Wednesday, December 03, 2014

അഭിയും വിശ്വവും -QA Session # 23

വരയും ചോദ്യവും അഭിജിത്ത്
പരീക്ഷ അടുത്തു.
പഠനവും.
പരീക്ഷക്ക് പഠിക്കേണ്ടത് എങ്ങനെയാണ്






ഉത്തരം : കടപ്പാട്   Viswa Prabh 


പരീക്ഷയ്ക്കു് പഠിക്കേണ്ടതു് എങ്ങനെയാണു്?

ആ ഒരു ഉത്തരം കിട്ടിയാൽ ജീവിതം എത്ര സുന്ദരമായി എന്നു കരുതുന്നവരാവും എല്ലാ കുട്ടികളും. അല്ലേ?


പഠിക്കുന്നതും പരീക്ഷയ്ക്കു പഠിക്കുന്നതും തമ്മിൽ നേരിയ വ്യത്യാസമുണ്ടു്.

ഈ ലോകം ഏറ്റവും സമ്പൂർണ്ണസുന്ദരമായിരുന്നെങ്കിൽ പരീക്ഷ തന്നെ വേണ്ടിവരുമായിരുന്നില്ല. പക്ഷേ, അങ്ങനെയല്ലാത്തതുകൊണ്ടു് പരീക്ഷ നിർബന്ധം.

പരീക്ഷയ്ക്കുവേണ്ടി പഠിക്കുക എന്നാൽ ഏറ്റവും കൂടുതൽ മാർക്കു് കിട്ടാൻ വേണ്ടി പഠിക്കുക എന്നർത്ഥം. കുറേ അറിവു് അകത്തുണ്ടായതുകൊണ്ടു് മാർക്കു് കിട്ടിക്കോളണമെന്നില്ല. അതെങ്ങനെ ഉത്തരക്കടലാസ്സിലേക്കു് പകർത്തണമെന്നുകൂടി അറിയണം.

അതിനുവേണ്ടി ചില വഴികളൊക്കെ പറഞ്ഞുതരാൻ ശ്രമിക്കാം. പക്ഷേ, അതൊക്കെ എളുപ്പവഴികളാണെന്നു കരുതരുതു്. നേർവഴികൾ എന്നേ വിചാരിക്കാവൂ. ഒറ്റനോട്ടത്തിൽ നേർവഴികളേക്കാൾ ദൂരക്കുറവു തോന്നുന്ന വളഞ്ഞ വഴികൾ (കോപ്പിയടിക്കുക തുടങ്ങിയവ) ശരിക്കും എളുപ്പവഴികളല്ല എന്നുമനസ്സിലാവുക പിന്നെയും കുറേക്കാലം കഴിഞ്ഞിട്ടാവും. അതുകൊണ്ടു് നേർവഴികൾ മാത്രം നമുക്കു നോക്കാം.

ഇനി എഴുതാൻ പോകുന്നതെല്ലാം പ്രത്യേകിച്ച് ക്രമത്തിലൊന്നുമാവില്ല. എല്ലാം കൂടി കൊള്ളാമെന്നുതോന്നിയാൽ, മൊത്തം ക്രമത്തിലാക്കി തുന്നിക്കൂട്ടി ഒരു ലേഖനമാക്കാം.


പ്രൊജക്റ്റ് മാനേജ്‌മെന്റ് എന്നൊരു ശാസ്ത്രമുണ്ടു്. ഏതു ജോലി കിട്ടിയാലും അതിനെ ഒരു നിശ്ചിതപദ്ധതിയായി കണ്ടു് ഏറ്റവും കൃത്യമായി അതു ചെയ്തുതീർക്കുക, അതെങ്ങനെ സാധിക്കാം എന്നു മനസ്സിലാക്കിയെടുക്കുക എന്നതാണു് ആ ശാസ്ത്രത്തിന്റെ ലക്ഷ്യം.


ക്രമാനുഗതമായ വിശദാംശപാലനം (progressive elaboration) എന്നതാണു് പ്രൊജക്റ്റ് മാനേജ്‌മെന്റിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നു്. എത്ര വലിയ പദ്ധതിയായാലും ശരിയായ സമീപനത്തോടെ അതു് ആസൂത്രണം ചെയ്താൽ നമുക്കതു വിജയകരമായി പൂർത്തിയാക്കാം. ആസൂത്രണം നന്നല്ലെങ്കിൽ എത്ര ചെറിയ പദ്ധതിയായാലും അതു പാളിയെന്നും വരും.


അതുകൊണ്ടു് 'നന്നായി പരീക്ഷയെഴുതി ഏറ്റവും ഉയർന്ന മാർക്കു വാങ്ങുക' എന്നതു് ഒരു പ്രൊജക്റ്റ് ആണു്. കുട്ടികളെ സംബന്ധിച്ചേടത്തോളം ജീവിതത്തിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള, പത്തിരുപതുകൊല്ലം ദീർഘിക്കുന്ന, ഒരു നെടുനെടുങ്കൻ പ്രൊജക്റ്റു്.

പക്ഷേ, ആ പ്രൊജക്റ്റിന്റെ ഭീമാകാരമായ മൊത്തം വലിപ്പം നോക്കിനിന്നു് അന്താളിക്കേണ്ടതില്ല. അതിനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് ഓരോ കഷ്ണത്തേയും ഒറ്റയ്ക്കു് നേരിടാം.



ആകമാനമുള്ള നമ്മുടെ ലക്ഷ്യം എന്താണെന്നു തിരിച്ചറിയണം. അതിനെ പല ഭാഗങ്ങളാക്കി തിരിക്കണം. എന്നിട്ടു് അതിലെ ഓരോ ഭാഗത്തിനേയും പിന്നെയും ചെറുതാക്കണം. ഒടുവിൽ, ഇന്നു് ഈ നിമിഷം നാം എന്താണു ചെയ്തുതീർക്കേണ്ടതു് എന്നു തിരിച്ചറിയണം. അങ്ങനെ ഓരോ ദിവസവും തുടർന്നുകൊണ്ടേ ഇരിക്കണം. ഇതാണു് ക്രമവികസനത്തിന്റെ അടിസ്ഥാനതത്വം.

ആദ്യം വേണ്ടതു് ഒരു കലണ്ടർ ആണു്. നല്ലൊരു നോട്ട്‌ബുക്കിലോ ഡയറിയിലോ ഒരു കലണ്ടർ ഉണ്ടാക്കാം. ഒരു വർഷത്തേക്കുള്ള മുഴുവൻ കലണ്ടർ പല രീതിയിലും അതിൽ വരച്ചുണ്ടാക്കണം.

ആദ്യം മൊത്തം വർഷത്തിനു് മാസം തിരിച്ചു് ഒന്നോ രണ്ടോ താൾ.

അവയിൽ സ്കൂൾ തുറക്കുന്ന തീയ്യതി, കാൽക്കൊല്ല/അരക്കൊല്ല/മുഴുവൻ കൊല്ലപ്പരീക്ഷകളുടെ ഏകദേശത്തീയ്യതി, ഓണം, ക്രിസ്തുമസ്സ്, മദ്ധ്യവേനൽ അവധികൾ ഇതൊക്കെ ഏകദേശമായി മാർക്ക് ചെയ്തിടാം.


ഇനി ഓരോ മാസത്തിനും ഓരോ താൾ ആവാം. ഓരോ മാസവും സ്വന്തം നിലയ്ക്കു് പഠിച്ചു കഴിയേണ്ട പാഠഭാഗങ്ങൾ / അദ്ധ്യായങ്ങൾ ഇതിൽ രേഖപ്പെടുത്താം. സ്കൂളിൽ പഠിപ്പിക്കുന്നതുമായി ഇതു് ഒത്തുപോകണമെന്നില്ല. മിടുക്കുണ്ടെങ്കിൽ, ക്ലാസ്സിൽ എടുക്കുന്നതിനുമുമ്പു തന്നെ, ഒരു മുഴം മുമ്പു തന്നെ, ആ അദ്ധ്യായങ്ങളൊക്കെ ഒന്നു വായിച്ചെങ്കിലും നോക്കാം.


സാമാന്യം വലിപ്പമുള്ള (A3) ഒരു ഷീറ്റിൽ ഓരോ മാസത്തേയും കലണ്ടർ അതാതുമാസത്തിന്റെ തുടക്കത്തിൽ വരച്ചുണ്ടാക്കി വീട്ടിൽ ഒരിടത്തു് (അടുക്കളയിലാണു് ഏറ്റവും നല്ലതു്, അമ്മയും അച്ഛനും കൂടി അതു് നിത്യവും കണ്ടുകൊണ്ടിരിക്കണം) ചുമരിൽ പതിക്കുക. വരാൻ പോകുന്ന ക്ലാസ്സ് പരീക്ഷകൾ, മത്സരങ്ങൾ, മുടക്കുദിവസങ്ങൾ, ഫീസ് തീയതികൾ, ഉത്തരക്കടലാസ് കിട്ടിയ തീയതി, കൂട്ടുകാരുടെ പിറന്നാളുകൾ ഇവയെല്ലാം അതിൽ ചേർക്കാം. അതാതുദിവസം ക്ലാസ്സു കഴിഞ്ഞുവന്നു് അന്നെടുത്ത പാഠങ്ങളെപ്പറ്റി കുറിച്ചുവെക്കുന്നതും നന്നാവും.


കൊല്ലത്തിന്റെ തുടക്കത്തിൽതന്നെ കലണ്ടർ ഒന്നും ഉണ്ടാക്കിയില്ലേ? ഒട്ടും വിഷമിക്കേണ്ട. ഇനിയും ഒട്ടും വൈകിയിട്ടില്ല. ഇന്നുതന്നെ അത്തരം ഒരു കലണ്ടർ ഉണ്ടാക്കിനോക്കൂ. അധികം ഭംഗിയൊന്നും വേണ്ട. ഒറ്റനോട്ടത്തിൽ നമ്മുടെ നിർണ്ണായകമായ ചുമതലകളും നേട്ടങ്ങളും നോക്കിമനസ്സിലാക്കാനുള്ള ഒരു ചൂണ്ടുപലകയായാൽ മതി അതു്.

ഗൂഗിൾ കലണ്ടർ ഒക്കെ ഉപയോഗിക്കുന്നതു നല്ലതാണു്. ഞാനും കുടുംബത്തിലും ജോലിയിലും മറ്റു സാമൂഹ്യപ്രവർത്തനങ്ങളിലും ഗൂഗിൾ കലണ്ടർ സമൃദ്ധമായി ഉപയോഗിക്കുന്ന ആളാണു്. പക്ഷേ, തൽക്കാലം നമുക്കു് അടുക്കളച്ചുമരിലെ കലണ്ടർ മതി. അതിനു് ബാറ്ററി വേണ്ട. അപ്‌ഗ്രേഡ് വേണ്ട. കറന്റും ഇന്റർനെറ്റും ഇപ്പോഴും എന്തോ അപൂർവ്വ-അനിശ്ചിതവസ്തുവായി തുടരുന്ന നമ്മുടെ ഗതികെട്ട സമൂഹത്തിൽ കടലാസ്സുകലണ്ടർ തന്നെ തൽക്കാലം കാര്യം നടക്കാൻ ഏറ്റവും നല്ലതു്.


ഗാഡ്ജെറ്റുകളും ആപ്പുകളുമല്ല പ്രധാനം. അവയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവാണു്. നാം ആ കഴിവു ശീലിക്കുന്നതിനുമുമ്പേ ഗാഡ്ജറ്റുകളുടെ മാസ്മരികതയിൽ മയങ്ങിവീണുകൊണ്ടിരിക്കുന്നു. ഫലം തികച്ചും വിപരീതവും!

ഇനി ഓരോരോ വിഷയങ്ങളും അവയ്ക്കു് മാറ്റിവെക്കേണ്ട സമയവും നോക്കാം.

പരീക്ഷയ്ക്കുമുമ്പ് ആകെ എത്ര ദിവസം / എത്ര മണിക്കൂർ പഠിക്കാൻ കിട്ടും? അതിൽ നിന്നും എത്ര ഭാഗം ഓരോ വിഷയത്തിനും മാറ്റിവെക്കാം?

സമയം തീരെ വൈകിയെങ്കിൽ ഒരു വിഷയത്തിനു് നാലു ദിവസം പോലും ലഭിക്കില്ല. മുമ്പു നന്നായി പഠിച്ചുറപ്പിച്ചുണ്ടായിരുന്നെങ്കിൽ റിവിഷനുവേണ്ടി നാലു ദിവസം ധാരാളമാണു്. ഇല്ലെങ്കിൽ വശം കെടും.

ഇനി (ഒരു ഉദാഹരണത്തിനു് ) കണക്കു് എടുക്കാം. ആകെ എത്ര അദ്ധ്യായം ഉണ്ടെന്നു നോക്കണം. പറ്റുമെങ്കിൽ, അദ്ധ്യാപകരോടു മുമ്പേ ചോദിച്ചുവെച്ചിരിക്കണം ഓരോ അദ്ധ്യായത്തിനും എത്ര മാർക്കുവെച്ചു ചോദ്യം വരും എന്നു്. അവർക്കു് ഈ വസ്തുത ഏകദേശം അറിവുണ്ടാവണം. ഒരു വിഷയത്തിനു നീക്കിവെച്ച സമയവും ഓരോ അദ്ധ്യായത്തിനും ലഭിക്കുന്ന വെയ്റ്റേജും അനുസരിച്ചു് അതിന്റെ സമയം കണക്കാക്കി കലണ്ടറിൽ അടയാളപ്പെടുത്തണം.


വർഷത്തിന്റെ തുടക്കത്തിലേ കലണ്ടർ ഉണ്ടാക്കിയിരുന്നെങ്കിൽ ഒരദ്ധ്യായത്തിനു തന്നെ ഒന്നും രണ്ടും ആഴ്ച്ചകൾ തന്നെ മാറ്റിവെക്കാമായിരുന്നു. പക്ഷേ, ഇനി വെറും ഇരുപതുദിവസമേ ഉള്ളൂ എങ്കിലോ? ആ സമയം ഒന്നോ രണ്ടോ മണിക്കൂറുകളായി ചുരുങ്ങും.


പക്ഷേ, ഒട്ടും പരിഭ്രമിക്കണ്ട. ഉള്ള സമയം ഏറ്റവും നന്നായി ഉപയോഗിക്കുക എന്നതാണു മിടുക്കു്. ഒരിക്കൽ പോലും, 'സമയം തീരെ വൈകി; അതുകൊണ്ടു് ഇനി ഒന്നും ചെയ്യാനില്ല' എന്നു കരുതരുതു്. ഒരൊറ്റ ദിവസം കൊണ്ടുപോലും നമുക്കു് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും.

ഒരു വശത്തുനിന്നു് കലണ്ടർ ഉണ്ടാക്കുന്ന പ്രവൃത്തിയെ നമുക്കു് Top down എന്നു വിളിക്കാം. വലിയ പടം (big picture) എന്നും പറയാറുണ്ടു്. മൊത്തം ജോലിയെ ആകമാനമായി കാണുക എന്നതാണു് ഈ വലിയ പടം കൊണ്ടു് ഉദ്ദേശിക്കുന്നതു്.


മറ്റേ അറ്റത്തുനിന്നു്, ഇന്നിപ്പോൾ ഈ നിമിഷം ചെയ്തുതീർക്കാവുന്ന/തീർക്കേണ്ടുന്ന കാര്യങ്ങളും ആലോചിച്ചുവെക്കണം. 'പലതുള്ളിയാണു പെരുവെള്ളം'. ഓരോ നിമിഷവും ഓരോ തുള്ളികളാണു്. അവയെല്ലാം ചേർത്തുവെച്ചാണു് നമ്മുടെ ഒരു അദ്ധ്യയനവർഷം കടന്നുപോവുന്നതു്. അതിനാൽ ഈ സമയത്തുള്ളികളെ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കുന്നതാണു് Bottom up approach.

അതിനുവേണ്ടതു് ഒരു ടൈം ടേബിൾ ആണു്. എല്ലാ ദിവസവും ഒരേ സമയത്തു് ഒരേ കൃത്യം ചെയ്തുകൊണ്ടിരിക്കുക എന്നതു് നമ്മുടെ കാര്യക്ഷമത അത്യന്തം വർദ്ധിപ്പിക്കും. അതിനുള്ള നിഷ്ഠ (വാശി) ആണു് കൃത്യനിഷ്ഠ.

അതുകൊണ്ടു് നമുക്കു് ഒരു ടൈം ടേബിൾ ഉണ്ടാക്കാം.


ടൈം ടേബിൾ ഉണ്ടാക്കുമ്പോൾ ഭയങ്കര ക്രൂരതയൊന്നും പാടില്ല. അത്യാഗ്രഹം മൂത്തു് ഉള്ള സമയമൊക്കെ പഠനത്തിനുവേണ്ടി എഴുതിവെച്ചിട്ട് കാര്യമില്ല. പ്രായോഗികമായി നടക്കുന്ന കാര്യമേ അതിൽ ചേർക്കാവൂ. എങ്കിലും തികച്ചും അത്യാവശ്യമില്ലാത്ത കാര്യങ്ങൾ നന്നായി ആലോചിച്ചു് ഒഴിവാക്കാം.


എന്താണു് ആവശ്യമുള്ള കാര്യങ്ങൾ? എന്താണു് ആവശ്യമില്ലാത്തവ?

അതു നമ്മുടെ മുൻഗണനകളെ ആശ്രയിച്ചിരിക്കും. ക്രിക്കറ്റുകളി സ്ഥിരമായി കാണുകയോ സിനിമകൾ/സീരിയലുകൾ സ്ഥിരമായി കാണുകയോ ചെയ്യുന്നവർക്കു് ഒരു ഘട്ടമെത്തുമ്പോൾ തോന്നും അതൊക്കെ വളരെ പ്രധാനമായ കാര്യമാണെന്നു്. ഇടയ്ക്കു് ഒരു കളിയോ എപ്പിസോഡോ വിട്ടുപോയാൽ അവർക്കു സഹിക്കില്ല.

വാസ്തവത്തിൽ നാം ചെയ്തുകൊണ്ടിരിക്കുന്ന പല നിത്യവിനോദോപാധികളും നമ്മുടെ യഥാർത്ഥ ദീർഘകാലമുൻഗണനകളുമായി തട്ടിച്ചുനോക്കുമ്പോൾ യാതൊരു പ്രാധാന്യവുമില്ലാത്തതാണു്. ഫേസ്‌ബുക്കും ഇന്റർനെറ്റും പോലും ഒരു പരിധിയിലപ്പുറം നമുക്കു് സമയനഷ്ടമേ ഉണ്ടാക്കൂ. അവയൊന്നുമില്ലെങ്കിലും നമ്മുടെ മുഖ്യജോലികൾ ഒരുവിധം നന്നായി നടത്താൻ പറ്റിയെന്നുവരും. ചുരുങ്ങിയ പക്ഷം നാട്ടിലെ ഒരു ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കാര്യത്തിലെങ്കിലും, പരീക്ഷക്കാലത്തെങ്കിലും, അതൊക്കെ സമയത്തിന്റെ ദുർവ്വിനിയോഗമാണു്.


പരീക്ഷക്കാലത്തിനു തൊട്ടുമുമ്പ് നമ്മുടെ മുൻഗണനകൾ ആകെ മാറിമറിയും. അതിനാൽ ടൈം ടേബിളുകൾക്കു് സീസണുമുണ്ടു്. ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ ടൈം ടേബിളുകളിൽ ചില ഭാഗങ്ങൾ മാറ്റിയെഴുതേണ്ടിവരും.

അതുകൊണ്ടു്, ഇപ്പോൾ, തുടക്കമായി, വെറും നാലാഴ്ച്ചത്തേക്കു് ഉദ്ദേശിച്ചു് സ്വല്പം കട്ടികൂടിയ ഒരു ടൈം ടേബിൾ ആവാം

ടൈംടേബിളിൽ പലതരത്തിലുള്ള 'എൻട്രി'കൾ ഉണ്ടാവും. ചിലതു് എല്ലാ ദിവസവും നിർബന്ധമായും വേണ്ടവ. (ഉദാ: ഉറക്കം, പ്രാതൽ, ആടിനു തീറ്റ കൊടുക്കൽ, അത്താഴം...)

ചിലതു് ആഴ്ചദിവസം അനുസരിച്ചു് മാറിക്കൊണ്ടിരിക്കും. (ഉദാ: തിങ്കൾ-വെള്ളി: സ്കൂളിൽ പോവണം. ഞായറാഴ്ച്ച: പള്ളിയിൽ പോവണം)

മറ്റുചിലതു് ആകസ്മികമായി വന്നുപെടുന്ന വിശേഷദിവസങ്ങളും പരിപാടികളും മറ്റുമായിരിക്കും.

ഇതെല്ലാം ഓർത്തുവെച്ചുവേണം ടൈം ടേബിൾ നിർമ്മിക്കാൻ.


നല്ലൊരു ടൈം ടേബിൾ ഒരു ക്ലോക്കിന്റേതുപോലെയിരിക്കണം. എല്ലാ കാര്യവും എല്ലാ ദിവസവും കൃത്യമായി ചെയ്യാനാവില്ലെങ്കിൽ പോലും ചിലതെങ്കിലും നിർബന്ധബുദ്ധിയോടെ ബലമായി കൃത്യസമയത്തിനുതന്നെ നടക്കണം. ഉദാഹരണത്തിനു്, ആകാശം ഇടിഞ്ഞുവീണാലും രാവിലെ 6.00 മണിക്കു് തന്നെ (അല്ലെങ്കിൽ 5.00, 7.00 ഏതെങ്കിലും ഒരു നിശ്ചിതസമയം) എല്ലാ ദിവസവും ഉണരും എന്നു തീരുമാനിക്കണം. അതിൽനിന്നും ഒരു മിനിട്ടുപോലും മുന്നോട്ടോ പുറകോട്ടോ പോവാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ, വൈകീട്ട് കൃത്യം 9.00 മണിക്കുതന്നെ അത്താഴം കഴിക്കും എന്നുറപ്പാക്കുക.

ഇങ്ങനെ മൂന്നുനാലു കൃത്യസമയങ്ങൾ പതിവാക്കിയാൽ ബാക്കിയുള്ള ജോലികളൊക്കെ സ്വയം കൃത്യനിഷ്ഠയിൽ വന്നുവീണുകൊള്ളും. ഇതിനെ നമുക്കു് പെഗ്ഗിങ്ങ് അല്ലെങ്കിൽ Time slot management എന്നു പറയാം.


ഇങ്ങനെ ഉറപ്പായും നിശ്ചയിക്കപ്പെട്ട സമയങ്ങൾക്കിടയിൽ വീണുകിട്ടുന്ന സമയം വേണം 'ഇരുന്നുപഠിത്ത'ത്തിനു ചെലവാക്കേണ്ടതു്. അതു് ആകെ എത്ര മണിക്കൂർ ഒരു ദിവസം കിട്ടും എന്നു് കണക്കാക്കിയെടുക്കണം. ആവശ്യമെങ്കിൽ കൂടുതൽ സൗകര്യവും പ്രായോഗികവുമായ വിധത്തിൽ ടൈംടേബിൾ മെച്ചപ്പെടുത്തിക്കൊണ്ടുമിരിക്കണം.

അടുത്ത കാര്യം, ശ്രദ്ധ.

ബുദ്ധി = ശ്രദ്ധ എന്നുതന്നെ പറയാം. എത്ര കണ്ടു ശ്രദ്ധയോടെ ഒരു കാര്യം ചെയ്യുന്നോ അത്രയും കുറച്ചുസമയം മതി അതു മനസ്സിലാക്കി എടുക്കാനും ശക്തമായും സ്ഥിരമായും ഓർമ്മയിൽ സൂക്ഷിക്കാനും.

ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ അതു മാത്രം ചെയ്യുക. ലോകത്തു് വേറെന്തുസംഭവിച്ചാലും നമ്മുടെ കാര്യം മുഴുവനാകും വരെ അതിൽനിന്നും വ്യതിചലിക്കാതിരിക്കുക. അതാണു ശ്രദ്ധ. ഏകാഗ്രത എന്നും പറയും. ഒരൊറ്റ മുന മാത്രമുള്ള ചിന്ത. Focus.


പഠിക്കാനിരുന്നാൽ അതുകഴിഞ്ഞ് എണീൽക്കുന്നതുവരെ മറ്റൊരു കാര്യവും നമ്മെ അലട്ടരുതു്. ക്ലാസിലാണെങ്കിൽ ടീച്ചർ പറയുന്നതുമാത്രം കേട്ടുകൊണ്ടിരിക്കണം. ഗൃഹപാഠം ചെയ്യുമ്പോൾ അതുചെയ്യുന്ന പുസ്തകവും എഴുത്തുസാമഗ്രികളും മാത്രമേ കാഴ്ച്ചയിൽ ഉണ്ടാകാവൂ. ഫേസ്ബുക്കിൽ ഇപ്പോൾ എത്ര ലൈക്കുകളായിട്ടുണ്ടാവും, ആരെങ്കിലും പുതിയ കമന്റിട്ടുണ്ടാവുമോ എന്നൊന്നും "ചിന്തിക്കുകപോലും" അരുതു്. ഫേസ്‌ബുക്കിനു് അതിന്റെ സമയം, പഠനത്തിനു് അതിന്റേയും.


പെട്ടെന്നൊരു ദിവസം കൊണ്ടു് ഉണ്ടാക്കിയെടുക്കാവുന്നതല്ല ശ്രദ്ധ. നിരന്തരമായ പരിശീലനം വേണം. ദിവസേന കൃത്യസമയത്തു് നാമജപമോ (ഇനി അതുപറ്റില്ലെങ്കിൽ പെരുക്കപ്പട്ടിക ചൊല്ലലോ) ശ്രദ്ധ മെച്ചപ്പെടുത്താൻ പറ്റിയ ഒന്നാന്തരം വഴികളാണു്. ആകാശവാണിയുടെ വിജ്ഞാനപ്രധാനമായ പരിപാടികളോ വാർത്തകളോ കർണ്ണാടക/കഥകളി സംഗീതമോ കണ്ണടച്ചുകൊണ്ടു് കേട്ടുകിടക്കുന്നതും ശ്രദ്ധാശീലം വർദ്ധിപ്പിക്കാൻ സഹായിക്കും.

ശ്രദ്ധയെക്കുറിച്ചു് കൂടുതൽ വിശദമായി വീണ്ടും പിന്നെ എഴുതാം.

താല്പര്യം:

പഠിക്കുന്ന വിഷയത്തിൽ താല്പര്യമുണ്ടാവുക എന്നതാണു് മറ്റൊരു കാര്യം.


അതെങ്ങനെയാണു്? ചരിത്രം എനിക്കിഷ്ടമല്ല തന്നെ! എനിക്കിഷ്ടമില്ലാത്ത വിഷയത്തിൽ ബലമായി എങ്ങനെ താല്പര്യം ഉണ്ടാക്കാനാവും?


ജനം വല്ലാതെ പുകഴ്ത്തിപ്പറയുന്ന പല ആഹാരങ്ങളും നമുക്കു് ഇഷ്ടപ്പെട്ടെന്നുവരില്ല. അന്യനാടുകളിൽ ചെല്ലുമ്പോൾ അവിടത്തെ ഭക്ഷണങ്ങളുടെ രുചി അസഹ്യമായി തോന്നിയെന്നുവരും. ആദ്യം കുറേ നാൾ ഗതികേടുകൊണ്ടു് ഇഷ്ടമില്ലെങ്കിലും അതൊക്കെ അകത്താക്കേണ്ടിയും വരും. എന്നാൽ, കുറച്ചുനാൾ കഴിയുമ്പോൾ നാമറിയാതെത്തന്നെ ആ ഭക്ഷണം നമുക്കിഷ്ടപ്പെട്ടുതുടങ്ങും. പിന്നെയും കുറേ കാലം കഴിയുമ്പോൾ അതുകിട്ടാതെ വന്നാലാവും അസഹ്യത!


പഠിക്കുന്ന വിഷയങ്ങളും അതുപോലെത്തന്നെ. ആദ്യത്തെ കുറേ നാൾ മടുപ്പുതോന്നിക്കുന്ന ഒരു ഘട്ടമുണ്ടാവും. സ്വല്പം നീരസത്തോടെയെങ്കിലും ഒന്നു തുടങ്ങിവെച്ചാൽ മതി. കുറച്ചുദിവസം കഴിഞ്ഞു്, ആദ്യപാഠങ്ങളൊക്കെ ഒന്നു മനസ്സിലുറച്ചാൽ, പിന്നെ ആ വിഷയം പഠിക്കുന്നതുപോലും ഒരു വിനോദമായിതോന്നും.

നന്നായി പഠിച്ചുശീലിച്ച ഒരു കുട്ടിക്കു് ഓരോ വിഷയവും ഒരു നല്ല കമ്പ്യൂട്ടർ ഗെയിം പോലെ തോന്നും. പഠിക്കുന്നതുതന്നെ ഒരു ലഹരിയായി മാറും. കമ്പ്യൂട്ടർ ഗെയിമിൽ ക്ട്ടുന്ന സ്കോർ കൊണ്ടു് നമുക്കു് കാര്യമായി ഒരു പ്രയോജനവുമില്ല. പക്ഷേ, പഠിച്ചുകിട്ടുന്ന മാർക്കു് ജീവിതത്തിന്റെ തന്നെ സ്കോർ ആണു്. നാം മരിക്കുന്ന നാൾ വരെ (അതുകഴിഞ്ഞും!) നമുക്കു് അലങ്കാരമായിത്തീരുന്ന ഏറ്റവും മഹത്തായ ആഭരണം!


ഓരോ വിഷയത്തിലും താല്പര്യം ഉണ്ടാക്കാനുള്ള വഴികളും വഴിയേ പറഞ്ഞുതരാം.

80-20 റൂൾ:,

ചിട്ട:

ഓർമ്മ:

കഷായവും ഗുളികയും

ചോദ്യത്തിനു് 50 മാർക്കു്, ബാക്കി ഉത്തരത്തിനും.

സാധന:


ഓട്ടപ്രാന്തി:

No comments: