Sunday, September 14, 2014

അഭിയും വിശ്വവും - ഒരു ആമുഖം
കുറച്ചു നാൾ മുൻപ് വിശ്വപ്രഭ എന്ന സുഹൃത്തിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റ് വഴി ആണ് അഭിജിത്ത് എന്ന മിടുക്കനെ പരിചയപ്പെടുന്നത് . പിന്നീടു വരകളിലും എഴുത്തിലും പിന്തുടരാവുന്ന എന്തോ ഒന്ന് ഉണ്ട് എന്ന് തോന്നിയപ്പോൾ ആ കുട്ടിയെ ഫേസ് ബുക്കിൽ ഫോളോ ചെയ്തു തുടങ്ങി . ബാല്യത്തിൽ എല്ലാവരും ചോദിക്കുകയും ഔപചാരിക വിദ്യാഭ്യാസം  ത്തിൽ   ഇല്ലാതാകുകയും ചെയ്യാറുള്ള ചോദ്യങ്ങൾ ഈ കുട്ടി യുടെ പേജിൽ കാണാറുണ്ട് . അത് പോലെ അവയ്ക്ക് കിട്ടിക്കൊണ്ടിരുക്കുന്ന മറുപടികൾ അതിലും രസകരവും വിജ്ജാന പ്രദവും ആയി തോന്നി . ദിവസങ്ങൾ  കഴിഞ്ഞപ്പോൾ പലപ്പോഴും അത് അഭിയും വിശ്വപ്രഭയും തമ്മിലുള്ള ഒരു ചോദ്യ ഉത്തര പംക്തി ആവുന്നത് കൌതുകത്തോടെ കണ്ടു .

'അഭിയും വിശ്വവും' എന്ന പേരിൽ  തുടങ്ങുന്ന ഈ പംക്തി ഒരു അഭിജിതും വിശ്വപ്രഭയും തമ്മിൽ  ഉള്ള ഒരു ചർച്ച  സംഗ്രഹം എന്നതിൽ  ഉപരി ചോദ്യങ്ങൾ  ഇപ്പോഴും ചോദിയ്ക്കാൻ കൌതുകം ഉള്ള ഒരു വ്യക്തിയും അതിന് വെറും വെബ്‌ ലിങ്ക്കൾ കൊണ്ട് മറുപടി നല്കുന്നതിന് പകരം സ്വയം ആർജ്ജിച്ച അറിവ് പകർന്നു  നല്കുന്ന ആരും ആയുള്ള സംവാദം ആയി മാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു .

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .അഭിയുടെ ഒരു ഫേസ് ബുക്ക്‌ പോസ്റ്റിൽ നിന്നും തുടങ്ങാം 


''വിശ്വപ്രഭ മാമന്‍ എനിക്കയച്ച കത്ത് ''
എനിയ്ക്കൊന്നറിയാം അഭീ, "എനിക്കൊന്നുമറിയില്ല്" എന്നു്'.
കുറേ വയസ്സായെങ്കിലും, ഉള്ളിൽ ഇപ്പോഴും ഞാൻ ഒരു സ്കൂൾകുട്ടിയാണു്. ഇന്നു ഞാൻ പുതുതായെന്തു പഠിച്ചു എന്നോർത്തുകൊണ്ടാണു് എല്ലാ ദിവസവും കിടന്നുറങ്ങാൻ പോകുന്നതു്.

തീർച്ചയായും ഒരു പാടു പഠിക്കാനുണ്ടു് ഇനിയും.
പുസ്തകങ്ങളും ഇന്റർനെറ്റും വിക്കിപീഡിയയും ഒന്നും തന്നെ വേണമെന്നില്ല. അവയ്ക്കൊക്കെ ഗൈഡ് ബുക്കുകളാകാനേ കഴിയൂ. അതില്ലാതെത്തന്നെ, സ്വയം നേരിട്ടു പഠിച്ചറിയേണ്ട എത്രയോ കാര്യങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ തന്നെയുണ്ടു്.

കാറ്റിൽ ആടിക്കൊണ്ടിരിക്കുന്ന ഒരില,
വേലിയിൽ കൺഫ്യൂഷനടിച്ചുനിൽക്കുന്ന ഒരോന്തു്,
പുക പടർത്തി പാഞ്ഞുപോകുന്ന ഒരു മോട്ടോർ സൈക്കിൾ,
അമ്മമുഖത്തേക്കു നോക്കി
"ഞാനും, ഞാനും" എന്നു ചാടിത്തുള്ളുന്ന
അടുപ്പത്തെ പാത്രത്തിലെ നീരാവിക്കുമിളകൾ...

ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണു്. ഓരോന്നിലും ഓരോ പ്രപഞ്ചവുമുണ്ടു്.
അതൊക്കെ ശ്രദ്ധിച്ചു നോക്കിപ്പഠിച്ച് മനസ്സിൽ ധ്യാനിച്ചറിഞ്ഞാൽ,
ഓരോ കുട്ടികൾക്കും
ഓരോ വിശ്വമാകാം,
വിശ്വവിജ്ഞാനകോശമാവാം
വിശ്വം മുഴുവൻ പ്രഭ കൊണ്ടു നിറയ്ക്കാം..

6 comments:

ajith said...

I wish this is a humble start of a great project

shyamlaltp said...

അങ്ങനെ തന്നെ കരുതുന്നു , കൂടുതൽ കൂടുതൽ ചോദ്യങ്ങളും പോസ്റ്റുകളും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു

pradeep said...

നല്ല ബ്ലോഗ്‌... നല്ല തുടക്കം ലഭിച്ചിരിക്കുന്നു. അഭിയും,വിശ്വവും - ചോദ്യോത്തരങ്ങൾ ഇതിനെ ജീവസ്സുറ്റതാക്കുന്നു.... നല്ലത് വരട്ടെ.

PRADEEP PURUSHOTHMAN said...

ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു ബ്ലോഗ് സാദ്ധ്യമാക്കിയതിനു് അഭിനന്ദനങ്ങള്‍, ശ്യാം. ഇത് കുട്ടികള്‍ക്കു മാത്രമല്ല, വലിയവര്‍ക്കും വളരെ ഉപയോഗപ്രദമായിരിക്കും. അഭിക്കും വിശ്വപ്രഭ മാഷിനും ആശംസകളും അഭിനന്ദനങ്ങളും.. നമുക്ക് കഴിയുന്നത്ര കുട്ടികളെ ഇവിടെ കൊണ്ടൂവരാന്‍ ശ്രമിക്കാം.. എല്ല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

ജി.പത്മകുമാര്‍, കാവശ്ശേരി said...

ഏതു വലിയ യാത്രയും ആരംഭിക്കുന്നത് ഒരു ചെറിയ കാല്‍വെയ്പിലാണ്. ഈ തീര്‍ഥയാത്രക്ക് എല്ലാ ഭാവുങ്ങളും നേരുന്നു...

ViswaPrabha | വിശ്വപ്രഭ said...

:-)