Sunday, June 03, 2007

ഇലമുളച്ചികളേ വെള്ളത്തണ്ടുകളേ...

കുട്ടികളേ, നാളെ സ്കൂള്‍ തുറക്കുകയാണ്.കുട്ടികള്‍ക്കല്ല,അവരുടെ രക്ഷിതാക്കള്‍ക്ക് വായിക്കാന്‍ ഒരു കവിതയും കഥയും ഇവിടെ വെക്കുന്നു.

കേട്ടെഴുത്ത്
ഉമ്പാച്ചി

കയറ്റത്തെയും
ഇറക്കത്തെയും
കുറിച്ചുള്ള
തത്വ വിചാരത്തില്‍
മുഴുകി
സ്കൂള്‍ മുറ്റത്തെ
നാട്ടുമാവും
മറ്റേകൊള്ളിലെ
പുളിമരവും
മലമുകളില്‍ നിന്നും
ഇംഗ്ലീഷ് മീഡിയം
കുട്ടികളെ വാടക വണ്ടികള്‍
ഇറക്കികൊണ്ടു പോവുമ്പോള്‍
ഒരാധി
സ്കൂളിലേക്ക്
കയറിവരും
അപ്പോഴൊക്കെ
വിചാരിച്ചിട്ടുണ്ട്
കുട്ടികളില്ലാത്ത
തക്കം നോക്കി
മേല്‍ക്കൂരയെ
അങ്ങനെ തന്നെ
ബെഞ്ചിലിരുത്തി
നാട്ടുകാരെ ഒരു പാഠം
പഠിപ്പിക്കണം
അതിനു
സമ്മതിക്കുന്നില്ല
കുട്ടികളെ
കട്ടുകേട്ട ചുമരുകള്‍ .

വിഭജനം
മെഹബൂബ് കൂടല്ലൂര്‍

കലാപത്തിന്റെ പിറ്റേന്ന്
മരനവീട്ടിലെ മൂകത്യായിരുന്നു നാട്ടില്‍.സിമന്റ് ചെയ്ത പാടവരമ്പിലൂടെ അന്നും ഞങ്ങള്‍ കുട്ടികള്‍ മദ്രസയിലേക്ക് നടന്നു.ചോര്‍ച്ചയുള്ള ഓടു കെട്ടിടം.കിലോമീറ്ററുകള്‍ക്കപ്പുറത്ത് കേള്‍ക്കാവുന്ന ഉസ്താദിന്റെ ശബ്ദം.
ഇന്നലെ സംഭവിച്ചതൊക്കെ,നിഷിദ്ധമായ ഏതോ സിനിമയിലെ രംഗങ്ങളാണെന്നു തോന്നി.ഒറ്റച്ചെരിപ്പിട്ട് കവുങ്ങിന്‍ തോപ്പിലൂടെ പായുന്ന ആള്‍കൂട്ടം.എന്തിനായിരുന്നുവെന്ന് മനസ്സിലായില്ല അലര്‍ച്ച.നിലവിളി.രക്തരേഖകള്‍ വഴിയടയാളം.
ദുര്‍ബലമായ വാതില്‍ തള്‍ലിത്തുറന്ന് മദ്രസ്സ്യിലേക്ക് കയറി.ഈര്‍പ്പത്തിന്റെ ഗന്ധംഇന്നലെപ്പെയ്ത മഴയുടെ സാക്ഷ്യങ്ങള്‍ .ആരും വന്നിട്ടുണ്ടായിരുന്നില്ല.മുസ്ഹഫിന്റെ താളുകള്‍ മറിച്ചൂസ്താദിന്റെ ഈണത്തിലുള്ള വായന.കടലിരമ്പം പോലെ ഏറ്റു ചൊല്ലലിന്റെ താളം.
പെട്ടെന്ന് വാതില്‍ തുറന്ന് താടിയും തലപ്പാവുമുള്ള കുറേപ്പേര്‍ കടന്നുവന്നു.ഞങ്ങള്‍ കുട്ടികള്‍ക്ക് തീര്‍ത്തും അപരിചിതരായിരുന്നവര്‍ .പേടിയോടെ എഴുന്നേട്ടു നിന്നു.അറബിയില്‍ അവര്‍ ഇരിക്കാന്‍ പറഞ്ഞു.ഞങ്ങളുടെ ഉസ്താദിനെ മാത്രം അവര്‍ക്കിടയില്‍ കണ്ടില്ല.
ഒരാള്‍ ചറുപിറുന്നനെ സംസാരിച്ചു തുടങ്ങി;‘പടച്ചവന്റെ തെരഞ്ഞെടുക്കപ്പെട്ട വിഭാഗമാണ് നാം.ഏത് പ്രശ്നങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അള്ളാഹുവുണ്ട്.ഇന്ന് നടക്കുന്ന എല്ല പ്രശ്നങ്ങള്‍ക്കും കാരണം
നമ്മളില്‍ വിശ്വാസം കുറഞ്ഞു പോയതാണ്.പള്ളികളാവണം നമ്മുടെ വീടുകള്‍ .പ്രാര്‍ഥനാ നിരതമായിരിക്കണം ഓരോ ജീവ ശ്വാസവും.ഇനി നിങ്ങളാരും കാഫിറുകളുടെ കൂടെ സ്കൂളില്‍ പോവരുത്.ഇവിടെ മുസ്ലീം കുട്ടികള്‍ക്ക് മാത്രമായി ഒരു ഇംഹ്ലീഷ് മീഡിയം സ്കൂള്‍ തുറക്കുന്നുണ്ട്.ഇഹത്തിലും പരത്തിലും ശാശ്വതമായ വിജയമാണ് നമ്മുടെ ലക്ഷ്യം.
ഞങ്ങളാരും അന്ന് സ്കൂളില്‍ പോയില്ല.എനിക്ക് സങ്കടം വന്നു.ടി.വി യില്‍ കണ്ട വിശേഷങ്ങളുമായി രശ്മിക്കുട്ടി എന്നെ കാത്തിരിക്കും.
രാത്രി ഉറക്കം വരാതെ ഓരോന്നോര്‍ത്തു കിടന്നു.രശ്മിക്കുട്ടി എങ്ങനെയാണ് കാഫിറായത്?മരിച്ചു ചെന്നാല്‍ അവളെ നരകത്തിലിട്ടു വേവിക്കുമോ?ശരീരം ഒന്നാകെ കിടുത്തു പോയി.പടച്ചവന് എല്ലാവരേയും മുസ്ലീമായി ജനിപ്പിക്കാമായിരുന്നില്ലേ...?
പാതി മയക്കത്തില്‍ പ്രവാചകന്‍ സ്വപ്നത്തിലേക്ക് വന്നു.കരഞ്ഞു കലങ്ങിയ എന്റെ കണ്ണു തുടച്ച് വാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു:“അവര്‍ പറയുന്നതൊന്നും മോന്‍ കേള്‍ക്കേണ്ട.മോന്‍ മോന്റെ സ്കൂളില്‍ തന്നെ പൊയ്ക്കോ.”
പിറ്റേന്ന് മദ്രസയില്‍ പോകാതെ വഴിവക്കിലെ പറമ്പുകളിലൊന്നിലുള്ള മോട്ടോറ്പ്പുരയില്‍ കയറി ഒളിച്ചു.സ്കൂളില്‍ പോകുന്ന സമയം വരെ കാത്തിരുന്നു.വിറയ്ക്കുന്ന കാലുകളോടേയാണ് സ്കൂളിലേക്കുള്ള നടവഴി ഓടിക്കയറിയത്.ചെന്നു നോക്കുമ്പോള്‍ അടഞ്ഞു കിടക്കുന്നു പടി വാതില്‍.നിരാശ ഉച്ചിയോളമെത്തി.കണ്ണ് നിറഞ്ഞു.
നനവ പാട കെട്ടിയ കാഴ്ചയില്‍ പെട്ടെന്ന് പുതീയ ഒരു കെട്ടിടം കണ്ടു.സ്കൂള്‍ പോലെ തന്നെ...ആവേശത്തോടെ അടുത്തു പോയി.ജനലുകളുള്ള ക്ലാസ് മുറിയില്‍ കുനിഞ്ഞിരുന്ന് എന്തോ എഴുതിയെടുക്കുന്ന രശ്മിക്കുട്ടി..സങ്കടങ്ങളൊക്കെ പമ്പ കടന്നു.അത്യാഹ്ലാദത്തോടെ സ്കൂളിന്റെ പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ മഞ്ഞയില്‍ കറുപ്പ് കൊണ്ട് എഴുതിയ ഒരു ബോര്‍ഡ് കണ്ടു.‘ഹിന്ദു ഇംഗ്ലീഷ് മീഡിയം സകൂള്‍’

****************************************************************************

കഥയും കവിതയും വായിച്ചില്ലേ...?നമ്മുടെ പൊതു വിദ്യാലയങ്ങള്‍ ഭീഷണമായ ഒരന്തരീക്ഷത്തിലാണ്.കാശുള്ളവന് വേറേ സ്കൂള്‍,ഹിന്ദുവിന് ഹിന്ദു സ്കൂള്‍,മുസ്ലീമിന് മുസ്ലീം സ്കൂള്‍...മതേതരബെഞ്ചുകള്‍ തിരിച്ചു പിടിക്കേണ്ട കാലമായിരിക്കുന്നു...

വാല്‍ക്കഷ്ണം:എന്റെ അച്ചാച്ചന്‍ ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് മരിച്ചു,അമ്മമ്മയും മരിച്ചു.ഇനി ഞാനും മരിക്കും...ഇംഗ്ലീഷറിയാതെ ജീവിക്കാന്‍ പറ്റില്ലാന്നാ പറയ്ണത്...

ഇലമുളച്ചികളേ വെള്ളത്തണ്ടുകളേ എല്ലാം മായ്ക്കൂ.ഈ മലയാളം മുഴുവന്‍....ഒന്നും ബാക്കി വെക്കാതെ...

13 comments:

വിഷ്ണു പ്രസാദ് said...

നാളെ സ്കൂള്‍ തുറക്കുന്നു...സ്കൂള്‍ തുറയുമായി ബന്ധപ്പെട്ട് ഒരു കഥയും ഒരു കവിതയും ....രണ്ടും കുട്ടികള്‍ക്കല്ല,വല്യേ കുട്ടികള്‍ക്ക്...

Unknown said...

“എന്റെ അച്ചാച്ചന്‍ ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് മരിച്ചു,അമ്മമ്മയും മരിച്ചു.ഇനി ഞാനും മരിക്കും...ഇംഗ്ലീഷറിയാതെ ജീവിക്കാന്‍ പറ്റില്ലാന്നാ പറയ്ണത്...ഇലമുളച്ചികളേ വെള്ളത്തണ്ടുകളേ എല്ലാം മായ്ക്കൂ.ഈ മലയാളം മുഴുവന്‍....ഒന്നും ബാക്കി വെക്കാതെ...“

വിഷ്ണുമാഷേ, ദി ഈസ് റ്റൂ മച്ച്. :(

Unknown said...

വിഷ്ണു മാഷേ,

ചിന്തനീയമായ ഒരു പാതയാണിത്.

എന്താണു നമ്മളൊക്കെ ചെയ്യുക?

വാളൂരാന്‍ said...

മാഷേ കേട്ടെഴുത്ത്‌ വേദനിപ്പിക്കുന്നു.... പക്ഷേ....

sandoz said...

നാരായണ എന്ന പേരുള്ള ബസ്സില്‍ ഹിന്ദുക്കളും....
സെയിന്റ്‌ ജോര്‍ജ്‌ എന്ന ബസ്സില്‍ ക്രിസ്ത്യാനികളും .....
അഹമദ്‌ എന്ന ബസ്സില്‍ മുസ്ലീങ്ങളും കയറി ..
അവരുടേതായ ഏരിയകളിലെ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി....
എന്‍.എച്ചിലൂടെ പാഞ്ഞ്‌ നടക്കുന്നത്‌ ഞാന്‍ സ്വപ്നം കണ്ടിരിക്കുമ്പഴാ മാഷിന്റെ ഒരു ബെഞ്ച്‌ തിരിച്ച്‌ പിടുത്തം..
നടന്നത്‌ തന്നെ.....

ഗുപ്തന്‍ said...

കേട്ടെഴുത്ത് നന്നായി.....

വിഭാഗീയതയുടെ വിത്തുകള്‍ക്കപ്പുറം വളര്‍ന്നുചെല്ലുന്ന നന്മ കുഞ്ഞുമനസ്സുകളിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു രണ്ട് രചനകളും. പകയോടെ ചായുന്ന മാവിനെയും പുളിമരത്തെയും മാത്രമല്ല പകയുടെ വിഷം പടര്‍ന്ന ആകാശങ്ങളെയും തകരാതെ കാക്കില്ലേ മാഷേ അവര്‍ ?

Pramod.KM said...

കണ്ണൂരില്‍ മേലെചൊവ്വ എന്ന സ്ഥലത്ത് ഉള്ള ഒരു ഇംഗ്ലീഷ് മീഡിയംസ്കൂളിന്റെ പേര്‍ എന്നെ എപ്പോഴും വേട്ടയാടിയിട്ടുണ്ട്.
‘തുഞ്ചത്താചാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍’:(:(

ഗിരീഷ്‌ എ എസ്‌ said...

മാഷേ...
ഇതിപ്പോ ഈ ഓര്‍മ്മപ്പെടുത്തല്‍ ഒരു വല്ലാത്ത നോവായി ട്ടോ...സ്കൂളില്‍ പോയിരുന്ന കാലത്തേക്കൊന്നു തിരിച്ചുപോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാശിച്ചുപോയി...
അഭിനന്ദനങ്ങള്‍

വിഷ്ണു പ്രസാദ് said...

ഡാലീ,മിനിഞ്ഞാന്ന് വക്രബുദ്ധിയുടെ മലയാളം മീഡിയത്തെ കൊന്നതാര് എന്ന പോസ്റ്റ് വായിച്ച സങ്കടം ഇനിയും തീര്‍ന്നിട്ടില്ല.മലയാളം മീഡിയത്തിന് ഒരു കുറവുമില്ലെന്ന് എനിക്കറിയാം.ഇംഗ്ലീഷ് മീഡിയങ്ങളില്‍ നിന്ന് കുട്ടികള്‍ മലയാളം മീഡിയം സ്കൂ‍ളുകളില്‍ വന്നു ചേരുന്നുണ്ട് ഇവിടെയെല്ലാം.മാത്രമല്ല, പണിയില്ലാത്തകാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍
പഠിപ്പിച്ചിട്ടുമുണ്ട്.നിലവാരം താരതമ്യം ചെയ്യാനൊക്കെ ധാരാളം അവസരം ലഭിച്ചിട്ടുണ്ട്.മലയാളം മറന്ന്..പൊതുവിദ്യാലയങ്ങളെ കൈവിട്ട് ഒരു കളിയുമില്ല.

സുല്‍ |Sul said...

പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍...

ഇന്നലെ ‘കാണാകിനാവ്’ കണ്ടു.
-സുല്‍

Rajeeve Chelanat said...

മെഹ്ബൂബിന്റെ കഥക്ക് ,സ്ഥൂലത എന്നൊരു ദോഷമുണ്ടെങ്കിലും, ആ കഥ വിരല്‍ചൂണ്ടുന്നത് നമ്മുടെ ഉത്കണ്ഠകള്‍ക്കു നേരെത്തന്നെയാണ്. ജീവന്‍ പണയം വെച്ചൂള്ള ഒരു എഴുത്തുരീതി.ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചൂം. കാന്തപുരങ്ങളെയും,തൊഗാഡിയമാരെയും സൂക്ഷിക്കുക. നമ്മുടെ ഈ ബൂലോഗത്തും ഉണ്ട്, അവരുടെ മിനി എഡിഷനുകള്‍. ജാഗ്രതൈ !!

ഉമ്പാച്ചിയുടെ കവിതയും സ്മൃതിമധുരമായി തോന്നി.

രണ്ടിലേക്കും വിരല്‍ചൂണ്ടിയ വിഷ്ണുവിന് നന്ദി.

Kaithamullu said...

സാരല്യാ, നാം ഈ ഘട്ടത്തേയും തരണം ചെയ്യും. മറ്റു സംസ്ഥാനക്കാരെപ്പോലെ തീവ്രതയിലേക്ക് അത്ര രൂക്ഷതയില്‍ ന്നാം വീഴില്ല.

ന്യൂസ് കേട്ടില്ലേ? സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ മടങ്ങിവന്നുകൊണ്ടിരിക്കുന്നൂ!

Unknown said...

നന്നായിട്ടുണ്ട്.
ഹിന്ദുസ്കൂള്‍,മുസ്ലിംസ്കൂള്‍,എന്നൊക്കെ കാണുമ്പോള്‍
ഒരുപാട് വേദനിക്കുന്നു.....