിളയ്ക്കുന്നതൊന്നും കാര്യമാക്കാതെ, പെരുച്ചാഴികളെപ്പോലെ കടലിലേക്കൊഴുകിപ്പോവും. അതൊന്നും റിപ്പോർട്ട് ചെയ്യാൻ ഒരു പട്ടിക്കുഞ്ഞുപോലും ഉണ്ടാവാറില്ല.
എന്നിട്ട് വേനൽക്കാലത്തു് ചന്തി കഴുകാൻ ഒരു കപ്പുവെള്ളം പോലുമില്ലാതെ, വെള്ളംടാങ്കി വരാൻ കുടവും പാട്ടയുമൊക്കെയായി, പൊരിവെയിലത്തു് വഴിവക്കിൽ നിരനിരയായി, വരിവരിയായി കാത്തുനിൽക്കും.
അതൊക്കെ ലൈവ് വീഡിയോ ഇടാൻ വല്ലവന്റെയും കയ്യിൽ ഒരു ചൈനാഫോണെങ്കിലും വേണ്ടേ?
പിന്നെപ്പിന്നെ അണക്കെട്ടുകളും കനാലുകളും വന്നു. ചന്തി കഴുകാനുള്ളതും കഴിഞ്ഞ് ഫ്ലഷ് ചെയ്യാൻ വരെ 20ഉം 30ഉം ലിറ്റർ വെള്ളം, കാർ കഴുകാൻ 200 ലിറ്റർ വെള്ളം, മുറ്റം കഴുകാൻ 2000 ലിറ്റർ....
കേരളത്തിന്റെ കേവലവും അനുപമവുമായ സ്വത്തുക്കൾ നമ്മുടെ മലനിരകളും കുന്നുകളുമാണു്. മഴവെള്ളമെന്ന അമ്മിഞ്ഞപ്പാൽ ഇറുമ്പിക്കുടിക്കേണ്ടതിനുപകരം നാം പ്രകൃതിയുടെ ആ മാറിടങ്ങൾ, ആ പാറക്കെട്ടുകൾ തുരന്നുപൊളിച്ച് ചോര വാർത്തിയെടുക്കുകയായിരുന്നു ഇത്രനാളും.
അപ്പൊഴൊന്നും ഓർത്തില്ല ഉരുൾപ്പൊട്ടലുകളെപ്പറ്റി!
അത്രയും ജ്യോളജിയും ഹൈഡ്രോളജിയും എക്കോളജിയും പഠിച്ചുവെയ്ക്കാൻ പോലും നമ്മുടെ ഇഞ്ചനീയറന്മാരും ശാസ്ത്രജ്ഞന്മാരും മെനക്കെട്ടുമില്ല!
വെള്ളം ഒഴിഞ്ഞ പുഴയിലേക്കിറങ്ങിയും പുഴതന്നെ ചായ്ച്ചുകെട്ടിയും കിട്ടിയ ഭൂമിയൊക്കെ വെട്ടിപ്പിടിച്ച് കൊട്ടാരങ്ങളും ഹോട്ടലുകളും കള്ളുഷാപ്പുകളും...
വല്ലപ്പോഴും അശ്രീകരം പിടിച്ച ഈ കുന്ത്രാണ്ടങ്ങളൊക്കെ തുറന്നുവിടാനും സാദ്ധ്യതയുണ്ടെന്നുപോലും ഓർക്കാതെ.
മഴയുടെ തമ്പുരാൻ ഡിങ്കനു് പത്താണ്ടുകൂടുമ്പോഴെങ്കിലും, വല്ലപ്പോഴുമെങ്കിലും ഡയേറിയ പിടിക്കും എന്നോർക്കാതെ.
എന്നിട്ടോ?
അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു. എന്നിട്ടും പട്ടിക്കു മുറുമുറുപ്പു്...
ഇടുക്കി സംഭരണിയിൽ ഇപ്പോൾ പ്രതിനിമിഷം വന്നുചേരുന്നതു് 900 ഘനമീറ്റർ മഴവെള്ളമാണു്. അവിടെനിന്നു് തുറന്നുവിട്ടുകൊണ്ടിരിക്കുന്നതെല്ലാം കൂടി (ഇന്നു് 12 മണിക്കു്) 500 ഘനമീറ്റർ / സെക്കൻഡും. അതായതു് ഇടുക്കി അണക്കെട്ട് ഇപ്പോഴും ഒരു റിസർവ്വ് ആയി ആ മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം മുഴുവൻ കൈപ്പിടിയിൽ ശേഖരിച്ചുകൊണ്ടിരിക്കയാണു്.
അണക്കെട്ടില്ലായിരുന്നെങ്കിൽ, ആ 900 ഘനമീറ്ററും അപ്പാടെ കൊച്ചിയിലേക്കു കുതിച്ചേനെ.
ഈ 900 തന്നെ ഇന്നത്തെ കണക്കാണു്. മിനിയാന്നുമുതൽ ഇന്നുരാവിലെ വരെ അതു് 1200-1500 ഒക്കെ ആയിരുന്നു!
ശരിക്കും ഡാം ഡാം! അതുകാരണം കൊച്ചിയിലും നെടുമ്പാശ്ശേരിയിലും ആലുവയിലും മറ്റും കുറേ കൗതുകക്കാഴ്ചകളും വാർത്തകളും നഷ്ടമായി!
സംശയം by Girija Navaneeth:
=======================
ഒരു സംശയം ചോദിച്ചോട്ടെ. വിഡ്ഢിത്തമാണെങ്കിൽ ക്ഷമിക്കുക. ഇത്രയധികം ഡാമുകൾ ഒന്നിച്ച് ഒരേ സമയം തുറന്നുവിടാൻ കാലവർഷം കനക്കുന്നതുവരെ കാത്തുനിൽക്കുന്നതുകൊണ്ടല്ലേ ഇത്രത്തോളം നാശം ഉണ്ടാകുന്നത്? ആ നാശത്തിൻറെ ആഴം, ഇതേ അളവിൽ മഴപെയ്യുമ്പോൾ സ്വാഭാവികമായി ഒഴുകുന്ന നദികൾ
( അണക്കെട്ടുകളുടെ തടസ്സമില്ലാതെ) നിറഞ്ഞുകവിഞ്ഞുണ്ടാകുന്ന നാശനഷ്ടത്തെക്കാൾ കൂടുതലല്ലേ? (ആധികാരികമായ അറിവ് കുറവായതുകൊണ്ടുള്ള സംശയമാണ്, അണക്കെട്ടുവിരോധം കൊണ്ടല്ല. ) അണകൾ കെട്ടി പുഴകളിൽ നിന്ന് ബലമായി ഇങ്ങനെ പിടിച്ചുവാങ്ങിവച്ചിരിക്കുന്ന ജലം കാലവർഷം തുടങ്ങുന്നതിനു മുമ്പായിട്ട് വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും അനുകൂലകാലാവസ്ഥയ്ക്കനുസരിച്ച് വരണ്ടുവിണ്ട പുഴകളുടെ തൊണ്ട നനയ്ക്കാൻ കൊടുക്കേണ്ടതല്ലേ? പശുക്കുട്ടിയ്ക്ക് കുടിക്കാൻ ഒരൽപം പാൽ കറവക്കാരൻ തള്ളപ്പശുവിൽ ബാക്കി വയ്ക്കുന്നതിനു സമാനമായ ഒരു കരുതൽ, അതെങ്കിലും? അങ്ങനെ ഒഴുക്കിവിട്ടതിൻറെ പേരിൽ ഉണ്ടാകുന്ന വൈദ്യുതി ക്ഷാമം സഹിക്കുന്നതല്ലേ ഇത്രയും കനത്ത നാശനഷ്ടം സഹിക്കുന്നതിലും ഭേദം?
എന്റെ (Viswa Prabha) ഉത്തരം:
========================
1. ജനത്തിനെ ആരോ പറഞ്ഞുപറ്റിച്ചിട്ടുണ്ടു്, KSEB എന്തോ വലിയ അമേരിക്കൻ ക്യാപ്പിറ്റലിസ്റ്റു പോലെ ഒരു സംഭവമാണെന്നു്. കേരളത്തിൽ ശരിക്കും അനുമോദിക്കാവുന്ന ഒരൊറ്റ വകുപ്പേ ഇപ്പോൾ ഉള്ളൂ. അതു KSEBയാണു്.
2. മണിയാശാനെയാണു് മന്ത്രിമാരിൽ വെച്ച് എനിക്കു് ഏറ്റവും ബഹുമാനം. കാരണം, തനിക്കറിയാത്ത ഇലൿട്രിക്കൽ ടെൿനോളജിയിലൊന്നും ഇടങ്കോലിടാതെ, അത്യാവശ്യം പ്രായോഗികതയുള്ള ഒരു വിദഗ്ദ്ധസംഘത്തെ അവരുടെ വഴിക്കു വിടുകയും ഫൈനൽ റിസൾട്ടുകൾ മാത്രം അതിസുന്ദരമായി മാനേജു ചെയ്യുകയുമാണു് ആ അർദ്ധാഭ്യസ്തവിദ്യൻ ചെയ്യുന്നതു്. നമ്മുടെ മുത്താണു് മണിയാശാൻ. ( വെറുതെ കണ്ണടച്ചുപുകഴ്ത്തിപ്പറയാൻ എനിക്കങ്ങനെ ഇടതുപക്ഷാഭിമുഖ്യമൊന്നുമില്ല എന്നു മാത്രമല്ല, തെല്ലൊക്കെ വിരോധവുമുണ്ടു്).
അതുകൊണ്ടു് വൈദ്യുതി ലാഭിക്കാനാണു് ഇത്ര നാളും ഡാം കെട്ടിപ്പൂട്ടിവെച്ചിരുന്നതു് എന്ന അസംപ്ഷൻ ആദ്യം ഉപേക്ഷിക്കണം.
3. കഴിഞ്ഞ മൂന്നുനാലുദിവസംകൊണ്ടു് കേരളത്തിൽ പെയ്ത മഹാമാരി അടുത്ത കാലത്തൊന്നും ഉണ്ടാവാത്തത്രയാണു്. നമ്മുടെ ശരാശരി വാർഷികവർഷപാതം 3000 മില്ലിമീറ്റർ ആണു്. ഈ മൂന്നുനാലുദിവസംകൊണ്ടുതന്നെ ഇടുക്കിയിൽ പെയ്തുതീർന്നതു് 800-1000 മില്ലിമീറ്റർ വരും. അതായതു് ഒരുകൊല്ലം മുഴുവൻ പെയ്യേണ്ട മഴയുടെ മൂന്നിലൊന്നു്!
അതിനുപകരം പതിവുള്ള മഴയുടെ അതേ നിരക്കിലായിരുന്നുവെങ്കിൽ ഡാം ഇപ്പോഴും 80-90% മാത്രം നിറഞ്ഞുകിടക്കുമായിരുന്നു. തുലാവർഷം ചതിക്കുമോ ഇല്ലയോ എന്നു് ഇപ്പോൾ പറയാനാവില്ല. അഥവാ ചതിച്ചാൽ, ഇത്രയൊക്കെ വെള്ളം കരുതിവെച്ചാൽ പോലും ഡിസമ്പർ ആവുമ്പോഴേക്കും ഡാമുകളൊക്കെ വറ്റുന്ന അവസ്ഥയിലാവും. അപ്പോൾ ബാക്കിവരുന്ന ഓരോ ലിറ്റർ വെള്ളവും നമുക്കമൂല്യമായി മാറും.
അടുത്തൊന്നും പതിവില്ലാത്തത്ര വലിയ പേമാരി പെയ്യുമ്പോൾ എത്ര വലിയ കണക്കപ്പിള്ളയ്ക്കും (മുറിവൈദ്യനും കേരളബ്യൂറോക്രസിയുടെ പോളിടെൿനിൿ ഡിപ്ലോമയില്ലാത്തവനുമായ ഈ എനിക്കടക്കം!) കണക്കു പിഴക്കും! അത്തരമൊരു സംഭവമാണു് ഇപ്പോൾ നടക്കുന്നതു്.
ഇപ്പോൾ പോലും റിസർവ്വോയറിന്റെ ദൗർബല്യം കൊണ്ടല്ല ഡാം തുറന്നുവിടുന്നതു്. ഇനിയും 2408 - 2402 = 6 അടി എങ്കിലും ബാക്കിയുണ്ടു് ഡാം ശരിക്കും അതിനുഡിസൈൻ ചെയ്ത നിറവിൽ എത്താൻ. എങ്കിലും, അഥവാ ഈ മഴ ഇനിയും ഇതേ അവസ്ഥയിൽ തുടർന്നാൽ, താഴ്‌നിലങ്ങളിൽ ഞണ്ടുകളെപ്പോലെ പുറ്റുകളുണ്ടാക്കി ജീവിക്കുന്ന കുറേ ആളുകൾ വെള്ളം കുടിച്ചും കക്കൂസും കിണറും കൂടിക്കലർന്നും കറന്റും കുടിവെള്ളവുമില്ലാതെയും, ഒരു സ്യൂഡോവെള്ളപ്പൊക്കത്തിൽ പെടരുതല്ലോ, ആഴ്ചകളോളം ഒഴുകിപ്പോവാൻ ഇടമില്ലാതെ ആ വെള്ളം കെട്ടിക്കിടക്കരുതല്ലോ എന്ന ആശങ്കയിലാണു് ഷട്ടറുകൾ ഇപ്പൊഴെങ്കിലും അതിന്റെ യഥാർത്ഥധാരിതയുടെ ചെറിയൊരു ഭാഗം മാത്രമായി തുറക്കുന്നതു്.
(10.36 മീറ്ററാണു് ഷട്ടറുകളുടെ ഉയരം. ഇപ്പോൾ ഒരു മീറ്ററൊക്കെയേ തുറക്കുന്നുള്ളൂ).
4. സാധാരണ, ഇടുക്കി വേനൽക്കാലത്തേക്കുള്ള നമ്മുടെ ലോങ് ടേം സ്റ്റോറേജ് ആണു്. നല്ല മഴക്കാലത്തു് ഇടുക്കി വെള്ളം ഉപയോഗിക്കാറേ ഇല്ല. പകരം മറ്റു ചെറിയ അണക്കെട്ടുകളിലെ വെള്ളമാണു് ഇക്കാലത്തു് പരമാവധി ഉപയോഗിക്കുക. (കാരണം അവിടെയെല്ലാം ആഴം കുറവും പരപ്പു കൂടുതലുമാണു്. വെള്ളത്തിന്റെ പകുതിയും വേനലാവുമ്പോഴേക്കും ബാഷ്പീകരിച്ചുപോവും). അതിനാൽ പതിവു പ്രോട്ടോക്കോൾ അനുസരിച്ച് ഇടുക്കി ഡാം ഈ സമയത്തു് തുറക്കുകയോ ഉല്പാദനം കൂട്ടുകയോ പോലും ആവശ്യമായിരുന്നില്ല.
വീണ്ടും സംശയം (Girija Navaneeth):
===========================
സ്വാഭാവികമായി ഒഴുകിവരുന്ന പുഴയുടെ ഒഴുക്കിൻറെ ശക്തി അണക്കെട്ടിൻറെ ഷട്ടറുകൾ ഒന്നിച്ച് തുറന്നുവിടുമ്പോൾ ഉള്ള ഒഴുക്കിൻറെ ശക്തിയേക്കാൾ കൂടുതലല്ലേ?
വീണ്ടും ഉത്തരം (എന്റെ):
==================
ആണോ? ഇന്നലെ സംഭരണിയിലേക്കൊഴുകിവന്ന വെള്ളത്തിന്റെ നിരക്കു് 1500 cm/s വരെ ഉണ്ടാവും. അതിൽനിന്നും നാം ഇതുവരെ തുറന്നുവിടുന്ന പരമാവധി നിരക്കു് (ഇന്നുച്ച തിരിഞ്ഞ് മൂന്നുമണിയുടെ കണക്കിൽ) 700cm/sവരെയേ ഉള്ളൂ) + പവർ ഹൗസ് വെള്ളം 120 cm/s കിഴിച്ചാൽ ബാക്കിയുള്ളതെത്ര? അണക്കെട്ട് ഉണ്ടായിരുന്നില്ലെങ്കിൽ അത്രയും വെള്ളം കൂടി അത്ര സമയം കൊണ്ടുതന്നെ നേരേ താഴേക്കു വരുമായിരുന്നു. അതിന്റെ പ്രവേഗവും വെള്ളപ്പൊക്കത്തിന്റെ അളവും അപ്പോഴും ഇതുതന്നെയായിരിക്കും, അഥവാ ഇതിലും ഭീകരമായിരിക്കും.
പോസ്റ്റിൽ എഴുതിയിരിക്കുന്നതുപോലെ, ഇടുക്കി അണക്കെട്ടുകൾ / സംഭരണി ഇപ്പോഴും കൊച്ചിയേയും മറ്റും അതിനാവുന്നതുപോലെ സംരക്ഷിച്ചുകൊണ്ടിരിക്കയാണു്.
എന്നിട്ടും സംശയം (by Vinod Kumar):
============================
അപ്പൊ ഇടുക്കി അണക്കെട്ട് ഉണ്ടാകുന്നതിനു മുന്നേ ഇത്ര ശക്തമായ മഴ പെയ്തിട്ടില്ലേ? പെയ്തിട്ടുന്ടെങ്കില്‍ അന്നൊക്കെ എങ്ങോട്ടാണ് വെള്ളം പോയിരുന്നത്.. (മുന്‍‌കൂര്‍ ജാമ്യം:) അറിയാനുള്ള ചോദ്യമാണ്.. തര്‍ക്കിക്കാനല്ല.. )
അതിനും ഉത്തരം (ഞാൻ തന്നെ):
=========================
ആ ഗൂഗിൾ മാപ്പൊന്നു എടുത്തുനോക്കിക്കേ?
കലൂരെ നെഹ്രു സ്റ്റേഡിയത്തിനുള്ളിൽ പന്തുകളിക്കാർക്കിടയിൽ എത്തിപ്പെട്ട, വെള്ളമടിച്ച ഓട്ടർഷായെപ്പോലെയാണു് പെരിയാറെന്ന മലയത്തിപ്പെണ്ണു് സിറ്റി ഏരിയയിലെത്തുമ്പോൾ കുളിരുംകൊണ്ടു തേരാ പാരാ അങ്ങാടും ഇങ്ങാടുമൊക്കെ കുണുങ്ങിക്കറങ്ങിനടക്കുന്നതു്. അവളങ്ങനെ വെള്ളമടിച്ചു് കുറേ തൃശ്ശൂർ ജില്ലയിലേക്കും കുറേ കൊച്ചിക്കായലിലേക്കും നീണ്ടുപരന്നങ്ങനെ പാമ്പായി കിടക്കും. അതിനങ്ങനെ പ്രത്യേകം വെട്ടിവെച്ച ഒരു വഴിയൊന്നുമുണ്ടായിരുന്നില്ല. ഞണ്ടും തവളയും ജീവിച്ചിരുന്ന ആ ചെളിപ്പറമ്പുകളിൽ തിരുവാതിര ഞാറ്റുവേലയിൽ മലവെള്ളം വന്നുപരക്കുമ്പോൾ അതിനെ വെള്ളപ്പൊക്കമെന്നൊന്നും ആരും പറയാറില്ല. തലയ്ക്കാത്തു വല്ലോം വിവരമുള്ള ആരും അവിടങ്ങളിലൊക്കെ കുടിവെച്ചു പൊറുതിയുമുണ്ടായിരുന്നില്ല.
സിമ്പിളും പവർഫുള്ളൂമാണു്. കുട്ടിക്കു മനസ്സിലായല്ലോ?


അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ.... - 6
===============================
ഇടുക്കിയിൽ കൂടുതൽ ജനറേറ്ററുകൾ ഉണ്ടായിരുന്നെങ്കിൽ ഇതു പോലെ വെള്ളം ഒഴുക്കിവിടുന്ന സമയത്ത് ഉപയോഗിക്കാമായിരുന്നല്ലോ? (സംശയം by Unni Sreedalam):
ഉത്തരം: (Viswa Prabha)
ഇടുക്കിയിലെ ഒരു ജനറേറ്റർ എന്നാൽ വെറുമൊരു മെഷീൻ മാത്രമല്ല. അതോടനുബന്ധിച്ച് ഒരു ടർബൈൻ, ആ ടർബൈനിലേക്കുള്ള ഒരു കുഴൽ (പെൻസ്റ്റോക്), സംഭരണിയിൽനിന്നും ആ കുഴലിലേക്കുള്ള നിർഗ്ഗമനദ്വാരം (ഫ്ലോറി ഗേറ്റ്), ടർബൈനിൽനിന്നും പുറത്തേക്കു പോകുന്ന ജലപാത (Tail race) തുടങ്ങി ഒരു പാടു കാര്യങ്ങളുണ്ടു്.
ഒരുപക്ഷേ സ്കൂളിൽ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ നാം ഏറ്റവും ആദ്യം ചെയ്തു കണ്ട സയൻസ് പരീക്ഷണം ഒരു വെള്ളപ്പാത്രത്തിന്റേതായിരിക്കും. ഉയരമുള്ള ഒരു കുപ്പിയിലോ മറ്റോ വശത്തു് മൂന്നുനാലു തുളകളുണ്ടാക്കി അതിലൂടെ വെള്ളം ചാടിക്കുന്ന ലളിതമായ ഒരു മാജിൿ കാഴ്ച. അതേ കഥ തന്നെയാണു് എത്ര വലിയ അണക്കെട്ടിലേതും. ആഴം കൂടുംതോറും മർദ്ദം വർദ്ധിക്കുന്നു. പക്ഷേ അതിന്റെ ഫോർമുല തീരെ ലളിതമാണു്. ഒരു നിശ്ചിത ആഴത്തിലെ ജലത്തിനു് അതിന്റെ നേർമുകളിലുള്ള എത്ര വെള്ളത്തിന്റെ ഭാരമാണോ താങ്ങേണ്ടതു്, അതാണു് അവിടത്തെ ദ്രാവകമർദ്ദം.
വെള്ളത്തിന്റെ കാര്യത്തിൽ ഈ മർദ്ദക്കണക്കു് വളരെ ലളിതമാണു്. നാം എപ്പോഴും ചുമന്നുകൊണ്ടുനടക്കുന്ന, നമുക്കുനേരേ മുകളിലുള്ള (100 കിലോമീറ്ററോളം പൊങ്ങിനിൽക്കുന്ന) അന്തരീക്ഷവായുവിന്റെ ഭാരമാണു് ഒരു ബാർ. ഒരു തടാകത്തിലെയോ കടലിലേയോ വെള്ളത്തിൽ ഓരോ പത്തര മീറ്റർ ആഴത്തിലും ഒരു ബാർ വീതം മർദ്ദം കൂടിക്കൊണ്ടിരിക്കും. അതായതു് 10 മീറ്റർ ഉയരമുള്ള ഒരു രണ്ടുനില വീടിന്റെ മുകളിലുള്ള ടാങ്കിൽ നിന്നും വീടിന്റെ തറനിരപ്പിലുള്ള ഒരു ടാപ്പിൽ അനുഭവപ്പെടുന്ന തള്ളിച്ച ഒരു ബാർ ആയിരിക്കും.
അണക്കെട്ടിനു് (ആർച്ച് ഡാമിനു്) അതിന്റെ ചുവടുമുതൽ മേലറ്റം വരെ 169 മീറ്റർ ഉയരമേ ഉള്ളൂ. അതായതു് അണക്കെട്ടിന്റെ ചുവടുഭാഗത്തു് അതിനേൽക്കുന്ന മർദ്ദം ഏകദേശം 20 ബാർ ആണു്. (വെള്ളത്തിലെ തിരകളുടേയും മറ്റും കാരണത്താൽ മറ്റുതരത്തിലുള്ള മർദ്ദങ്ങളും കണക്കിലെടുത്തു്). എന്നാൽ ടർബൈനിലേക്കുള്ള കുഴലുകൾ മുകളിലെ ജലനിരപ്പുമുതൽ നാടുകാണി മലയുടെ ഉള്ളിലൂടെ (ഭൂഗർഭത്തിലൂടെ) താഴെ മൂലമറ്റം പവർസ്റ്റേഷനിലെ ടർബൈൻ വരെ 680 മീറ്റർ ആഴത്തിലാണു്. അവയുടെ കീഴറ്റത്തു വരാവുന്ന മർദ്ദം ചുരുങ്ങിയതു് 70 ബാർ (1000 PSI) വരും.
അതുകൊണ്ടുതന്നെ, ഇടുക്കിയിൽ നിന്നും മൂലമറ്റത്തേക്കുള്ള പെൻസ്റ്റോക് കുഴലുകൾ ഒരു പക്ഷേ ഇടുക്കി അണക്കെട്ടിനേക്കാൾ അതിശയപ്പെടേണ്ട സംഭവങ്ങളാണു്! അവയുടെ കീഴറ്റത്തുവേണ്ട കരുത്തു് എത്രയെന്നോർക്കുമ്പോൾ ഇടുക്കി അണക്കെട്ടൊന്നും ഒന്നുമല്ല!
അതെത്ര ഭീമമാണെന്നറിയാൻ നമുക്കു് നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറെടുക്കാം. പകുതി നിറഞ്ഞിരിക്കുന്ന ഒരു LPG സിലിണ്ടറിനകത്തെ മർദ്ദം സാധാരണ താപനിലയിൽ ഏകദേശം 10 ബാർ മാത്രമേ വരൂ. ചുറ്റുപാടും 70 ഡിഗ്രി സെന്റിഗ്രേഡ് ചൂടുണ്ടായാൽ മാത്രമാണു് അതിൽ 20 ബാർ (അണക്കെട്ടിന്റെ അടിത്തട്ടിലുള്ള മർദ്ദം) ഉണ്ടാവുക. മൂലമറ്റത്തെ ടർബൈനിലും അവിടേക്കുള്ള കുഴലിന്റെ കീഴറ്റത്തും കഷ്ടി മുക്കാൽ കിലോമീറ്റർ മുകളിൽനിന്നും ചാടിവരുന്ന ജലം ഏൽപ്പിക്കുന്ന മർദ്ദം (70 ബാർ) ഉണ്ടായാൽ ആ LPG സിലിണ്ടർ ആ നിമിഷം തന്നെ പൊട്ടിത്തെറിച്ചുപോയേനെ.
[എന്നാൽ LPG പൊട്ടിത്തെറിക്കുന്നതു് അപൂർവ്വമാണു്. നാം സാധാരണ കേൾക്കാറുള്ള വാർത്തകളിൽ പൊട്ടിത്തെറിക്കുകയല്ല, പൊട്ടിച്ചീറ്റുകയാണു പതിവു്. അതു സംഭവിക്കുക 30 ബാറിനോടടുത്താണു്. ആ മർദ്ദം എത്തുമ്പോൾ സിലിണ്ടറിനു മുകളിലുള്ള ഒരു പ്രഷർ റിലീസ് വാൾവ് തുറന്നു് അതിശക്തിയോടെ വാതകം പുറത്തേക്കു തള്ളി സിലിണ്ടർ കാലിയാവുന്നു. അങ്ങനെ തള്ളുന്ന സമയത്തു് പുറത്തു് തീയോ തീപ്പൊരിയോ ഉണ്ടെങ്കിൽ വാതകത്തിനു തീപ്പിടിക്കുകയും ചെയ്യുന്നു. ഫലത്തിൽ ഒരു പൊട്ടിത്തെറിയ്ക്കു സമമാണു് അതു്. പക്ഷേ സംഭവിക്കുന്നതു് സിലിണ്ടറിനു പുറത്തെ വായുവിൽ ആണു് ഈ പൊട്ടിത്തെറി ഉണ്ടാവുന്നതു് എന്നു മാത്രം. സിലിണ്ടർ എന്ന ഇരുമ്പുഷെൽ അല്ല പൊട്ടിത്തെറിക്കുന്നതു്].
അതായതു് അത്രമാത്രം ഭീകരമായ ഒരു സമ്മർദ്ദം താങ്ങാൻ കഴിവുള്ളവയാണു് ഇടുക്കിയിലെ പെൻസ്റ്റോൿ കുഴലുകൾ! ആ കുഴലുകളുടെ ഭിത്തിക്കു് അണക്കെട്ടിന്റിൽ വരാവുന്ന പരമാവധി സമ്മർദ്ദത്തിന്റെ ഏറ്റവും ചുരുങ്ങിയതു് നാലിരട്ടിയോളം സമ്മർദ്ദം താങ്ങാനുള്ള കരുത്തുണ്ടാവണം! സുരക്ഷിതത്വഗുണിതം (factor of safety) ആലോചിച്ചാൽ അമ്പതിരട്ടിയും!
ഇടുക്കിയിൽ (കുളമാവിനടുത്തുള്ള ‘ഓട്ട‘യിലൂടെ മൂലമറ്റത്തെ ടർബൈൻ വരെ) 955 മീറ്റർ നീളത്തിൽ ഏകദേശം 600 മീറ്റർ ആഴത്തിൽ( ജലനിരപ്പിൽ നിന്നും 680 മീറ്റർ വരും ഇതു്) രണ്ടു പെൻസ്റ്റോക്ക് കുഴലുകളാണുള്ളതു്. കുഴലുകളുടെ അകത്തേ വ്യാസം 2.16 മീറ്റർ. (ഏതാണ്ടു് നമ്മുടെ വീടുകളിലെ വാതിലിന്റെ ഉയരം - അതായതു് ആ കുഴൽ നിലത്തു കിടക്കുകയായിരുന്നെങ്കിൽ, അതിനുള്ളിൽ ഒരാൾ നിൽക്കുകയായിരുന്നെങ്കിൽ, അയാളുടെ കൈ മുകളിലേക്കു് ഉയർത്തിപ്പിടിച്ചാലേ കുഴലിന്റെ ഭിത്തിയുടെ മറ്റേ അറ്റം തൊടാനാവൂ!
അവയിൽ ഓരോന്നും ഒരു സെക്കൻഡിൽ 76.5 ഘനമീറ്റർ (m3/s) വെള്ളം തള്ളിവിടാൻ കഴിയുന്നവയാണു്. ഈ കുഴലുകൾ ഓരോന്നും താഴെ അറ്റത്തു് മുമ്മൂന്നായി പിരിഞ്ഞു് ആറു ടർബൈനുകളിലേക്കു് തിരിച്ചുവിട്ടിരിക്കുന്നു. ഒരു ടർബൈനിൽ കഷ്ടി 25 m3/s നിരക്കിൽ ആറു ടർബൈനും പ്രവർത്തിക്കുമ്പോൾ (മൊത്തം 150) കുഴലുകൾ അവയുടെ പൂർണ്ണശേഷിയിലാണു് വെള്ളം ഒഴുക്കിവിടുന്നതു്.
അത്തരമൊരു കുഴൽ കൂടി പുതുതായി നിർമ്മിച്ച് അതിനുവേണ്ടിയൊരു ദ്വാരം പുതുതായി തുരന്നുണ്ടാക്കി സ്ഥാപിക്കുന്നതു് അക്ഷരാർത്ഥത്തിൽ ഒരു ഭഗീരഥപ്രയത്നമാണു്. (ആകാശഗംഗയെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവന്ന ഭഗീരഥന്റെ കഥ ഓർമ്മയില്ലേ? ആ വെള്ളത്തിന്റെ ശക്തി ഭൂമിയ്ക്കു് നേരിട്ടേൽക്കാൻ കരുത്തില്ലെന്ന ഭൂമിയുടെ സങ്കടം കേട്ടിട്ടാണത്രേ ശിവന്റെ മൺസൂൺ നിത്യഹരിതവനസമാനമായ ജടകളിലേക്കു തിരിച്ചുവിട്ടതത്രേ!)
1970-കളിൽ ഇടുക്കി ജലവൈദ്യുതി നിർമ്മിക്കുമ്പോൾ 130 MWന്റെ 6 ടർബൈനുകൾ തന്നെ അതിഭീമമായ ഒരു പദ്ധതിയായിരുന്നു. അന്നത്തെ വൈദ്യുതോപയോഗനിരക്കനുസരിച്ച് അവിടെ ഉല്പാദിപ്പിക്കാവുന്ന ഊർജ്ജം കേരളത്തിനു് ഒരു കാലത്തും മതിയാവാതെ വരില്ലെന്നായിരുന്നു സങ്കല്പം. ഇത്രയൊക്കെ വേണോ എന്നായിരുന്നു അക്കാലത്തു് നമ്മുടെയൊക്കെത്തന്നെ ചോദ്യം.
20-ആം നൂറ്റാണ്ടിൽ മനുഷ്യൻ സൃഷ്ടിച്ച ലോകാത്ഭുതങ്ങളിലൊന്നു് എന്നു വിശേഷിപ്പിക്കേണ്ട അത്തരമൊരു പദ്ധതിയിൽ പ്രാരംഭത്തിലെ നിർമ്മാണഘട്ടത്തിനുശേഷം പുതുതായി കുഴലുകളും യന്ത്രങ്ങളും ചേർത്തു് ഊർജ്ജോല്പാദനശേഷി (കപ്പാസിറ്റി) കൂട്ടുന്നതു് ഒട്ടും എളുപ്പമല്ല.
[ഈ ലേഖനം തൽക്കാലത്തേക്കു് എഴുതിച്ചേർക്കുന്ന ഒരു ചെറിയ കുറിപ്പുമാത്രമാണു്. പെൻസ്റ്റോക്കുകളുടെ നിർമ്മാണരീതിയെക്കുറിച്ചും അതിനുപയോഗിക്കുന്ന പദാർത്ഥങ്ങളെക്കുറിച്ചും വിശദമായി വേറെ ലേഖനം പിന്നീടു് എഴുതാം].