വരയും ചോദ്യവും അഭിജിത്ത്
കടലില്‍ തിരമാലകള്‍ ഉണ്ടായതെങ്ങനെ
ഉത്തരം : കടപ്പാട് Polly Kalamassery
കടൽ വെള്ളത്തിനു ഹീറ്റ് കപാസിറ്റി കൂടുതൽ ആണ് ,നന്നായി ചൂടു വഹിക്കും, ആ ചൂട് വായുവിലേക്ക് പകരും.വായുവിന് ഒരു ചെറിയ താപവ്യത്യാസം മതി അതിൽ ചലനങ്ങൾ ഉണ്ടാവാൻ. കടലിനു മുകളിൽ തൊട്ടു കിടക്കുന്ന വായുവിന് ഇക്കാരണങ്ങളാൽ ചൂടു പിടിക്കുന്നതിന് വ്യത്യസ്തത ഉണ്ട് .ഇതുകൊണ്ടു വായുവിൽ പലവിധ പ്രവാഹങ്ങൾ ഉണ്ടാകുന്നു. വിശാലമായ സ്ഥലത്തെ ഈ വായു പ്രവാഹം കടൽ ജലത്തെ ഇളക്കി മറിക്കാനും തള്ളിനീക്കാനും മാത്രം ശക്തി ഉള്ളതാണ് .അതിനാൽ കടലിൽ പലവിധ പ്രാദേശിക (localised ) ഒഴുക്കുകളുണ്ടാകുന്നു.(മഹാപ്രവാഹങ്ങൾ അല്ല ഉദ്ദേശിക്കുന്നത് ).വീണ്ടും വായുവിൽ ചലനങ്ങൾ ഉണ്ടാകുന്നു. വായുവും ജലവും തമ്മിലുള്ള ഈ ഊര്ജ കൈമാറ്റ കളി ആണ് കടലിൽ തിരകൾ ഉണ്ടാകാൻ കാരണം.
പകൽ നേരം ഭൂമിയും രാത്രി കടലും താരതമ്യേന കൂടിയ താപനിലയിൽ കിടക്കുന്നതു കൊണ്ട് പകൽ കാറ്റ് കടലിൽ നിന്ന് കരയിലേക്കും രാത്രി നേരേ മറിച്ചും ആണ് . പക്ഷേ നല്ല ശക്തിയുള്ള ഈ കാറ്റ് സാധാരണ നിലയിൽ തീരത്തെ എതിർത്ത് തീരത്തിനപ്പുറം കടൽ ജലത്തെ തള്ളിക്കൊണ്ടു വരാൻ ശേഷിയുള്ളതല്ല .
ആഴമുള്ള കടലിൽ കുന്നുകൾ പോലെ ഉയർന്നു താഴുന്ന തിരകളാണ് ഉണ്ടാകാറ് . എന്നാൽ തീരത്ത് ചുരുണ്ടു മറിയുന്ന തിരമാലകൾ ആണ് കാണുന്നത് . ഇതിന്റെ കാരണം ആയിരിക്കാം ഒരുപക്ഷേ അഭി അന്വേഷിക്കുന്നത് .
കടലിൽ നിന്ന് കരയിലേക്ക് വീശുന്ന കാറ്റ് ജലോപരിതലത്തിൽ ആ ദിശയിലേക്കു തള്ളൽ ബലം പ്രയോഗിക്കുന്നു ,ജലം നീങ്ങുന്നു . പക്ഷേ ഇത്രയും വേഗതയിലല്ല അടിയിലുള്ള ജലം നീങ്ങുന്നത് .കാരണം, കടൽ തട്ടുമായുള്ള ഘര്ഷണം തന്നെ . തീരത്തേക്ക് വരും തോറും കടൽ തട്ടിനു ചരിവ് കൂടുകയാണല്ലോ .അത് കൊണ്ട് ഈ ഘര്ഷണം കൂടി ക്കൂടി വരുകയും മുകളിലെ വേഗത നില നില്ക്കുകയും ചെയ്യുന്നു. അടിത്തട്ടിനു ഉയരം കൂടിവരുന്നതനുസരിച്ച് ജലോപരിതലം കുറേശ്ശെ ഉയരുകയും ചെയ്യും. അപ്പോൾ എന്ത് സംഭവിക്കും? ജലം ഉയരുന്നൂ,മുകളിൽ മുമ്പോട്ടു തള്ളൽ, അടിയിൽ പുറകോട്ടു തള്ളൽ;സ്വാഭാവികമായും മുകൾഭാഗം മുമ്പോട്ടു മറിയും . ജലത്തിന്റെ പ്രതല ബലം മൂലം ജലത്തിന്റെ ഈ പാളി തകരാതെ കുറെ നേരം കാക്കും അപ്പോഴേക്കും ഭംഗിയുള്ള ഒരു ചുരുളൻ തിര രൂപപ്പെട്ടു കഴിഞ്ഞിരിക്കും. ചുരുളൽ പൂർത്തിയാകുമ്പോഴേക്കും ഏറ്റവും മുകളിൽ മുമ്പിലുള്ള ഭാഗം ഗുരുത്വാകർഷണത്തോടു പിടിച്ചു നില്ക്കാനാവാതെ താഴേക്കു വീണു തകരുകയും ചെയ്യും.
1.പുലർകാലത്ത് കാറ്റുകളുടെ ഈ കളി ഉണ്ടാകാറില്ല ,അല്ലെങ്കിൽ ദുര്ബ്ബലം ആണ് .തീരം തിരകളില്ലാതെ ശാന്തമായിരിക്കുകയും ചെയ്യും.
2. തീരത്തെ കടൽ തട്ടിന്റെ ചരിവ് ആണു ചുരുളൻ തിരകളുടെ വലിപ്പവും തീരത്ത് നിന്നുള്ള അകലവും നിയന്ത്രിക്കുന്നത്.
1 comment:
അപ്പോ ഇതിനെയൊക്കെ നിയന്ത്രിക്കുന്നതും സംവിധാനം ചെയ്യുന്നതും ആര്‍?
Post a Comment