Monday, September 15, 2014

അഭിയും വിശ്വവും -QA Session #4

വരയും ചോദ്യവും അഭിജിത്ത് : 

ദിനോസറുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ച്,പിന്നെ നാമാവശേഷമായവയാണല്ലോ.
എന്നാല്‍ ഇപ്പഴും അവയുടെ അവശിഷ്ടങ്ങള്‍ ബാക്കിയിരിപ്പുണ്ട്.
അതെങ്ങനെ ഇത്രയും കാലമായിട്ടും ജീര്‍ണിക്കാതിരിക്കുന്നത്.?  



ഉത്തരം : കടപ്പാട് : വിശ്വപ്രഭ 


ദിനോസാറുകൾ എന്ന പേരിൽ നാം കാണാറുള്ള ജീവികളുടെ അതേ ആകൃതിയിലല്ല അവയുടെ അവശിഷ്ടങ്ങൾ  പ്രകൃതിയിൽ ഇപ്പോൾ കാണപ്പെടുന്നതു്. ഏതാണ്ടു് ആറരക്കോടി (65 ദശലക്ഷം) വർഷം മുമ്പ് ജീവിച്ചിരുന്ന ദിനോസാറുകളുടെ ശരീരത്തിലെ ഏറ്റവും ഉറപ്പേറിയ (അസ്ഥികൾ പോലുള്ള) അവശിഷ്ടങ്ങൾ മാത്രമാണു് പിന്നീട് ഫോസിൽ (ജീവാശ്മം) ആയി രൂപപ്പെടുന്നതു്.
അതും പൂർണ്ണമായും ശരിയല്ല. അസ്ഥികൾ അപ്പാടെ ഉറഞ്ഞു് കട്ടിയായി മാറ്റങ്ങളില്ലാതെ അവശേഷിക്കുകയല്ല ചെയ്യുന്നതു്. അത്തരം അസ്ഥികൾ ഭൂമിയിൽ വീണുകിടന്നു് അനേകലക്ഷം വർഷങ്ങൾ കഴിയുമ്പോൾ അവയ്ക്കുമീതെ ചെളി, പൊടി, അഗ്നിപർവ്വതങ്ങളിൽനിന്നുള്ള താരതമ്യേന തണുത്തുറഞ്ഞ ലാവ തുടങ്ങിയവയുടെ അടുക്കുകൾ രൂപപ്പെടുന്നു. ഈ അടുക്കുകൾ കാലക്രമത്തിൽ ഉറച്ച് പാറകളാവും. പാറകൾക്കിടയിൽ വായുസമ്പർക്കമോ ജലസമ്പർക്കമോ ഇല്ലാതെ ഒളിച്ചിരിക്കുന്ന അസ്ഥികൾ ഒന്നുകിൽ അതേ രൂപത്തിൽ നിലനിൽക്കും. അല്ലെങ്കിൽ കുറേശ്ശെകുറേശ്ശെ ദ്രവിച്ച് ചുരുങ്ങിപ്പോവും. അങ്ങനെ ചുരുങ്ങിയ ഭാഗങ്ങൾ പാറയിൽ അതേ ആകൃതിയിൽ പാടുകൾ ഉണ്ടാക്കും. അല്ലെങ്കിൽ പാറയിൽ തന്നെ സാവധാനത്തിലുള്ള രാസ/ഭൗതികപ്രവർത്തങ്ങൾ വഴി വ്യത്യസ്തമായ പദാർത്ഥഘടനയുള്ള ഒരു ഭാഗമായി, പലപ്പോഴും പാറക്കല്ലുകളായിത്തന്നെ, നിലനിൽക്കും.
ഈ ശിലാഘടനകളും ശിലാസമാനഘടനകളുമാണു് ജീവാശ്മങ്ങൾ.

(വളരെ ലളിതമായാണു് ഇതെഴുതിയിരിക്കുന്നതെങ്കിലും അത്രയും ലളിതമല്ല ഫോസിലുകളിലെ വൈവിദ്ധ്യവും അവയുടെ പഠനവും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെന്നാൽ കുറേക്കൂടി വിശദമായി മനസ്സിലാക്കാം. മുഴുവൻ വായിച്ചുമനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും അതിലെ ചിത്രങ്ങൾ കണ്ടാൽ തന്നെ കുറേ ധാരണ കിട്ടും.)
ഒരിക്കൽ അത്തരം അസ്ഥിയവശിഷ്ടങ്ങളും മറ്റും കിട്ടിയാൽ ഒരു പാടു ശാസ്ത്രജ്ഞന്മാർ അവയുടെ പല വിശദാംശങ്ങളും പഠിച്ചെടുക്കും. അതിൽ മെക്കാനിക്കൽ എഞ്ചിനീയർമാർ മുതൽ ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞന്മാരും ജീവകോശശാസ്ത്രപണ്ഡിതന്മാരും ശിൽപ്പികളും ആശാരിമാരും വരെയുണ്ടാവും. അവരെല്ലാമൊരുമിച്ച് ആ ജീവിയുടെ ആകൃതി ശാസ്ത്രീയമായി ഊഹിച്ചെടുക്കും.
ഉദാഹരണത്തിനു്, നമ്മുടെ കണങ്കാലിലെ അസ്ഥിക്കു് ഒരു നിശ്ചിത ബലവും തടിയും ഉയരവും രാസഘടനയുമുണ്ടു്. മുഖ്യമായും കാൽസ്യവും ഫോസ്ഫറസും ചേർന്നാണു് ഈ അസ്ഥിയുണ്ടാവുന്നതു്. അത്തരം പദാർത്ഥത്തിന്റെ നിശ്ചിത നീളവും ഉയരവുമുള്ള ഒരു കഷ്ണത്തിനു് പരമാവധി താങ്ങാവുന്ന 'മാംസ'ഭാരം ഇത്ര എന്നു് ഒരു സിവിൽ എഞ്ചിനീയർക്കു കണക്കാക്കിയെടുക്കാനാവും. അങ്ങനെയുള്ള ഒരു കണങ്കാൽ കൊണ്ടു് എത്ര വേഗത്തിൽ എത്ര ഭാരമുള്ള ഒരു ജീവിക്കു് ഓടാനാവും എന്നു് ഒരു മെക്കാനിക്കൽ എഞ്ചിനീയർക്കു കണ്ടുപിടിക്കാം. ഫോസിൽ എത്ര പഴക്കമുണ്ടായിരുന്നുവെന്നു് ഒരു റേഡിയോ കാർബൺ വിദഗ്ദനായിരിക്കും കണക്കാക്കുക.ആ കാലഘട്ടത്തിൽ ഫോസിൽ കണ്ടുപിടിച്ച പ്രദേശത്തു് ഉണ്ടാവാൻ സാദ്ധ്യതയുള്ള രാസപദാർത്ഥങ്ങൾ ഏതൊക്കെയെന്നു് ഒരു ഭൂഗർഭവിജ്ഞാനീയപണ്ഡിതൻ (geologist) ആയിരിക്കും പറഞ്ഞുതരിക. ഇവരെല്ലാം പറഞ്ഞുകൊടുക്കുന്ന വിവരങ്ങൾ വെച്ച് ഒരു ശിൽപ്പിയാവും അവസാനം ആ ജീവിയുടെ സാദ്ധ്യമായ രൂപം വാർത്തെടുത്തു കാണിക്കുക.
പലയിടങ്ങളിൽനിന്നും ഫോസിലുകൾ അന്വേഷിച്ചുകണ്ടെത്തി കുഴിച്ചെടുക്കുന്നതുമുതൽ അവയുടെ ആദിമഉടമകളായ ജീവികളുടെ മനോഹരമായ പൂർണ്ണചിത്രങ്ങൾ/ശില്പങ്ങൾ നിർമ്മിച്ച് പരീക്ഷണശാലയിലോ കാഴ്ച്ചബംഗ്ലാവിലോ പ്രദർശിപ്പിച്ചൊരുക്കുന്നതുവരെയുള്ള ഓരോ ഘട്ടവും രസകരമായ ഓരോ പഠനശാഖകളാണു്.
നമുക്കിന്നു് എളുപ്പത്തിൽ കിട്ടുന്ന പല അറിവുകളും, നാം ഇപ്പോൾ ഉപയോഗിക്കുന്ന ഓരോ സൗകര്യങ്ങളും ഇതുപോലെത്തന്നെ പതിനായിരക്കണക്കിനു് ആളുകളുടെ കൂട്ടായ പ്രവർത്തനം മൂലമാണു് ലഭ്യമായതു്.
"ഓരോരുത്തരുടേയും അദ്ധ്വാനം, എല്ലാവരുടേയും നേട്ടം" എന്ന ഈ മുദ്രാവാക്യത്തിന്റെ കാര്യത്തിൽ ഉറുമ്പുകളും തേനീച്ചകളും നമ്മളും തമ്മിൽ ഒരു വ്യത്യാസവുമില്ല. അതുതന്നെയാണു് ഒരു മരത്തിന്റെയോ നമ്മുടെത്തന്നെ ശരീരത്തിലേയോ കോശങ്ങളിലും നാം ഉപയോഗിക്കുന്ന തീവണ്ടി, വിമാനം, വൈദ്യുതി, വിക്കിപീഡിയ തുടങ്ങിയ ഭീമാകാരമായ നെറ്റ്‌വർക്ക് സംവിധാനങ്ങളിലും  അടങ്ങിയിരിക്കുന്ന വിജയരഹസ്യം.
ഫോസിൽ പഠനത്തിലൂടെ ഭൂമിയുടെ തുടക്കം മുതൽ ഇന്നുവരെയുണ്ടായിരുന്നിട്ടുള്ള എല്ലാ ജീവിവംശങ്ങളുടേയും കഥയും ചരിത്രവും കൊരുത്തെടുക്കാനാവുമോ?
ഇല്ലേയില്ല. ഇപ്പോൾ ഭൂമിയിൽ നിലനിൽക്കുന്ന ജീവിവംശങ്ങളുടെ തന്നെ നന്നേ ചെറിയ ഒരു അംശമേ നാം കണ്ടെത്തുകയും ശാസ്ത്രീയമായി വർഗ്ഗീകരിച്ചു രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളൂ. പിന്നെ മുൻകാലത്തെ കാര്യം പറയണോ?
നേരത്തേ പറഞ്ഞതുപോലെ, വളരെ ചുരുക്കം ജീവികളുടെ ശരീരാവശിഷ്ടങ്ങൾ മാത്രമേ ഫോസിലുകളായിത്തീരൂ. അതും വളരെ അപൂർവ്വമായ പ്രത്യേക സാഹചര്യങ്ങളിൽ മാത്രം. (ഉദാ: ഒരു ജീവി ചത്തുകഴിഞ്ഞാൽ തുടർന്നുള്ള ആയിരക്കണക്കിനു വർഷങ്ങൾ ആ ഭൂഭാഗത്തു ചലനങ്ങളോ മണ്ണൊലിപ്പോ അതിതീവ്രമായ മഴയോ ഭൂമികുലുക്കമോ മറ്റും ഉണ്ടാവാതിരിക്കണം, എന്നാൽ പാറപ്പാളികൾ അടിയാൻ തക്കവിധത്തിൽ അവയൊക്കെ വേണം താനും). അതുപോലെത്തന്നെ, എല്ലുകളില്ലാത്ത ജീവികളുടെ ഫോസിലുകൾ രൂപപ്പെടാനുള്ള സാദ്ധ്യത വളരെ ചുരുങ്ങിയതാണു്.
ആകെ ജീവിച്ചിരുന്നിട്ടുണ്ടാകാവുന്ന ജീവിവർഗ്ഗങ്ങളുടെ കണക്കിൽ ഇതുവരെ ആകെ കണ്ടുപിടിച്ചിട്ടുള്ള ഫോസിലുകൾ ചേർത്തുവെച്ചാൽ ഇന്ത്യാമഹാസമുദ്രവും ഒരു തുള്ളി വെള്ളവും തമ്മിൽ താരതമ്യം ചെയ്യുന്നതുപോലെയുണ്ടാവും. പത്തോ ഇരുപതോ കുത്തുകളെ യോജിപ്പിച്ച് ഒരു വലിയ സീനറി പെയിന്റിങ്ങ് ഉണ്ടാക്കുന്നതുപോലെയുള്ള ഒരു പരുക്കൻ ചിത്രം മാത്രമാണു് ഫോസിലുകളിലൂടെ നമുക്കു ലഭിക്കുന്നതു്.
എന്നിരുന്നാലും ഓരോ വർഷവും നാമിപ്പോൾ പുതിയ പുതിയ ശാസ്ത്രീയമാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നുണ്ടു്. പത്തിനുപകരം നൂറു കുത്തുകളാക്കി നമ്മുടെ പഠനമാർഗ്ഗം വികസിപ്പിക്കാം എന്നതാണു് ഈ കണ്ടുപിടുത്തങ്ങൾ കൊണ്ടുള്ള മെച്ചം.

അഭിയും വിശ്വവും - Food for thought #2

അഭിയുടെ ഒരു ഫേസ്ബുക്ക്‌ അപ്ഡേറ്റ് ഇവിടെ പകർത്തുന്നു , ചർച്ചകൾ ഉണ്ടെങ്കില്  Comment Box ഉപയോഗിക്കാം

പുതിയ വീട് അടുത്ത് ഉയര്‍ന്നു വരികയാണ്.
ഇവിടെയിരുന്നാണ് പഠിത്തവും.
അപ്പോഴാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നായകുട്ടി,കോണിപടി കേറി മുകളിലേക്ക് കയറി വന്നത്.
വീടിന്റെ ഒരു ഭാഗത്ത് കൈവരി കെട്ടിയിരുന്നില്ല(മതില്‍).
നായകുട്ടി അവിടേക്കൊന്ന് എത്തി നോക്കി,.   എന്നിട്ട് പിന്നിലോട്ടോടി.
ആഴം,ഉയരം,തുടങ്ങി ഗണിത ശാസ്തര സമീക്ഷകള്‍ നായക്കുട്ടിയറിഞ്ഞതെങ്ങനെ..
ഇതൊക്കെ തിരിച്ചറിയാനുള്ള അറിവ് നായകുട്ടിക്കുണ്ടോ.
അപ്പോള്‍ എന്താണ് അറിവ്.  മനുഷ്യരും മൃഗങ്ങളും തമ്മില്‍ എന്താണ് വെത്യാസം.?





Sunday, September 14, 2014

അഭിയും വിശ്വവും - Food for thought #1

അഭിയുടെ ഒരു ഫേസ്ബുക്ക്‌ അപ്ഡേറ്റ് ഇവിടെ പകർത്തുന്നു , ചർച്ചകൾ ഉണ്ടെങ്കില്  Comment Box ഉപയോഗിക്കാം 

ഉച്ചക്കായിരുന്നു പത്രം മലര്‍ത്തിയത്.''ശാസ്ത്രം'' പേജില്‍ ഒരു വാര്‍ത്ത.ആ വാര്‍ത്ത ഒരുത്തരമാണ്.ഞാനൊരിക്കല്‍ ഒരു ചോദ്യം ചോദിച്ചിരുന്നു.എന്തുകൊണ്ട് ചില ജീവികള്‍ ദൂരേക്കുപോയാലും തിരിച്ചതേ സ്ഥലത്തുതന്നെ എത്തുന്നത്.എന്നായിരുന്നു ചോദ്യം.
ഉത്തരമിതാ.....
അവരുടെ കൈയ്യിലൊരു കോമ്പസുണ്ട്.സൂര്യനേയും,മണ്ണിനേയും ,ആകാശത്തേയുമൊക്കെയാണവര്‍ ദിക്കായി പരിഗണിക്കുന്നത്.ഭൂമിയുടെ ഗുരുത്വാകര്‍ഷണവും ഈ മനസ്സിലാക്കലിന്റെ പ്രധാന ഘടകമാണ്.അപ്പോള്‍ ആ ജീവികളൊക്കെ കാന്തങ്ങളായിരിക്കും........
എന്നാലും നമുക്കതില്ല.ഉണ്ടായിരിക്കാം പക്ഷെ നമുക്കതറിയില്ലല്ലോ /


ഉത്തരം : കടപ്പാട് : വിശ്വപ്രഭ 

അഭീ, സ്വന്തമായുള്ളതൊന്നും വേണ്ടത്ര ഉപയോഗിക്കാനറിയാതെ, മടി പിടിച്ച്, വാച്ചും കാൽക്കുലേറ്ററും ഓട്ടർഷായും ജീപ്പിയെസ്സും അത്യന്താപേക്ഷിതമായി കൊണ്ടുനടക്കുന്ന യുഗത്തിലാണു നാം ജീവിച്ചിരിക്കുന്നതു്. 
നാം തിരിച്ചറിയുന്നതിനേക്കാളും എത്രയോ മടങ്ങ് ശക്തി നമ്മുടെ
കണ്ണുകൾക്കും ചെവികൾക്കും നാവിനും കൈവിരലുകൾക്കും തൊലിക്കും ഒളിഞ്ഞിരിക്കുന്ന ബോധമനസ്സിനുമുണ്ടു്. എന്നിട്ടും, അതൊന്നും ഉപയോഗിക്കാതെ, നാം ആമകളോടും തേനീച്ചകളോടും അസൂയ പൂണ്ടു നടക്കുന്നു!


അഭിയും വിശ്വവും -QA Session #3

വരയും ചോദ്യവും അഭിജിത്ത് : 

പട്ടികയില്‍(മരം) ആണി തറക്കുമ്പോള്‍ ചില സമയങ്ങളില്‍ വിള്ളലുണ്ടാകുന്നതെന്തുകൊണ്ടാണ് ?




ഉത്തരം : കടപ്പാട് : വിശ്വപ്രഭ 

നല്ല ഒന്നാംതരം ചോദ്യമാണിതു്! 
ആണി തറയ്ക്കുന്ന പരിപാടി തന്നെ ഫിസിക്സിലെ രസമുള്ള ഒരദ്ധ്യായമാണു്.
മരത്തിലെ വിള്ളൽ കെമിസ്ട്രിയിലേയും ബയോളജിയിലേയും!

മർദ്ദം എന്നു നാം പറയാറില്ലേ? എന്താണതിന്റെ അടിസ്ഥാനസൂത്രവാക്യം എന്നോർമ്മയുണ്ടോ?
മർദ്ദം (Pressure) P = ബലം ÷ വിസ്തീർണ്ണം അതായതു് 
Pressure P = Force F ÷ Area A

മരത്തിലേക്കു് ചുറ്റിക കൊണ്ടു് ആണി അടിച്ചുകയറ്റുമ്പോൾ അഭി കുറേ ബലം പ്രയോഗിക്കുന്നുണ്ടു്. (അങ്ങനെ പെട്ടെന്നു് വളരെക്കുറച്ചുസമയം കൊണ്ടു് ഒരു ബലം പ്രയോഗിക്കുന്നതിനെ Impact എന്നും അത്തരം ഇമ്പാക്റ്റ് എത്ര സമയം കൊണ്ടുണ്ടായി എന്ന കണക്കിനെ Impulse എന്നും പറയും).

ആ ബലം മുഴുവൻ ആണി ഒന്നുകിൽ സ്വയം ഏറ്റെറ്റുക്കണം അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും കൈമാറണം.

ബലം സ്വയം ഏറ്റെടുക്കുക എന്നുപറഞ്ഞാൽ അഭി ചെലവഴിച്ച ഊർജ്ജം മുഴുവൻ ആണി തന്നെ ഉപയോഗിച്ചുതീർക്കുക എന്നാണർത്ഥം. അതെങ്ങനെ പറ്റും? 

ആണിക്കു തീരെ മുന - മൂർച്ചയില്ലായിരുന്നു എന്നു കരുതുക.
ആണിയുടെ കീഴറ്റത്തു് മുനയുണ്ടായിരുന്നില്ല. അതായതു് വിസ്തീർണ്ണം കൂടുതലായിരുന്നു. അഭി ഏൽപ്പിച്ച ബലം മുഴുവൻ ആ വിസ്തീർണ്ണം കൊണ്ടു് ഹരിച്ചാൽ കിട്ടുന്ന മർദ്ദം മരത്തിനെ 'ഏശി'യില്ല. മരത്തിലെ തന്മാത്രകൾ നല്ല സ്നേഹത്തിൽ തന്നെ പരസ്പരം കൈകോർത്തുനിൽക്കുകയായിരുന്നു. അവയെല്ലാവരും കൂടി ആ ബലം സമമായി പങ്കിട്ടെടുത്തു. 

പക്ഷേ, അഭി ചുറ്റികയിലൂടെ കൊടുത്തുവിട്ട ആക്കം / ഊർജ്ജം എവിടെയെങ്കിലും ചെലവഴിച്ചേ പറ്റൂ. കാരണം ഊർജ്ജത്തിനെ ഒരിക്കലും ഇല്ലാതാക്കാൻ പറ്റില്ലല്ലോ.മറ്റൊരു തരം ഊർജ്ജമാക്കി മാറ്റാനല്ലേ പറ്റുള്ളൂ?

ആണി ഇരുമ്പുകൊണ്ടുണ്ടാക്കിയതാണു്. മരത്തിലെപ്പോലെത്തന്നെ അതിലെ തന്മാത്രകളൊക്കെ വളരെ സ്നേഹത്തോടെ പരസ്പരം കൈകോർത്തുനിൽക്കുകയാണു്. പക്ഷേ, ചുറ്റിക ചെന്നടിക്കുമ്പോൾ ആ സ്നേഹമൊക്കെ വേണ്ടെന്നുവെച്ച് ബന്ധങ്ങളൊക്കെ വിടർത്തി തന്മാത്രകൾ അവയുടെ സീറ്റുകളിൽനിന്നു് എണീറ്റുമാറും. ആണി ഏതെങ്കിലും ഒരു വശത്തേക്കു് വളയും. അല്ലെങ്കിൽ അവിടെത്തന്നെ നിന്നു് ദേഷ്യം പിടിക്കും (ചൂടാവും). ആ ചൂടൊക്കെ അപ്പോൾതന്നെ അന്തരീക്ഷത്തിലേക്കു പെട്ടെന്നു പടർന്നു നഷ്ടപ്പെടുകയും ചെയ്യും.

അഭി കൊടുത്തയച്ച കായികോർജ്ജം / യാന്ത്രികോർജ്ജം അങ്ങനെ ചൂടായി മാറി അന്തരീക്ഷത്തിൽ ചെന്നുചേർന്നു.


ഇനി അതല്ല, ആണിക്കു നല്ല മൂർച്ചയുണ്ടായിരുന്നു എന്നുകരുതുക.

അപ്പോൾ ആണിയുടെ കീഴറ്റത്തെ കുറച്ചുഭാഗം മാത്രമാണു് മരത്തിനെ തൊടുന്നതു്. ബലം ÷ വിസ്തീർണ്ണം = മർദ്ദം. ബലം മുമ്പത്തേതുതന്നെ. പക്ഷേ വിസ്തീർണ്ണം തീരെ കുറഞ്ഞുപോയി. അംശം മാറാതെ ഛേദം മാത്രം കൂടിയാൽ എന്തു സംഭവിക്കും? ഉത്തരായി കിട്ടന്നഖ്യ, ഹലം ഭയങ്കരമായി വർദ്ധിക്കും!

അതായതു് ഇപ്പോൾ മരക്കട്ടയിലെ ഏതാനും കുട്ടികൾ മാത്രമാണു് ഈ ബലം മുഴുവൻ ഏറ്റെടുക്കാൻ പോകുന്നതു്. അത്ര ബലം താങ്ങാൻ അവയ്ക്കു ശക്തി(strength)യുമില്ല.

ശക്തി എന്നാലെന്താണു്? പരസ്പരം കൈകോർത്തുനില്ക്കുന്ന സ്നേഹം തന്നെ. അങ്ങനെ കൈകോർത്തുനിൽക്കാൻ പണ്ടെന്നോ കുറേ ഊർജ്ജം ചെലവായിട്ടുണ്ടു്. [സ്പ്രിങ്ങിലും മറ്റും മുറുക്കിവെച്ചിരിക്കുന്നതുപോലെയാണു് ആ തന്മാത്രകൾ പരസ്പരം ചേർന്നിരിക്കുന്നതു്. അതുകൊണ്ടു് അവയിൽ അടങ്ങിയിരിക്കുന്ന ഈ തന്മാത്രാന്തരബലം (Intermolecular force) സ്ഥാനികോർജ്ജമാണു്. (potential energy).]

ആ ശക്തിയെ അറുത്തുമുറിക്കണം. അതാണു് ആണി മരക്കട്ടയോടു ചെയ്യുന്നതു്. അതു ചെന്നുകൊള്ളുന്ന ഭാഗത്തെ മരക്കുട്ടികളെ ആണി ബലമായി ചുറ്റുവട്ടത്തേക്കു് തള്ളിമാറ്റുന്നു. മരക്കുട്ടിത്തന്മാത്രകളാവട്ടെ, ആണിയെ അവയ്ക്കിടയിലൂടെ കടന്നുപോകാൻ അനുവദിക്കുന്നു.

ആണിക്കുട്ടികളും മരക്കുട്ടികളും കൈകോർത്തുപിടിച്ചിരിക്കുന്ന രീതി പക്ഷേ സ്വല്പം വ്യത്യാസമുണ്ടു്. 

ഇന്നാൾ ഞാൻ ഫോട്ടോ എടുത്തുചേർത്ത ആവർത്തനപ്പട്ടികയിൽ Fe എന്ന ഇരുമ്പിന്റെ കള്ളി നോക്കുക. അതിൽ ഒരു പ്രത്യേകതരം ചതുരക്കട്ട വരച്ചുവെച്ചിരിക്കുന്നതു കാണാം. ഇരുമ്പിന്റെ തന്മാത്രകൾ പരസ്പരം കൈകോർത്തുനിൽക്കുന്ന രീതിയാണു് ഇങ്ങനെ കാണിച്ചിരിക്കുന്നതു്. ഇത്തരത്തിൽ ക്രമമായി അച്ചടക്കത്തോടെ നിൽക്കുന്ന വ്യവസ്ഥയെ ക്രിസ്റ്റൽ സംവിധാനം എന്നു പറയും.
ഇരുമ്പിനെ ക്രിസ്റ്റലുകൾ bcc (body centered cubic) എന്ന ചിട്ടയിലാണുള്ളതു്. പരസ്പരസാമ്യം - സാദൃശ്യം (symmetry) ധാരാളമുള്ള രീതിയാണതു്. അതുകൊണ്ടുതന്നെ യൂണിഫോമിട്ട പട്ടാളക്കാരുടേതുപോലെ, നല്ല ഒത്തൊരുമയാണു്. കൂട്ടായ ശക്തി കൂടും. പുറത്തുനിന്നു് എന്തെങ്കിലും ബലം ഏൽപ്പിച്ചാലും പരസ്പരം വിട്ടുപോവാതെ ചെറുത്തുനിൽക്കാനുള്ള കഴിവും കൂടും. 

https://ml.wikipedia.org/.../%E0%B4%95%E0%B5%8D%E0%B4%B0...


പക്ഷേ, മരത്തിന്റെ കാര്യം അങ്ങനെയല്ല. അതിലെ തന്മാത്രകളൊക്കെ പല തരത്തിൽ പെട്ടവയാണു്. പരസ്പരം ചേർന്നുനിൽക്കുന്നുണ്ടെങ്കിലും പട്ടാളക്കാരുടെ പോലെ യൂണിഫോമും ക്രിസ്റ്റലുമൊന്നും അവയിൽ അത്ര പോരാ. തീവണ്ടിയിൽ കയറുന്ന ആളുകളെപ്പോലെയാണു്, പല ദേശക്കാർ, പല വേഷക്കാർ,പലരീതിക്കാർ. അതുകൊണ്ടു് ഇരുമ്പിന്റെ അത്ര കൂട്ടുപൊരുത്തമോ ഒത്തൊരുമയോ ഇല്ല.
തീവണ്ടിയിയാത്രക്കാരിൽ കുറേ ഹിന്ദിക്കാരും കുറേ മലയാളികളും കുറേ സായിപ്പന്മാരും ഉണ്ടായിരുന്നു എന്നുവെക്കുക. പെട്ടെന്നു് ഒരു അപകടമുണ്ടായി. ആളുകൾ ആരെയൊക്കെയാണു് ആദ്യം രക്ഷിക്കാൻ ശ്രമിക്കുക? അവനവന്റെ നാട്ടുകാരെ, അല്ലേ?

മരത്തിലെ തന്മാത്രകളും ഇങ്ങനെ പല രീതിക്കാരാണു്. അവർ കൈകോർത്തുപിടിച്ചിരിക്കുന്നതും അങ്ങനെത്തന്നെ. എല്ലാവരും എല്ലാവരുമായും കോർത്തുപിടിക്കുന്നതിനുപകരം നാരുകളായി നീളത്തിലാണവരുടെ സഹകരണസംഘം.
അതിനും കാരണമുണ്ടു്. അതു ജീവശാസ്ത്രത്തിൽ തിരയാം.


എന്തുകൊണ്ടാണു് തടികൾ നാരുരൂപത്തിൽ കാണുന്നതു്?

അതിനു പല കാരണങ്ങളുമുണ്ടു്. മുഖ്യമായതിൽ ഒന്നു് വാർഷികവലയത്തിന്റെ പോസ്റ്റിൽ പറഞ്ഞുകഴിഞ്ഞു. തടിയുടെ കോശങ്ങൾ കുഴൽ ആകൃതിയിൽ പരസ്പരം ചേർന്നുനിന്നിട്ടാണു് വേരിൽ നിന്നു ഇലയിലേക്കും തിരിച്ചും വെള്ളം, ചായ, കാപ്പി, (
ച്ഛേ! അതൊന്നുമില്ല), അന്നജം തുടങ്ങിയവയെല്ലാം അങ്ങോട്ടുമിങ്ങോട്ടും എത്തിക്കുന്നതു്. നാരുകൾക്കുപകരം ചതുരക്കട്ട രീതിയിലാണെങ്കിൽ ഇതു തീരെ എളുപ്പമാവില്ല. 

എന്നാൽ വേറൊരു കാരണം കൂടിയുണ്ടു്. വളയുന്നതിനുള്ള കഴിവു് (flexibility) ആണതു്. എത്ര കണ്ടു് നേരിയ നാരുകളാണോ അത്ര കണ്ടു് ആ വസ്തുവിനു് വളയാം. (വളയുന്ന വൈദ്യുതിക്കമ്പികളും വയാത്ത കമ്പികളും കണ്ടിട്ടില്ലേ? പൊട്ടുകയോ ഒടിയുകയോ ചെയ്യാതെ നാരുകൾക്കു തമ്മിൽ പരസ്പരം തെന്നിമാറാനുള്ള കഴിവുകൊണ്ടാണു് ഇങ്ങനെ വളയാൻ പറ്റുന്നതു്.

മരങ്ങൾക്കു് അങ്ങനെ വളയാൻ കഴിയുന്നതുകൊണ്ടു്എന്താണു മെച്ചം? ഏതുതരം മരങ്ങൾക്കാണു് കൂടുതൽ വളയാൻ കഴിയുന്നതു്? അവയുടെ തടിയുടെ പ്രത്യേകത എന്താണു്? അവയിൽ ആണി അടിക്കുമ്പോൾ വിള്ളുന്ന പ്രവണത കൂടുതലുണ്ടോ?
കവുങ്ങ് (അടക്കാമരം) , തെങ്ങ്, പന എന്നിവയെന്തുകൊണ്ടണു് മേശയും കസേരയുമൊന്നും ഉണ്ടാക്കാൻ അനുയോജ്യമല്ലാത്തതു്?

നാരുകൾ കൂടുതലുള്ള തടികളിൽ ആണിയടിച്ചാൽ അവ പെട്ടെന്നു വിണ്ടുപൊളിയും. ഇനി അവ കുറവുള്ള തടികളിൽ തന്നെ, ചിലപ്പോൾ എന്തെങ്കിലും കേടുകൊണ്ടോ ഉണക്കം കൊണ്ടോ നെടുകെ സൂക്ഷ്മമായ വിള്ളലുകൾ മുമ്പേ ഉണ്ടായിരിക്കും. (അതായതു് ആ ഭാഗത്തുള്ള തന്മാത്രകൾ കൈകോർത്തുനില്ക്കാതെ പരസ്പരം മുഖം തിരിഞ്ഞു് രണ്ടു ചേരിയായി നിൽക്കുകയാണു്.) 

അത്തരം തടിക്കഷ്ണങ്ങളിൽ ആണി ചെന്നു തറയ്ക്കുമ്പോൾ വൃത്താകാരത്തിൽ ചുറ്റിനുമായി വിട്ടുപോകുന്നതിനുപകരം തന്മാത്രക്കൂട്ടങ്ങൾ നീളത്തിൽ ചേരിതിരിഞ്ഞുമാറിപ്പോകുന്നു. 

അപ്പോൾ നാം പറയും:" ആണി അടിച്ചു മരം പൊളിച്ചു; അടിപൊളി!"
.



അഭിയും വിശ്വവും -QA Session #2

വരയും ചോദ്യവും അഭിജിത്ത് : 
നായകുട്ടി ചെരുപ്പ് കടിച്ചൊണ്ടു പോകുന്നനെന്തുകൊണ്ടാണ്.


ഉത്തരം : കടപ്പാട്: വിശ്വപ്രഭ 

നാം വിചാരിക്കുന്നത്ര സങ്കുചിതമായ ഒരു ലോകമല്ല നായ്ക്കളുടേയും മറ്റു ജീവികളുടേയും മനസ്സു്. രണ്ടുമൂന്നു വയസ്സായ ഒരു നായ്ക്കുട്ടിക്കുംഅഞ്ചെട്ടുമാസം പ്രായമായ ഒരു മനുഷ്യക്കുട്ടിക്കും അതാതുതലങ്ങളിൽ ഒരേ സാമാന്യബുദ്ധിയുണ്ടു്. മനുഷ്യക്കുട്ടിക്കു് നായ്ക്കുട്ടിയേക്കാൾ, തലച്ചോറിൽ കൂടുതൽ വിവരങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറിയും വിവരങ്ങൾ പെട്ടെന്നു പ്രോസസ്സ് ചെയ്യാൻ ലക്ഷക്കണക്കിനു മടങ്ങ് മസ്തിഷ്കകോശങ്ങളും ഉണ്ടെന്നുള്ളതു മാത്രമാണു് അവർ തമ്മിലുള്ള വ്യത്യാസം. 

എല്ലാ ജീവികളും അവയുടെ ജീവിതം ഏറ്റവും സംതൃപ്തകരമാക്കാൻ ആവശ്യമുള്ള വിദ്യകളൊക്കെ സ്വയം പഠിച്ചെടുക്കും. വാസ്തവത്തിൽ മനുഷ്യക്കുഞ്ഞുങ്ങൾക്കു് കൂടുതൽ സങ്കീർണ്ണമായ കാര്യങ്ങൾ പഠിക്കേണ്ടതുള്ളതുകൊണ്ടു് അതിനു പത്തും ഇരുപതും കൊല്ലം എടുക്കും.എന്നാൽ നായ്ക്കുട്ടികൾക്കു് വളരെക്കുറച്ചു വിദ്യകളേ പഠിക്കേണ്ടതുള്ളൂ.


സത്യത്തിൽ അഭി ഇപ്പോൾ എന്തൊക്കെയാണു പഠിക്കുന്നതു്? അധികവും ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലേ? ശരീരവുമായി ബന്ധപ്പെട്ട മിക്കവാറും പാഠങ്ങളൊക്കെ വളരെ കുട്ടിക്കാലത്തുതന്നെ പഠിച്ചുകഴിഞ്ഞു.
എന്തൊക്കെയായിരുന്നു അവ?

ആദ്യം കരയാൻ, (ശ്വാസം വലിക്കാൻ), 
പിന്നെ അമ്മിഞ്ഞ വലിച്ചുകുടിക്കാൻ (ഇതത്ര എളുപ്പമൊന്നും അല്ല, അന്തരീക്ഷമർദ്ദം എന്താണെന്നറിയണം, വായിലെ പേശികൾ അയയ്ക്കാനും മുറുക്കാനും അറിയണം, വലിച്ചെടുത്ത പാലു് 'വിഴുങ്ങാൻ' അറിയണം. വിഴുങ്ങിയ പാലു് ശ്വാസകോശത്തിലേക്കു പോവാതെ, അന്നനാളത്തിലൂടെ, വയറിലേക്കു തന്നെ അയക്കാൻ അറിയണം. ഇതൊന്നും പോരാതെ, വയറ്റിലെത്തിയ പാൽ ദഹിപ്പിക്കാൻ, ആമാശയത്തിനും കുടലിനും മധുരറൊട്ടിക്കും മറ്റും അറിയണം. അവറ്റകൾ അതൊക്കെ എങ്ങനെയാണു ചെയ്യുന്നതെന്നു് ദൈവം തമ്പുരാനു പോലും പിടിയുമില്ല!

ഇതുകൂടാതെ, കാണാൻ പഠിക്കണം. DSLR ക്യാമറ പോലെ ആവശ്യത്തിനു സൂം ചെയ്യാനും ഫോക്കസ് ചെയ്യാനും പ്രകാശദ്വാരം ആവശ്യത്തിനുമാത്രം തുറക്കാനും വേണ്ട ദിക്കിലേക്കു കണ്ണുകളെ തിരിക്കാനും (അതും രണ്ടെണ്ണത്തേയും ഒപ്പം!) . അറിയണം. നാലു സെക്കൻഡിൽ ഒരിക്കൽ വെച്ച് കണ്ണിന്റെ ഷട്ടർ 0.1 സെക്കൻഡുകൊണ്ടു് അടച്ചുതുറക്കാൻ അറിയണം...
പിന്നെ, കേൾക്കാൻ പഠിക്കണം, അമ്മ 'പുന്നാരമുത്തേ' എന്നു വിളിക്കുമ്പോൾ അതമ്മയാണെന്നും തനിക്കു പാലു കിട്ടുന്ന മിൽമയാണതെന്നും തിരിച്ചറിയണം. അഥവാ ആ ശബ്ദം കേട്ടില്ലെങ്കിൽ 'ള്ളേ' എന്നു് അലറിവിളിച്ച് അലാറം അടിച്ച് അമ്മയെ വിളിച്ചുവരുത്തണം....


അഞ്ചാറുമാസം കഴിഞ്ഞാൽ ഒന്നാംക്ലാസ്സു പാസ്സാവും. പിന്നെ രണ്ടാം ക്ലാസ്സിലെ പാഠങ്ങൾപഠിക്കണം. അപ്പോഴാണു് ശരിക്കും ഒരു മനുഷ്യനാവുക. കാരണം മനുഷ്യനുമാത്രം ചെയ്യാവുന്ന രണ്ടു പ്രധാനപാഠങ്ങൾ കാര്യങ്ങൾ അപ്പോഴാണു ചെയ്തുതുടങ്ങുക. 
അതേതൊക്കെയാണു്? 
1. പ്രത്യേകം പ്രത്യ
േകം അർത്ഥങ്ങളുള്ള വാക്കുകൾ ഉപയോഗിച്ചു് ശബ്ദമുണ്ടാക്കി അതുപയോഗിച്ച് സംസാരിക്കുക, 
2. വളരെക്കുറച്ച് ഊർജ്ജം ഉപയോഗിച്ച് വെറും രണ്ടുകാലിൽ അതിവേഗത്തിൽ നടക്കാൻ പറ്റുക

പിന്നത്തെ ഒന്നരക്കൊല്ലം കൊണ്ടു് നടക്കാനും ഓടാനും പഠിക്കും. (ചിലപ്പോൾ ചാടാനും). വാക്കുകൾ നന്നായി ഉപയോഗിച്ച് വേഗത്തിൽ സംസാരിക്കാൻ പിന്നെയും രണ്ടുവർഷം കൂടിയെടുക്കും.

ഓരോന്നോരോന്നായി പഠിച്ചെടുക്കുന്ന ഇത്തരം കൊച്ചുപാഠങ്ങൾ മുഴുവൻ നാം ഓർമ്മയിൽ സംഭരിച്ചുവെക്കും. ആവശ്യം പോലെ അവയിൽ പലതിനേയും നിമിഷനേരം കൊണ്ടു് കോർത്തുകെട്ടി കൂടുതൽ വിഷമമുള്ള കാര്യങ്ങൾ ചെയ്യാൻ പഠിക്കും. പിന്നെ കുറച്ചുവർഷം കൊണ്ടു് ഇക്കാര്യങ്ങളിലൊക്കെ മിടുക്കനായി മാറും. സ്ഥിരോത്സാഹമുണ്ടെങ്കിൽ സാനിയാ മിർസയായോ സച്ചിൻ ടെൻഡുൽക്കർ ആയോ Vaikom Vijayalakshmiയായോ സ്റ്റീവ് ജോബ്സ് ആയോ മാറും. 

അങ്ങനെ വിജയകരമായ ഒരു ജീവിതം തുടങ്ങിവെക്കാൻ കുട്ടികൾ പാകമാവുമ്പോൾ നാം പറയും:"അവൻ മുതിർന്നു കേട്ടോ!"





ഇനി നായക്കുട്ടിയുടെ കാര്യമെടുക്കാം. അതിനു ജീവിക്കാൻ എന്തൊക്കെയറിയണം?
നല്ല വേഗത്തിൽ ഓടാനറിയണം. അധികം വാക്കുകളൊന്നും നിഘണ്ടുവിലില്ലെങ്കിലും, ഉള്ള പത്തുപതിനഞ്ചു വാക്കുകളുപയോഗിച്ച് കുരയ്ക്കാനോ ഓലിയിടാനോ കിണുങ്ങാനോ അറിയണം.
പിന്നെ നായ്ക്കുട്ടിയല്ലേ? കടിക്കാന
റിയണ്ടേ? അറിയണമെങ്കിൽ ട്രെയിനിങ്ങു വേണ്ടേ?

നായക്കുട്ടി വിചാരിക്കുന്നതു് ചെരിപ്പു് ഒരു ജീവിയാണെന്നാണു്. ശരിക്കും അങ്ങനെയല്ലെന്നു് ഒരു പക്ഷേ അതിനുതന്നെയറിയാം. മുതലാളിപ്പയ്യന്റെ കാലിന്റെ ഊരിവെക്കാവുന്ന ഒരു പീസാണെന്നു പോലും ഒരു പക്ഷേ അവനറിയാമായിരിക്കും. പക്ഷേ, തൽക്കാലം അവനു് ചെരിപ്പൊരു കളിപ്പാട്ടമാണു്. ജീവനുള്ള ഒരെലിയോ മറ്റോ. കടിച്ചാൽ കരയില്ല, പെട്ടെന്നു് ഓടിപ്പോവില്ല. വായിൽ നന്നായൊതുങ്ങും.
എന്നാലും ഏറ്റവും പ്രധാന ഗുണം, ചെരിപ്പിനു നല്ല കരുമുരുപ്പുണ്ടെന്നതാണു്. പല്ലുകൾക്കു് ഇതിലും നല്ല വ്യായാമവും പരിശീലനവും കിട്ടാൻ വേറെ ഏതു തരം പാഠം വേണം?

ഇനി അച്ഛനമ്മമാരുടെ താക്കീതു് അവഗണിച്ച് വീട്ടിലെ ഏതെങ്കിലും വിലകൂടിയ ഉപകരണങ്ങളോ മറ്റു വസ്തുക്കളോ 'വെറുമൊരു രസത്തിനു വേണ്ടി' സ്വകാര്യമായി എടുത്തു് ടെസ്റ്റു ചെയ്തു നോക്കുമ്പോൾ ഓർക്കുക: "ചെരിപ്പിനോടു യുദ്ധം ചെയ്യുന്ന ആ നായ്ക്കുട്ടിയും ഞാനും തമ്മിലെന്തു ഭേദം!?"



ഇനി ചോദ്യം: കുട്ടികൾക്കു് ഇഷ്ടം പോലെകളിപ്പാട്ടങ്ങൾ വേണം. അവർ നന്നായി കളിക്കുകയും വേണം. എന്താ കാരണം?



അഭിയും വിശ്വവും -QA Session #1

ചോദ്യം :മരങ്ങളില്‍ വയസ്സ് പറയുന്ന വളയങ്ങളുണ്ടാകുന്നതെന്തുകൊണ്ടാണ്?  
വരയും ചോദ്യവും അഭിജിത്ത് 





ഉത്തരം : കടപ്പാട് : വിശ്വ പ്രഭ 

വേനൽക്കാലത്തും വർഷക്കാലത്തും താപനിലകൾ നമ്മുടെ ഭക്ഷണ-ഊർജ്ജ-അപചയപ്രക്രിയകളെ ബാധിക്കുന്നതു് ഒരുപോലെയല്ല എന്നു മുമ്പു പറഞ്ഞിട്ടില്ലേ? സസ്യങ്ങളെസംബന്ധിച്ചും ഇക്കാര്യം ബാധകമാണു്. 

ഒരു മരം വളരുന്നതു് സൂര്യപ്രകാശം, അന്തരീക്ഷത്തിലെ ഈർപ്പം, താപനില, ഭൂമിയിലെ ജലത്തിന്റേയും മറ്റു് അവശ്യരാസപദാർത്ഥങ്ങളൂടേയും ലഭ്യത എന്നിവ അനുസരിച്ചാണു്. എല്ലാ വർഷവും ഓരോ ഋതുക്കളിലും ഇവ മാറിക്കൊണ്ടിരിക്കും. എങ്കിലും കുറെ വർഷങ്ങൾ ഒരുമിച്ചെടുത്താൽ, ഈ തരം ഋതുഭേദങ്ങളും അതിനൊത്തു് വളർച്ചനിരക്കുകളും മിക്കവാറും സ്ഥിരമായ ഒരു താളത്തിലാണു നടക്കുന്നതെന്നു മനസ്സിലാവും.

ഉദാഹരണത്തിനു് ഇലപൊഴിയുംകാടുകളിലെ അതിശക്തനും ദീർഘായുസ്സുമായ ഒരു വൃക്ഷമായ നമ്മുടെ തേക്കിന്റെ കാര്യമെടുക്കാം. 
വേനൽക്കാലത്തു് ഭൂമിയിലെ ജലലഭ്യത തീരെ കുറയും. ഇലകളിലെ ചെറിയ സുഷിരങ്ങളിൽ നടക്കുന്ന ബാഷ്പീകരണമാണു് ഭൂമിയിൽനിന്നും മുകളറ്റത്തേക്കു് വെള്ളത്തിനെ വലിച്ചെടുക്കുന്ന 'പമ്പ്'. (ബാഷ്പീകരണം നടക്കുമ്പോൾ സുഷിരങ്ങളിലേക്കു ബന്ധപ്പെടുത്തിയ നേരിയ കുഴലുകളിൽ മർദ്ദം കുറയുന്നു. അന്തരീക്ഷമർദ്ദം ബാലൻസ് ചെയ്യാൻ അവിടേക്കു് താഴെനിന്നും വെള്ളം തള്ളിവരുന്നു.). 

തേക്കിനു് മൊത്തമായി ഒരു തലച്ചോറോ ചിന്താശേഷിയോ ഒന്നുമില്ല. പകരം, ഓരോ കോശങ്ങളിലേയും രാസഘടന വെള്ളത്തിന്റേയും ചൂടിന്റേയും ഇലകളിലെ ബാഷ്പീകരണനിരക്കിന്റേയും അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. അത്തരം ചെറുമാറ്റങ്ങൾ മൊത്തത്തിൽ ഒരു തലച്ചോറുപോലെ പ്രവർത്തിക്കും.
വേനൽക്കാലത്തു് ഈ പമ്പുകളെല്ലാം മുഴുവൻ ശക്തിയിൽ പ്രവർത്തിച്ചാൽ, ആകെ ഭൂമിയിൽ അവശേഷിക്കുന്ന ഇത്തിരി വെള്ളം കൂടി പെട്ടെന്നു് അവസാനിക്കും. അതുകൊണ്ടു് കുറേ പമ്പുകൾ ഓഫ് ചെയ്യണം. തൽക്കാലം വളർച്ചയല്ല പ്രശ്നം, നിലനില്പാണു്.

തേക്കു് അതിനുവേണ്ടി ചെയ്യുന്നതെന്താണു്? ഇലകൾ ഒട്ടുമിക്കവയും പൊഴിച്ചുകളയും. അതോടെ പമ്പുകളെല്ലാം ഓഫാവും. പവർ കട്ട്, ലോഡ് ഷെഡ്ഡിങ്ങ്. പുതുതായി അധികം കോശങ്ങളൊന്നുമുണ്ടാവുന്നില്ല. ഉള്ളവയ്ക്കുതന്നെ തൽക്കാലം മദ്ധ്യവേനൽ അവധി. ഉള്ള കോശങ്ങൾക്കു് വിശ്രമിച്ചുകിടക്കാൻ ഇഷ്ടം പോലെ ഇടം. അതിനാൽ മൃദുവായ, വിളറിവെളുത്ത ആ കോശങ്ങൾക്കെല്ലാം തടിക്കുചുറ്റും പൊതിഞ്ഞു് ഒരു സിലിണ്ടർപോലെ, ഒരേ നിറം, ഒരേ ഘടന.

മഴക്കാലം വരുമ്പോൾ, ഭൂമിയിൽ ധാരാളം ജലം ലഭിക്കും. ചൂടു കുറയും. അതും കൂടാതെ അന്തരീക്ഷത്തിലെ ഈർപ്പം കൂടും. ഇതൊക്കെ കൂടി ബാഷ്പീകരണത്തിന്റെ നിരക്കു് ഗണ്യമായി കുറയും. പുതിയ ഇലകൾ പൊട്ടിവിരിയും. പുത്തൻ കുപ്പായമിട്ടു് സ്കൂളിൽ-പോകാൻ അഭിക്കു് കൂടുതൽ ഉന്മേഷം തോന്നുന്നതുപോലെ, തേക്കു് എന്ന കോശഫാക്ടറിയിൽ എല്ലാർക്കും ഉണർവ്വുണ്ടാകും.
തേക്കുമരം വളരെ മികച്ച നിരക്കിൽ വളരും. കൂടുതൽ കോശങ്ങളുണ്ടാവും. ഇടയ്ക്കു് ഒട്ടും സ്ഥലമില്ലാതെ വരുമ്പോൾ അവ തിങ്ങിഞെരുങ്ങി തടികളിൽ സിലിണ്ടർ രൂപത്തിലുള്ള മറ്റൊരു നിറത്തിലും ബലത്തിലുമുള്ള പാളിയായിമാറും.
ഇങ്ങനെ തിങ്ങിഞെരുങ്ങി ഏറ്റവും നടുവിലായി വരുന്ന ഭാഗം കുറേ കാലംകഴിയുമ്പോൾ ഏറെ ബലമുള്ളതായി മാറും, അതിനെയാണു നാം കാതൽ എന്നു വിളിക്കുക.
ഏറ്റവും പുറത്തുള്ള കോശങ്ങൾക്കു് തിങ്ങിഞെരുങ്ങേണ്ടതില്ല. അവയ്ക്കു് പുറമേക്കു് വളരാം. അതിനാൽ അവ മൃദുവായ ഭാഗമായി മാറുന്നു. (ബലം കുറവാണെങ്കിലും വേണ്ടി വന്നാൽ പുതിയ ചിനപ്പുകളും മുകുളങ്ങളും ശാഖകളും ഉണ്ടാക്കാൻ ഈ കോശങ്ങൾക്കറിയാം.). തടിയുടെ ഈ പുറംഭാഗത്തിനെ നാം വെള്ള എന്നു പറയും.

വെള്ളയ്ക്കും കാതലിനുമിടയിലാണു് ഓരോ വർഷവും എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പവർ കട്ട് പാളികൾ പ്രത്യക്ഷപ്പെടുക. തടി മുറിച്ചാൽ ഇവ റിങ്ങുകൾ (വലയങ്ങൾ) ആയി കാണപ്പെടും. അവയുടെ എണ്ണമെടുത്താൽ മരം ആകെ എത്ര വർഷം ജീവിച്ചിരുന്നു എന്നുമറിയാം. അതിനാൽ ഇവയെ വാർഷികവലയങ്ങൾ എന്നു വിളിക്കുന്നു

ഇപ്പോൾ ഈ സംശയത്തിനു് മുഴുവൻ ഉത്തരമായില്ലേ? 
ഇതു് ഇനി ജിജ്ഞാസുക്കളായ കൂട്ടുകാർക്കൊക്കെ പറഞ്ഞുകൊടുക്കുകയും വേണം.
നാം പുതുതായി മനസ്സിലാക്കുന്ന കാര്യങ്ങൾ ഒപ്പം തന്നെ കൂട്ടുകാർക്കു പറഞ്ഞുകൊടുക്കുകയും വേണം. 

പലപ്പോഴും ചില മാതാപിതാക്കൾ കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്ന തെറ്റായ ഒരു കാര്യം അവരുടെ അറിവുകൾ കൂടെയുള്ളവർക്കു പറഞ്ഞുകൊടുക്കരുതെന്നാണു്. മാർക്കും റാങ്കും മറ്റുള്ളവർ അടിച്ചെടുക്കുമോ എന്നാണവരുടെ പേടി. പക്ഷേ അവർ ചെയ്യുന്ന അബദ്ധം അവർ തന്നെ തിരിച്ചറിയുന്നില്ല.
അറിവു് തീപ്പന്തം പോലെയാണു്. എത്ര കൂടുതൽ മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്നുവോ അത്ര തന്നെ നമ്മുടെ അറിവിനു് തീവ്രതയും പ്രകാശവും കൂടും. 
വേറൊരാൾക്കു പറഞ്ഞുകൊടുക്കുമ്പോഴാണു് നമുക്കുതന്നെ ഇനിയും കൂടുതൽ പഠിക്കാനുണ്ടായിരുന്നു എന്നു നാം സ്വയം തിരിച്ചറിയുക.







അഭിയും വിശ്വവും - ഒരു ആമുഖം




കുറച്ചു നാൾ മുൻപ് വിശ്വപ്രഭ എന്ന സുഹൃത്തിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റ് വഴി ആണ് അഭിജിത്ത് എന്ന മിടുക്കനെ പരിചയപ്പെടുന്നത് . പിന്നീടു വരകളിലും എഴുത്തിലും പിന്തുടരാവുന്ന എന്തോ ഒന്ന് ഉണ്ട് എന്ന് തോന്നിയപ്പോൾ ആ കുട്ടിയെ ഫേസ് ബുക്കിൽ ഫോളോ ചെയ്തു തുടങ്ങി . ബാല്യത്തിൽ എല്ലാവരും ചോദിക്കുകയും ഔപചാരിക വിദ്യാഭ്യാസം  ത്തിൽ   ഇല്ലാതാകുകയും ചെയ്യാറുള്ള ചോദ്യങ്ങൾ ഈ കുട്ടി യുടെ പേജിൽ കാണാറുണ്ട് . അത് പോലെ അവയ്ക്ക് കിട്ടിക്കൊണ്ടിരുക്കുന്ന മറുപടികൾ അതിലും രസകരവും വിജ്ജാന പ്രദവും ആയി തോന്നി . ദിവസങ്ങൾ  കഴിഞ്ഞപ്പോൾ പലപ്പോഴും അത് അഭിയും വിശ്വപ്രഭയും തമ്മിലുള്ള ഒരു ചോദ്യ ഉത്തര പംക്തി ആവുന്നത് കൌതുകത്തോടെ കണ്ടു .

'അഭിയും വിശ്വവും' എന്ന പേരിൽ  തുടങ്ങുന്ന ഈ പംക്തി ഒരു അഭിജിതും വിശ്വപ്രഭയും തമ്മിൽ  ഉള്ള ഒരു ചർച്ച  സംഗ്രഹം എന്നതിൽ  ഉപരി ചോദ്യങ്ങൾ  ഇപ്പോഴും ചോദിയ്ക്കാൻ കൌതുകം ഉള്ള ഒരു വ്യക്തിയും അതിന് വെറും വെബ്‌ ലിങ്ക്കൾ കൊണ്ട് മറുപടി നല്കുന്നതിന് പകരം സ്വയം ആർജ്ജിച്ച അറിവ് പകർന്നു  നല്കുന്ന ആരും ആയുള്ള സംവാദം ആയി മാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു .

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .



അഭിയുടെ ഒരു ഫേസ് ബുക്ക്‌ പോസ്റ്റിൽ നിന്നും തുടങ്ങാം 


''വിശ്വപ്രഭ മാമന്‍ എനിക്കയച്ച കത്ത് ''
എനിയ്ക്കൊന്നറിയാം അഭീ, "എനിക്കൊന്നുമറിയില്ല്" എന്നു്'.
കുറേ വയസ്സായെങ്കിലും, ഉള്ളിൽ ഇപ്പോഴും ഞാൻ ഒരു സ്കൂൾകുട്ടിയാണു്. ഇന്നു ഞാൻ പുതുതായെന്തു പഠിച്ചു എന്നോർത്തുകൊണ്ടാണു് എല്ലാ ദിവസവും കിടന്നുറങ്ങാൻ പോകുന്നതു്.

തീർച്ചയായും ഒരു പാടു പഠിക്കാനുണ്ടു് ഇനിയും.
പുസ്തകങ്ങളും ഇന്റർനെറ്റും വിക്കിപീഡിയയും ഒന്നും തന്നെ വേണമെന്നില്ല. അവയ്ക്കൊക്കെ ഗൈഡ് ബുക്കുകളാകാനേ കഴിയൂ. അതില്ലാതെത്തന്നെ, സ്വയം നേരിട്ടു പഠിച്ചറിയേണ്ട എത്രയോ കാര്യങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ തന്നെയുണ്ടു്.

കാറ്റിൽ ആടിക്കൊണ്ടിരിക്കുന്ന ഒരില,
വേലിയിൽ കൺഫ്യൂഷനടിച്ചുനിൽക്കുന്ന ഒരോന്തു്,
പുക പടർത്തി പാഞ്ഞുപോകുന്ന ഒരു മോട്ടോർ സൈക്കിൾ,
അമ്മമുഖത്തേക്കു നോക്കി
"ഞാനും, ഞാനും" എന്നു ചാടിത്തുള്ളുന്ന
അടുപ്പത്തെ പാത്രത്തിലെ നീരാവിക്കുമിളകൾ...

ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണു്. ഓരോന്നിലും ഓരോ പ്രപഞ്ചവുമുണ്ടു്.
അതൊക്കെ ശ്രദ്ധിച്ചു നോക്കിപ്പഠിച്ച് മനസ്സിൽ ധ്യാനിച്ചറിഞ്ഞാൽ,
ഓരോ കുട്ടികൾക്കും
ഓരോ വിശ്വമാകാം,
വിശ്വവിജ്ഞാനകോശമാവാം
വിശ്വം മുഴുവൻ പ്രഭ കൊണ്ടു നിറയ്ക്കാം..