Friday, May 22, 2015

അഭിയും വിശ്വവും -QA Session # 32

വരയും ചോദ്യവും അഭിജിത്ത്

കാലത്തെ രണ്ടായി തിരിക്കാന്‍ എന്തിനാണ് ക്രിസ്തുവിനെ ഉപയോഗിച്ചത്





ഉത്തരം : കടപ്പാട്   Viswa Prabha 

കാലത്തെ രണ്ടായി തിരിക്കാൻ പറ്റുമോ?

"പാലക്കാട്ടേക്കെന്തു ദൂരം വരും?" 
ഉടനെ ചോദിക്കില്ലേ, "എവിടെനിന്നുമുള്ള ദൂരം?" എന്നു്? ഏതെങ്കിലും ഒരു ആധാരബിന്ദു (origin) ആദ്യം തന്നെ തീരുമാനിക്കാതെ ദൂരം, സമയം, താപനില, വൈദ്യുതപൊട്ടൻഷ്യൽ, ജലവിതാനം, പർവ്വതങ്ങളുടെ ഉയരം ഇതൊന്നും അളന്നുമുറിച്ചു പറയാനാവില്
ല.

അനന്തമായ കാലം. അതു തുടങ്ങുന്നതെന്നോ ഒടുങ്ങുന്നതെന്നോ എന്നറിയില്ല. സാധാരണക്കാരായ നമ്മൾക്കൊക്കെ നമ്മുടെ കൊച്ചുകാര്യങ്ങളും കഥകളും പറയേണ്ടി വരുമ്പോൾ 'എനിക്കിത്ര വയസ്സുള്ളപ്പോൾ', അല്ലെങ്കിൽ, 'പത്തുവർഷം മുമ്പ്' അതുമല്ലെങ്കിൽ എന്റപ്പൂപ്പൻ കുഞ്ഞായിരിക്കുമ്പോൾ എന്നെല്ലാം പറഞ്ഞാൽ മതി. പക്ഷേ, ആളിന്റേയും നാടിന്റേയും വലിപ്പം കൂടുംതോറും കാലക്കണക്കിന്റെ വലിപ്പവും കൂടും. അപ്പോൾ വള്ളുവക്കോനാതിരിയുടെ കാലത്തു്, ഉദയവർമ്മ ആദിത്യവർമ്മ രണ്ടാമന്റെ കാലത്തു്, ലൂയി പതിനാലാമന്റെ കാലത്തു് എന്നൊക്കെ പറയാം. 
ഏതൊക്കെ എവിടെയൊക്കെ ചരിത്രമുണ്ടോ അതുമൊത്തം കാണാപ്പാഠം പഠിക്കാത്തവർക്കു് ഏതു ലൂയി? ഏതു വള്ളുവക്കോനാതിരി?
എല്ലാർക്കും ഒരു പോലെ മനസ്സിലാവാൻ അപ്പോൾ കാലത്തിനും ഏതെങ്കിലും ഒരു ആധാരബിന്ദു വേണം.അതും മിക്കവാറും എല്ലാർക്കും സ്വീകാര്യവും പരിചിതവുമായ ഒരു സമയബിന്ദു.
അത്തരം സമയബിന്ദുക്കളെ ബീജസമയം അഥവാ യുഗാദി (Epoch) എന്നു വിളിക്കുന്നു.
എല്ലാ കലണ്ടറുകളും പഞ്ചാംഗങ്ങളും Epoch അടിസ്ഥാനമാക്കിയാണു് നിർമ്മിച്ചിട്ടുള്ളതു്. അതിൽ ചിലതു് സാങ്കല്പികമുഹൂർത്തങ്ങളാണു്. മറ്റു ചിലതു് യഥാർത്ഥസംഭവങ്ങളും. ഇനിയും ചിലതു് അർദ്ധസാങ്കല്പികങ്ങളാണു്.

1190 വർഷവും 9 മാസവും ഏതാനും ദിവസവും മുമ്പ് കൊല്ലം എന്ന പട്ടണത്തിൽ എന്തോ ഒരു സംഭവം നടന്നു. ആ ദിവസത്തെ ഒരു പുതിയ യുഗാദിയായി കണക്കാക്കി, ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ 12 മാസങ്ങളുമായി മലയാളത്തുകാർ ഒരു പുതിയ കലണ്ടറും ഉണ്ടാക്കി. അതാണു് നമ്മുടെ കൊല്ലവർഷം.
[http://ml.wikipedia.org/wiki/Malayalam_calendar]

എന്തു സംഭവമായിരുന്നു കൊല്ലവർഷം തുടങ്ങിവെച്ചതിന്റെ ആധാരം എന്നു് നമുക്കിപ്പോഴും കൃത്യമായി അറിയില്ല. എന്നാൽ, അതറിഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഒരിക്കൽ ഒരു കലണ്ടർ തുടങ്ങിവെച്ചാൽ, അന്നുമുതലുള്ള സമയം കൃത്യമായി കണക്കാക്കി രേഖപ്പെടുത്തിക്കൊണ്ടിരുന്നാൽ മതി.

ഓരോരോ നാടുകളിലും ആളുകൾ ഇങ്ങനെ പല തരത്തിലും കലണ്ടറുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. കലിവർഷം, വിക്രമവർഷം, ശകവർഷം, ഹിജ്രാവർഷം, മയൻ വർഷം ഇവയെല്ലാം ഇങ്ങനെ ഉണ്ടായവയാണു്. ഒരിക്കൽ ഒരു കലണ്ടർ തുടങ്ങിക്കഴിഞ്ഞാൽ അതനുസരിച്ചുള്ള വർഷങ്ങളെ 1,2,3,4.... എന്നു് കൃത്യമായി അടയാളപ്പെടുത്താനാവും. ഉദാഹരണത്തിനു് ഇന്നു് 1190 എടവം എട്ടാം തീയതിയാണു്. 2015 മേയ് 22-ഉം ഇന്നുതന്നെയാണു്. 

എന്നാൽ, അപ്പോഴും ചെറിയ ഒരു പ്രശ്നമുണ്ടു്. പ്രവാചകനായ നബി മെക്കയിൽ നിന്നും മദീനയിലേക്കു പലായനം ചെയ്ത നാളായിരുന്നുഹിജ്രാ അബ്ദം തുടങ്ങിവെച്ചതു്. എന്നാൽ അതിനും 150 കൊല്ലം മുമ്പത്തെ ഒരു സംഭവത്തെക്കുറിച്ചു പറയണമെങ്കിലോ? (അന്നു് നെഗറ്റീവ് സംഖ്യകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളൊന്നും വ്യാപകമായിരുന്നില്ല).
അപ്പോൾ ഹിജ്രയ്ക്കു ഇത്ര വമുമ്പ് എന്നു പറയുന്നതാണു് ഒരു വഴി.

ക്േ അും പരാ. കൃത്യമായ ഗ്രഹസ്ഥിതിയും സൂര്യചന്ദ്രസഞ്ചാരവും ഉദയാസ്തമനങ്ങളും കണക്കാക്കാൻ കലണ്ടർ കൂടുതൽ സൂക്ഷ്മമായിരിക്കണം. കണക്കു് എളുപ്പമാവണമെങ്കിൽ ആവശ്യമില്ലാതെ ഇന്ന സംഭവത്തിനുമുമ്പ് അല്ലെങ്കിൽ നെഗറ്റീവ് ഇത്ര കൊല്ലം എന്നൊന്നും ചേർക്കാതെയുമിരിക്കണം.

അതിനു് ഇന്ത്യക്കാരും മന്മരും ഒക്ക കണ്ടുപിടിച്ച വഴി, വളരെ വളരെ മുമ്പുള്ള ഒരു സാങ്കല്പികമുഹൂർത്തം യുഗാദിയായി എടുക്കുന്നതായിരുന്നു. ഓട്ടപ്പന്തയത്തിന്റെ തുടക്കത്തിൽ ഓടാനുള്ളവരൊക്കെ ഒരേ വരിയിൽ നിൽക്കുന്നതുപോലെ, എല്ലാ ഗ്രഹങ്ങളും (സൂര്യൻ, ചന്ദ്രൻ, ബുധൻ,ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹുസ്ഥാനം) ഒരേ ആകാശകോണിൽ വരുമായിരുന്ന ഒരു ദിവസം. ഇപ്പോൾ അവ എവിടെയൊക്കെയാണു്, എന്തു വേഗത്തിലാണു് അവ സഞ്ചരിച്ചുകൊണ്ടീരിക്കുന്നതു് എന്നറിഞ്ഞാൽ പിന്നാക്കം കണക്കുകൂട്ടി അങ്ങനെ ഒരു ദിവസം കണ്ടുപിടിക്കാം. ആ ദിവസമാണു് കലിവർഷം എന്നറിയപ്പെടുന്ന പഞ്ചാംഗവ്യവസ്ഥയുടെ യുഗാദി. ഏകദേശം 5117 വർഷം മുമ്പത്തെ ഒരു ഫെബ്രുവരി 17നായിരുന്നു ഈ സങ്കല്പയുഗാദി. മിക്കവാറും ഇന്ത്യൻ പഞ്ചാംഗങ്ങളെല്ലാം ഈ epoch അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്.


സുമേറിയക്കാർക്കും ബാബിലോണിയക്കാർക്കും യഹൂദന്മാർക്കും ഇതുപോലെ കാലഗണനാവ്യവസ്ഥകളുണ്ടായിരുന്നു. പക്ഷേ,അവയെല്ലാം പല വിധങ്ങളിലായിരുന്നു. ഒരു മുഴുവൻ വർഷം കണക്കാക്കാൻ ചിലവ സൂര്യന്റെ അയനം നോക്കിയപ്പോൾ മറ്റു ചിലതു് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണു് പരിഗണിച്ചതു്. യഹൂദക്കലണ്ടർ സൂര്യനേയും ചന്ദ്രനേയും കണക്കിലെടുത്തു് ഒരു മിശ്രപഞ്ചാംഗവും ആവിഷ്കരിച്ചു. നാടോടിനടന്നിരുന്ന പല ഗോത്രങ്ങളും ഇത്രപോലും ശ്രദ്ധിക്കാതെ, ഐതിഹ്യങ്ങളിൽ കേട്ടിട്ടുള്ള അവരുടെ ഗോത്രത്തലവന്മാരുടെയോ ആരാധനാമൂർത്തികളുടേയോ ജന്മ/മരണവാർഷികങ്ങൾ എണ്ണിക്കൊണ്ടിരുന്നു.


യേശുക്രിസ്തു എന്നാണു് (ഏതു ദിവസം, ഏതുമാസം, ഏതുവർഷം) ജനിച്ചതെന്നു് കൃത്യമായി ഇപ്പോഴും നമുക്കറിയില്ല. എങ്കിലും ഒരു പത്തിരുപതുവർഷത്തിന്റെ സൂക്ഷ്മതയുണ്ടെന്നു പറയാം.

ക്രിസ്തു ജനിച്ച് പിന്നെയും ഒരു നാനൂറുകൊല്ലം കഴിഞ്ഞാണു് നസ്രായമതം ഇന്നു നാം മനസ്സിലാക്കുന്
ന വിധത്തിലുള്ള ഒരു സംഘടിതമതമായി, സ്ഥാപനമായി, മാറിയതു്. അതുവരെ നിലനിന്നിരുന്ന പഗാൻ വിശ്വാസങ്ങളെ നിരാകരിച്ചു് റോമാക്കാർ ഏറിയപങ്കും ക്രിസ്ത്യാനികളായി. അതോടെ ലോകചരിത്രത്തിൽ ക്രിസ്തുമതം ഒരു പ്രധാനശക്തിയായി വളരുകയും ചെയ്തു.
എല്ലാർക്കും പരിചിതമായ ഒരു പുരാതനലോകസംഭവമായി ക്രിസ്തുവിന്റെ ജനനം അതോടെ അംഗീകരിക്കപ്പെട്ടു.
എങ്കിലും കലണ്ടറിൽ ക്രിസ്തുജനനത്തിനു് അപ്പോഴും വലിയ പ്രസക്തിയുണ്ടായിരുന്നില്ല.

അക്കാലങ്ങളിൽ പഞ്ചാംഗത്തിന്റെ ഒരു പ്രധാന ആവശ്യം ഓരോ വർഷവും ഈസ്റ്റർ ദിനം ഏതു തീയതിയാണു വരിക എന്നറിയുകയായിരുന്നു. അതിനുപയോഗിച്ചിരുന്ന പട്ടികകളിൽ ഓരോ കൊല്ലങ്ങൾക്കും കൊടുത്തിരുന്നതു് അതാതുകൊല്ലത്തെ ഭരണ/മതമേധാവികളുടെ പേരും. ഉദാ: ഉമ്മൻ ചാണ്ടിയുടെ രണ്ടാംഭരണത്തിലെ മൂന്നാം കൊല്ലത്തിൽ, ഫാദർ ഇന്നസെന്റിന്റെ പട്ടാഭിഷേകത്തിന്റെ നാലാം വർഷം....

റോമായിലെ ഒരു ചക്രവർത്തിയായിരുന്നു ഡയോക്ലീഷ്യൻ. ക്രിസ്തുമതാനുയായികളെ കൂട്ടമായി നരഹത്യ ചെയ്ത അവസാനത്തെ റോമ ചക്രവർത്തി. അയാളുടെ പട്ടാഭിഷേകമായിരുന്നു തുടർന്നു് കുറേക്കാലത്തേക്കു് പഞ്ചാംഗങ്ങളുടെ യുഗാദി. (284 CE) .Anno Diocletiani (AD) അഥവാ രക്തസാക്ഷ്യബ്ദം എന്നറിയപ്പെട്ട ഈ കലണ്ടർ ഇന്നും ഈജിപ്തിലെ കോപ്റ്റിൿ ക്രിസ്ത്യാനികൾ അനുവർത്തിക്കുന്നുണ്ടു്. ഈസ്റ്റർ കണക്കാക്കാനും ഇതേ കലണ്ടറായിരുന്നു.
എന്നാൽ, കുള്ളൻ ഡയോണീഷ്യസ് എന്ന, പഞ്ചാംഗഗണിതവിദഗ്ദ്ധനായിരുന്ന ഒരു ക്രൈസ്തവസന്യാസിയ്ക്കു് ഈ പേരു് അത്ര ഇഷ്ടമായില്ല. അദ്ദേഹം രക്തസാക്ഷിവർഷസംഖ്യയിൽ 284 കൊല്ലം കൂടി കൂട്ടി, അതിനെ 525 AD എന്നു വിളിച്ചു. AD യുടെ പൂർണ്ണരൂപം പക്ഷേ Anno Domini (നമ്മുടെ തമ്പുരാന്റെ തിരുപ്പിറവിവർഷം) എന്നാക്കി.
അങ്ങനെയാണു് AD എന്നാൽ ക്രിസ്തുവിന്റെ ജനനശേഷം എന്നായതു്.



എന്തായാലും AD എന്നുപയോഗിക്കുന്ന ശീലം ഇപ്പോൾ അതിവേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കയാണു്. പകരം CE ആണു് പ്രചാരത്തിൽ. Common Era, Christian Era, Current Era എന്നെല്ലാമാണു് CEയുടെ പൂർണ്ണരൂപമായി കണക്കാക്കുന്നതു്.

അതിനും ഒരു കാരണമുണ്ടു്. ഇരുപതാംനൂറ്റാണ്ടോടുകൂടി
കത്തോലിക്കാക്രിസ്തുമതത്തിന്റെ രാഷ്ട്രീയശക്തി വളരെ കുറഞ്ഞു. 'നമ്മുടെ തമ്പുരാന്റെ' വർഷം എന്നു ദ്യോതിപ്പിക്കുന്ന ഒരു കണക്കു് പലർക്കും സമ്മതമല്ലാതായി. പ്രത്യേകിച്ച് യഹൂദന്മാർക്കും ഇസ്ലാമുകൾക്കും. പകരം, പൊതുവർഷം (Common Era), നടപ്പുവർഷം (Current Era), ക്രിസ്ത്യാനിവർഷം - ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരം അവർ ആചരിക്കുന്ന വർഷം (Christian Era) എന്നെല്ലാമാണെങ്കിൽ വല്യ വിരോധമില്ല എന്നായി.

അതുകൊണ്ടു് ഇപ്പോൾ ലോകത്തിൽ ഏറ്റവും പ്രചാരവും അംഗീകാരവുമുള്ള വർഷപദ്ധതി CE, BCE എന്നിവയാണു്. 
CE = Common Era.
BCE = Before (the commencement of) Common Era.

വലിയ ഉത്തരമായോ? ഏയ്. ആവില്ല. കാരണം കലണ്ടറുകളുടെ കഥ ഇത്രപോലും ചെറുതൊന്നുമല്ല. കണക്കും കയ്യൂക്കും കൗതുകവും ഒരുപോലെ കൂടിപ്പിരിഞ്ഞ നെടുനെടുങ്കൻ പുസ്തകങ്ങൾ നിറയ്ക്കാനുള്ള വകയുണ്ടു് കലണ്ടറുകൾക്കു്. പക്ഷേ, തൽക്കാലം ഇത്ര മതി. smile emoticon


അഭിയും വിശ്വവും -QA Session # 31

വരയും ചോദ്യവും അഭിജിത്ത്
ഉയരം കൂടുന്തോറും തണുപ്പ് കൂടി വരുന്നു അതെന്തുകൊണ്ടാണ്....

ഉത്തരം : കടപ്പാട്   Viswa Prabha  , Balu UR 


ഉയരം കൂടുംതോറും വായുവിന്‍റെ ലഭ്യത കുറയും. അതായത് വായുവും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷമാണ് ഭൂതലത്തില്‍ ചൂട് കൂടാന്‍ കാരണം. ചൂടിന് വ്യാപിക്കാന്‍ ഒരു ചാലകം ആവശ്യമാണ്. ഉയരം കൂടുംതോറും ചാലകം ഇല്ലാതാവുകയും, ഊഷ്മാവ് കുറഞ്ഞ് തണുപ്പനുഭവപ്പെടുകയും ചെയ്യും..


കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ചൂട് ഉൾക്കൊള്ളാൻ (സംഭരിച്ചുവെക്കാൻ) ദ്രവ്യതന്മാത്രകൾ അത്യാവശ്യമാണു്. ഉയർന്ന അന്തരീക്ഷതലത്തിൽ അതിനു വേണ്ടത്ര തന്മാത്രകൾ (സ്കൂൾപ്പിള്ളേർ) ഇല്ല. അതുകൊണ്ടു് അവിടെ നാം ചെല്ലുമ്പോൾ നമുക്കു് പുറമേ നിന്നു ചൂടൊന്നും കിട്ടുന്നില്ല.

എന്നാൽ നാം സ്വയം 'ചൂട'ന്മാരാണു്. എന്നുവെച്ചാൽ ജീവനുള്ള സമയത്തോളം നാം ഓരോരുത്തരും ഓരോ ഫർണസുകളാണു്. ഏകദേശം 37 ഡിഗ്രി സെന്റിഗ്രേഡ് ചൂട് ശരീരത്തിനുള്ളിൽ എപ്പോഴും ഉണ്ടായിരിക്കണം. (വാസ്തവത്തിൽ അതാണു് ജീവൻ).

സാധാരണ ഈ ചൂടിന്റെ ഒരു ഭാഗം പുറത്തേക്കു് എപ്പോഴും ലീക്കു ചെയ്തുകൊണ്ടിരിക്കും. അതു നല്ലതാണു്. അല്ലെങ്കിൽ ആവശ്യത്തിലധികം ചൂടായി നാം ചത്തുപോകും! കുറഞ്ഞ പക്ഷം, ഉഷ്ണിച്ചു് വശംകെടും.
പുറത്തേക്കു ലീക്കായിപ്പോകുന്ന അളവു വളരെ കൂടുതലായാൽ നമുക്കു് തണുപ്പുതോന്നും. (നാം അകത്തു് ഉല്പാദിപ്പിക്കുന്ന ചൂടിനേക്കാൾ കൂടുതൽ പുറത്തേക്കു നഷ്ടപ്പെടുന്നതു് പ്രശ്നമാണു്. നമുക്കുൽപ്പാദിപ്പിക്കാവുന്ന ചൂടിനും ഒരു പരിധിയുണ്ടു്. അതിനാൽ കടുത്ത തണുപ്പു് നമുക്കിഷ്ടമല്ല.)

ഉയർന്ന അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ പുറത്തു തീരെ ചൂടില്ല. അതിനാൽ അകത്തുള്ള ചൂട് വളരെക്കൂടുതൽ പുറത്തേക്കു് ലീക്കു ചെയ്യും. അപ്പോൾ നമുക്കു തണുപ്പു തോന്നും.

ഇനി ചോദ്യം: തണുപ്പു വല്ലാതെ കൂടുമ്പോൾ നാം വിറയ്ക്കുന്നതും പല്ലു കൂട്ടിയടിക്കുന്നതും എന്തുകൊണ്ടാണു്?

അന്തരീക്ഷം നമ്മില്‍ നിന്ന് ചൂട് ആഗിരണം ചെയ്യുന്നു..
അപ്പോള്‍ നമുക്ക് തണുപ്പനുഭവപ്പെടുന്നു.

തണുപ്പു വല്ലാതെ കൂടുമ്പോൾ നാം വിറയ്ക്കുന്നതും പല്ലു കൂട്ടിയടിക്കുന്നതും എന്തുകൊണ്ടാണു്?

ശരീരത്തിന്റെ താപനിലയും വിശപ്പും ദഹനവും മറ്റു ചില സുപ്രധാന കാര്യങ്ങളും നിയന്ത്രിക്കുന്ന ഒരു കേന്ദ്രമുണ്ടു് തലയ്ക്കുള്ളിൽ ഏറ്റവും സുരക്ഷിതമായി ഒരിടത്തു്. അയാളാണു് നമ
്മുടെ സ്വന്തം തെർമോമീറ്റർ. അതിനെ ഹൈപ്പോതലാമസ് എന്നു വിളിക്കും. 

ആ തെർമോമീറ്ററിലെ റീഡിങ്ങനുസരിച്ചു്, ശരീരത്തിൽ ചൂടു കുറവാണെന്നു തോന്നിയാൽ, അല്ലെങ്കിൽ നിശ്ചിത അളവിൽ കൂടുതൽ ചൂട് പുറത്തേക്കുപോകുന്നുണ്ടെന്നുതോന്നിയാൽ, ശരീരതാപനില നിലനിർത്താൻ ഹൈപ്പോതലാമസ് കഴിയാവുന്ന സൂത്രങ്ങളൊക്കെ നോക്കും. (അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ കോശപ്രവർത്തനങ്ങളൊക്കെ തകരാറിലാവും, നാം മരിച്ചുപോവും).

അതിൽ ഒരു വഴി പേശികളിലെ കോശങ്ങളിൽ കൂടുതൽ ചൂടുൽപ്പാദിപ്പിക്കുകയാണു്. ഓരോ കോശവും ഓരോ അടുപ്പുകൾ പോലെയാണു്. അന്നജമാണു വിറകു്. അതു കുറേശ്ശെയായി രക്തത്തിലൂടെ എത്തിച്ചുകൊടുക്കും. ഓക്സിജൻ ശ്വാസത്തിലൂടെ, രക്തത്തിലെ ഹിമോഗ്ലോബിൻ എന്ന പാർസൽ പെട്ടികളിലൂടെയും. രക്തമൊഴുക്കിന്റെ അളവുകൂട്ടിയാൽ അടുപ്പിലെ ചൂടും കൂടും. ആ ചൂടിൽ ഒരു ഭാഗം നമ്മുടെ പേശികളെ ചലിപ്പിക്കാൻ ഉപയോഗിക്കും. ബാക്കിവരുന്ന ചൂടാണു് ശരീരതാപനില. എന്നിട്ടും ബാക്കിയുള്ള അധികതാപം നാം വിയർപ്പിലൂടെയും ശ്വാസത്തിലൂടെയും പുറത്തുവിടും. 

നല്ലവണ്ണം തണുപ്പടിക്കുമ്പോൾ ഹൈപ്പോതലാമസ്സും കൂട്ടുകാരും കൂടി ചെയ്യുന്ന പരിപാടിയാണു് പേശികളെ വിറപ്പിക്കൽ. അങ്ങനെ ചെയ്യുമ്പോൾ രക്തചംക്രമണവും കോശാന്തർജ്ജ്വലനവും കൂടും.

തലയ്ക്കുള്ളിലെ ചൂടു് ഒന്നു കൂടി പ്രധാനപ്പെട്ടതാണു്. അതിനാൽ അവിടേക്കു് പ്രത്യേകം എന്തെങ്കിലും ചെയ്യേണ്ടി വരും. തലയിലാണെങ്കിൽ ചലിപ്പിക്കാവുന്ന പേശികൾ അധികമൊന്നുമില്ല താനും. ആകെയുള്ളതു് താടിയെല്ലാണു്. അതു വേഗത്തിൽ വിറക്കുമ്പോൾ പല്ലുകൾ കൂട്ടിയിടിക്കും.

ഇപ്പോൾ മനസ്സിലായില്ലേ, തണുക്കുമ്പോൾ വിറയ്ക്കുന്നതെന്തിനെന്നു്?

ഇനി മൂന്നു ചോദ്യം: 
1. എന്തിനാണു നമുക്കെല്ലാം തലയിൽ മാത്രം ഇത്ര കൂടുതൽ മുടി? അതും എന്തിനാണു കറുത്ത നിറത്തിൽ? വയസ്സാവുമ്പോൾ മുടി നരയ്ക്കുകയോ കഷണ്ടിയാവുകയൊ ചെയ്യുന്നുണ്ടു്. അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടോ? 
2. തണുപ്പുകാലത്തോ ഉഷ്ണക്കാലത്തോ നമുക്കു് അധികം വിശപ്പു തോന്നുക? എന്തുകൊണ്ടു്?

3. തടി കൂടുതലുള്ളവർക്കും മെലിഞ്ഞവർക്കും തണുപ്പുകാലവും ഉഷ്ണക്കാലവും ഒരുപോലെയാണോ? ആർക്കു് ഏതു സമയമാണു കൂടുതൽ നല്ലതു്?

1) കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യും. ശരീര താപനില ക്രമപ്പെടുത്തുന്ന ഹൈപ്പോതലാമസ്സ് തലക്കുള്ളിലാണ്‌. മാത്രമല്ല അന്തരീക്ഷത്തിനും തലക്കുമിടയില്‍ ഒരു അചാലകമായി മുടി പ്രവര്‍ത്തിപ്പിക്കുന്നുണ്ടാവാം. വയസ്സാകുമ്പോള്‍ ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളുടെ വേഗത കൂടും. ഇത് ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കും. 2) തണുപ്പ് കാലത്ത് അന്തരീക്ഷോഷ്മാവ് കുറ യുന്നതനുസരിച്ച് ശരീരോഷ്മാവ് കുറയുന്നു. ഇത് ക്രമപ്പെടുത്താന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. അതുകൊണ്ട് തണുപ്പുകാലത്ത് വിശപ്പ്‌ കൂടും. 3) അല്ല. ശരീരതാപനില നിയന്ത്രിക്കുന്നതിന് തടിച്ചവര്‍ക്ക് തണുപ്പുകാലത്ത് എളുപ്പമാണ്. ശരീരത്തില്‍ സംഭരിച്ചുവെച്ച കൊഴുപ്പിനെ വേഗത്തില്‍ ഊര്‍ജ്ജമാക്കിമാറ്റാനും ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കാനും സാധിക്കും


Balu UR 
ആദ്യത്തെ ഉത്തരത്തിൽ ചെറിയ പിശകുണ്ടു്. ആഗിരണം പോലെത്തന്നെ വികിരണത്തിനും കറുപ്പുനിറം തന്നെ മിടുക്കൻ. മനുഷ്യനേയും ഉയർന്ന ശ്രേണി മൃഗങ്ങളേയും സംബന്ധിച്ച് തലക്കുള്ളിലാണു് ഏറ്റവും കൂടുതൽ ഊർജ്ജോപഭോഗവും താപനവും ഉണ്ടാകുന്നതു്. അതു് അപ്പപ്പോൾ പുറത്തുകളയ
ാൻ വേണ്ടത്ര ഉപരിതലവിസ്തീർണ്ണം തലയ്ക്കില്ല. അതുകൊണ്ടു് ഒരു ഹീറ്റ് സിങ്കുപോലെ പ്രവർത്തിക്കുന്നു മുടി. ആ ഹീറ്റ് സിങ്കിന്റെ ഏറ്റവും നല്ല ക്ഷമത കറുപ്പുനിറത്തിനാണു്. ഇപ്പോൾ മനസ്സിലായില്ലേ, തണുപ്പുരാജ്യത്തെ ചില വെള്ളക്കാർക്കു് മുടി കറുപ്പല്ലാതെ വേറെയും നിറങ്ങളിലുണ്ടാവുന്നതിന്റെയും കാരണം. 

പ്രായമാവുമ്പോൾ അപചയം കൂടുകയല്ല, കുറയുകയാണു് ചെയ്യുന്നതു്. ശരീരോഷ്മാവു് (പ്രത്യേകിച്ച് ശിരോഷ്മാവു്) നിലനിർത്താൻ വേണ്ടത്ര ഭക്ഷണസംവിധാനം (അല്ലെങ്കിൽ അത്രയും ദഹിപ്പിച്ചെടുക്കാനും രക്തത്തിലൂടെ തലയിലേക്കു കയറ്റി അയക്കാനുമുള്ള കഴിവു് പ്രായമാവുന്നതോടെ കുറഞ്ഞുവരും. 

ഇത്തരം ഐഡിയകളൊന്നും ആരും നമ്മിലേക്കു പ്രോഗ്രാം ചെയ്തു വെക്കുന്നതല്ല. ഏറെക്കാലത്തെ പരിണാമത്തിന്റെ ഭാഗമായുള്ള മറ്റൊരു 'അഡ്ജസ്റ്റ്മെന്റ്' ആണു് പ്രായമാവുമ്പോൾ മുടി കൊഴിയുന്നതും കറുത്ത മുടി നരയ്ക്കുന്നതും. അനാവശ്യമായി, ശരീരതാപം തലയിലൂടെ നഷ്ടപ്പെടാതിരിക്കാനാണു് ഈ ഉപായം.
ഒറ്റനോട്ടത്തിൽ മോശമെന്നു തോന്നാമെങ്കിലും, നാം കാണുന്ന പല പ്രതിഭാസങ്ങളിലും ഗുണവും ദോഷവും ഉണ്ടായിരിക്കാം. നാം പലപ്പോഴും കൂടിനപ്പുറത്തേക്കു ചിന്തിക്കാറില്ലെന്നു മാത്രം.


ശരീരത്തിൽ നിന്നും ചൂടു് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു് മിക്കവാറും നല്ലൊരു ഭാഗം ത്വൿ വഴിയാണു്. (അങ്ങനെ നഷ്ടപ്പെടുന്നതു് എപ്പോഴും മോശം കാര്യമല്ല. 37 ഡിഗ്രിയിൽ ഉറപ്പിച്ചുനിർത്താൻ അത്തരം ലീക്ക് അത്യാവശ്യമാണു്. വിയർപ്പിന്റെ അളവു നിയന്ത്രിച്ചാണു് ശരീരം ഈ നിയന്ത്രണം നടത്തുന്നതു്.

തടിച്ച ഒരാളുടെ ദേഹത്തിൽ പേശികളുടെ കോശങ്ങളുടെ എണ്ണവും വലിപ്പവും കൂടുതലുണ്ടാവും. ആ വലിപ്പം (വ്യാപ്തം / volume) തടിയുടെ (നെഞ്ചളവു് അല്ലെങ്കിൽ ഉയരം) നീളത്തിന്റെ (length) മൂന്നാം ഘാതത്തിനു് ആനുപാതികമായിരിക്കും. അവയെല്ലാം ചേർന്നു് ഉല്പാദിപ്പിക്കുന്ന ചൂട് വളരെ കൂടുതലായിരിക്കും. എന്നാൽ അവരുടെ തൊലിയുടെ ആകെ വിസ്തീർണ്ണം (Area) ഉയരത്തിന്റെ വർഗ്ഗത്തിനു് ആനുപാതികവും. അതുകൊണ്ട് ആകെ ഉല്പാദിപ്പിക്കപെടുന്ന ചൂടു് ഹരണം ആകെ പുറന്തള്ളുന്ന ചൂട് തടിച്ചവർക്കു് കൂടുതലും മെലിഞ്ഞവർക്കു് കുറവുമായിരിക്കും. 

അതിനാൽ ഉഷ്ണക്കാലത്തു് തടിയന്മാർക്കു് തീരെ വിഷമവും തണുപ്പുകാലത്തു് ആശ്വാസവുമായിരിക്കും. മെലിഞ്ഞവർക്കും കുട്ടികൾക്കും തീരെ പ്രായമായവർക്കും നേരേ മറിച്ചും.

അങ്ങനെയെങ്കിൽ, ദിനോസാറുകൾക്കു് ഇത്ര വലിപ്പമുണ്ടാവാൻ എന്തായിരുന്നു കാരണം?


ദിനോസറുകളുടെ ശരീരത്തിലെ കോശങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് ഇവയുടെ ശരീര താപം കൂടുതലായിരിക്കും. ഈ ചൂട് ക്രമപ്പെടുത്തുന്നത് അവയുടെ തൊലിയിലൂടെയാണ്. കൂടിയ ചൂട് പുറത്തുകളയാന്‍ അവക്ക് വലിയ ശരീരം ആവശ്യമാണ്

ശരീരം വലുതാക്കണോ അതോ ചെറുതാക്കണോ? ചെടികളുടേയും ജന്തുക്കളുടേയും വലിയൊരു ധർമ്മസങ്കടമാണതു്. രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടു്. 
കുഞ്ഞൊരു നാനോ കാർ വാങ്ങണോ അതോ വലിയൊരു ഇന്നോവ വാങ്ങണോ? അതോ ഇനി ഒരു വമ്പൻ ട്രക്കു തന്നെയായാലെന്താ?


തീരെചെറുതായാൽ ഭക്ഷണം കുറച്ചുമതി. അതു തേടിപ്പിടിക്കാൻ അധികം അലഞ്ഞുതിരിയേണ്ട. ജനസംഖ്യ കൂടുതലുണ്ടെങ്കിലും എല്ലാർക്കും ഉള്ള ഭക്ഷണം പങ്കുവെക്കാം.
പക്ഷേ, തീരെ ചെറുതായാൽ, മറ്റുള്ളവരൊന്നും വില വെക്കില്ല. ഓരോരോ ജോലികളിലും സ്പെഷ്യലൈസ് ചെയ്യാൻ പറ്റിയ അവയവങ്ങൾ ഉണ്ടാക്കാൻ വേണ്ടത്ര കോശങ്ങൾ നിർമ്മിക്കാൻ പറ്റില്ല. വേറെ മൃഗങ്ങളെ അങ്ങോട്ടുചെന്നു് ആക്രമിക്കാൻ പറ്റില്ല. മാത്രമല്ല, അവ നമ്മളെ പിടിച്ചുതിന്നെന്നും വരും.
നാനോ ആവണോ ഇന്നോവ ആവണോ? 
ഇന്നോവയാണെങ്കിൽ നല്ല സ്പീഡിൽ പോവാം. വയറുനിറച്ച് പെട്രോൾ അടിക്കാം. കുറേയധികം ദൂരം ക്ഷീണമില്ലാതെത്തന്നെ ഓടുകയും ചെയ്യും. മാത്രമല്ല, കുറേക്കാലം നിലനിൽക്കുകയും ചെയ്യും.

ചൈനക്കാർ കുറഞ്ഞ വിലക്കു് ഫോണും ക്യാമറയുമൊക്കെ ഉണ്ടാക്കി വിൽക്കുന്നതു കണ്ടിട്ടില്ലേ? അതിനു് economy of mass manufacturing (വൻ‌കിട ഉല്പാദനത്തിലൂടെ കുറഞ്ഞ ചെലവു്) എന്നു പറയും. ഒരേ സാധനം ലക്ഷക്കണക്കിനു പ്രാവശ്യം കോപ്പി പേസ്റ്റു ചെയ്താൽ ഒരെണ്ണത്തിനു് ഇത്ര എന്ന വില വളരെ കുറച്ചുകൊണ്ടുവരാം.

ലംബോർഗിനി വെനീനോ എന്ന പേരിൽ ഒരു ഇറ്റാലിയൻ കാർ ഉണ്ടു്. ആകെ ഉണ്ടാക്കി വിൽക്കുന്നതു് ഒമ്പതെണ്ണം. അതും ഫാക്ടറിയിലെ ഓട്ടോമാറ്റിൿ അസംബ്ലി ലൈനിലൊന്നുമല്ല. വിദഗ്ദരായ ടെൿനീഷ്യന്മാരും കരകൗശലക്കാരും കൈകൊണ്ടു തന്നെ പണിതുണ്ടാക്കുന്നതു്. വില? ഒരെണ്ണത്തിനു് 25 കോടി.
ഹ്മ്! ആ വിലയ്ക്കു് 1000 നാനോ കാർ വാങ്ങാം!

ചുരുക്കത്തിൽ ഒരേ ജോലി ആവർത്തിച്ചുചെയ്യാവുന്ന ഒരു സിസ്റ്റത്തിൽ ഉല്പാദനം എത്ര കൂടുതലുണ്ടോ അത്രയ്ക്കും ഉല്പന്നത്തിന്റെ വില കുറക്കാം.

മഴ പെയ്യുമ്പോൾ എത്ര കുഞ്ഞുചെടികളാണു് നമുക്കുചുറ്റും നാമ്പെടുത്തു മുളച്ചുവരുന്നതു്! ഭൂമി പെട്ടെന്നൊരു നാൾ ആകെ പച്ചയായി മാറും. മഴ മാറിയാലോ നാലാഴ്ച്ച കഴിയുമ്പോഴേക്കും അതിൽ ഭൂരിഭാഗവും ഉണങ്ങി ചത്തുപോവും.

എന്നാൽ തൊട്ടപ്പുറത്തുനിൽക്കുന്ന തേക്കുമരം കണ്ടിട്ടില
്ലേ? എന്തു വലിപ്പവും ഉയരവുമാണതിനു്! 
സസ്യലോകത്തിലെ ദിനോസാറന്മാരാണു് തേക്കും റെഡ്‌വുഡ് ഭീമന്മാരും സൈക്കോയയും കൽക്കത്തയിലെ ആൽമരവും ഒക്കെ. 
അവർക്കു കോശങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ചൈനക്കാർ മൊബൈൽ ഫോൺ ഉണ്ടാക്കി വിൽക്കുന്നതുപോലെയാണു്.

ദിനോസാറുകൾ തീരുമാനിച്ചതും ചൈനക്കാരെപ്പോലെയാണു്. കിട്ടാവുന്നത്ര തിന്നു് ശരീരം തടിപ്പിച്ചു. കോശങ്ങൾ ധാരാളം പുനർജ്ജനിപ്പിച്ചു. ഓരോ ഡിപ്പാർട്ട്മെന്റിനും (അവയവങ്ങൾക്കും) സ്വന്തമായി സ്പെഷ്യലൈസ് ചെയ്ത കോശങ്ങൾ.

ഉള്ളിലുള്ള കോശങ്ങളെയൊക്കെ പുറത്തുള്ള കോശങ്ങൾ പൊതിഞ്ഞിരിക്കയാനല്ലോ. അതിനാൽ അവയ്ക്കു് താപനഷ്ടം വളരെ വളരെ കുറഞ്ഞിരിക്കും. ചൂടു ലീക്കു ചെയ്യുന്നതു കുറഞ്ഞാൽ അത്രയ്ക്കും കുറച്ചുമതി ഊർജ്ജവും. അതായതു് ഭക്ഷണവും ഹൃദയസ്പന്ദനവും രക്തസമ്മർദ്ദവും. ആകെ വേണ്ട ഭക്ഷണം കൂടുതലാണെങ്കിലും, കോശമൊന്നുക്കു വെച്ചു കണക്കാക്കിയാൽ ഉറുമ്പിനു വേണ്ടതിലും വളരെക്കുറച്ചു ഭക്ഷണമേ ആനയ്ക്കും ദിനോസാറിനും വേണ്ടൂ.

മാത്രമല്ല, സാധാരണ (വിശ്രമാവസ്ഥയിലുള്ള) ഹൃദയസ്പന്ദനനിരക്കും (heart rate) അപചയനിരക്കും (metabolic rate) കുറഞ്ഞിരുന്നാൽ, ആവശ്യമുള്ള സമയത്തു് ശരീരത്തിനെ കൂടുതൽ അദ്ധ്വാനിപ്പിക്കാം. എന്നുവെച്ചാൽ, വളരെ വേഗത്തിൽ ഓടാം. ഇരയെ ശക്തിയോടെ ആക്രമിക്കാം. (അല്ലെങ്കിൽ ഉയരത്തിലുള്ള മരത്തിന്റെ കൊമ്പ് ഒറ്റ കടിക്കു് ഒടിച്ചുതിന്നാം).

മാത്രമല്ല, എത്ര സാവധാനം ഹൃദയസ്പന്ദനം / അപചയം നടക്കുന്നുവോ അത്രയും കാലം കൂടുതൽ ജീവിച്ചിരിക്കാം!




Thursday, April 23, 2015

അഭിയും വിശ്വവും -QA Session # 30

വരയും ചോദ്യവും അഭിജിത്ത്
പുതുമഴ പെയ്യുമ്പോഴാണ് മുട്ടവിരിഞ്ഞ് ഈയാംമ്പാറ്റകള്‍ പറന്നു നടക്കാന്‍ തുടങ്ങുക.
അവ നേരെ വെളിച്ചത്തിലേക്ക് പറന്ന് അവിടം നിന്നു തന്നെ ചിറകുകള്‍ കരിഞ്ഞ് ഇല്ലാതാകുന്നു.
അവ എന്തുകൊണ്ടാണ് വെളിച്ചത്തിലേക്ക് പറക്കുന്നത്


ഉത്തരം : കടപ്പാട് Polly Kalamassery 

 പുതുമഴ പോലുള്ള ചില അന്തരീക്ഷ വ്യതിയാനത്തിന്റെ സമയത്താണ് ഈയലിനെ കാണുന്നതെങ്കിലും അവ അപ്പോൾ മാത്രം മുട്ട വിരിഞ്ഞ് പുറത്തുവരുന്നതല്ല. ചിറകുമുളച്ച് മണിക്കൂറുകളായി അവ കാത്തിരിക്കുകയായിരുന്നു. പുതുമഴ പോലെ, സമീപ പ്രദേശത്തും വ്യക്തമായി അനുഭവപ്പെടുന്ന അന്തരീക്ഷ സ്ഥിതി നോക്കി പുറത്തുവന്നാൽ മറ്റു കോളനികളിൽ നിന്നുള്ളവരും പുറത്തുവന്നിട്ടുണ്ടാകും . അവരുമായി ഇണചേർന്നാൽ ആരോഗ്യകരമായ വംശവർധ്ധന ഉറപ്പാക്കാം .
വെളിച്ചത്തിലേക്കു പറന്നത് കൊണ്ടു ചിറകു കരിഞ്ഞു എന്ന് കരുതേണ്ട. ചിറകുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തനിയേ കൊഴിയാൻ ഇരുന്നവയാണ്. സ്വവംശത്തിൽ പെട്ടവരുമായി ഇണ ചേരുന്നത് ഒഴിവാക്കാനായി ,പുറത്തുവന്ന ഉടനെ തന്നെ ഏറ്റവും അകലേക്കു പറക്കാനാണ്‌ അവ ശ്രമിക്കുക. അവിടെ അടുത്ത പ്രദേശത്തുകാരെ കാണാൻ സാധ്യത കൂടുതൽ ഉണ്ടല്ലൊ . അപ്പോൾ തുറസ്സായ ആ കാശ ത്തേക്കു പറക്കുക നന്നായിരിക്കും. വെളിച്ചം ഉള്ള സ്ഥലം ആകാശമായിരിക്കാൻ സാധ്യത ഉണ്ട് എന്ന് അവ കരുതുന്നു. 
വിഷമിക്കാനില്ല .വെളിച്ചത്തിനു ചുറ്റുമായി നാം കാണുന്നവയേക്കാൾ എത്രയോ ഇരട്ടി ഈയലാണു സുരക്ഷിതരായി ജീവിതം പൂർത്തിയാക്കുന്നത്. വീണു പോയവർ മനുഷ്യനടക്കം പലര്ക്കും ഭക്ഷണവും ആണ് . ചിതൽ മനുഷ്യന്റെ ശത്രുകീടം ആണ് .



Tuesday, April 07, 2015

അഭിയും വിശ്വവും -QA Session # 29

വരയും ചോദ്യവും അഭിജിത്ത്

ഞങ്ങളുടെ പൂരമായ,കാവശ്ശേരി പൂരം അങ്ങനെ കൊടിയിറങ്ങുകയായി....
ഒപ്പം കുറേയധികം ജാതിമതപരമായ,ആചാരനുഷ്ടാനങ്ങളും,ആഘോഷങ്ങളും.
പഞ്ചവാദ്യം അവിടെ താളം മുറുകുമ്പോള്‍ കലാസ്വാദകരും ഒപ്പം അതിനുപിന്നാലെ മുറുകും...
മുകളില്‍ ആനപ്പുറത്തിരിക്കുന്നവര്‍ വെഞ്ചാമരവും,ആനവട്ടവുമൊക്കെചുഴറ്റാനും ആരംഭിക്കും....
എന്തിനാണത് എന്നെനിക്കറിയില്ല....
അതെന്തിനാണാവോ......
ചിലപ്പോള്‍ ആഘോഷത്തിന്റെ ഭാഗമായിരിക്കുമത്..
അപ്പോള്‍ ഈ ആഘോഷവും,അതിനുമുന്നിലും,പിന്നിലുമായുള്ള ആചാരനുഷ്ഠാനങ്ങളും,വെഞ്ചാമരവും,ആനവട്ടവുമൊക്കെ എങ്ങിനെയാണ് തുടങ്ങിയത്..


ഉത്തരം : കടപ്പാട്   Viswa Prabha 

I

ഈ വക ആഘോഷങ്ങളൊക്കെ ഏതു കാലത്തു് എവിടെയാണു തുടങ്ങിവെച്ചതെന്നറിയുക എളുപ്പമല്ല. പ്രത്യേകിച്ചു് കേരളത്തിൽ.
 
എല്ലാകാലത്തും കേരളം ഒരു വിചിത്രഭൂമിയായിരുന്നു. നമുക്കു സ്വയം ഭയങ്കര സംഭവമാണെന്നൊക്കെ തോന്നുമെങ്കിലും മുൻവിധിയില്ലാതെ മാറ്റി നിർത്തിവെച്ചുനോക്കിയാൽ പല ആഫ്രിക്കൻ ഗോത്രവർഗ്ഗങ്ങളും നമ്മളുമായി വലിയ വ്യത്യാസമൊന്നുമില്ല. (പിന്നെയും ആലോചിച്ചുനോക്കിയാൽ, നമുക്കു മാത്രമല്ല, എല്ലാ സമൂഹങ്ങളിലും എല്ലാ കാലത്തും സംസ്കാര-ആചാര-വിശേഷങ്ങൾ വിചിത്രങ്ങൾ തന്നെയായിരുന്നു. പക്ഷേ, അവനവൻ ചെയ്യുന്നതാണു് ഏറ്റവും ഉത്തമമെന്നു് എല്ലാരും വിശ്വസിച്ചുപോരുന്നു.)
കേരളത്തിൽ ആനയും കുതിരയുമൊക്കെ എന്നുമുതലാണു ആഘോഷങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ടുണ്ടാവുക? 

ആറാട്ടുപുഴ പൂരം ആയിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു് പണ്ടത്തെ ഐതിഹ്യങ്ങളിൽ ഉണ്ടെന്നു് ഇന്നത്തെ ഐതിഹ്യങ്ങൾ പറയുന്നു. ശരിക്കും ഉണ്ടായിരുന്നോ എന്നെങ്ങനെ അറിയും?
വലിയ വിഷമമാണു്. കാരണം ജിജ്ഞാസുക്കളും ഉത്കർഷേച്ഛുക്കളുമായ ഒരു മനുഷ്യസമൂഹത്തിനു് അവശ്യം വേണ്ടുന്ന ഒരു ഗുണമുണ്ടു്. ചരിത്രബോധം. അതു നമുക്കു പണ്ടേ ഇല്ല. ഇപ്പോളും ഒട്ടുമില്ല. ഒരു താരകയെക്കാണുമ്പോൾ രാവുമറന്നും മൃതിയെമറന്നും സുഖിച്ചേപോകുന്ന, സ്വന്തം കമ്പ്യൂട്ടർ ആഴ്ച്ച തോറും വൃത്തിയായി റീ-ഫോർമാറ്റ് ചെയ്തു് ഉപയോഗിക്കുന്ന വിലകുറഞ്ഞ ആൻഡ്രോയ്ഡ് ജീവിതങ്ങളാണു് നമ്മളൊക്കെ.

ഏറ്റവും പണ്ടു് കേരളത്തിലെ സമുദായങ്ങളിൽ ഈശ്വരവിശ്വാസവും മതവിശ്വാസവുമൊന്നും ഇന്നത്തെപ്പോലെയല്ലായിരുന്നു. പേടിയായിരുന്നു വിശ്വാസത്തിന്റെ മൂലകാരണം. മഹാ അപകടകാരികളായിരുന്ന മൂർത്തികളായിരുന്നു ദൈവങ്ങൾ. അവയിൽ ഈശ്വരന്മാരും ചെകുത്താന്മാരുമുണ്ടായിരുന്നു. മിക്കവാറുമെല്ലാവരും ഇന്നത്തെ ലോക്കൽ രാഷ്ട്രീയനേതാക്കളെപ്പോലെത്തന്നെ. കാണേണ്ടതുപോലെ കണ്ടാൽ പ്രീതിപ്പെടും. വേണ്ടിവന്നാൽ കരമൊഴിവായി കാര്യം നടത്തും. അഥവാ പിണങ്ങിയാലോ? കരത്തിനുപുറമേ സെസ്സ്, ഒക്ട്രോയ്, ചുങ്കം, കല്ലുപൊളിക്കുന്നതിനു കണ്ടെഴുത്തുകാശു്, നിലം നികത്തിയതിനു സമ്മതക്കൂലി, കുന്നു നിരത്തിയതിനു നോക്കുകൂലി... അങ്ങനെ പോവും.

പ്രകൃതിശക്തികളായിരുന്നു നമ്മുടെ പ്രാക്തനസമൂഹങ്ങളിലെ ആരാധനാമൂർത്തികൾ. ഇടിവെട്ടുമുതൽ വെള്ളച്ചാട്ടം വരെ; പുന്നെല്ലിൽ നടാടെ വിളയുന്ന നെൽക്കതിർ മുതൽ നാടാകെ മുടിക്കുന്ന വസൂരിരോഗം വരെ. അവയെ തൃപ്തിപ്പെടുത്താൻ ആൾബലി വരെ ഉണ്ടായിരുന്നിരിക്കാം.
ഒറ്റയൊറ്റയായ ആൾക്കൂട്ടങ്ങളായിരുന്നു പുരാതനകേരളസമൂഹങ്ങൾ. ജീവിച്ചുപുലർന്നുപോകാനും തമ്മിൽ ഇടപെടാനും എല്ലാർക്കും ഓരോ അതിർത്തികൾ വരച്ചുവെച്ചിട്ടുണ്ടു്. അവ ഭേദിക്കുന്നതായിരുന്നു ഏറ്റവും വലിയ കുറ്റം. അയിത്തം മാറാൻ പേരിനൊരു കുളി മുതൽ കുടുംബമടക്കം 'മുച്ചൂടും മുടിക്കുന്ന' കഴുമരം വരെ ആ കുറ്റങ്ങൾക്കുള്ള ശിക്ഷയായിരുന്നു.
ചോരയിലുള്ളതല്ലേ? ഇപ്പോഴും നാം ആ വ്യവസ്ഥിതികളിൽനിന്നും വളരെയൊന്നും പുരോഗമിച്ചിട്ടില്ല. പുറമേ വ്യക്തമായി കാണാനാവുന്നില്ലെങ്കിലും ഉള്ളിൽ നാമിപ്പോഴും ആ 'സംസ്കാരങ്ങളൊക്കെ' കൊണ്ടു നടക്കുന്നുണ്ടു്. അക്കാര്യത്തിൽ ഇന്ന ജാതിയെന്നോ ഇന്ന മതമെന്നോ ഇന്ന ദേശമെന്നോ ഒരു വ്യത്യാസവുമില്ല താനും. ഓരോരുത്തരും ഓരോ വട്ടങ്ങൾ വരച്ചു് സ്വയം അവയ്ക്കുള്ളിൽ ഒതുങ്ങി, ഒളിഞ്ഞിരിപ്പാണു്. മതത്തിനും ജാതിക്കും പുറമേ വട്ടങ്ങൾ വരക്കാൻ രാഷ്ട്രീയവും സാമ്പത്തികവും കൂടി കൂട്ടുവന്നിട്ടുണ്ടെന്നുള്ള വ്യത്യാസമേ ഉള്ളൂ.
ആരാധനാമൂർത്തികൾക്കാണെങ്കിൽ ഫാൻസ് അസോസിയേഷനുകളും ഫ്ലെക്സ്ബോർഡുകളും കാസർഗോഡു മുതൽ പാറശ്ശാല വരെയുള്ള പ്രചരണപദയാത്രകളും കൂടുതലായുണ്ടെന്നുമാത്രം.

II


മറ്റുള്ളവരുടെ സംസ്കൃതികളിൽ ആവശ്യത്തിനുമാത്രം ഇടപെട്ടു്, ബാക്കിയൊക്കെ സ്വന്തം കാര്യം മാത്രം നോക്കി, വലിയ കലഹങ്ങളൊന്നുമില്ലാതെ ഒരുവിധം സമാധാനമായി ജീവിച്ചിരുന്ന ഈ ആൾക്കൂട്ട-ക്കൂട്ടങ്ങളിലേക്കു് പതുക്കെ വ്യവസ്ഥാപിതമതങ്ങൾ കടന്നുവന്നു.
അവ പല സമയങ്ങളിൽ പല അടുക്കുകളായിട്ടാണു് വന്നുചേർന്നതു്. ജൈനരും ബൗദ്ധരും ക്രിസ്ത്യാനികളും ശൈവരും വൈഷ്ണവരും ഇത്തരത്തിൽ കേരളത്തിൽ എത്തിപ്പെട്ടു. ജീവിതത്തിന്റേയും മരണത്തിന്റേയും അർത്ഥം ഞങ്ങൾ കണ്ടുപിടിച്ചു കഴിഞ്ഞു എന്നായിരുന്നു അവരോരോരുത്തരും അവകാശപ്പെട്ടതു്. അതിൽ കുറച്ചൊക്കെ ശരിയുമുണ്ടായിരുന്നു. ആടുമാടുകളെപ്പോലെ വെറുതെ തിന്നുമുറ്റി വളർന്നു, തളർന്നുവീണുചത്തുമണ്ണൊടുങ്ങാനല്ല മനുഷ്യജീവിതമെന്നു് 'കേരളന്മാരെ'ആദ്യം ബോധവാന്മാരാക്കിയതു് ഇങ്ങനെ പുറത്തുനിന്നു വന്ന സംഘങ്ങളായിരിക്കാം.
ഇനി നമുക്കു് സാവധാനം ചോദ്യത്തിന്റെ ഉത്തരത്തിലേക്കു കടക്കാം.
അവനു് കഷ്ടിച്ചു് 7 വയസ്സു്. പക്ഷേ ഉയരം എട്ടര അടി. മൂന്നു കാളയുടെ വലിപ്പം. പേരു ഹാനോ.
നവോത്ഥാനകാലത്തെ യൂറോപ്പിന്റെ പ്രതീകചിത്രകലയിലെ (iconography) നായകന്മാരിലൊരാളായി മാറി ആ കൊച്ചുമിടുക്കൻ.
ഹാനോ ഒരു ആനക്കുട്ടിയായിരുന്നു. ഒരു തനി കൊച്ചിക്കാരൻ പയ്യൻ. ആദ്യമായി കപ്പൽ കയറിയ ആനക്കുട്ടി.
പോർത്തുഗീസുകാരാണു് അവനെ കൊച്ചിയിൽനിന്നും കടൽ വഴി യൂറോപ്പിലേക്കു കൊണ്ടുപോയതു്. എന്നിട്ടോ? ആയിടെ വത്തിക്കാനിൽ നവാഭിഷിക്തനായ ലിയോ പത്താമൻ എന്ന മാർപ്പാപ്പയ്ക്കു് സമ്മാനമായി കൊടുത്തു.
കൊച്ചിക്കാരൻ തന്നെയായ ആനപ്പാപ്പാനോടു് തെരുവിൽ ന്നിരന്നുനിന്ന റോമക്കുട്ടികൾ ചോദിച്ചു: "എന്താ ഇവന്റെ പേരു്?"
"ആന" - അയാൾ തനിമലയാളത്തിൽ തന്നെ ഉത്തരം പറഞ്ഞു.
"Hanno! Hanno!" -കുട്ടികൾ ആർത്തുവിളിച്ചു.
അങ്ങനെ അവനു് ഹാനോ എന്ന പേരും വീണു.
പ്രവാസിയായ ലിയോ പക്ഷേ അധികകാലം ജീവിച്ചിരുന്നില്ല. രണ്ടു വർഷം കഴിയുമ്പോഴേക്കും, 1516 ജൂൺ എട്ടിനു് അവൻ 'എരണ്ടകെട്ട്' വന്നു് മരിച്ചുപോയി.
എങ്കിലും അതിനിടയ്ക്കു് അവൻ ഒരു സൂപ്പർസ്റ്റാർ ഇതിഹാസം തന്നെയായി.
യൂറോപ്യന്മാർക്കു് ആന എന്ന അത്ഭുതജീവിയെപ്പറ്റി അധികമൊന്നും അറിയുമായിരുന്നില്ല. 

ഒരു രണ്ടായിരത്തഞ്ഞൂറു കൊല്ലമെങ്കിലും മുമ്പു തൊട്ടുതന്നെ ആനകൾ ഗ്രീസിലും ലെവന്റിലുമൊക്കെ ചെന്നുപറ്റിയിരുന്നുവെങ്കിലും പത്തുമുന്നൂറു കൊല്ലമായി ആരും ജീവനുള്ള ഒരാനയെ കണ്ടിട്ടില്ല. പണ്ടെന്നോ അരിസ്റ്റോട്ടിലും മറ്റും എഴുതിയും വരച്ചും വെച്ച കഥകളിൽനിന്നു് ഭാവന കലർത്തി ഓരോരുത്തർ വരച്ചുവെച്ച രൂപങ്ങളായിരുന്നു al-ibhas (സംസ്കൃതത്തിൽ ഇഭം=ആന) എന്നു് ഫിനീഷ്യന്മാർ വിളിച്ചിരുന്ന എലിഫന്റിനുണ്ടായിരുന്നതു്.
ഉച്ചനവോത്ഥാനത്തിന്റെ കാലമായിരുന്നു അതു്. ഇറ്റാലിയൻ ചിത്ര-ശിൽപ്പ-വാസ്തുകലാചരിത്രത്തിലെ സുവർണ്ണകാലം. അതിലെ നെടുനായകന്മാരിലൊരാളായിരുന്നു വെറും 32 വയസ്സുണ്ടായിരുന്ന റാഫേൽ. മാർപ്പാപ്പയുടെ പ്രിയസഹചാരി. ദർബാറിലെ പ്രമുഖാംഗം.മാർപ്പാപ്പ റാഫേലിനോടു പറഞ്ഞു: ഈ ആനയെ ഒന്നു വരച്ചെടുക്കണം.
അങ്ങനെ റാഫേലിന്റെ ആനയും അതിന്റെ കോപ്പികളും പിന്നീടുള്ള പത്തുനാനൂറുകൊല്ലം യൂറോപ്പിന്റെ കിരീടങ്ങളിലും താഴികക്കുടങ്ങളിലും പള്ളിമേടകളിലും തുമ്പിക്കൈയുയർത്തിനിന്നു.


ഒരു ആന പോയിട്ടു് ഒരു രാജാവിന്റെ പേരുപോലും എഴുതിവെക്കാത്ത മടിയന്മാരാണു നമ്മൾ. എന്തിനു രാജാവു്? 500 കൊല്ലം മുമ്പു വരെ നമ്മുടെ നാടു് എങ്ങനെയായിരുന്നു, നാം എങ്ങനെയാണു ജീവിച്ചിരുന്നതു് എന്നുപോലും ഒരിടത്തും എഴുതിവെച്ചിട്ടില്ല. ഉള്ളതു് കുറേ ഐതിഹ്യങ്ങളും ഊതിവീർപ്പിച്ച രാജപ്രശംസക്കഥകളും മാത്രം. അക്കാലത്തെ ഒരു ഉത്സവത്തെക്കുറിച്ചോ യുദ്ധത്തെക്കുറിച്ചോ പോലും വായിച്ചറിയാവുന്ന ഒരൊറ്റ രേഖപോലുമില്ല നമ്മുടെ ചരിത്രത്തിൽ.  നാടൻപാട്ടുകളും കവിതകളും നാണയത്തുണ്ടുകളും പഴമനസ്സുകൾ കാതോടുവായ് പകർന്നുകൊടുത്ത ചൊൽത്താരികളും മാത്രമുണ്ടു് എന്തെങ്കിലുമൊക്കെ ഊഹിച്ചെങ്കിലുമെടുക്കാൻ.
പക്ഷേ, അങ്ങനെയായിരുന്നില്ല യൂറോപ്പും അറേബ്യയും ചൈനയും മറ്റും. വളരെവളരെപ്പണ്ടു്, ക്രിസ്തുവിനും ആയിരം കൊല്ലം മുമ്പുള്ള കഥ പോലും കുറേയൊക്കെ കൃത്യമായി ഇന്നും വായിച്ചെടുക്കാം.
ഒരു ആനക്കുട്ടി കപ്പലിറങ്ങി നാട്ടിൽ വന്ന തീയതി വരെ!
[ശരിക്കും ആ ഒരു വ്യത്യാസമാണു് നമ്മുടെ നാട്ടിലും അവരുടെ നാട്ടിലുമുള്ള ജീവിതശൈലിയിലും ചിട്ടയിലുമുള്ള വ്യത്യാസവും. അപ്പപ്പഴത്തെ കാര്യങ്ങൾ എങ്ങനെയെങ്കിലുമൊക്കെ കഴിച്ചിലാക്കി മോഡറേഷൻ എന്ന സൗജന്യസഹതാപതരംഗത്തിൽ ജീവിച്ചുപോകണമെന്ന ഒരൊറ്റ ലക്ഷ്യമേ നമുക്കുള്ളൂ].

കേരളത്തിന്റെ ചരിത്രത്തിൽ ഉത്സവങ്ങളുടേയും ആനകളുടേയും കഥകൾ തപ്പിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. വായിക്കാൻ രസം പിടിപ്പിക്കുന്ന, പകുതിയും അസംഭവ്യതകൾ നിറഞ്ഞ,  ഐതിഹ്യങ്ങളല്ലാതെ ശരിക്കും നടന്നതു് എന്നുറപ്പിക്കാവുന്ന ഒന്നുപോലുമില്ല!

കവളപ്പാറ കൊമ്പൻ, ചെങ്ങല്ലൂർ രങ്കനാഥൻ, പാലിയം ഗോവിന്ദൻ ഇവരൊക്കെയാണു് നമ്മുടെ ഗതകാലഗജേതിഹാസങ്ങളിലെ ആദ്യതാരങ്ങൾ. പക്ഷേ, അവരൊക്കെ ജീവിച്ചുമരിച്ചതു് ഈ അടുത്ത കാലത്തുതന്നെയാണു്. ഏറിയാൽ നൂറോ നൂറ്റിയിരുപതോ വർഷം. ചെങ്ങല്ലൂർ രങ്കനാഥനെ (1927) തൃശ്ശൂർ കാഴ്ച്ചബംഗ്ലാവിൽ കാണാം. രങ്കനാഥനെ 1924-ൽ കുത്തിയ 'ഹമ്മർ ഫെയിം' അകവൂർ പാലിയം ഗോവിന്ദനെ പിന്നീട് 'കാപ്പ' ചുമത്തി രസം കുത്തിവെച്ചു് തളച്ചതു് ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലെ ആലിന്മേലായിരുന്നുവത്രേ. ചെരിഞ്ഞപ്പോൾ കുഴിച്ചിട്ടതു ഞങ്ങളുടെ തറവാട്ടുപറമ്പിലും!).
(പക്ഷേ, ഇതു പൊങ്ങച്ചമല്ലാന്നു തെളിയിക്കാൻ എന്താ ചെയ്യാ? പറഞ്ഞുകേൾവിയല്ലാതെ, ആരും ഇതൊന്നും എവിടെയും എഴുതിവെച്ചിട്ടുണ്ടാവുമെന്നു തോന്നില്ല. )

ആനകളെ ഉപയോഗിക്കുന്ന ശീലം ഇന്ത്യക്കാർക്കും ബാബിലോണിയക്കാർക്കും മറ്റു് ഏഷ്യൻ നാഗരികസംസ്കാരങ്ങൾക്കും ആദിമകാലം മുതൽക്കേ ഉണ്ടായിരുന്നു. യുദ്ധം, രാജകീയമായ ഘോഷയാത്രകൾ, ഭാരം ചുമക്കൽ ഇവ തന്നെ ആനകളെക്കൊണ്ടുണ്ടായിരുന്ന ഉപയോഗം. Asia in the making of Europe എന്ന സുപ്രസിദ്ധമായ പുസ്തകത്തിൽ Donald Lach ബി.സി. 1000 മുതലെങ്കിലുമുള്ള ആനക്കഥകൾ തക്കതായ അവലംബങ്ങളോടെ പരാമർശിച്ചിട്ടുണ്ടു്. അലക്സാണ്ടർ, അരിസ്റ്റോട്ടിൽ, പ്ലിനി, റോമൻ മല്ലയുദ്ധങ്ങൾ, ക്രിസ്ത്യൻ മതസമൂഹത്തിന്റെ ആനഭക്തി കലർന്ന ആചാരങ്ങൾ ഇവയെല്ലാം അതിൽ കാണാം. മൊത്തത്തിൽ വായിക്കാൻ നല്ല രസമാണവ.
പക്ഷേ, അവയിൽ പരാമർശിക്കുന്ന ആനകൾ ഒന്നുകിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ളവ അല്ലെങ്കിൽ ആഫ്രിക്കൻ ആയിരുന്നു. ഏറിയ കൂറും യുദ്ധത്തിനു പറ്റിയ, മെരുക്കം കുറഞ്ഞു് ആക്രമണസ്വഭാവമുള്ള ഇനങ്ങളായിരുന്നു അവ. ഇന്ത്യയിലും പേർഷ്യയിലും ഈജിപ്തിലും മറ്റും ദിഗ്‌വിജയം നടത്തി തിരിച്ചുപോകുന്ന ചക്രവർത്തിമാർ കൂടെ കൂട്ടുന്നതോ അല്ലെങ്കിൽ സമ്മാനമായി അയച്ചുകിട്ടുന്നവയോ ആയിരുന്നു അവയൊക്കെ. എന്നാൽ പതിമൂന്നാംനൂറ്റാണ്ടോടുകൂടി ഇത്തരം 'ആനക്കടത്തു്' ഒട്ടും ലാഭകരമോ സൗകര്യപ്രദമോ അല്ലാതായിത്തീർന്നു. 

അവിടേക്കാണു് മലയാളിപ്രവാസിയായി 1512-ൽ ഹാനോ കടന്നുചെന്നതു്.
ആ ഹാനോ ആണു് നമ്മുടെ ചരിത്രരേഖകളിൽ കൃത്യമായി കാണാവുന്ന ആദ്യത്തെ മലയാളി ആന.


വിശാലഭാരതത്തിലെ ഉത്സവങ്ങളിലെ ദേവസങ്കല്പം ഹിന്ദുക്കൾക്കും ബൗദ്ധർക്കുമിടയിൽ മിശ്രമായാണു് ആരംഭിക്കുന്നതു്. അതിലെ ഏറ്റവും പ്രധാനപ്പെട്ട 'തീം' ഒന്നുതന്നെ: എഴുന്നള്ളിപ്പു്.
ഒരിടത്തു് സ്ഥിരമായി മണ്ണിൽ ഉറപ്പിച്ചുവെച്ചിരിക്കുന്ന (പ്രതിഷ്ഠിക്കപ്പെട്ട) വിഗ്രഹങ്ങള
ിൽ അവരോധിച്ചിരിക്കുന്ന മൂർത്തികൾക്കു് വർഷത്തിലൊരിക്കലെങ്കിലും നാടൊക്കെ ഒന്നു ചുറ്റിക്കറങ്ങണം. എന്നാൽ, അതിനുവേണ്ടി ആ വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോവുന്നതു് പ്രായോഗികമല്ല. അതിനാൽ, താൽക്കാലികമായി പുതിയൊരു ബിംബമോ പ്രതിമയോ പ്രതീകമോ സൃഷ്ടിക്കുന്നു. ആ പ്രതിമയെ ഭയഭക്തിബഹുമാനങ്ങളോടെ, ഒത്താൽ ഏതെങ്കിലും വാഹനങ്ങളിൽ ആഘോഷമായി നാടുചുറ്റിക്കുന്നു. നാട്ടുകാർ, തങ്ങളെ സന്ദർശിക്കാൻ വന്ന മൂർത്തിയെ ആരാധനാപൂർവ്വം എതിരേൽക്കുന്നു.
ശരാശരി ഇന്ത്യൻ ഉത്സവം ഇങ്ങനെയായിരുന്നു.
പൗരാണികമായ, കാർണിവൽ മാതൃകയിലുള്ള ഈ ആചാരം, ബാബിലോണിയയിൽ തുടങ്ങി റോമാക്രിസ്ത്യാനികൾ വഴി തെക്കേ അമേരിക്കയിലും ടിബറ്റു വഴി ചീന, ജപ്പാൻ വരെയും എത്തിയിട്ടുണ്ട്.


ക്രമേണ, ടിബറ്റിലും ബംഗാളിലും ഒഡിഷയിലും തെക്കേ ഇന്ത്യയിലും മറ്റും ഇത്തരം ഉത്സവങ്ങൾ രഥോത്സവങ്ങളായി മാറി. ചില നാടുകളിൽ, രഥങ്ങൾക്കു പകരം കുതിര, ആന എന്നിവയും.
നമ്മുടെ നാട്ടിൽ കുതിര ഒരു ആഡംബരമൃഗമായിരുന്നു. രാജാക്കന്മാർക്കു മാത്രമേ സ്വന്തമായി കുതിരകൾ ഉണ്ടായിര
ുന്നുള്ളൂ. കൂട്ടത്തിൽ ലാഭം ആനകളായിരുന്നു. കാടുകളിൽ അവ സുലഭമായിരുന്നു. കൂടാതെ, വർഷം മുഴുവൻ അവയെക്കൊണ്ടു് ഉപയോഗവുമുണ്ടായിരുന്നു. റോഡ്, പാലം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ തീരെ വികസിക്കാതെ കാടും കുളവുമായി കിടന്നിരുന്ന കേരളത്തിൽ ആനകൾ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന JCBകളായി മാറി.
ഉത്സവക്കാലത്തു് രഥങ്ങൾക്കു പകരം അതേ ആനകൾ തന്നെ എഴുന്നള്ളിപ്പിനും പങ്കെടുത്തു.
പക്ഷേ, ഓരോ എഴുന്നള്ളിപ്പിനും എത്ര ആനകളുണ്ടായിരുന്നു? എത്ര ഉത്സവങ്ങളുണ്ടായിരുന്നു?


ഇന്നത്തെപ്പോലെ ധൂർത്തൊന്നും അക്കാലത്തു് ഉത്സവങ്ങൾക്കുണ്ടായിരുന്നില്ല. പലയിടങ്ങളിലും ചടങ്ങുമാത്രമായിരുന്നു എഴുന്നള്ളിപ്പും ആനപ്പൂരവും. കാരണം, അതിനേക്കാളൊക്കെ മുൻഗണനയും ഗൗരവവുമുള്ള വേറേ ആചാരങ്ങൾ ഒരുപാടുണ്ടായിരുന്നു. അതാകട്ടെ, കൂടുതൽ ജനപങ്കാളിത്തമുള്ളവയുമായിരുന്നു.

ഒരിക്കലും കേരളം ഇന്ത്യയായിരുന്നിട്ടില്ല. മലനാട്ടിനു് സ്വന്തമായി ഒരുപേരുപോലും കൃത്യമായിട്ടുണ്ടായിരുന്നില്ല. അതിനു് അതിന്റേതായ ഒരു തരം വിചിത്രമായ സമൂഹവും സംസ്കാരവുമായിരുന്നു. എന്നോ ആരോ എവിടെനിന്നോ കൊണ്ടുവന്ന ആചാരവിശ്വാസങ്ങൾ അവയുടെ അടിസ്ഥാനതത്വങ്ങൾ എന്താണെന്നു പോലും മറന്നുപോയിട്ടും, അധികം റിസ്കെടുക്കാതെ, ഭയഭക്തിയോടെ തുടർന്നുപോവുക എന്നതായിരുന്നു എക്കാലവും നമ്മുടെ ശീലം.

ഇന്നിപ്പോൾ കാണുന്ന ഈസ്റ്റ്മാൻ കളർ ഈശ്വരന്മാരൊന്നും ആദ്യകാലകേരളത്തിൽ ഉണ്ടായിരുന്നില്ല. നമുക്കു് ആകെ ബോദ്ധ്യമുള്ള 'ഹിന്ദു'ദൈവം അമ്മയായിരുന്നു. അമ്മ എന്നാൽ മഹാകാളി അഥവാ ദുർഗ്ഗ അഥവാ ഭഗവതി.
മുഖ്യമായും നായന്മാരായിരുന്നു ഭഗവതിയുടെ ഉപാസകർ. മറ്റുള്ള ജാതിക്കാർക്കൊക്കെ സ്വന്തമായും ദൈവങ്ങളുണ്ടായിരുന്നു. അതിൽ മുത്തപ്പൻ, ചാത്തൻ, കരിക്കുട്ടി, മറുതാ, യക്ഷികൾ ഇവരൊക്കെയുണ്ടായിരുന്നു.

മൊത്തത്തിൽ ഒരു തരം ഐക്യജനാധിപത്യമുന്നണിയായി ഇവരെല്ലാവരും ഒരുമിച്ചു് നാടുവാണു, നാട്ടാരെ കാത്തുരക്ഷിച്ചു.


പുറത്തുനിന്നും പല പുതിയ ആൾക്കൂട്ടങ്ങളും പല വഴിയേ കേരളത്തിൽ എത്തിച്ചേർന്നു. ചിലരൊക്കെ സ്വന്തം നാട്ടിലെ ആചാരവിശ്വാസങ്ങൾ അതേ പടി തുടർന്നു. ചിലർ ആ ആചാരങ്ങൾ തന്നാട്ടുകാരിലേക്കുകൂടി പകർത്താൻ ശ്രമിച്ചു. ചുരുക്കം ചിലർ, ഈ നാട്ടിൽ അവർ കണ്ടുമുട്ടിയ വിശ്വാസങ്ങളിലേക്കു് അലിഞ്ഞുകൂടി.
ഇങ്ങനെ വന്നവരിൽ നമ്പൂതിരിമാരും പട്ടന്മാരും നായന്മാരും നസ്രാണികളും ഈഴവന്മാരും കൊങ്ങിണികളും മൂറുകളും അറബികളും വെള്ളക്കാരും എല്ലാമുണ്ടായിരുന്നു. ഓരോരുത്തരും പല പല കാലങ്ങളിലായിട്ടാണു് എത്തിപ്പെട്ടതു് എന്നുമാത്രം.

ഇങ്ങനെ പരസ്പരം കൂടിക്കലരുമ്പോൾ എന്തുണ്ടാവും? ആർക്കും അവരുടെ സ്വന്തം ആചാരത്തനിമകൾ ഒരു മാറ്റവുമില്ലാതെ ചിരകാലത്തേക്കു് സംരക്ഷിച്ചുകൊണ്ടു നടക്കാനാവില്ല. അതുകൊണ്ടു് എല്ലാവരും കുറേശ്ശെ മറ്റുള്ളവരുടെ ശീലങ്ങളും പകർത്തിത്തുടങ്ങി.

പുടവ കൊടുത്തു പെണ്ണുകെട്ടിയിരുന്നവർ താലി കെട്ടിത്തുടങ്ങി. താലി കെട്ടിയിരുന്നവർ മാല ചാർത്താൻ തുടങ്ങി. ചത്താൽ ഇരുത്തിക്കുഴിച്ചിടുന്നവർ കിടത്തിക്കുഴിച്ചിട്ടുതുടങ്ങി. കിടത്തിക്കുഴിച്ചിടുന്നവർ കത്തിച്ചുതുടങ്ങി. വാവും സംക്രാന്തിയും നോക്കി ശകുനവും മുഹൂർത്തവും തീരുമാനിച്ചിരുന്നവർ ഞായറും രണ്ടാം ശനിയാഴ്ചയും കണക്കാക്കി പെണ്ണുകാണാൻ പോയിത്തുടങ്ങി.

കത്തോലിക്കാപ്പള്ളിയിൽ നിലവിളക്കും ദീപസ്തംഭവുമായി. കാളിയുടെ അമ്പലത്തിൽബാൻഡ്സെറ്റും കാവടിയും പതിവായി. ജാറം പെരുന്നാളിനു് ആനേടെ പൊറത്തു് ചന്ദനക്കുടം. അമ്പിനു് ആനയും പഞ്ചവാദ്യവും. താലപ്പൊലിയ്ക്കു് വിസ്കിയും ബ്രാണ്ടിയും. ബക്രീദിനു് പാൽപ്പായസം.