Wednesday, September 24, 2014

അഭിയും വിശ്വവും -QA Session #14

വരയും ചോദ്യവും അഭിജിത്ത്

പീരിയോഡിക് ടേബിള്‍ കാണാപ്പാടം പഠിക്കാന്‍ എന്താണ് എളുപ്പവഴി ?





ഉത്തരം : കടപ്പാട്   Viswa Prabha


വില വെറും ഇരുപതു രൂപ. ബാറ്ററി വേണ്ട. നമ്മളറിയാതെ സെൽഫി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യില്ല. പൂർണ്ണമായും ബയോ-ഡീഗ്രേഡബിൾ, ഏതു പാഠപുസ്തകക്കടയിലും കിട്ടും
ഓർമ്മസൂത്രങ്ങൾ (Mnemonic tricks) പല പാഠഭാഗങ്ങളും പഠിക്കാൻ വളരെ നല്ല ഒരു ഉപായമാണു്. പക്ഷേ പീരിയോഡിക്കൽ ടേബിൾ മൊത്തമായി മനസ്സിൽ ആവാഹിച്ചെടുക്കാൻ (വെറുതെ കാണാപ്പാഠം പഠിക്കാനല്ല) അത്തരം സൂത്രങ്ങൾ നെടുനീളത്തിൽ ഓർമ്മിച്ചുവെക്കുന്നതു് ഒട്ടും നന്നല്ലെന്നാണെന്റെ അനുഭവവും വിശ്വാസവും അഭിപ്രായവും. 
ശാസ്ത്രചരിത്രത്തെ അപ്പാടെ മാറ്റിമറിച്ച മൂന്നോ നാലോ സംഭവങ്ങൾ എടുത്തുചോദിച്ചാൽ അതിലൊന്നു് മൂലകങ്ങളുടെ ആവർത്തനപ്പട്ടികയാണെന്നു നിസ്സംശയം പറയാം. പീരിയോഡിക്കൽ ടേബിൾ എന്നുപോലും നമ്മുടെ കുട്ടികൾ അതിന്റെ പേരു പഠിക്കരുതു്. ആവർത്തനപ്പട്ടിക എന്നുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കണം. എന്തുകൊണ്ടെന്നാൽ പിരീയഡ് എന്നാൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നതു് എന്നാണർത്ഥമെന്നു പോലും നമ്മിലെ മുതിർന്നവർ പോലും ഓർമ്മിക്കാറില്ല.
ആവർത്തനപ്പട്ടികയുടെ പേരിലെ ആ "ആവർത്തനം" ഒരു പാട് അർത്ഥങ്ങളുള്ളതാണു്. എങ്ങോട്ടു നോക്കിയാലും ആ പട്ടികയിൽ പല തരത്തിലുള്ള ആവർത്തനങ്ങളാണു്. ഓരോരോ ഉയർന്ന ക്ലാസ്സുകളിലെത്തുമ്പോഴും ഓരോ പുതിയ താളവും ചുവടും അതിൽ കണ്ടെത്താൻ കഴിയും. അവ ഓരോന്നും ഓരോ പുതിയ താപ-വൈദ്യുത-പ്രകാശ-കാന്തിക-പ്രസരണ-ന്യൂക്ലിയർ-റേഡിയോ ആക്റ്റീവ്-രാസസംയോജക പ്രതിഭാസങ്ങളിലേക്കു് വിരൽ ചൂണ്ടുകയും ചെയ്യും. നിറഞ്ഞ അത്ഭുതത്തോടെ, ഒരു ലോകോത്തര പെയിന്റിങ്ങ് പോലെ, ആ ചിത്രത്തെ നാം പ്രേമിച്ചുതുടങ്ങും.
ബ്രഹ്മാണ്ഡത്തിന്റെ ശിവതാണ്ഡവം നമുക്കുമുന്നിൽ നേരിട്ടുകാണാവുന്ന ഒരു ടീവി. സീരിയൽ പോലെ, എന്നും രാവിലെ എണീറ്റു കണ്ണുതുറക്കുമ്പോളും രാത്രി ഉറങ്ങാൻ കണ്ണടക്കുമ്പോളും മുന്നിൽ എഴുന്നുനിൽക്കുന്ന അവതാരമായിരിക്കണം ആവർത്തനപ്പട്ടിക. വെറും ഒരു ചൊല്ലുമാലയായി ആ പട്ടികയിലെ മൂലകങ്ങളുടെ പേരു് പഠിച്ചുവെച്ചാൽ ആ രാസനൃത്തത്തിന്റെ മനോഹാരിതയും ഗൗരവവും മുഴുവൻ ചോർന്നുപോകും.
ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ ഇന്റർനെറ്റും ആൻഡ്രോയ്ഡും മറ്റും ഉണ്ടായിരുന്നില്ല. ഒരു ചുമർച്ചാർട്ടുപോലും അന്നു് എളുപ്പം ലഭിക്കുമായിരുന്നില്ല. അതുകൊണ്ടു് സ്വന്തം ആവശ്യത്തിനു് ഞാൻ തന്നെ വെറുമൊരു എലൿഷൻ വാൾപോസ്റ്ററിന്റെ പിന്നിൽ സ്കെയിലും പേനയും ചായപ്പെൻസിലും വെച്ച് ഒരു ആവർത്തനപ്പട്ടിക വരച്ചുണ്ടാക്കി. പിന്നീട് എഞ്ചിനീയറിങ്ങ് ബിരുദം പാസ്സായി നാടുവിടുന്നതുവരെ ഞാനും അതിനുശേഷം പഠിച്ചുപോന്ന പെങ്ങന്മാരും അത്രത്തോളം നിത്യവും നോക്കിക്കണ്ടു പഠിച്ചിരുന്നമറ്റൊരു കടലാസുകഷണവും ഈ ലോകത്തുണ്ടാവില്ല.

പത്തു കെമിസ്ട്രി ടീച്ചർമാർക്കോ ഇരുപതു കെമിസ്ട്രി പാഠപുസ്തകങ്ങൾക്കോ സമമായിരുന്നു എനിക്കു് ആ ഒരൊറ്റ ചുമർപോസ്റ്റർ. പിന്നീട് എത്രയോ കാലം കഴിഞ്ഞ് PerkinElmer, Inc. തുടങ്ങിയ പ്രശസ്തസ്ഥാപനങ്ങളുടെ പ്രതിനിധിയായി അത്യാധുനികമായ വിശ്ലേഷണരസതന്ത്രോപകരണങ്ങളിൽ (AA, HPLC, GC/MS, ICP/MS...) ഗൗരവമായി ജോലിചെയ്യുമ്പോഴും ആ ഒരു ചുമർപ്പോസ്റ്ററിന്റെ ഓർമ്മക്കാഴ്ച്ചയായിരുന്നു എന്റെ മുഖ്യഗുരുനാഥൻ.

2 comments:

Cartoonist said...

പ്രിയപ്പെട്ട വിശ്വം,
എനിക്ക് അങ്ങേയറ്റം സന്തോഷം തന്ന ഒരു പോസ്റ്റാണിത്. അറിവും അത് പേറാനുള്ള സൂത്രങ്ങളും മനുഷ്യസ്നേഹവും തുളുമ്പുന്ന പോസ്റ്റ് ! സമപ്രായക്കാരായതുകൊണ്ടുകൂടിയാവുംഎനിക്കു കൂടുതൽ കണക്റ്റ് ചെയ്യാൻ പറ്റുന്നത്. കുട്ടിവിശ്വത്തിന്റെ തത്രപ്പാട് ഞാൻ വിഷ്വലൈസ് ചെയ്യ്യായിരുന്നു.

ഒരു കുട്ടിയോട് ഇങ്ങനെ സംസാരിക്കുന്ന മറ്റൊരു ബ്ലോഗ് ഇൻഡ്യയിലുണ്ടാവില്ല. എന്റെ ആത്മാർഥമായ ആശംസകൾ !

ajith said...

ആവര്‍ത്തനപ്പട്ടിക എന്തൊരു തലവേദനയായിരുന്നെന്നോ സ്കൂള്‍കാലത്ത്. ആവര്‍ത്തിച്ച് വഴക്ക് കിട്ടിയത് മാത്രം മിച്ചം!