Wednesday, September 17, 2014

അഭിയും വിശ്വവും -QA Session #8

വരയും ചോദ്യവും അഭിജിത്ത്

ഒരാളുടെ ഹൃദയത്തിന്റെ വലിപ്പം ഏകദേശം അയാളുടെ മുഷ്ടിയുടെയത്ര ഉണ്ടാവുമല്ലോ.
അപ്പോള്‍ മൃഗങ്ങളുടെ ഹൃദയത്തിന്റെ വലിപ്പമെത്രയാണ്

ഉത്തരം : കടപ്പാട് വിശ്വപ്രഭ  (Viswa Prabha )


ഒട്ടും അർത്ഥമില്ലാത്തതെന്നു തോന്നിക്കുന്ന ചില കുറുമ്പൻ ചോദ്യങ്ങളുടെ ഉത്തരം വളരെ നീണ്ടതാണു്. അത്തരമൊരു ധിക്കാരിച്ചോദ്യമാണിതു്. സാവധാനം ഉത്തരം പറയാൻ ശ്രമിക്കാം. പക്ഷേ, ചില കഥകളിൽ ഏഴുകടലിനപ്പുറത്തിരിക്കുന്ന രത്നമെടുക്കാൻ പോകുന്ന രാജകുമാരനു് വഴിയിലുടനീളം പലരുമായും ഏറ്റുമുട്ടുകയും അതിനൊപ്പം പല സമ്മാനങ്ങളും കിട്ടുന്നതുപോലെ, നമുക്കും കുറേ കാതം നടക്കാനുണ്ടു്. വഴിയിലൊക്കെ മറ്റു പലതും പഠിക്കുകയുമാവാം.
മുമ്പൊരു ചോദ്യത്തിന്റെ ഉത്തരത്തിൽ ഞാൻ ശരീരത്തിലെ ഊഷ്മാവും ശരീരഭാരവും തമ്മിലുള്ള ബന്ധം പറഞ്ഞതു് ഓർമ്മയില്ലേ?

അമീബ മുതൽ തിമിംഗലം വരെയുള്ള ജീവികൾക്കു് പല ശരീരവലിപ്പവും പല ആയുസ്സും ഉണ്ടാവാനുള്ള കാരണം അവയുടെ ശരീരോഷ്മാവുമായി ബന്ധപ്പെട്ടതാണു്.

കൂടുതൽ വലിപ്പം വെക്കുംതോറും ശരീരത്തിലെ കോശങ്ങളുടെ എണ്ണവും കൂടും. പക്ഷേ, അവയുടെ അകത്തുള്ള കോശങ്ങളിൽനിന്നുള്ള ചൂടുനഷ്ടം (കോശമൊന്നുക്കു വെച്ച്) കുറയും. അതിനർത്ഥം അത്രയും കുറവു് അവ ഭക്ഷിച്ചാൽ മതി എന്നാണു്
ഒരു പുളിയുറുമ്പിന്റെ ഭാരം എത്രയാണു്? ശരാശരി 5 മില്ലിഗ്രാം എന്നു കണക്കാക്കാം. മനുഷ്യന്റെ ഭാരം 75 കിലോ എന്നും ഏഷ്യൻ ആനയുടെ ഭാരം 4000 കിലോഗ്രാം എന്നും വിചാരിക്കാം.

ഒരു ഉറുമ്പിനു് ഒരു ദിവസം എത്ര ഭക്ഷണം വേണം? മനുഷ്യനോ? ആനയ്ക്കോ?

ഭക്ഷണം പലവിധത്തിലായതുകൊണ്ടു് അവയ്ക്കൊക്കെ ഒരേ പോലുള്ള ഒരു യൂണിറ്റ് കണ്ടുപിടിക്കണം. ആ യൂണിറ്റാണു് കിലോകലോറി. കിലോകലോറി ചൂടിന്റെ യൂണിറ്റാണെങ്കിലും ഭക്ഷണവും ഒരു തരം വിറകുതന്നെയായതുകൊണ്ടു് നമുക്കു് ആ യൂണിറ്റു തന്നെ മതി.

ഒരു ഉറുമ്പിനു് ഏകദേശം ഒരു കലോറിവേണം ഒരു ദിവസം കഴിയാൻ. എന്നാൽ ഒരു മനുഷ്യനു 2500 കിലോകലോറി മതി. ആനക്കാണെങ്കിൽ 50,000 കിലോകലോറി മതി.

നമുക്കൊരു കാര്യം ചെയ്യാം. ആനയും മനുഷ്യനും എത്ര ഉറുമ്പിനു സമമാണെന്നു് ഒന്നു കണക്കുകൂട്ടി നോക്കാം. 

ഒരു മനുഷ്യൻ = 75 കിലോ = 75000 / 0.005 = 1.5 കോടി ഉറുമ്പ് എന്റമ്മോ!

ഒരു ആന = 4000,000/0.005 = 80 കോടി ഉറുമ്പ്. അയ്യെന്റമ്മൂമ്മോ!

അതായതു് ഒന്നര ആനയ്ക്കു സമം തൂക്കത്തിൽ ഉറുമ്പുകൾ ഉണ്ടെങ്കിൽ അവയുടെ ജനസംഖ്യ (സോറി- ഉറുമ്പുസംഖ്യ ഇന്ത്യയുടെ ജനസംഖ്യയ്ക്കു സമം!)
അപ്പോൾ ഒരാനത്തൂക്കം ഉറുമ്പുകൾക്കു വേണ്ടി വരാവുന്ന ഭക്ഷണം എത്രയായിരിക്കും? 1 കലോറി വെച്ച് 80 കോടി കലോറി. അതായതു് 800,000 Kcal. അതായതു് 8 ലക്ഷം KCal

എന്നാൽ ശരിക്കും ഒരാനയ്ക്കു് എത്ര ഭക്ഷണം വേണമെന്നാണു നേരത്തേ പറഞ്ഞതു്? 50,000 KCal
അതായതു് ഒരാനത്തൂക്കം ഉറുമ്പിനു് ആനയേക്കാൾ 16 ഇരട്ടി ഭക്ഷണം വേണം.

ഒരു മനുഷ്യത്തൂക്കം ഉറുമ്പുകൾക്കോ? ഒന്നരക്കോടി കലോറി അതായതു് 15000KCal. ശരിക്കുള്ള ഒരു മനുഷ്യനു് വേണ്ടതിന്റെ ആറിരട്ടി!

ഏറ്റവും ആദിമകാലത്തു് ജീവികളുടെ പരിണാമപ്രക്രിയ തുടങ്ങിവെയ്ക്കാനുള്ള പ്രധാനകാരണം ഊർജ്ജം ലാഭിക്കുക എന്നതായിരുന്നു. നിത്യജീവിതത്തിനു് എത്ര കൂടുതൽ ഊർജ്ജം ലഭിക്കുമോ അത്രയും മെച്ചം, എത്ര കുറവു് ഊർജ്ജം ചെലവാകുമോ അതും മെച്ചം. നമ്മളൊക്കെ ഇപ്പോൾ പണവും മറ്റും സമ്പാദിക്കുന്നതും അതേ ശൈലിയിലല്ലേ? ശരിക്കും പണം ഊർജ്ജത്തിന്റെതന്നെ ഒരു വകഭേദമാണു്. എങ്ങനെയാണോ ജീവികൾക്കു് ഊർജ്ജം അതുപോലെ, ആധുനികമനുഷ്യനും അവന്റെ സമൂഹത്തിനും പണവും. 

ഓരോ ആളുകളും ഓരോ ബൈക്ക് (അല്ലെങ്കിൽ ഓട്ടോറിക്ഷ) ഉപയോഗിച്ച് ഒരു സ്ഥലത്തേക്കു് യാത്ര ചെയ്യുന്നതാണോ ലാഭം അതോ എല്ലാരും കൂടി ഒരു ബസ്സിൽ ഒരുമിച്ചുപോകുന്നതാണോ? ഇനി, പിന്നെയും കുറേ ആളുകൾ ഉണ്ടെങ്കിൽ, ബസ്സിനുപകരം ഒരു തീവണ്ടിയായാലോ?

ആവശ്യത്തിനു് യാത്രക്കാരുണ്ടെങ്കിൽ ഒരു തീവണ്ടിയിൽ പോകുന്നതുതന്നെ കൂടുതൽ ഇന്ധനലാഭം. ഓട്ടോറിക്ഷയിൽ പോകുന്നതിന്റെ നൂറിലൊന്നു ചെലവേ വരൂ. 
ജീവകോശങ്ങൾ ഇക്കാര്യം വളരെക്കാലം മുമ്പേ മനസ്സിലാക്കി. കൃത്യമായിപ്പറഞ്ഞാൽ ഒരുനൂറുകോടി കൊല്ലം മുമ്പ്!
നിരുപമ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവളുടെ അച്ഛനു് ഒരു കെമിസ്ട്രി പരീക്ഷണശാലയിൽ ലാബ് ടെൿനീഷ്യൻ എന്ന ജോലിയായിരുന്നു.
ഒരു ദിവസം അയാൾ ജോലിസ്ഥലത്തെ ലാബിലെ സാമഗ്രികൾ ഉപയോഗിച്ച് പുതിയ ഒരു തരം പദാർത്ഥം കണ്ടുപിടിച്ചു. ഫോസ്ഫറസ് അടങ്ങാത്ത ഒരു തരം സോപ്പുപൊടി. വീട്ടിൽ ഉപയോഗിച്ചുനോക്കിയപ്പോൾ നല്ല ഗുണം! അതുമാത്രമല്ല, ചെലവും തീരെ കുറവു്.
അയാൾ കുറേക്കൂടി ഉണ്ടാക്കി അയൽക്കാർക്കൊക്കെ വിതരണംചെയ്തു. അവർക്കും ഇഷ്ടമായി. മാത്രമല്ല. ഇനിയും വേണമെന്നായി അവരുടെ ആവശ്യം.
കർശൻഭായി എന്നായിരുന്നു നിരുപമയുടെ അച്ഛന്റെ പേരു്. അയാൾ ജോലിസ്ഥലത്തേക്കു പോയിരുന്നതും വന്നതും ഒരു പാവം സൈക്കിളിലായിരുന്നു. അയാളുണ്ടാക്കുന്ന സോപ്പുപൊടിയുടെ മേന്മ ആ വഴിയിലുള്ളവരൊക്കെ കേട്ടറിഞ്ഞു. ഒടുവിൽ, കർശൻ ഭായി ഓഫീസിലേക്കുപോകുന്ന വഴിയേ ദിവസേന പത്തും ഇതുപതും കിലോ സോപ്പുപൊടിയും വിറ്റു തുടങ്ങി. 

ഒരു ദിവസം കർശൻഭായി ചിന്തിച്ചു:"വെറുതെ ഓഫീസിൽ പോകുന്ന വഴിയേ അത്രയും സമയം എടുത്താൽ തന്നെ മോശമില്ലാത്ത ആദായം ലഭിക്കുന്നുണ്ടു്. പിന്നെന്തിനാണു് ഓഫീസ് ജോലിക്കുപോകുന്നതു്? സോപ്പുപൊടി തന്നെ കുറച്ചധികം ഉണ്ടാക്കി കച്ചവടം ചെയ്താൽ പോരേ?"

അങ്ങനെ കർശൻ ഭായി ഓഫീസ് ജോലി ഉപേക്ഷിച്ചു. ഒന്നുരണ്ടു പേരെ സഹായികളാക്കിവെച്ചു. വേറെയും ഒന്നുരണ്ടുപേരെ വിൽപ്പനക്കാരായും. സോപ്പുപൊടി നല്ല വൃത്തിയുള്ള പാക്കറ്റുകളിൽ നിറച്ചു. എന്നിട്ടതിനൊരു പേരുമിട്ടു. "നിർമ"!

കാലക്രമത്തിൽ കർശൻ ഭായിയുടെ കുഞ്ഞുവ്യവസായം പുരോഗമിച്ചു. വീട്ടിലെ ചെറിയ ഒരു മുറിക്കുപകരം ഒരു ഭീമൻ ഫാക്ടറിസ്ഥാപിച്ചു. അതു പിന്നെ പലതായി. ആയിരക്കണക്കിനു തൊഴിലാളികളും അവരുടെ മേൽനോട്ടത്തിനു് നൂറുകണക്കിനു് ഉദ്യോഗസ്ഥരും നിയമിക്കപ്പെട്ടു. 

അവയ്ക്കെല്ലാം മുതലാളിയായി കർശൻഭായി പട്ടേലും.
സോപ്പുപൊടിക്കച്ചവടം പാരമ്യത്തിലെത്തിയപ്പോൾ കർശൻഭായി കച്ചവടം പിന്നെയും വിപുലമാക്കി. ടോയ്‌ലെറ്റ് സോപ്പ്, ഷാമ്പൂ, കറിയുപ്പ് അങ്ങനെയങ്ങനെ പലവിധം ഉൽപ്പന്നങ്ങളും. ഇന്ത്യയിൽ മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്കും ബിസിനസ്സ് വ്യാപിപ്പിച്ചു. 

കുറേയധികം പണക്കാരനായപ്പോൾ കർശൻ ഭായി നാട്ടിലെ കുട്ടികൾക്കു പഠിക്കാനായി നിരുപമയുടെ പേരിൽ തന്നെ ഒരു എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങി. പിന്നെ ഒരു സർവ്വകലാശാലയും!
ഒടുവിലെന്തായി, അമേരിക്കയിലെ ഒരു പേരുകേട്ട സർവ്വകലാശാല അദ്ദേഹത്തിനു് ബഹുമാനസൂചകമായി ഡോൿടർ പദവി നൽകി. ഇന്ത്യാഗവണ്മെന്റ് പത്മശ്രീയും.

കർശൻ ഭായിയുടെ കീഴിൽ ഇപ്പോൾ 15000 ജോലിക്കാരുണ്ടു്!
കർശൻ ഭായി തുടങ്ങിവെച്ചതു് ഒരു ഏകകോശജീവിയായിട്ടായിരുന്നു. അയാൾ തന്നെ ചന്തയിൽ പോയി പൊടികൾ വാങ്ങും, അയാൾതന്നെ അവ കലക്കും. അയാൾ തന്നെ അവ തയ്യാറാക്കി പാക്കു് ചെയ്യും എന്നിട്ട് അയാൾ തന്നെ തന്റെ പാവം സൈക്കിളിൽ അതൊക്കെ കൊണ്ടു നടന്നുവിൽക്കും.

ഒരു ദിവസം അയാൾക്കു തോന്നി, ഇങ്ങനെ എല്ലാം ഒറ്റയ്ക്കുചെയ്യുന്നതിനുപകരം, കുറച്ചു ജോലി വേറെ ആളുമായി പങ്കുവെച്ചാൽ രണ്ടുപേർക്കും അവരവരുടെ ജോലി കൂടുതൽ നന്നായി ചെയ്യാമല്ലോ എന്നു്. കൂടുതൽ ശ്രദ്ധ വേണ്ട ജോലി അയാൾ ഏറ്റെടുത്തു. ബാക്കി മറ്റേയാൾക്കു നീക്കിവെച്ചു.കുറേ നാൾ കഴിഞ്ഞപ്പോൾ ഇതേപോലെ കൂടുതലാളുകളെ നിയമിച്ചു. ഒടുവിൽ കച്ചവടത്തിലെ വരവും ചെലവും നോക്കി ബിസിനസ്സ് നിയന്ത്രിക്കുക എന്നതുമാത്രമായി കർശൻഭായിയുടെ ചുമതല. വലിയൊരു ആനയുടെ ശരീരത്തിലെ വിവിധ അവയവങ്ങൾ പോലെ അയാളുടെ ഫാക്ടറികൾ പ്രവർത്തിച്ചു. അവയ്ക്കുള്ളിൽ തൊഴിലാളികൾ ജീവകോശങ്ങളെപ്പോലെയും.
 പ്രകൃതിയിൽ ഒട്ടുമിക്ക സിസ്റ്റങ്ങളും ഇങ്ങനെത്തന്നെയാണു്. ഒരു പുഴയായാലും മരമായാലും ഗ്യാലക്സിയായാലും രാഷ്ട്രീയപ്പാർട്ടിയായാലും ബിസിനസ്സായാലും 'വികാസം ക്ഷമത വർദ്ധിപ്പിക്കും' എന്ന ഈ നിയമം അനുസരിക്കും.

അതായതു് എത്ര വലുതാവുന്നോ അത്രയും ചെറിയ ഹൃദയം മതി!

ഹെന്തു്?! ഞാനെന്താണിപ്പോൾ പുലമ്പിയതു്? ചെറിയ ഹൃദയമോ?!!
(തുടരും...)

4 comments:

ajith said...

വിജ്ഞാനം ഒരു സുഗന്ധമായിരുന്നെങ്കില്‍ സകലരെയും ആകര്‍ഷിച്ചേനെ. എങ്കില്‍ ഈ വിശദീകരണക്കുറിപ്പുകള്‍ക്ക് കൂടുതല്‍ വായനക്കാരെത്തിയേനെ.

എന്നാലും വിജ്ഞാനദാഹികളായ ചിലരെങ്കിലും ഈ വഴി വന്നേക്കാം. അല്ലെ

ആശംസകള്‍

shyamlal t pushpan said...

ഈ വരികളെയും അത് പ്രസരിപ്പിക്കുന്ന അറിവിനെയും ദിവസവും കൂടുതൽ കൂടുതൽ പേര് തിരിച്ചറിയുന്നുണ്ട് ,

Jim said...

ഇന്നും തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു! :-)

BABZ said...

Good one