Monday, November 10, 2014

അഭിയും വിശ്വവും -QA Session # 21

വരയും ചോദ്യവും അഭിജിത്ത്
പോളിയോ,പ്ലേഗ്,എബോള പോലുള്ള മഹാമാരികള്‍ ജീവികളെ കൊന്നൊടുക്കുന്നത് പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താനാണോ....


ഉത്തരം : കടപ്പാട്   Viswa Prabh

മനുഷ്യവംശത്തിന്റെ നിലനിൽപ്പു്, ശുദ്ധജലത്തിന്റെ ലഭ്യത, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ ഗാഢത, വീട്ടിലെത്തുന്ന കൊതുകുകൾ തുടങ്ങിയ ചെറിയ കാര്യങ്ങളിൽ പ്രകൃതിക്കു് വലിയ താല്പര്യമോ ഉദ്ദേശങ്ങളോ ഒന്നുമില്ല. പ്രകൃതി ആകെ ശ്രദ്ധിക്കുന്നതു് ഗണിതശാസ്ത്രവും അതുവഴി ഊർജ്ജതന്ത്രവും രസതന്ത്രവും അതിലൂടെ ജീവശാസ്ത്രവും അതാതു വിഷയങ്ങളിലെ തത്വങ്ങളിലും നിയമങ്ങളിലും തെറ്റു വരുത്തുന്നുണ്ടോ എന്നു മാത്രമാണു്. മഞ്ഞുചാറുന്നതായാലും മലകൾ പൊട്ടിത്തെറിക്കുന്നതായാലും പ്രകൃതിയുടെ നിയമങ്ങൾക്കപ്പുറം അവയിലൊന്നും ഒരു നിയന്ത്രണവും ആരും ചെലുത്തുന്നില്ല.

പക്ഷേ, മനുഷ്യൻ എന്ന ജീവിക്കു് സ്വന്തം വംശം നിലനിർത്തണമെങ്കിൽ ചില സംതുലിതാവസ്ഥകളൊക്കെ പാലിക്കേണ്ടി വരും. "ഓണം കണ്ടു് തവിടു കളയാതിരിക്കുക", "എന്നോളം പൊന്നുണ്ടോ കോലോത്തെ രാജനു്" എന്നു് മിന്നാമിനുങ്ങുകളെപ്പോലെ അഹങ്കരിക്കാതിരിക്കുക, "അകത്തു കത്തിയും പുറത്തു പത്തിയും" എന്ന സ്വഭാവം വിടുക, "അക്കരെച്ചെല്ലണം തോണിയും മുങ്ങണം" എന്നു് ആശിക്കാതിരിക്കുക, "ഓണത്തിനിടയ്ക്കു് പൂട്ടുകച്ചവടം" നടത്താതിരിക്കുക - ഈ വക പഴഞ്ചൊല്ലുകളൊക്കെ അനുസരിച്ചാൽ തന്നെ അവനു കുറേക്കാലം കൂടി നിലനിൽക്കാം.

ഇത്രയൊക്കെ ചെയ്താൽ തന്നെ നാം എന്നെന്നും നിലനിൽക്കുമെന്നു് ഒരുറപ്പുമില്ല. തികച്ചും ആകസ്മികമായി എബോളയേപ്പോലെ, അല്ലെങ്കിൽ അതിനേക്കാളുമൊക്കെ അതിഭയങ്കരമായ, ഒരു വൈറസോ ബാക്ടീരിയയോ അവതരിച്ചാൽ മതി, മനുഷ്യകുലമോ ജീവിവംശം അപ്പാടെയോ ഒടുങ്ങാൻ.

എബോളയെപ്പോലുള്ള അസുഖകാരണങ്ങൾ ഏതുകാലത്തും എവിടെയും ഉണ്ടാവാം. മുമ്പും പലപ്പോഴും അത്തരം വ്യാധികൾ വന്നിരിക്കാം. എന്നിട്ട് ഒറ്റപ്പെട്ട ജനപഥങ്ങളെ അപ്പാടെ നശിപ്പിച്ചുകളഞ്ഞിരിക്കാം. അത്തരം ഒരു സംഭവം ചരിത്രത്തിൽ എഴുതിച്ചേർക്കാൻ പോലും ഒരാൾ ബാക്കിവരാതെ ആ ഒരു കുലം മുഴുവൻ ഇല്ലാതായിട്ടുണ്ടാവാം. 

ഒരു പക്ഷേ, ഇതിലും ഭീകരമായ മഹാവ്യാധികൾ നാളെ ഒരു ദിവസം പൊട്ടിപ്പുറപ്പെട്ടെന്നും വരാം. 
എളുപ്പത്തിലും പെട്ടെന്നും ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരാൻ കഴിയുക, അയാളുടെ ജീവൻ അവസാനിക്കുന്നതിനുമുമ്പേ മൂന്നാമതൊരാളിലേക്കു് പടർന്നെത്തുക അങ്ങനെ, അതു കടന്നുപോയവരെയൊക്കെ അധികം താമസിക്കാതെത്തന്നെ വകവരുത്തുക. ഇത്രയും ചെയ്യാൻ കഴിവുള്ള ഒരു വൈറസ് മതി നമ്മെ മൊത്തം ഈ ഭൂലോകത്തിനുനിന്നില്ലാതാക്കാൻ.


കഴിഞ്ഞ നൂറ്റാണ്ടുവരെ, ലോകത്തിന്റെ വിവിധസ്ഥലങ്ങളിലുള്ളവർ വളരെ പരിമിതമായേ മറ്റു സമൂഹങ്ങളുമായി ഇടപെട്ടിരുന്നിട്ടുള്ളൂ. അതുകൊണ്ടു തന്നെ, ഒരു കൂട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട വ്യാധി മറ്റൊരു കൂട്ടത്തിലേക്കു് എത്തിച്ചേരുന്നതും ചുരുക്കം സാഹചര്യങ്ങളിൽ മാത്രമാണുണ്ടായിരുന്നതു്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. 

അഭിയുടെ തൊട്ടയൽവക്കത്തുള്ള ഒരാൾ ഇന്നലെ വൈകീട്ട് പാലക്കാടുനിന്നും ബസ്സിൽ കയറി കാവശ്ശേരിയിലേക്കു വന്നിട്ടുണ്ടാവാം. കരിപ്പൂർ വിമാനത്താവളത്തിൽനിന്നു വന്ന വേറൊരാൾ വഴി അയാൾക്കു ഒരു അണുബാധയുണ്ടായിരുന്നെന്നുവരാം. കരിപ്പൂരിൽ ഇറങ്ങിയ ആൾ ദുബായിൽ വെച്ച് ഫ്രാൻസിൽ നിന്നും വന്ന ഒരാളെ തൊട്ടിരിക്കാം. പാരീസിൽ വെച്ച് അയാൾക്കു് ഒരു ആഫ്രിക്കക്കാരനിൽനിന്നു് മേൽപ്പറഞ്ഞ അണുബാധ സംഭവിച്ചിരിക്കാം. ഇതെല്ലാം വെറും 12 മണിക്കൂർ കൊണ്ടു സംഭവിക്കാവുന്ന കാര്യമാണു്.


1 comment:

ajith said...

അടക്കുന്തോറും പൊട്ടിമുളക്കുന്ന വ്യാധികള്‍