Wednesday, September 17, 2014

അഭിയും വിശ്വവും -QA Session #7

വരയും ചോദ്യവും അഭിജിത്ത് 

രാവിത്തെ പത്രത്തിന്റെ മുഖം തന്നെ ഒരു പരസ്യമായിരുന്നു:
ന്ദ്രോയ്ഡ് വണ്ണില്‍ ഒരു ഫോണ്‍ വന്നല്ലോ.
ഇത് 4.4.4 കിറ്റ്കാറ്റ് ആന്ദ്രോയ്ഡ് എന്നാണ് പറഞ്ഞത്.
അതിനുമുമ്പൊക്കെ ഐസ്ക്രീം സാൻഡ്‌വിച്ും ജെല്ലീബീനുമായിരുന്നല്ലോ.‍
എന്തിനാണ് അവ മാറ്റുന്നത്?
എന്താണ് ഇവകൊണ്ട് ഉദ്ദശിക്കുന്നത്?
ഇവയുടെ ഗുണമെന്താണ്?




രിടത്തു് കുറേ കാട്ടുമനുഷ്യർ ഉണ്ടായിരുന്നു. മനുഷ്യർ എന്നു പറയാൻ പറ്റില്ല. ഗ്വാ ഗ്വാ എന്നു വിളിച്ചലറാനറിയാം. ഉംച്, കിംച് എന്നെല്ലാം ചില ശബ്ദങ്ങളുണ്ടാക്കും അല്ലാതെ പരസ്പരം സംസാരിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും മുമ്പേ പറഞ്ഞുറപ്പിച്ചിട്ടുള്ള ഭാഷയൊന്നും അവർക്കറിയില്ല. 

ഒരു ദിവസം അതിലൊരു കുട്ടിമനുഷ്യത്തി വായിലൂടെ വായു പുറത്തേക്കുവിടുകയായിരുന്നു. അവളറിയാതെ അതിനിടക്കു് ചുണ്ടുകൾ രണ്ടും ഒന്നു് അടഞ്ഞുതുറന്നു. അപ്പോൾ 'അമ്മ' എന്നൊരു ശബ്ദമുണ്ടായി. അതുകേട്ട് തള്ളമനുഷ്യത്തി തിരിഞ്ഞുനോക്കി. കൊച്ചിനു രസം തോന്നി. ഇത്തിരി കഴിഞ്ഞപ്പോൾ വെറുതെ ആ ശബ്ദം ആവർത്തിച്ചു. 'അമ്മ'!
തള്ള മനുഷ്യത്തി വീണ്ടും തിരിഞ്ഞുനോക്കി. 
കുട്ടി വിചാരിച്ചു. ഇതുകൊള്ളാമല്ലോ, ഇനി മുതൽ ഇങ്ങനെ വായടച്ചുതുറന്നാൽ 'അമ്മ' വിളിപ്പുറത്തുവരുമല്ലോ!
കുട്ടിയുടെ ഈ കണ്ടുപിടുത്തം കൂട്ടത്തിലുള്ളവർക്കെല്ലാം ഇഷ്ടപ്പെട്ടു. അവരും അതു് അനുകരിച്ചുനോക്കി. 'അമ്മ', 'അമ്മ'!
പിന്നെ ഒന്നു മാറ്റിപ്പറഞ്ഞുനോക്കി, 'അപ്പ', 'അപ്പ'...!
പാപ്പം, മാമു, ഇഞ്ഞ, അപ്പി, കാക്ക, ചീച്ചി......

അങ്ങനെയായിരിക്കണം മനുഷ്യർ ഭാഷ എന്ന സങ്കേതം തുടങ്ങിവെച്ചതു്.

 ഭാഷ സംസാരിക്കണമെങ്കിൽ, അതു മറ്റുള്ളവർക്കു മനസ്സിലാവണമെങ്കിൽ, അതിലെ എല്ലാ വാക്കുകളും അതുപയോഗിക്കുന്നവർ മുമ്പേ അർത്ഥമറിഞ്ഞു പരസ്പരം സമ്മതിച്ചുവെച്ചിട്ടുണ്ടാവണ്ടേ?

അതുപോലെത്തന്നെയാണു് പിന്നെ വന്ന എല്ലാ ആശയവിനിമയസങ്കേതങ്ങളുടേയും കാര്യം. ടെലഗ്രാഫ് ആയാലും ടെലഫോൺ ആയാലും, ഇപ്പോൾ അഭി ഉപയോഗിക്കുന്ന ഈ കമ്പ്യൂട്ടർ ആയാലും അവയിൽ ഓരോ തരത്തിനും പരസ്പരം മനസ്സിലാകുന്ന തരത്തിൽ എഴുതി സംഭരിച്ചുവെച്ചിട്ടുള്ള പ്രോഗ്രാമുകൾ തന്നെ വേണം.
അങ്ങനെ ഒരു കമ്പ്യൂട്ടറിന്റെയോ ഫോണിന്റേയോ സ്വന്തം പ്രവർത്തനം തന്നെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 

ബസ്സിലെ കണ്ടക്ടർ പോലെ.
കണ്ടക്ടർ ശരിക്കും ഒരു യാത്രക്കാരൻ കൂടിയാണു്. പക്ഷേ, അദ്ദേഹം വേറെ എന്തെങ്കിലും കാര്യത്തിനല്ല യാത്ര ചെയ്യുന്നതു്. മറ്റു യാത്രക്കാരുടെ സൗകര്യങ്ങൾ നോക്കാനാണു്. ഓപ്പറേറ്റിങ്ങ് സിസ്റ്റവും അങ്ങനെത്തന്നെ.

ബസ്സ് പുറപ്പെടുന്നതു് സമയത്തിനാണോ, യാത്രക്കാർ എല്ലാരും കയറിയോ, അവരെല്ലാം ബസ്സുകൂലി തന്നോ, ബസ്സിനു് ആവശ്യത്തിനുള്ള പെർമിറ്റ് ഒക്കെയുണ്ടോ ഇതൊക്കെ അന്വേഷിക്കൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ജോലിയാണു്. , പോലീസുകാരൻ വഴിയിൽ തടഞ്ഞു് എന്തെങ്കിലും ചോദിച്ചാൽ അതിനുത്തരം പറയേണ്ടതും അദ്ദേഹം തന്നെ.

ബാറ്ററി ചാർജ്ജു് ആവശ്യത്തിനുണ്ടോ, നെറ്റ്‌വർക്ക് കിട്ടുന്നുണ്ടോ, ശബ്ദം ശരിയായ രീതിയിലല്ലേ വരുന്നതു് ഇതൊക്കെ ഒരു ഫോണിലെ OSന്റെ ജോലിയാണു്. ക്യാമറയുള്ള ഫോണാണെങ്കിൽ അതിന്റെ ഫോക്കസ് ശരിയാക്കൽ, ഫ്ലാഷ് അടിക്കണോ എന്നു തീരുമാനിക്കൽ ഇതൊക്കെ OS തന്നെ നോക്കും.

ആദ്യകാലത്തു് കാട്ടുമനുഷ്യർ ഓരോരോ കൂട്ടങ്ങളായാണു ജീവിച്ചിരുന്നതു്. അവർക്കൊക്കെ സ്വന്തമായി ഭാഷകളും ഉണ്ടായിവന്നു. പക്ഷേ പരസ്പരം അധികം ബന്ധമുണ്ടാവാതിരുന്നതിനാൽ ഈ ഭാഷകളൊക്കെ പല മാതിരിയായിരുന്നു. ഒരു കൂട്ടർ പറയുന്നതു് മറ്റൊരു കൂട്ടർക്കു് അറിയില്ല. അങ്ങനെ ഒരു ഭാഗത്തു് ചൈനീസും മറ്റൊരറ്റത്തു് സ്വാഹിലിയും വേറൊരിടത്തു് അരാമായിക്കും (അതൊക്കെ ഓരോരോ ഭാഷകളുടെ പേരാണു്) സംസാരിക്കപ്പെട്ടു.

കുറേക്കാലം കഴിഞ്ഞപ്പോൾ ചങ്ങാടങ്ങളും കപ്പലുകളും കുതിരവണ്ടികളും ആവിത്തീവണ്ടികളും വിമാനങ്ങളും ഒക്കെ കണ്ടുപിടിക്കപ്പെട്ടു. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ആൾക്കൂട്ടങ്ങളെല്ലാം പരസ്പരം കണ്ടുമുട്ടി. ചിലപ്പോൾ പരസ്പരം യുദ്ധം ചെയ്തു. (അതെന്തിനായിരുന്നു? മിക്കപ്പോഴും അന്യോന്യം ഭാഷ മനസ്സിലാവാതിരുന്നതിനാൽ വന്ന തെറ്റിദ്ധാരണകൾകൊണ്ടു്). ചിലപ്പോൾ കൊണ്ടും കൊടുത്തും കൂടെപ്പാർത്തും കൂട്ടാളികളായി. 

ഒടുവിലൊടുവിൽ ലോകത്തെവിടെപ്പോയാലും നമുക്കു് വലിയ ആശയക്കുഴപ്പങ്ങളില്ലാതെ ജീവിക്കാം എന്ന അവസ്ഥയായി. ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, തമിഴ് അറബിൿ, ചൈനീസ് ഇവ ആറും അറിഞ്ഞിരുന്നാൽ ലോകത്തിന്റെ 90% ആളുകളോടും നമുക്കു് എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കി തടിതപ്പാം. അതിൽ തന്നെ, ഇപ്പോൾ ഇംഗ്ലീഷാണു് കേമൻ. കുറേ കാലം കഴിയുമ്പോൾ ചിലപ്പോൾ ചൈനീസോ മലയാളമോ ആയിക്കൂടെന്നുമില്ല!
കമ്പ്യൂട്ടറുകൾ ആദ്യം വരുന്ന കാലത്തു് ഓരോരോ കമ്പനികളും ഓരോ കാട്ടുമനുഷ്യക്കൂട്ടങ്ങൾ പോലെയായിരുന്നു. ഒരു കമ്പനിയുടെ ഭാഷ മറ്റൊരു കമ്പനിയിലെ കമ്പ്യൂട്ടറിനു മനസ്സിലാവില്ല. എന്നാൽ യുണിക്സ് എന്നൊരു OS എല്ലാർക്കും ഉപയോഗിക്കാവുന്ന വിധത്തിൽ പ്രചാരണത്തിൽ വന്നു. അതിൽ നിന്നും പലശാഖകളായി അതിൽ ഒന്നു് ലിനക്സ്, ഉബുണ്ടു എന്നെല്ലാം പരിണമിച്ചു. അവയിൽ പലതും സൗജന്യമാണു്. എന്നാൽ അതിനേക്കാൾ സവിശേഷത, അവയ്ക്കൊക്കെ പരസ്പരം പെട്ടെന്നു മനസ്സിലാവുന്ന പ്രോഗ്രാമിങ്ങ് ഭാഷയും അറിയാം എന്നതാണു്.

ഡിജിറ്റൽ എന്നു വിളിക്കാവുന്ന (അകത്തു് കമ്പ്യൂട്ടർ ചിപ്പുകൾ ഘടിപ്പിച്ചിട്ടുള്ള) ഫോണുകൾക്കും "എന്റെ ഫോണിനു് എന്റെ മാത്രം ഭാഷ" എന്നായിരുന്നു വാശി. അതാതു കമ്പനികളുടെ ഫോൺ തന്നെ എല്ലായിടത്തും ചെലവാക്കാനുള്ള ഒരു സൂത്രം കൂടിയായിരുന്നു അതു്. 

എറിൿസണു് ഒരു ഭാഷ, നോക്കിയയ്ക്കു് വേറൊരു ഭാഷ, മോട്ടൊറോളയ്ക്കു് അവരുടെ ഭാഷ, സീമെൻസിനു് സ്വന്തം ഭാഷ അങ്ങനെയൊക്കെയായിരുന്നു. ഒരു ഫോണിൽ ഞെക്കുന്ന തരം കീബോർഡല്ല മറ്റൊന്നിൽ. ഒന്നിൽ ഉപയോഗിക്കുന്ന ചാർജ്ജർ മറ്റൊന്നിനു കൊള്ളില്ല. ഒന്നിന്റെ മെമ്മറി കാർഡ് മറ്റേതിനു പിടിക്കില്ല.

അങ്ങനെയിരിക്കുമ്പോഴാണു് ഒരു മധുരനൊമ്പരക്കാറ്റു വരുന്നതു്. അതിന്റെ പേരാണു് ആന്ദ്രോയ്ഡ്.

ആന്ദ്രോയ്ഡ് എന്നാൽ മനുഷ്യാകാരമുള്ള യന്ത്രം എന്നർത്ഥം. andro - മനുഷ്യൻ (നരൻ എന്ന സംസ്കൃതവാക്കിന്റെ ബന്ധുവാണു് aner, andro),
-oid = ആകൃതിയുള്ളതു്. ക്യുബോയ്ഡ് എന്നാൽ സമചതുരക്കട്ട, ഹൊമിനോയ്ഡ് - മനുഷ്യാകൃതിയുള്ള , dendroid മരത്തിന്റെ ആകൃതിയുള്ള) 

പത്തുനൂറ്റമ്പതുകൊല്ലം പഴക്കമുള്ള ഒരു ഓട്ടോമാറ്റിൿ കളിപ്പാട്ടമായിരുന്നു ഒറിജിനൽ ആന്ദ്രോയ്ഡ്. പത്തുകൊല്ലം മുമ്പ് ഡിജിറ്റൽ ക്യാമറകൾക്കു് ഒരു ലിനക്സ് അധിഷ്ഠിത OS ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു കൂട്ടം എഞ്ചിനീയർമാർ ആ OSനു് ആന്ദ്രോയ്ഡ് എന്ന പഴയ പേരുതന്നെ തെരഞ്ഞെടുത്തു. പക്ഷേ അവർക്കു് ഡിജിറ്റൽ ക്യാമറയ്ക്കുവേണ്ടിയുള്ള ആ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 
അങ്ങനെയിരിക്കുമ്പോഴാണു് ഗൂഗിൾ ആ OSന്റെ ചുമതല ഏറ്റെടുത്തതു്. ടച്ച് സ്ക്രീനും മറ്റു സൗകര്യങ്ങളുമുള്ള സ്മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിലും പ്രവർത്തിപ്പിക്കുക എന്നതായിരുന്നു ഗൂഗിളിന്റെ ഉദ്ദേശം. അതോടൊപ്പം ഏതു കമ്പനിക്കും ആന്ദ്രോയ്ഡ് സോഫ്റ്റ്‌വെയർ മിക്കവാറും സ്വതന്ത്രമായി ഉപയോഗിക്കാം എന്ന സൗകര്യവും ഒരുക്കി.

ഓരോ ദിവസവും പുതിയ പുതിയ ഇനം ടീവീ, ക്യാമറ, മോട്ടോർ സൈക്കിൾ തുടങ്ങിയ ഉപകരണങ്ങൾ ഇറങ്ങുന്നതു ശ്രദ്ധിച്ചിട്ടില്ലേ? പലപ്പോഴും പഴയ ഉപകരണത്തിനു തന്നെ നേരിയ വ്യത്യാസങ്ങളും അധികസൗകര്യങ്ങളും ചേർത്താണു് ഒരു പുതിയ മോഡൽ ഇറങ്ങുന്നതു്. ഇങ്ങനെ ഒരു മെച്ചപ്പെട്ട മോഡൽ ഇറങ്ങുമ്പോൾ അതിനെ നാം പുതിയ പതിപ്പ് (വേർഷൻ) എന്നു പറയുന്നു.

ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾക്കെന്ന പോലെ സോഫ്റ്റ്‌വെയറിനുമുണ്ടു് ഇത്തരം പുതുക്കലുകൾ. കൂടുതൽ ശക്തിയും വേഗവും സൗകര്യവുമുള്ള ഫോണുകൾ വരുമ്പോൾ ആ സൗകര്യങ്ങൾ കൂടി പ്രയോജനപ്പെടുത്തുകയാണു് സോഫ്റ്റ്‌വെയർ പുതുക്കലുകളുടെ ഉദ്ദേശം. ചിലപ്പോൾ, മുമ്പ് ഇറങ്ങിയ പതിപ്പിൽ ചില്ലറ അബദ്ധങ്ങൾ (ബഗ്ഗുകൾ) പറ്റിയിട്ടുണ്ടാവാം. അത്തരം ബഗ്ഗുകൾ നീക്കം ചെയ്യാനും ചിലപ്പോൾ പുതിയ വേർഷൻ അവതരിപ്പിക്കും.

ആന്ദ്രോയ്ഡിന്റെ കാര്യത്തിൽ ഒരു രസമുണ്ടു്. ആദ്യത്തെ രണ്ടു വേർഷനുകൾക്കു് പ്രത്യേകിച്ച് പേരൊന്നുമുണ്ടായിരുന്നില്ല. അവയെ, സോഫ്‌റ്റ് വെയർ രംഗത്തു് സാധാരണ പതിവുള്ളതുപോലെ Alpha, Beta എന്നു വിളിച്ചു.
പക്ഷേ ഗൂഗിൾ ഏറ്റെടുത്തപ്പോൾ അവർ ഒരു തമാശ തുടങ്ങിവെച്ചു. വേർഷനുകളിൽ കുറേശ്ശെ മധുരം ചേർത്തു

Alpha (1.0)
Beta (1.1)
Cupcake (1.5)
Donut (1.6)
Eclair (2.0–2.1)
Froyo (2.2–2.2.3)
Gingerbread (2.3–2.3.7)
Honeycomb (3.0–3.2.6)
Ice Cream Sandwich (4.0–4.0.4)
Jelly Bean (4.1–4.3.1)
KitKat (4.4–4.4.4)

ഈ പലഹാരങ്ങളിൽ / മിഠായികളിൽ ഏതൊക്കെ അഭി കണ്ടിട്ടുണ്ടു്? കഴിച്ചിട്ടുണ്ടു്?
അതുപോലെ, ഈ പേരുകളിൽ വേറെ എന്തെങ്കിലും രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ടോ? അതനുസരിച്ച്, കിറ്റ്‌ക്യാറ്റ് കഴിഞ്ഞുവരുന്ന പലഹാരം ഏതായിരിക്കും? അല്ലെങ്കിൽ അതിന്റെ പേരിന്റെ തുടക്കമെങ്കിലും ഊഹിക്കാനാവുമോ? 









11 comments:

Binoy Varghese said...

L : lollypop

Anonymous said...

Did u know ,The versions are in Alphabetical order..

Unknown said...

ഒന്നാംതരം

Unknown said...
This comment has been removed by the author.
ഇലക്ട്രോണിക്സ് കേരളം said...

വളരെ രസകരവും,ലളിതവും.എഴുത്തുകാരന് അഭിനന്ദനങ്ങള്‍

Shajan paravur said...

ee abhiyude friend ayal kollamennund fb yil Shajan paravur

ajith said...

ഇന്‍ഫോര്‍മെറ്റിവ്!

നന്ദി

Unknown said...

നന്നായിരിക്കുന്നു

വികെ ആദർശ്

Unknown said...

ലളിതം... മനോഹരം

Anonymous said...

Superb...............
ഇനിയുമുണ്ടോ ആവനാഴിയിൽ?

Anonymous said...

Superb...............
ഇനിയുമുണ്ടോ ആവനാഴിയിൽ?